ഒരു മരത്തെ മുഴുവനായും മൂടി ‘പ്രേതവല’; സിനിമയിലല്ല, ഇത് ഒറിജിനൽ

ഹൊറർ സിനിമകളിലെല്ലാം കാണുന്നതു പോലൊരു കാഴ്ചയായിരുന്നു അത്. രാത്രിയിൽ അൽപം നിലാവിലാണ് അതു കാണുന്നതെങ്കിൽ ഏതു വലിയ ധൈര്യശാലിയും ഒന്നു വിറയ്ക്കും. സംഗതി പ്രേതമൊന്നുമല്ല. മറിച്ച് പ്രേതസിനിമകളിൽ ‘ബാക്ക് ഗ്രൗണ്ട്’ ഒരുക്കുന്നതു പോലൊരു കാഴ്ച. ഒരു മരം നിറയെ എടുകാലി കൂടുകൂട്ടിയതു പോലെ വല നെയ്തിരിക്കുന്നു. ഹാരിപോട്ടർ സിനിമയിൽ കൂറ്റൻ എട്ടുകാലിയുടെ ഗുഹ നിറയെ വല നെയ്തു വച്ചിരിക്കുന്ന കാഴ്ച കുട്ടികൾക്കും സുപരിചിതമാണല്ലോ! അതിലും ഭീകരമായിരുന്നു ഈ കാഴ്ച. മരത്തിനു ചില്ലകൾ മാത്രമേയുള്ളൂ, ഒരൊറ്റ ഇലയില്ല!

ഈ പണി പറ്റിച്ചതു പക്ഷേ എട്ടുകാലിയൊന്നുമല്ല. ഒരു തരം നിശാശലഭത്തിന്റെ മുട്ട വിരിഞ്ഞുണ്ടായ പുഴുക്കളാണ് (കാറ്റർപില്ലർ) മരത്തിലെ മുഴുവൻ ഇലയും തിന്നു തീർത്ത് അതിനെ വെളുത്ത ‘വല’ കൊണ്ടുമൂടിയത്. ഇംഗ്ലണ്ടിലെ നോർത്ത് യോർക്‌ഷയറിൽ നിന്നുള്ള ഈ കാഴ്ച പോൾ കിങ്സ്റ്റൺ എന്ന ഫൊട്ടോഗ്രാഫറാണു പകർത്തിയത്. വൈകാതെ തന്നെ കാഴ്ച വൈറലാവുകയും ചെയ്തു. ഒരേസമയം വിചിത്രമാർന്നതും അമ്പരപ്പിക്കുന്നതുമായ കാഴ്ചയായിരുന്നു അതെന്ന് പോൾ പറയുന്നു. ശരിക്കും ഒരു ഹൊറർ നോവലിലോ സിനിമയിലോ മാത്രം കിട്ടുന്ന അനുഭവമെന്നും അദ്ദേഹത്തിന്റെ വാക്കുകൾ. ഇത്രയും ചെറിയ ജീവികൾ ഒരു മരം മുഴുവനും വല നെയ്തു തീർത്തതെങ്ങനെയാണെന്നായിരുന്നു അദ്ദേഹത്തിന്റെ സംശയം.

ബേഡ്–ചെറി എന്നറിയപ്പെടുന്ന നിശാശലഭങ്ങളുടെ ലാർവ വിരിഞ്ഞിറങ്ങുന്ന പുഴുക്കളാണ് ഈ കുഞ്ഞൻ നെയ്ത്തുകാരന്മാർ. ചെറി മരങ്ങൾ ഇവയ്ക്ക് ഏറെ പ്രിയപ്പെട്ടതാണ്. കണ്ണിൽപ്പെട്ടു കഴിഞ്ഞാൽ സകല ഇലകളും തിന്നു തീർക്കും. മരത്തിലെ താമസത്തിനിടെ ശത്രുക്കളുടെ ആക്രമണത്തിൽ നിന്നു രക്ഷപ്പെടാൻ തീർക്കുന്ന പ്രതിരോധമാണ് ആ വല. അതിലൂടെ പിടിച്ചുകയറിയാണ് അവ മരങ്ങൾക്കു മുകളിലേക്കും മറ്റും വലിഞ്ഞുകയറുന്നതും.

ജൂലൈ, ഓഗസ്റ്റ് മാസത്തിലാണ് നിശാശലഭങ്ങളുടെ പുഴുക്കൾ ചിത്രശലഭങ്ങളായി മാറുക. അതിനു മുൻപേ കഴിക്കാവുന്നത്ര ചെറി മരത്തിന്റെ ഇലകളും ഇവ തിന്നു തീർക്കും. ഒരു മരത്തിന്റെ ഇല തീർന്നാൽ വലകെട്ടി അടുത്ത മരത്തിലേക്ക് എന്നതാണു രീതി. ചിറകു നിവർത്തിയാൽ 16 മുതൽ 25 മില്ലി മീറ്റർ വരെ മാത്രം വലുപ്പം വയ്ക്കുന്ന നിശാശലഭമാണ് ബേഡ്–ചെറികൾ. അവയുടെ കാറ്റർപില്ലറുകളാകട്ടെ അത്ര തന്നെ ചെറുതും. ഒരു വലിയ മരം മുഴുവൻ വല നെയ്തു മൂടാൻ തക്ക കഴിവുള്ള ഈ പുഴുക്കളുടെ കഴിവിനു മുന്നിൽ ജന്തുശാസ്ത്രജ്ഞരും ‘ഗംഭീരം’ എന്നല്ലാതെ വേറെന്തു പറയാൻ!