ഡ്രൈവറില്ലാതെയും വണ്ടിയോടും! എങ്ങനെ ?

ചാട്ടുളി പോലെ പോകുന്ന ഫോർമുല വൺ കാറുകൾ, സിനിമകളിലെ നായകരെക്കാൾ പ്രശസ്തരായ മിന്നുംകാറുകൾ, ഡ്രൈവറില്ലാ കാറുകൾ.... കാറുകളുടെ ലോകത്തേക്ക് ഒരു യാത്ര പോയാലോ?

ഫോർമുല വൺ

ചെറിയ ബോഡിക്കു പുറത്തേക്ക് തെറിച്ചു നിൽക്കുന്ന വമ്പൻ വീലുകൾ, ഒറ്റ സീറ്റ്,സ്വിച്ച്കീ അമർത്തിയാൽ വെടിയുണ്ട പോലെ പായും, ഓടിക്കാൻ ലോകത്തിലെ ഏറ്റവും മികച്ച റേസർമാർ– എല്ലാ വാഹനറേസിങ്ങ് ചാംപ്യൻഷിപ്പുകളുടെയും രാജാവാണു ഫോർമുല വൺ.

വേഗം മാത്രം

റേസിങ് ചാംപ്യൻഷിപ്പുകളിലെ ഓട്ടത്തിനു വേണ്ടി മാത്രമാണു ഫോർമുല വൺ കാറുകൾ‌. മണിക്കൂറിൽ 100 കിലോമീറ്റർ വേഗം കൈവരിക്കാൻ പല കാറുകൾക്കും ഒന്നര സെക്കൻഡ് സമയം മതി. ഇവയുടെ ഷാസി പ്രത്യേക മിശ്രിതം കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. ഭാരം കുറച്ച്, വേഗം കൂട്ടാനുള്ള ശ്രമം. മണിക്കൂറിൽ 375 മുതൽ 400 കിലോമീറ്റർ വരെയൊക്കെ വേഗം കൈവരിക്കാൻ ഇവയ്ക്കു സാധിക്കും.

തീപാറുന്ന എൻജിൻ

2400 സിസിയുള്ള വിഎയ്റ്റ് എന്‍ജിനാണ് ഇവയിൽ ഉപയോഗിക്കുക.900 ബിഎച്ച്പി പവർ ഉത്പാദിപ്പിക്കാൻ എൻജിനു കഴിയും. സാധാരണ കാറുകളേക്കാൾ പത്തിലേറെ മടങ്ങ് അധികമാണ് കരുത്ത്.

പ്രത്യേക ഇന്ധനം

സാധാരണ പെട്രോളിൽ ചില പ്രത്യേക അഡിറ്റീവുകൾ കലർത്തിയാണ് എഫ്‌വണ്‍ കാറുകൾക്കുള്ള ഇന്ധനം തയാറാക്കുന്നത്. ഏതൊക്കെ ഇന്ധനം ഉപയോഗിക്കാമെന്ന കാര്യത്തിൽ ചാംപ്യൻഷിപ്പിന്റെ സംഘാടകരായ എഫ്ഐഎ കർശന മാർഗനിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.

ഗീയറെവിടെ?

റിവേഴ്സ് ഗീയറുൾപ്പെടെ ഏഴ് ഗീയർമാറ്റങ്ങൾ സാധ്യമാകുന്ന ഗീയർബോക്സുകളാണ് എഫ്‌വൺ കാറുകളിൽ. സ്റ്റീയറിങ്ങിന്റെ ഇരുവശത്തുമായി ഗീയർ മാറ്റാം. ഒരുവശത്ത് ഗീയർ കുറയ്ക്കാം, മറുവശത്തു കൂട്ടാം.

റോഡിലെ വിമാനം ‌

എഫ്‌വൺ കാറുകളെ സൂക്ഷിച്ചുനോക്കിയാൽ രൂപഘടനയിൽ വിമാനത്തിന്റെ ചെറിയ ഛായ കാണാം. മുൻപിലേക്കു വരുമ്പോൾ കൂർത്തു വരുന്ന ബോഡി, പുറകിൽ ചിറകുകൾ തുടങ്ങി കുറേയേറെ കാര്യങ്ങൾ വിമാനത്തെ അനുസ്മരിപ്പിക്കും. വായുവിന്റെ സമ്മർദ്ദം കഴിയുന്നത്ര കുറച്ച് വലിയ വേഗം കൈവരിക്കാനുള്ള ‘ഏയ്റോഡൈനമിക് ’ സൂത്രങ്ങളാണ് ഇവ.

∙ ഡ്രൈവറില്ലാ കാർ
ഡ്രൈവറില്ലാതെയും വണ്ടിയോടും! എങ്ങനെ ? ഗൂഗിളിന്റെ വെയ്മോ കാറുകളിലൂടെ ശ്രദ്ധേയമായ ‘ഡ്രൈവറില്ലാ കാർ വിപ്ലവം’ ഇന്നു പല കമ്പനികൾ ഏറ്റെടുത്തിരിക്കുന്നു. ഡ്രൈവറില്ലെങ്കിലും തട്ടും ഇടിയുമൊന്നുമില്ലാതെ ഈ കാറുകൾ എങ്ങനെയാണ് ഓടുന്നത്? സെൻസറുകൾ, ക്യാമറകൾ, ജിപിഎസ് തുടങ്ങിയവയിലെ വിവരങ്ങൾ കൊണ്ട് ഒരു ഭൂപടം തയാർ ചെയ്താണ് ഇത്തരം കാറുകൾ സഞ്ചരിക്കുക. ചുറ്റും എന്തു തടസ്സങ്ങൾ വന്നാലും അതു മനസ്സിലാക്കാനും ഒഴിഞ്ഞുമാറാനും ഇവയ്ക്കു കഴിവുണ്ട്. സെൽഫ് ഡ്രൈവിങ് കാറിന്റെ പ്രധാനഭാഗങ്ങൾ

വിഡിയോ ക്യാമറ

ട്രാഫിക് സിഗ്നലുകൾ, മുന്നിൽ പോകുന്ന വാഹനങ്ങളുടെ ബ്രേക്ക് ലൈറ്റുകൾ,നടന്നുപോകുന്നവർ,ഹാൻഡ് സൈനുകൾ എന്നിവയൊക്കെ കണ്ടെത്തി വാഹനത്തിനു വിവരം നൽകുന്നത് ഈ ക്യാമറകളാണ്. കംപ്യൂട്ടർ വിഷൻ എന്നാണ് ഇതിനെ വിളിക്കുന്നത്.

ഡാർ സെൻസറുകൾ

റേഡിയോ തരംഗങ്ങളിൽ പ്രവർത്തിക്കുന്ന ഈ സെൻസറുകൾ‌ വാഹനത്തിനു ചുറ്റുമുള്ള മറ്റുവാഹനങ്ങളെ കണ്ടെത്തും.

ലിഡാർ

സെൽഫ് ഡ്രൈവിങ് കാറുകൾക്കു മുകളിലുള്ള തൊപ്പി പോലെയുള്ള ഭാഗം. ഇവയിൽ നിന്നു ലേസർ രശ്മികൾ പുറത്തേക്കു പ്രവഹിച്ചുകൊണ്ടിരിക്കും. റോഡരികുകൾ, ലെയ്നുകൾ എന്നിവ മനസ്സിലാക്കാൻ ഇത് ഉപകരിക്കും. ജിപിഎസ്‍ ഉപഗ്രഹങ്ങളിൽ നിന്നു വിവരം ശേഖരിച്ച് ക്യത്യമായി എവിടെയാണ് നിൽക്കുന്നതെന്ന ധാരണ കാറിനു നൽകും.

അൾട്രാസോണിക് സെൻസർ വാഹനത്തിന് തൊട്ടടുത്ത് എത്തുന്ന മറ്റുവാഹനങ്ങൾ കണ്ടെത്താൻ ഉപയോഗിക്കുന്ന സെൻസറുകൾ. അൾട്രാസോണിക് തരംഗങ്ങൾ ഉപയോഗിച്ചാണ് പ്രവർത്തനം.

സെൻട്രൽ കംപ്യൂട്ടർ സെൻസറുകളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ച് വണ്ടിക്കു വേഗം കൂട്ടണോ, ബ്രേക്കിടണോ, തിരിക്കണോ നേരെ പോകണോ എന്നൊക്കെ തീരുമാനിക്കുന്നത് ഇവിടെയാണ്.

∙ നാട്ടുകാർ
നമ്മുടെ നാട്ടിലെ പ്രമുഖ കാർ നിർമാതക്കളിലധികവും വിദേശികളാണ്. ഇന്ത്യയുടെ സ്വന്തമെന്നു കരുതുന്ന മാരുതി പോലും ഇപ്പോൾ ജപ്പാനിലെ സുസുക്കി കോർപ്പറേഷന്റെ ഉപസ്ഥാപനമാണ്. നിരത്തുകളിലെ സൂപ്പർസ്റ്റാറുകളിൽ ഇന്ത്യൻ ഏത്? വിദേശി ഏത്? എന്നു നോക്കാം.
ടാറ്റ – ഇന്ത്യ
മാരുതി – ഇന്ത്യ
മഹീന്ദ്ര – ഇന്ത്യ
ഫോഴ്സ് – ഇന്ത്യ
സുസുക്കി – ജപ്പാൻ
ഹോണ്ട – ജപ്പാൻ
ടൊയോട്ട – ജപ്പാൻ
ഫിയറ്റ് – ഇറ്റലി
നിസാൻ – ജപ്പാൻ
റെനൊ – ഫ്രാൻസ്
പോർഷെ – ജർമനി
ഔഡി – ജർമനി
മസ്ദ – ജപ്പാൻ
ഫോർഡ് – യുഎസ്
ഷെവർലെ – യുഎസ്
ഇസുസു– ജപ്പാൻ
മിനി – ബ്രിട്ടൻ
വോൾവോ – സ്വീഡൻ
ജീപ്പ് – യുഎസ്
ഫെരാരി – ഇറ്റലി
മിറ്റ്സുബിഷി – ജപ്പാന്‍
ഹ്യുണ്ടായ് – ദക്ഷിണ കൊറിയ
ഫോക്സ്‌വാഗൻ – ജർമനി
റോൾസ് റോയ്സ് – ബ്രിട്ടൻ
മെഴ്സിഡീസ് ബെൻസ് – ജർമനി

∙ സിനിമാ കാർ
സിനിമകളിൽ നായകനും വില്ലനും ഉപയോഗിക്കുന്ന കാറുകൾ മിന്നുംതാരങ്ങൾ ആയിരിക്കും. ലോകം മുഴുവൻ ആരാധകരുള്ള അത്തരം ചില കാർ സ്റ്റാറുകളെപ്പറ്റി

റേഞ്ച് റോവർ

ബ്രിട്ടിഷ് കാർനിർമാതാക്കളായ ജഗ്വാർ ലാൻഡ്റോവറിന്റെ ഏറ്റവും വിലകൂടിയതും ശേഷിയേറിയതുമായ വാഹനമാണ് റേഞ്ച് റോവർ. ജയിംസ് ബോണ്ട് സിനിമകളിലെ വില്ലൻ കാറുകളാണ് ഇവ. ലാൻഡ്റോവർ കമ്പനിയുടെ ‘ഡിഫൻഡർ’ എന്ന മോഡലും ചിത്രങ്ങളിൽ ഉപയോഗിക്കാറുണ്ട്. കരാറിന്റെ ഭാഗമായി കാലാകാലങ്ങളിൽ ഇറങ്ങുന്ന ഏറ്റവും പുതിയ മോഡൽ റേഞ്ച് റോവറാണു ജയിംസ് ബോണ്ട് സിനിമകൾ ചിത്രീകരിക്കാൻ നൽകുന്നത്. ഇപ്പോൾ ഇന്ത്യയുടെ സ്വന്തം ടാറ്റയാണ് ജഗ്വാർ ലാൻഡ്റോവർ കമ്പനിയുടെ ഉടമ.

ഫോക്സ്‌വാഗൺ ടൈപ്പ് വൺ (ബീറ്റിൽ)

‘മൂട്ടക്കാർ’ എന്നു വിളിപ്പേരുള്ള ഫോക്സ്‌വാഗൻ ടൈപ്പ് വൺ എന്ന ‘ബീറ്റിൽ’ സിനിമാലോകത്തിന്റെ സ്വന്തം ‘ഹെർബി’യാണ്. 1968ൽ ഇറങ്ങിയ ‘ദ് ലവ് ബഗ്’ എന്ന ചിത്രത്തിലാണു ഹെർബി എന്ന ജീവനുള്ള കാറായി ബീറ്റിൽ അഭിനയിക്കുന്നത്.

കമാരോ

ട്രാൻസ്ഫോമേഴ്സ് എന്ന ചിത്രത്തിൽ നായകന്റെ സന്തതസഹചാരിയായ ബംബിൾബീ എന്ന അന്യഗ്രഹജീവി ഷെവർലെ കമാരോയുടെ രൂപത്തിലാണു പ്രത്യക്ഷപ്പെടുന്നത്. നായകകഥാപാത്രം അപകടത്തിലാകുമ്പോൾ കമാരോയുടെ രൂപത്തിൽനിന്ന് ബീ സ്വന്തം രൂപമെടുക്കും.

ഡോഡ്ജ് ചാർജർ ആർ ആൻഡ് ടി

ഫാസ്റ്റ് ആൻഡ് ഫ്യൂരിയസിലെ നായകൻ ഡൊമിനിക് ടൊറെറ്റൊയുടെ ഹൃദയത്തിന്റെ ഒരു ഭാഗംതന്നെയാണ് ഡോഡ്ജ് ചാർജർ ആർ ആൻഡ് ടി (റോഡ് ആൻഡ് ട്രാക്ക് വകഭേദം). ഈ കാറിന്റെ സൗന്ദര്യം അതിന്റെ ബോണറ്റിൽ നിന്നുയർന്നു നിൽക്കുന്ന എയർ ഇൻടേക്ക് സ്കൂപ്പാണ്.

നേതാ കാർ

ലോകത്തിലെ ഏറ്റവും മുന്തിയ കാറുകൾ ഉപയോഗിക്കുന്നവരാണ് രാഷ്ട്രത്തലവൻമാർ. സാങ്കേതികത്തികവും സുരക്ഷാ ക്രമീകരണങ്ങളും ഒരുപോലെ ഒത്തിണങ്ങിയവയാണ് ഇവരുടെ ഔദ്യോഗിക വാഹനങ്ങൾ. കാറുകളിലെ ചില ലോകനേതാക്കളെ പരിചയപ്പെടാം.

ട്രംപിന്റെ ദ് ബീസ്റ്റ്

അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനത്തിന്റെ ചെല്ലപ്പേരാണ് ‘ദ് ബീസ്റ്റ്’. കാഡിലാക് വൺ, ലിമോ വൺ, ഫസ്റ്റ് കാർ, സ്റ്റേജ് കോച്ച് എന്നീ പേരുകളാണ് സന്ദർഭത്തിനനുസരിച്ച് ഇതിനു നൽകുന്നത്. ജനറൽ മോട്ടോഴ്സ്(ജിഎം) ആണ് നിർമാതാക്കൾ. ഒരേപോലെയുള്ള 15 ബീസ്റ്റ് ലിമോസിനുകളാണ് ജിഎം നിർമിച്ചു നൽകുന്നത്. വെടിയുണ്ടയും ബോംബും രാസായുധവും ഏൽക്കാത്ത കാറിൽനിന്ന് ഏതുസമയവും സൈനിക മേധാവികളുമായും ഓഫിസുമായും ബന്ധപ്പെടാൻ പ്രസിഡന്റിനു കഴിയും. രണ്ടു പിക് അപ്പ് ട്രക്കുകളുടെ ഷാസികൾ ചേർത്തുവച്ചാണ് ജിഎം ഈ കാർ നിർമിച്ചിരിക്കുന്നത്. ഭാരം കൂടുതലായതിനാൽ പരമാവധി വേഗം 100 കിലോമീറ്ററാണ്. ടയറുകൾ പൊട്ടിത്തകർന്നാൽ പോലും ഇത് ഓടിച്ചുപോകാം. ഒരു കാറിന് ഏകദേശം പതിനഞ്ചുകോടി രൂപ ചെലവുവരും. പുടിന്റെ എസ് ലിമോസിൻ പ്രത്യേകം പറഞ്ഞു നിർമിച്ച മെഴ്‌സിഡീസ് ബെൻസ് എസ് ക്ലാസ് ലിമോസിൻ ആണ് റഷ്യൻ പ്രസിഡന്റിന്റെ വാഹനം. അമേരിക്കൻ പ്രസിഡന്റിന്റെ കാറിലുള്ള സുരക്ഷാ, ആശയവിനിമയ സംവിധാനങ്ങൾ മിക്കതും ഈ കാറിലുമുണ്ട്. ബെൻസിന്റെ ലോഗോയ്ക്കു പകരം റഷ്യയുടെ ഔദ്യോഗിക ചിഹ്നമാണ് പുടിന്റെ വാഹനത്തിൽ പലയിടത്തും ഇടംപിടിച്ചിരിക്കുന്നത്.വില 12 കോടി. രാജ്ഞിക്ക് ബെന്റ്‌ലി സ്റ്റേറ്റ് ലിമോ ലോകത്ത് രണ്ട് ബെന്റ്‌ലി സ്റ്റേറ്റ് ലിമോസിനുകൾ മാത്രമേ നിർമിച്ചിട്ടുള്ളൂ. രണ്ടും ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിക്കു വേണ്ടി. വാഹനത്തിന്റെ നെറുകയിൽ ബ്രിട്ടിഷ് രാജകുടുംബത്തിന്റെ മുദ്ര ആലേഖനം ചെയ്തിരിക്കുന്നു. 7000 സിസി ശേഷിയുള്ള ഭീമൻ എൻജിൻ. വില 12 കോടി. രാജ്ഞി സ്വയം ഓടിച്ചു പോകാൻ ഉപയോഗിക്കുന്നത് റേഞ്ച് റോവറാണ്.

∙ ആദ്യ കാർ
1886ൽ നിർമിച്ച, പെട്രോൾ എൻജിൻകൊണ്ട് ഓടുന്ന വാഹനത്തിന് പേറ്റന്റ് കിട്ടി. ഇതാണ് ആദ്യ കാറായി കണക്കാക്കുന്നത്. ആദ്യ ലോങ് ട്രിപ്പ്‌ കാൾ ബെൻസിന്റെ ഭാര്യ ബെർത്തയും രണ്ടു മക്കളുമാണ് കാറിൽ ആദ്യമായി ദീർഘയാത്ര നടത്തിയത് – 1888ൽ. ജർമനിയിൽ 106 കിലോമീറ്ററാണ്‌ ഇവർ സഞ്ചരിച്ചത്‌