മനുഷ്യന്റെ തലച്ചോറുള്ള കിമേറകൾ സൃഷ്ടിക്കപ്പെടുമോ?

മനുഷ്യന്റെയും പന്നിയുടെയും കോശങ്ങളടങ്ങുന്ന ഭ്രൂണം. കലിഫോർണിയയിലെ സാക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോളജിക്കൽ സ്റ്റഡീസിലെ ഗവേഷകരാണ് ഈ കിമേറ ഭ്രൂണത്തെ സൃഷ്ടിച്ചത്. വ്യത്യസ്ത ജനിതക പാരമ്പര്യമുള്ള ജീവികളിൽനിന്നുള്ള ജീവവസ്തുക്കൾ അടങ്ങിയ ജീവിയെയാണു കിമേറ എന്നു വിളിക്കുന്നത്.

അവയവമാറ്റത്തിന് ഉപയോഗിക്കാവുന്ന, പൂർണമായും പ്രവർത്തനസജ്ജമായ അവയവങ്ങൾ പന്നിയുടെ ശരീരത്തിൽ വളർത്തിയെടുക്കുകയാണു ലക്ഷ്യം. ഇതിനായി മനുഷ്യ വിത്തുകോശങ്ങൾ പന്നിയുടെ ഭ്രൂണത്തിൽ സന്നിവേശിപ്പിച്ചു. 28 ദിവസം വരെയേ ഈ സങ്കരഭ്രൂണങ്ങൾ പരീക്ഷണശാലയിൽ വളരാൻ അനുവദിച്ചുള്ളൂ. വളർച്ചാഘട്ടത്തിൽ മനുഷ്യന്റെയും പന്നിയുടെയും കോശങ്ങൾ എങ്ങനെ ഇടകലരുന്നു എന്നു നിരീക്ഷിക്കുക, ഓരോ രോഗിക്കും ജനിതകപരമായി യോജിക്കുന്ന അവയവങ്ങൾതന്നെ ഭാവിയിൽ ലഭ്യമാക്കുക എന്നിവയൊക്കെ പരീക്ഷണലക്ഷ്യങ്ങളാണ്.

ജനിതക സാദൃശ്യമുള്ള കിമേറകളിൽനിന്നുള്ള അവയവങ്ങൾ മനുഷ്യശരീരത്തിനു യോജിക്കുമെന്നും അവയവമാറ്റരംഗത്ത് വൻ കുതിച്ചുചാട്ടമുണ്ടാവുമെന്നും ഈ രംഗത്തെ ഗവേഷകർ അവകാശപ്പെടുന്നു.

എന്നാൽ കിമേറകളുടെ സൃഷ്ടി പ്രകൃതിനിയമങ്ങളോടുള്ള വെല്ലുവിളിയാണെന്ന വിമർശനവും ഉയരുന്നു. ഭാവിയിൽ എപ്പോഴെങ്കിലും മനുഷ്യന്റെ തലച്ചോറുള്ള കിമേറകൾ സൃഷ്ടിക്കപ്പെട്ടേക്കാമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.