ഹിമാലയം ഉരുകുന്നു, നദികള്‍ ഇല്ലാതാകും; വരാനിരിക്കുന്നത്?, Climate change, Impact, Himalaya, Padhippura, Manorama Online

ഹിമാലയം ഉരുകുന്നു, നദികള്‍ ഇല്ലാതാകും; വരാനിരിക്കുന്നത്?

മഞ്ഞു മൂടിക്കിടക്കുന്ന മലനിരകളാണ് ഹിമാലയൻ മലനിരകൾ. ഹിമാലയത്തിലെ മഞ്ഞുപാളികളെക്കുറിച്ച് പുറത്തുവന്ന പുതിയ പഠനങ്ങൾ കാലാവസ്ഥാമാറ്റത്തിന്റെ സൂചനകളാണ്.

അമേരിക്കയിലെ ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ ഹിമാലയത്തിന്റെയും ആൻഡീസ് പർവതനിരകളുടെയും ഉള്ളിലുള്ള മഞ്ഞുപാളികൾ അതിവേഗം ഉരുകുന്നതായി കണ്ടെത്തി. 10,000 വർഷങ്ങൾക്കിടയിലെ ഏറ്റവും വേഗത്തിലുള്ള മഞ്ഞുരുക്കമാണത്രേ ഇത്. ഹിമാലയത്തിൽ നിന്ന് ഉദ്ഭവിക്കുന്ന നദികളെ ജലസമ്പന്നമാക്കുന്നത് ഈ മഞ്ഞുപാളികളാണ്. ഇവ അതിവേഗം ഉരുകുന്നത് ആദ്യം ഈ നദികളിൽ മിന്നൽ പ്രളയങ്ങൾക്ക് കാരണമാകുന്നു. മഞ്ഞുപാളികൾ നശിക്കുന്നതോടെ നദികളും ഇല്ലാതാകും. നദികളെ ആശ്രയിച്ച് ജീവിക്കുന്ന ആയിരക്കണക്കിന് ആളുകളെയാണ് ഇത് ദുരിതത്തിലാക്കുക.

വിശപ്പടങ്ങാത്ത തിരകൾ
കാലാവസ്ഥാമാറ്റത്തിന്റെ മറ്റൊരു ഭീകരരൂപമാണ് രാക്ഷസത്തിരമാലകള്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പല ദ്വീപുകളും ശക്തമായ തിരമാലകളിൽപെട്ട് കടലെടുത്തു പോയിട്ടുണ്ട്.

തിരകളുടെ ആക്രമണത്തിൽ മുങ്ങിത്താണുകൊണ്ടിരിക്കുന്ന അത്തരമൊരു ദ്വീപ് കേരളത്തിലുമുണ്ട്. അതാണ് കൊല്ലം ജില്ലയിലെ മൺറോ തുരുത്ത് (Munroe Island). കല്ലടയാറിലൂടെ പ്രളയജലത്തിൽ ഒഴുകിയെത്തിയിരുന്ന എക്കലും മണ്ണും അടിഞ്ഞുകൂടിയാണ് അഷ്ടമുടിക്കായലിലെ ഈ തുരുത്ത് രൂപം കൊണ്ടത്. എന്നാലിന്ന് അറബിക്കടലിൽ നിന്നുള്ള ശക്തമായ തിരകൾ ഈ ദ്വീപിന് ഭീഷണിയായിരിക്കുകയാണ്. ദ്വീപ് രൂപപ്പെടുത്തിയ എക്കൽ മണ്ണിന്റെ ദൃഢത ഇപ്പോള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.

1986–ൽ കല്ലടയാറ്റിൽ പണിത അണക്കെട്ടാണ് മണ്ണിന്റെ ഘടന ആദ്യം നശിപ്പിച്ചത്. ദ്വീപിലെ മണ്ണിനെ ചേർത്തുനിർത്തിയിരുന്നത് അവിടെയുണ്ടായിരുന്ന കണ്ടൽക്കാടുകളാണ്. 2004–ലെ സുനാമിയിൽ കണ്ടൽക്കാടുകൾ ഏറെയും നശിച്ചു. ഇതോടെയാണ് തിരമാലകൾ ദ്വീപിലേക്ക് കയറിത്തുടങ്ങിയത്.

ഉഷ്ണതരംഗങ്ങൾ
‘ഹോ, എന്തൊരു ചൂട്’ വേനൽക്കാലത്ത് എവിടെയും ഉയർന്നു കേൾക്കുന്ന പരാതിയാണിത്. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് മിക്ക സ്ഥലങ്ങളിലും ചൂട് വർധിച്ചുകൊണ്ടി രിക്കുകയാണ്. അന്തരീക്ഷ താപനില ഇങ്ങനെ പരിധിയില്ലാതെ കൂടുന്നത് ഉഷ്ണതരംഗങ്ങൾക്കും (Heatwaves) സൂര്യാഘാതത്തിനുമൊക്കെ കാരണമാകുന്നു.

സൂര്യരശ്മികൾ നേരിട്ട് പതിക്കുന്ന ഭൂമധ്യരേഖാ പ്രദേശങ്ങളിൽ ധ്രുവപ്രദേശങ്ങളേക്കാൾ ചൂട് കൂടുതലായിരിക്കും. ഇത്തരം മേഖലകളിലാണ് ഉഷ്ണതരംഗങ്ങൾ സാധാരണ ഉണ്ടാകാറ്. അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവ് (ആർദ്രത) കൂടുന്നതും ഉഷ്ണതരംഗങ്ങൾക്കുള്ള സാധ്യത കൂട്ടും.

കട്ടികുറഞ്ഞ ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുകയാണ് ഉഷ്ണതരംഗങ്ങളെ പ്രതിരോധിക്കാനുള്ള ഒരു വഴി. മാംസവും പ്രോട്ടീൻ കൂടിയ ഭക്ഷണവും ഒഴിവാക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. നട്ടുച്ചയ്ക്കും മറ്റും സൂര്യപ്രകാശം നേരിട്ട് ഏൽക്കാതിരിക്കുന്നത് സൂര്യാഘാതത്തിൽ നിന്ന് രക്ഷനേടാൻ സഹായിക്കുന്നു.

ഹൈഡ്രോമെറ്റിരിയോളജിക്കൽ ദുരന്തങ്ങൾ
വരൾച്ച, പ്രളയം, കാട്ടുതീ, മലയിടിച്ചിൽ എന്നിവയാണ് ഹൈഡ്രോമെറ്റിരിയോളജിക്കൽ (Hydrometerological) ദുരന്തങ്ങൾ. അനേകമാളുകൾക്ക് ജീവഹാനിയും വൻ സാമ്പത്തിക നഷ്ടങ്ങളും വരുത്തുന്ന ഇത്തരം ദുരന്തങ്ങൾ സമീപകാലത്ത് വർധിച്ചിട്ടുണ്ട്. 1987 മുതൽ 1998 വരെ ഇത്തരം 195 ദുരന്തങ്ങൾ ഇന്ത്യയിലുണ്ടായി. 2000–2006 വരെയുള്ള വർഷങ്ങളിൽ ഇവയുടെ എണ്ണം 365 ആയി വർധിച്ചു.

സ്മോഗ്
അനിയന്ത്രിതമായ വായുമലിനീകരണത്തിന്റെ പ്രതിഫലനമാണ് സ്മോഗ് (Smog) അഥവാ പുകമഞ്ഞ്. 20–ാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ഈ വാക്ക് രൂപപ്പെട്ടത്. പുകയും (Smoke) മൂടൽ മഞ്ഞും (Fog) ചേര്‍ന്ന് സ്മോഗ് ഉണ്ടാകുന്നു. ഈ പേരുവരാൻ കാരണവും അതുതന്നെ.

കാഴ്ചയെ തടസ്സപ്പെടുത്തുന്ന സ്മോഗ് വ്യവസായശാലകളും മറ്റും കൂടുതലുള്ള നഗരപ്രദേശങ്ങളിലാണ് സാധാരണ രൂപപ്പെടാറ്. ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുന്നതിന്റെ ഫലമായി ഉണ്ടാകുന്ന അന്തരീക്ഷ മലിനീകരണമാണ്. ഇതിന് പ്രധാന കാരണം. നൈട്രജന്റെയും സൾഫറിന്റെയും ഓക്സൈഡുകൾ, ഓസോൺ വാതകം, പുക, പൊടിപടലങ്ങൾ എന്നിവ ചേർന്നാണ് സ്മോഗ് രൂപപ്പെടുന്നത്.

1952–ല്‍ ലണ്ടൻ നഗരത്തെ വിഴുങ്ങിയ പുകമഞ്ഞാണ് ബിഗ് സ്മോഗ് (Big Smog) എന്ന് അറിയപ്പെടുന്നത്. അനിയന്ത്രിതമായി കൽക്കരി കത്തിച്ചതിനെ തുടർന്നുണ്ടായ ഈ ദുരന്തം അഞ്ചു ദിവസം നീണ്ടു നിന്നു. 12,000 പേരാണ് ഇതിൽ മരണമടഞ്ഞത്.

കടലെടുക്കുന്ന വീടുകൾ
പണ്ടു കാലത്ത് മനുഷ്യൻ താമസിക്കാൻ ഏറ്റവും അധികം ഇഷ്ടപ്പെട്ടിരുന്ന സ്ഥലങ്ങളാണ് തീരപ്രദേശങ്ങൾ, പല പട്ടണങ്ങളും കടൽത്തീരത്താണ് രൂപപ്പെട്ടിട്ടുള്ളത്. എന്നാൽ, കാലാവസ്ഥാമാറ്റത്തിന്റെ ഫലമായി ഇന്ന് പല കടൽത്തീര പ്രദേശങ്ങളും ഭീഷണിയിലാണ്.

ആഗോളതാപനത്തിന്റെ ഫലമായി മഞ്ഞ് ഉരുകി കടലിലെ ജല നിരപ്പ് ഉയരുന്നതാണ് ഇതിന് പ്രധാന കാരണങ്ങളിലൊന്ന്. സമുദ്രജലനിരപ്പ് ഉയരുന്നത് പ്രളയം, ചുഴലിക്കാറ്റുകൾ എന്നിവയൊക്കെ മൂലമുണ്ടാകുന്ന ദുരന്തങ്ങൾക്ക് വ്യാപ്തി കൂട്ടുന്നു. ഈ രീതിയിൽ കടൽ നിരപ്പുയർന്നാൽ പല ലോക നഗരങ്ങളും വെള്ളത്തിലാകുമത്രേ! കേരളത്തിലെ കൊച്ചി നഗരവും ഈ ഭീഷണി നേരിടുന്നുണ്ട്.

കുടിവെള്ളം ഒരു സ്വപ്നം
കുടിവെള്ളം കിട്ടാതാകുന്ന അവസ്ഥയിലേക്കാണ് ആഗോള താപനം ലോകത്തെ കൊണ്ടെത്തിക്കുക! കാലാവസ്ഥാ ഗവേഷകരാണ് ഈ മുന്നറിയിപ്പ് നൽകുന്നത്. ഭൂമിയും അന്തരീക്ഷവും ചുട്ടുപൊള്ളുന്നതോടെ ജലസ്രോതസ്സുകൾ വറ്റി വരളും.

ഇതൊരു യാഥാർഥ്യമാണെന്ന് കോമിക്സ് (Komik) എന്ന ഇന്ത്യൻ ഗ്രാമത്തിന്റെ അവസ്ഥ തെളിയിക്കുന്നു. ലോകത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഗ്രാമങ്ങളിലൊന്നായ കോമിക് ഹിമാചൽ പ്രദേശിലെ സ്പിതി താഴ്‍വരയിലാണു ള്ളത്. ഹിമാലയത്തിലെ മഞ്ഞുറവകളിൽ നിന്നുള്ള മനുഷ്യ നിർമിതമായ ചാലുകളാണ് ഈ ഗ്രാമത്തിന്റെ കുടിവെള്ള സ്രോതസ്. കൃഷിക്കും വീട്ടാവശ്യത്തിനുമെല്ലാം ഗ്രാമവാസി കൾ ആശ്രയിച്ചിരുന്ന ഈ വെള്ളച്ചാലുകൾ ഇന്ന് ഇല്ലാതായി ക്കൊണ്ടിരിക്കുന്നു.

കടുത്ത ജലക്ഷാമത്തിലേക്കാണ് നമ്മുടെ രാജ്യം പോയി ക്കൊണ്ടിരിക്കുന്നതത്രേ. കേന്ദ്രകാർഷിക ഗവേഷണ കേന്ദ്ര മാണ് ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 2025 ആകുമ്പോ ഴേക്കും ഇന്ത്യയിൽ ജലക്ഷാമം രൂക്ഷമാകും. ആറുവർഷത്തിനു ള്ളിൽ ഇന്ത്യയിലെ ആളോഹരി ജലസമ്പത്ത് 15,00,000 ലീറ്ററാകും. 1950–ൽ 50,00‌,000 ലീറ്ററായിരുന്നു ഇത്.

ഇന്ത്യയിലെ ജലസമ്പത്തിന്റെ 80 ശതമാനവും കൃഷിക്കാണ് ഉപയോഗിക്കുന്നത്. ഈ സ്ഥിതി തുടർന്നാൽ ഇന്ത്യ പല കൃഷികളിൽ നിന്നും പിന്തിരിയേണ്ടിവരും!

വില്ലൻ കാർബൺ ഡയോക്സൈ‍ഡ്
ഹരിതഗൃഹവാതകങ്ങളിൽ ഏറ്റവും വലിയ വില്ലനാര് എന്ന് ചോദിച്ചാൽ കാർബണ്‍ഡയോക്സൈഡ് എന്നാണ് ഉത്തരം. കാരണം, മനുഷ്യന്റെ ഇടപെടലുകൾ മൂലം കഴിഞ്ഞ നൂറ്റാ ണ്ടിൽ ഈ വാതകത്തിന്റെ അളവ് അത്രയേറെ വർധിച്ചിട്ടുണ്ട്. മറ്റുപല ഹരിതഗൃഹവാതകങ്ങളും കാർബൺഡയോക്സൈഡിനേക്കാൾ മാരകമാണെങ്കിലും ഈ വാതകത്തിന്റെ കൂടിയ അളവ് ഇതിനെ വില്ലൻ സ്ഥാനത്ത് നിർത്തിയിരിക്കുന്നു.

കാർബൺ ഡയോക്സൈഡിനെ വില്ലനാക്കും മുൻപ് ആ വാതകത്തിന്റെ പ്രാധാന്യം എന്താണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഭൂമിയിൽ ജീവൻ നിലനിൽക്കാൻ അത്യാവശ്യമായ വാതകമാണിത്. സസ്യങ്ങൾക്ക് ആഹാരം പാകം ചെയ്യണമെങ്കിൽ കാർബൺഡയോക്സൈഡ് കൂടിയേ തീരൂ. ഭൂമിക്ക് ചൂടു നൽകുന്ന വാതകപ്പുതപ്പായി പ്രവർത്തിക്കുന്നു ഈ വാതകമില്ലെങ്കിൽ ഭൂമി തണുത്തുറഞ്ഞ് മഞ്ഞുഗ്രഹമായി മാറിയേനെ.

ചൂടു നൽകുന്ന പുതപ്പിനു കട്ടി കൂടിയാൽ എന്തു സംഭവിക്കുമോ അതാണ് ഇപ്പോൾ ഭൂമിയിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്. കാർബൺ ഡയോക്സൈഡിന്റെ അളവ് ക്രമാതീതമായി കൂടിയതിനാൽ അന്തരീക്ഷ താപനില വല്ലാതെ വർധിച്ചു. മഞ്ഞുപാളികൾ ഉരുകുന്നതിനും കടൽ നിരപ്പുയരുന്നതിനും കുടിവെള്ള സ്രോതസ്സുകൾ ഇല്ലാതാകുന്നതിനുമൊക്കെ ഇത് കാരണമാകുന്നു. കാർബൺ ഡയോക്സൈഡ് വില്ലനാകുന്നത് ഇക്കാരണം കൊണ്ടാണ്.

ഫോസിൽ ഇന്ധനങ്ങളുടെ ജ്വലനം മൂലമാണ് പ്രധാനമായും കാർബൺ ഡയോക്സൈഡ് അന്തരീക്ഷത്തിൽ എത്തുന്നത്. വ്യവസായ വിപ്ലവത്തിനു ശേഷം ഇത് വളരെ വർധിച്ചു. വ്യവസായ വിപ്ലവത്തിനു മുൻപുള്ളതിനേക്കാൾ ഏതാണ്ട് 1.2 ഡിഗ്രി സെൽഷ്യസാണ് അന്തരീക്ഷ താപനിലയിൽ വർധനവുണ്ടായിരിക്കുന്നത്.

കാർബൺ ഡയോക്സൈഡിനെ വലിച്ചെടുത്ത് അന്തരീക്ഷത്തിന്റെ സംതുലനാവസ്ഥ നിലനിർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന മരങ്ങൾ ഇല്ലാതാകുന്നതും ഈ വാതകത്തിന്റെ അളവ് കൂടാൻ കാരണമാകുന്നു. വാഹനപ്പെരുപ്പവും ജനസംഖ്യാ വർധനവുമൊക്കെ കാർബൺഡയോക്സൈഡിന്റെ അളവ് കൂട്ടുന്നുണ്ട്. ആഗോളതാപനം കുറയ്ക്കാനുള്ള എല്ലാ മുന്നേറ്റങ്ങളും കാർബൺ ഡയോക്സൈഡിന്റെ അളവ് കുറയ്ക്കാനാണ് ശ്രമിക്കുന്നത്.

ഊർജ്ജക്കൊതിയുള്ള മനുഷ്യൻ
ഭൂമിയിലെ ജീവിവർഗങ്ങളിൾ പ്രകൃതിയോട് ഏറ്റവുമധികം ദ്രോഹം ചെയ്യുന്നത് മനുഷ്യൻ തന്നെയാണ്. മറ്റൊരു ജീവിയും ഉപയോഗിക്കാത്ത രീതിയിൽ നാം പ്രകൃതിയിലെ ഊർജ സ്രോതസ്സുകളെ ചൂഷണം ചെയ്തുകൊണ്ടേയിരിക്കുന്നു.

അടുക്കളയിൽ ഭക്ഷണം പാകം ചെയ്യാൻ മുതൽ ആകാശത്ത് വിമാനം പറത്താൻ വരെ നമുക്ക് ഫോസിൽ ഇന്ധനങ്ങൾ വേണം. ഊർജാവശ്യങ്ങൾക്ക് ആദ്യകാലത്ത് കല്‍‍ക്കരിയെ യാണ് ആശ്രയിച്ചിരുന്നത്. പിന്നീടിങ്ങോട്ട് പെട്രോളും ഡീസലും പ്രകൃതിവാതകവുമൊക്കെ യാതൊരു നിയന്ത്രണ വുമില്ലാതെ കത്തിക്കാൻ തുടങ്ങി. ഈ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കൂടിയായതോടെ അന്തരീക്ഷത്തിലേക്കെത്തുന്ന കാർബൺ ഡയോക്സൈഡിന്റെ അളവും വർധിച്ചു.

മനുഷ്യന്റെ ഊർജാവശ്യങ്ങൾ നിയന്ത്രിക്കാതെ രക്ഷയില്ല. പ്രകൃതിക്ക് പരിക്കേൽപിക്കാത്ത ഊർജരൂപങ്ങളുടെ ഉപയോഗത്തിലേക്ക് മനുഷ്യൻ മാറേണ്ട കാലം അതിക്രമിച്ചു. എന്നാ ണ് പരിസ്ഥിതി ശാസ്ത്രജ്ഞർ പറയുന്നത്. അല്ലെങ്കിൽ, ഭൂമിയെ നശിപ്പിച്ച ജീവിവർഗമെന്നായിരിക്കും മനുഷ്യൻ വിശേഷിപ്പിക്കപ്പെടുക!

മലിനമാകുന്ന വായു
‘ശ്വസനം ആരോഗ്യത്തിന് ഹാനികരം!’ വൻ നഗരങ്ങളിൽ അധികം വൈകാതെ പ്രത്യക്ഷപ്പെടാൻ ഇടയുള്ള മുന്നറിയിപ്പാണിത്. കാരണം ലോക നഗരങ്ങളിൽ പലതിലെയും വായു ശ്വസിക്കാൻ കൊള്ളാത്തത്ര മലിനമായിരിക്കുന്നു. സിഗരറ്റ് വലിക്കുന്നതിനേക്കാൾ മാരകമാണ് ഇവിടങ്ങളിലെ ശ്വസനം!

ആരോഗ്യത്തിന് ഹാനികരമാകുന്ന വാതകങ്ങളും മറ്റുമുള്ള ഫാക്ടറികളിലും ലാബുകളിലും ആളുകൾ മാസ്കുകൾ ധരിച്ച് നടക്കുന്നത് കണ്ടിട്ടുണ്ടാകും. വായുമലിനീകരണം അധികമായ നഗരങ്ങളിൽ പലയിടത്തും ഇത്തരം മാസ്കുകൾ ധരിച്ചാണ് ആളുകൾ പുറത്തിറങ്ങുന്നത്. എന്നാൽ, പല മാരകവാതകങ്ങളെയും െചറുക്കാൻ ഈ മാസ്കുകൾക്ക് കഴിയണമെന്നില്ല. മലിനമായ വായു കാൻസർ അടക്കമുള്ള പല മാരകരോഗങ്ങൾക്കും കാരണമാകുന്നു.

വായുമലിനീകരണം മൂലം ഏറ്റവുമധികം ആളുകൾ മരിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ലോകത്തിലെ ഏറ്റവുമധികം വായുമലിനീകരണമുള്ള നഗരങ്ങളുടെ പട്ടികയിൽ പല ഇന്ത്യൻ നഗരങ്ങളുമുണ്ട്.

MORE INFO
ലോകത്തിൽ ഏറ്റവുമധികം വായുമലിനീകരണമുള്ള പത്തു നഗരങ്ങളിൽ ഏഴും ഇന്ത്യയിലാണ്. ഡൽഹിക്കു സമീപമുള്ള ഗുരുഗ്രാം (Gurugram) ആണ് ഇതിൽ മുന്നിൽ. ലോകത്തിൽ ഏറ്റവുമധികം വായുമലിനീകരണമുള്ള തലസ്ഥാന നഗരങ്ങളിൽ ആദ്യസ്ഥാനങ്ങളിലാണ് ഡൽഹി.

ഒന്നിക്കുന്ന ലോകം
കാലാവസ്ഥാ മാറ്റം മൂലം വരാൻ പോകുന്ന വൻ വിപത്തിനെക്കുറിച്ച് ലോകം പതിയെ മനസ്സിലാക്കി തുടങ്ങിയിട്ടുണ്ട്. ലോകരാജ്യങ്ങളിൽ ചേര്‍ന്ന് പല അന്താരാഷ്ട്ര ഉടമ്പടികളും ഇക്കാര്യത്തിൽ ഒപ്പുവച്ചു.

ഓസോൺ പാളിയിൽ വിള്ളലുണ്ടാക്കുന്ന ഹൈഡ്രോഫ്ലൂറോ കാർബണുകൾ ഘട്ടംഘട്ടമായി ഒഴിവാക്കുന്നതിനുള്ള കരാറാണ് കിഗാലി (Kigali) കരാർ. 2016–ൽ കിഗാലി ഭേദഗതി അംഗീകരിക്കുന്നതിൽ മുഖ്യപങ്കുവഹിച്ച രാജ്യമാണ് ഇന്ത്യ. 2019– നു ശേഷം എണ്ണ – പ്രകൃതിവാതക പദ്ധതികൾക്ക് വായ്പ നൽകില്ലെന്ന് ലോകബാങ്ക് പ്രഖ്യാപിച്ചു കഴിഞ്ഞു. കാലാവസ്ഥാ മാറ്റത്തിൽ ഫോസിൽ ഇന്ധനങ്ങൾക്ക് പ്രധാന പങ്കുള്ളതിനാൽ വലിയ പ്രതീക്ഷ നൽകുന്ന പ്രഖ്യാപനമാണിത്.

ആഗോളതാപനത്തിന്റെ തോത് 1.5 ഡിഗ്രി സെൽഷ്യസിൽ നിലനിർത്താനുള്ള ശ്രമങ്ങൾ ചൈന തുടങ്ങിക്കഴിഞ്ഞു. വിപണി അധിഷ്ഠിത കാർബൺ ട്രേഡിങ് സംവിധാനത്തിലൂടെ ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുന്നത് മൂലമുള്ള ഹരിതഗൃഹവാതകവികിരണം കുറയ്ക്കുകയാണ് ചൈനയുടെ ലക്ഷ്യം. എന്നാൽ, ആഗോളതാപനവുമായി ബന്ധപ്പെട്ട 2015–ലെ പാരിസ് ഉടമ്പടിയിൽ നിന്ന് അമേരിക്ക പിന്മാറിയത് കാലാവസ്ഥാമാറ്റം ചെറുക്കാനുള്ള ആഗോളശ്രമങ്ങളെ പിന്നോട്ട് വലിക്കുന്നുണ്ട്.

കൂടുതൽ അറിയാൻ