ടച്ച് സ്ക്രീനിൽ കുത്തിക്കളി; പ്രശ്നം ഗുരുതരം!

നവീൻ മോഹൻ

ലോകത്തിലെ ഏറ്റവും ധനികരിലൊരാളാണ് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്. ഐഫോണും ഐപാഡുമുൾപ്പെടെ നിർമിച്ചു ലോകത്തെ അമ്പരപ്പിച്ച ‘ആപ്പിൾ’ കമ്പനി സ്ഥാപകനാണ് സ്റ്റീവ് ജോബ്സ്. രണ്ടു പേർക്കും ഒരു പ്രത്യേകതയുണ്ട്– ടെക്നോളജിയുടെ ലോകത്താണു ജീവിക്കുന്നതെങ്കിലും ഇവരുടെ കുട്ടികളുടെ ഏഴയലത്തു പോലും ഫോണോ ടാബ്‌ലറ്റോ ഒന്നും എത്തിച്ചിരുന്നില്ല. കുട്ടിക്കാലത്ത് അതൊന്നും ആവശ്യമില്ലെന്നാണ് ഇരുവരുടെയും വാദം. പകരം പുസ്തകങ്ങൾ വായിച്ചും എഴുതിയുമെല്ലാമായിരുന്നു മക്കളുടെ കുട്ടിക്കാലം. ഇവരുടെ പാത പിന്തുടർന്ന് ഇപ്പോഴും ഒട്ടേറെ സാങ്കേതിക വിദഗ്ധർ കുട്ടികൾക്ക് ഗാഡ്ജറ്റുകളൊന്നും വാങ്ങിക്കൊടുക്കാറില്ല.

ബിൽ ഗേറ്റ്സും സ്റ്റീവ് ജോബ്സും ഇതൊന്നും വെറുതെ ചെയ്തതല്ലെന്നാണ് പുതിയ ഒരു റിപ്പോർട്ട് സൂചിപ്പിക്കുന്നത്. കുട്ടിക്കാലത്തു തന്നെ ടച്ച് സ്ക്രീനിൽ ‘കുത്തിക്കളിക്കാൻ’ കുട്ടികൾക്ക് സ്മാർട് ഫോണും ടാബ്‌ലറ്റുമൊക്കെ വാങ്ങിക്കൊടുക്കുന്നത് വൻ അപകടമാണെന്ന റിപ്പോർട്ടാണത്. കുട്ടികൾക്ക് ഇത്തരം ഉപകരണങ്ങൾ കൊടുക്കുന്നതു നല്ലതല്ലെന്നു നേരത്തേത്തന്നെ പല റിപ്പോർട്ടുകളും വന്നിരുന്നു. എന്നാൽ ബ്രിട്ടണിൽ നിന്നുള്ള പുതിയ റിപ്പോർട്ട് അൽപം ‘ഗുരുതര’മാണ്. ഒരു പെൻസിലോ പേനയോ കൃത്യമായി പിടിക്കാൻ പോലും പറ്റാത്ത വിധം സ്മാർട് ഗാഡ്ജറ്റുകളുടെ ഉപയോഗം കുട്ടികളെ ബാധിക്കുന്നുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. അതായത്, സ്കൂളിലെത്തുമ്പോൾ മര്യാദയ്ക്ക് എഴുതാൻ പോലും പലർക്കും കഴിയുന്നില്ലെന്ന്! വിരലുകളിലെ പേശികൾ ദുർബലമായതാണു കാരണം.

ബ്രിട്ടണിൽ മിക്ക രക്ഷിതാക്കളും മക്കൾക്ക് ടാബ്‌ലറ്റും സ്മാർട് ഫോണുമൊക്കെ വാങ്ങിക്കൊടുക്കുന്നതു പതിവാണ്. പലരും പിച്ചവച്ചു തുടങ്ങുന്നതു തന്നെ ഇത്തരം ഉപകരണങ്ങളുടെ ‘കൈ’ പിടിച്ചാണ്. പക്ഷേ അതോടെ പേനയോ പെൻസിലോ പിടിക്കാൻ വേണ്ടി കൈവിരലുകൾ വഴങ്ങാതായി. 10 കൊല്ലം മുൻപ് നഴ്സറി സ്കൂളിലെത്തിയിരുന്ന ഒരു കുട്ടിയുടെ വിരലുകൾക്കുണ്ടായിരുന്ന ശക്തിയോ കൈത്തഴക്കമോ ഇപ്പോഴത്തെ കുട്ടികൾക്കില്ലെന്നതാണു സത്യം. പേനയിൽ മുറുകെ പിടിച്ച് എഴുതണമെങ്കിൽ വിരലിലെ പേശികളെല്ലാം അതിനനുസരിച്ച് നിയന്ത്രിക്കാനാകണം. അതിനു വേണ്ടി പെൻസിലു കൊണ്ടും ചോക്കു കൊണ്ടും എന്തിനേറെപ്പറയണം വിരലു കൊണ്ടു പോലും എഴുതിച്ചാണ് കുട്ടികളുടെ വിരലുകൾക്ക് ‘ശക്തി’ കൂട്ടുന്നത്. ചുമരിൽ കുത്തിവരയ്ക്കുന്നതു പോലും കുട്ടികളുടെ വിരലിന് ഏറെ ഗുണം ചെയ്യുന്നുണ്ട്. പക്ഷേ ടച്ച് സ്ക്രീൻ വന്നതോടെ വിരലുകൾക്ക് ബലം കൊടുക്കേണ്ട അവസ്ഥ ഇല്ലാതായി. ഗെയിമും കളിച്ചിരുന്നതോടെ ചുമരിൽപ്പോലും ആരും കുത്തിവരയ്ക്കാതായി. ക്ലാസിൽ പോയിത്തുടങ്ങുമ്പോഴോ, എഴുതാനും പറ്റുന്നില്ല!

ചൂണ്ടുവിരലിനും പെരുവിരലിനും നടുവിരലിനും ഇടയിൽ പേന വച്ച് എഴുതുന്നതാണു യഥാർഥ രീതി. ചൂണ്ടുവിരലും പെരുവിരലും പേനയിൽ ശക്തിയോടെ അമർത്തുമ്പോൾ നടുവിരൽ പേനയ്ക്ക് ഒരു താങ്ങായി നിൽക്കും. ‘ഡൈനമിക് ട്രൈപോഡ്’ എന്നാണ് ഇത്തരം ‘പിടിത്തത്തിനു’ പറയുക (ചിത്രം കാണുക). മണ്ണപ്പം ചുട്ടും ഗോലി കളിച്ചുമെല്ലാം ആഘോഷിക്കുന്നതിനു പകരം ‘ആംഗ്രിബേഡ്സ്’ അവധിക്കാലം കൊത്തിക്കൊണ്ടു പോയതോടെ കുട്ടികളൊന്നും പുറത്തിറങ്ങാതെയുമായി. കേൾക്കുമ്പോൾ ലളിതമെന്നു തോന്നുമെങ്കിലും സംഗതി പ്രശ്നമാണെന്നാണു ശിശുരോഗ വിഗദ്ധർ പറയുന്നത്.

പെൻസിൽ പിടിക്കാൻ കഴിയാതെ ചികിത്സ തേടി വരുന്ന കുട്ടികളുടെ എണ്ണം ബ്രിട്ടണിൽ കൂടുകയാണ്. ഇതിനു പ്രത്യേകതരം തെറപ്പി ചെയ്താണു പിന്നീടു ശരിയാക്കുന്നത്. ഇനി അഥവാ സ്മാർട്ഫോണുകൾ കൊടുത്താൽത്തന്നെ പേന പോലുള്ള ‘സ്റ്റൈലസ്’ ഉപയോഗിക്കാൻ പഠിപ്പിച്ചാൽ മതിയെന്നും വിദഗ്ധർ പറയുന്നു. മലയാളികൾ‍ക്കും ഇതൊരു മുന്നറിയിപ്പാണ്. അവധിക്കാലത്ത് കുട്ടികളെ ചുമ്മാ ഫോണിൽ തളച്ചിടാതെ എന്തെങ്കിലും എഴുതാനും വായിക്കാനുമൊക്കെ പരിശീലിപ്പിക്കണമെന്ന കാര്യം ഇനിയെങ്കിലും ആരും മറക്കല്ലേ...