ഒരു ഫ്രിജിന്റെ വലുപ്പമുള്ള ഉപഗ്രഹം!

അശ്വിൻ നായർ

ചന്ദ്രനെക്കുറിച്ചുള്ള കൂടുതൽ പഠനങ്ങൾ നടത്താനുള്ള ലക്ഷ്യമാണു ചന്ദ്രയാൻ 1ന്റെ പിറവിയിലേക്കു നയിച്ചത്. ചന്ദ്രനിലേക്കൊരു യാത്ര എന്നായിരുന്നു പേരിന്റെ അർഥം. 1380 കിലോ ഭാരവും ഒരു ഫ്രിജിന്റെ വലുപ്പവുമുള്ള ഉപഗ്രഹമാണ് ചന്ദ്രയാൻ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നു വിക്ഷേപിച്ചു. സൗരോർജ പാനലിൽ നിന്ന് ഊർജം ശേഖരിച്ചു പ്രവർത്തിക്കുന്ന ലിഥിയം അയൺ ബാറ്ററികൾ ദൗത്യത്തിനു കരുത്ത് നൽകി.

ടെറെയ്ൻ മാപ്പിങ് ക്യാമറ,ഹൈപ്പർ സ്പെക്ട്രൽ ഇമേജർ, ലൂണാർ ലേസർ റേഞ്ചിങ് ഇൻസ്ട്രമെന്റ് എക്സ്റേ സ്പെക്ട്രോമീറ്റർ, മൂൺ ഇംപാക്ട് പ്രോബ് എന്നിങ്ങനെ 5 പ്രധാന ഇന്ത്യൻ ഉപകരണങ്ങളും, ഒട്ടേറെ വിദേശ ഉപകരണങ്ങളുമായാണു ദൗത്യം യാത്രതിരിച്ചത്. ചന്ദ്രന്റെ ഉപരിതല ഘടന, ധാതു നിക്ഷേപം‌ തുടങ്ങിയവയെക്കുറിച്ചു പഠിക്കുകയായിരുന്നു 386 കോടി രൂപ ചെലവുള്ള ദൗത്യത്തിന്റെ ലക്ഷ്യം. ആദ്യം ചന്ദ്രനോടു 100 കിലോമീറ്റർ അടുത്തുള്ള ഭ്രമണപഥത്തിലായിരുന്നെങ്കിലും പതിയെ ഭ്രമണപഥം ഉയർത്തി (200 കിലോമീറ്റർ).

പടക്കുതിരയുടെ ചിറകിൽ
ഇന്ത്യയുടെ അഭിമാനവും ഐഎസ്ആർഒയുടെ പടക്കുതിര എന്നറിയപ്പെടുന്നതുമായ പിഎസ്എൽവി റോക്കറ്റാണു ചന്ദ്രയാനെ ആദ്യ ഭ്രമണപഥത്തിലെത്തിച്ചത്. 146 അടി പൊക്കമുള്ളതും നാലു സ്റ്റേജുകളിൽ പ്രവർത്തിക്കുന്നതുമായ ഈ റോക്കറ്റ് ദൗത്യം വിജയകരമായി നിർവഹിച്ചു. റോക്കറ്റിന്റെ ആദ്യ സ്റ്റേജിൽ 138 ടൺ ഇന്ധനം ഉപയോഗിക്കുന്ന സോളിഡ് പ്രൊപലന്റ് ബൂസ്റ്ററുകളാണ് ഉപയോഗിച്ചത്. പലഭ്രമണപഥങ്ങളിൽ സഞ്ചരിച്ച് ചന്ദ്രനിലെത്തുന്ന രീതിയാണു ദൗത്യത്തിനു വേണ്ടി നിർണയിച്ചത്. പിഎസ്എൽവിയുടെ സി 11 ദൗത്യമായിരുന്നു ഇത്. തിരുവനന്തപുരത്തെ വിക്രം സാരാഭായി സ്പെയ്സ് സെന്ററാണ് ദൗത്യത്തിനു വേണ്ടി സി 11 റോക്കറ്റ് തയാർ ചെയ്തത്.

വെള്ളം കണ്ടെത്തിയപ്പോൾ
ചന്ദ്രോപരിതലത്തിൽ ജലത്തിന്റെ സാന്നിധ്യം കണ്ടെത്തിയതു ചന്ദ്രയാൻ ദൗത്യത്തിനു രാജ്യാന്തരതലത്തിൽ ശ്രദ്ധ നേടിക്കൊടുത്ത സംഭവമാണ്. ദൗത്യത്തിമൊപ്പമുണ്ടായിരുന്ന മൂൺ മിനറോളജി മാപ്പർ എന്ന നാസയുടെ ഉപകരണമാണ് ചന്ദ്രനിൽ തണുത്തുറഞ്ഞ ജലത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. ‌ചന്ദ്രന്റെ ധ്രുവപ്രദേശത്തുള്ള കുഴികളിലായിരുന്നു ഈ ഐസ് നിക്ഷേപം 2009ലായിരുന്നു ആദ്യം ഐസ് ചന്ദ്രയാൻ കണ്ടെത്തിയത്. ദൗത്യത്തിനൊപ്പം ഉണ്ടായിരുന്ന ഹൈപ്പർ സോണല്‍ ഇമേജർ എന്ന ഉപകരണം ഇതിനു സ്ഥിരീകരണം നൽകി. നാസയുടെ തന്നെ മറ്റൊരു ഉപഗ്രഹവും കണ്ടെത്തലിന്റെ ആധികാരികത ഉറപ്പിച്ചു. ഉപഗ്രഹത്തിൽ തന്നെയുള്ള മൂൺ ഇംപാക്ട് പ്രോബും വെള്ളത്തിന്റെ തെളിവ് തന്നിരുന്നെന്ന് ഐഎസ്ആർഒ പിന്നീട് വ്യക്തമാക്കി.

മറ്റു ശ്രദ്ധേയമായ ചില കണ്ടെത്തലുകളും ചന്ദ്രയാൻ നടത്തിയിട്ടുണ്ട്. ചന്ദ്രൻ ഒരു കാലത്തു പൂർണമായും ഉരുകിയ നിലയിലായിരുന്നെന്നുള്ള മാഗ്മ ഓഷൻ ഹൈപ്പോതിസിസ് ദൗത്യം സ്ഥിരീകരിച്ചു. യുഎസ് മനുഷ്യദൗത്യമായ അപ്പോളോ 15 ചന്ദ്രനിൽ പറന്നിറങ്ങിയ സ്ഥലം ചന്ദ്രയാന്‍ കൃത്യമായി കണ്ടെത്തി. ടൈറ്റാനിയം, കാൽസ്യം.,മഗ്നീഷ്യം, അലുമിനിയം, ഇരുമ്പ് തുടങ്ങിയ ലോഹങ്ങളുടെ സാന്നിധ്യം ചന്ദ്രയാൻ ചന്ദ്രനിൽ തിരിച്ചറിഞ്ഞു.

നഷ്ടദൗത്യം
ആദ്യ ചന്ദ്രദൗത്യമായ ചന്ദ്രയാൻ വിജയമായിരുന്നെങ്കിലും 2009 ഓഗസ്റ്റോടെ ഉപഗ്രഹവും ഭൂമിയിലെ സ്റ്റേഷനുമായുള്ള ബന്ധം അറ്റു. ചന്ദ്രനു ചുറ്റുമുള്ള ഭ്രമണപഥത്തിലെത്തി ദിവസങ്ങൾക്കുള്ളിൽ തന്നെ ഉപഗ്രഹം പല പ്രശ്നങ്ങളും നേരിട്ടിരുന്നു. സാധാരണ താപനിലയിൽ നിന്ന് 50 ഡിഗ്രി സെൽഷ്യസിലേക്ക് ഉപഗ്രഹത്തിന്റെ താപനില ഉയർന്നു,ചില ഉപകരണങ്ങൾ പ്രവർത്തനരഹിതമാക്കിയും ഉപഗ്രഹത്തിൽ കൃത്രിമ ചലനങ്ങൾ സൃഷ്ടിച്ചും താപനിലയെ ക്രമേണ വരുതിയിൽ കൊണ്ടു വന്നു. എന്നാൽ ബന്ധം അറ്റുപോയ രീതിയിലേക്ക് ഉപഗ്രഹത്തെ നയിച്ചതെന്താണെന്ന കാര്യത്തിൽ വ്യക്തതയില്ല. സൂര്യനിൽ നിന്നുള്ള ശക്തമായ വികിരണങ്ങളാണു കാരണമെന്നാണ് അനുമാനം.2017ൽ ചന്ദ്രനിലെ ധ്രുവ ഭ്രമണപഥത്തിൽ ഉപഗ്രഹം കണ്ടെത്തിയിരുന്നു. പദ്ധതിയുടെ 95 % ലക്ഷ്യങ്ങളും ദൗത്യം പൂർത്തികരിച്ചു.