ശാസ്ത്രരഹസ്യങ്ങൾ തേടി ക്യാപ്റ്റൻ കുക്ക്

ഡോ. കെ.സി. വിജയരാഘവൻ

ബ്രിട്ടിഷ് നാവികനായ ജയിംസ് കുക്കിന്റെ യാത്രകൾ കച്ചവടത്തെക്കാളുപരി ശാസ്ത്രരഹസ്യങ്ങൾ തേടിയായിരുന്നു. എച്ച്എംബി എൻഡവർ എന്ന കപ്പലിൽ അദ്ദേഹം നടത്തിയ യാത്രയിലാണു ന്യൂസീലൻഡും ഓസ്ട്രേലിയയിലെ ഗ്രേറ്റ് ബാരിയർ റീഫും കണ്ടെത്തുന്നത്. ബ്രിട്ടിഷ് നാവികസേനയ്ക്കുവേണ്ടി ക്യാപ്റ്റൻ ജയിംസ് കുക്ക് നടത്തിയ യാത്രകൾ പസിഫിക്കിലെ ഹവായ് ദ്വീപുകളിൽവച്ച് അദ്ദേഹം വധിക്കപ്പെട്ടതോടെ അവസാനിച്ചു.

പിസാറോ‌ (1476-1541)
സ്പാനിഷ് നാവികനായ ഫ്രാൻസിസ്കോ പിസാറോ 1502ൽ കരീബിയൻ ദ്വീപുകളിലെത്തി. അളവറ്റ സ്വർണവും വെള്ളിയും മറ്റു വിഭവങ്ങളുമായിരുന്നു പിസാറോയുടെ ലക്ഷ്യം. പെറു കേന്ദ്രമാക്കിയിരുന്ന ശക്തവും സമ്പന്നവുമായ ഇൻകാ സാമ്രാജ്യം പിസാറോയുടെയും സംഘത്തിന്റെയും തന്ത്രങ്ങളിൽ തകർന്നു. ചതിപ്രയോഗത്തിലൂ ടെ ഇൻകാ രാജാവിനെ വധിച്ചു. സാമ്രാജ്യം ശിഥിലമായി. ഇൻകകൾ അധിനിവേശശക്തികളുടെ അടിമകളായി.

ജോൺ കാബോട്ട് (1450-1500)
ജനിച്ചത് ഇറ്റലിയിലെ വെനീസിലെങ്കിലും കാബോട്ട് സമുദ്രയാത്രകൾ നടത്തിയത് ഇംഗ്ലണ്ടിനു വേണ്ടിയായിരുന്നു. ബർത്തലോമ്യ ഡയസിന്റെയും കൊ​ളംബസിന്റെയും യാത്രകളായിരുന്നു ജോൺ കാബോട്ടിനെ സമുദ്രസഞ്ചാരത്തിനു പ്രേരിപ്പിച്ചത്. ഇന്ത്യയിലേക്കുള്ള ഇംഗ്ലിഷ് ദൗത്യമേറ്റെടുത്ത കാബോട്ടിനെ കാറ്റുകൾ വഴിതെറ്റിച്ചു. ഇന്ത്യയ്ക്കു പകരം കാനഡയ്ക്കടുത്തുള്ള ന്യൂഫൗണ്ട് ലാൻഡിലായിരുന്നു കാബോട്ടിന്റെ സംഘം എത്തിയത്. സമുദ്രയാത്രകളെ സ്നേഹിച്ചിരുന്ന ജോൺ കാബോട്ടിന്റെ അന്ത്യവും കപ്പൽയാത്രയ്ക്കിടയിലായിരുന്നുവെന്നു കരുതപ്പെടുന്നു.

കൊളംബസിന്റെ യാത്രകൾ
ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ സുഗന്ധദ്രവ്യങ്ങളും തുണിത്തരങ്ങളുമായിരുന്നു സ്പെയിൻകാരനായ ക്രിസ്റ്റഫർ കൊളംബസിനെ (1451- 1506)പ്രചോദിപ്പിച്ചത്. 1492ൽ ആണു സ്പെയിനിലെ പാംലാസ് തുറമുഖത്തുനിന്നു സാന്റാമറിയ, നീന, പിന്റ എന്നീ മൂന്നു കപ്പലുകളിൽ കൊളംബസും സംഘവും യാത്ര പുറപ്പെട്ടത്. തീരം കാണാത്ത ദീർഘയാത്രയ്ക്കൊടുവിൽ അവർ എത്തിച്ചേർന്നത് അമേരിക്കൻ തീരത്തെ ബഹാമസ് ദ്വീപസമൂഹങ്ങളിലാണ്. അവിടത്തെ അരാപാക്സ് എന്ന തവിട്ടുനിറത്തിലുള്ള ഗോത്രവിഭാഗത്തെ ഇന്ത്യക്കാരെന്നു തെറ്റിദ്ധരിച്ചു കൊളംബസ് റെഡ് ഇന്ത്യൻസ് എന്നു വിളിച്ചു. ഏഷ്യയ്ക്കും യൂറോപ്പിനും അതുവരെ അജ്ഞാതമായിരുന്ന അമേരിക്കൻ വൻകരയാണു കണ്ടെത്തിയതെന്ന് അദ്ദേഹത്തിനു മനസ്സിലായില്ല. താനെത്തിച്ചേർന്നത് ഇന്ത്യയാണെന്നുതന്നെ കൊളംബസ് കരുതി. അമേരിക്കയിലേക്കു മൂന്നു യാത്രകൾകൂടി കൊളംബസ് നടത്തി. ഓരോ യാത്രയിലും സ്വർണവും വെള്ളിയും അടിമകളെയും നിറച്ചു കൊളംബസ് ആഘോഷപൂർവം തിരിച്ചെത്തി. കാറ്റുകളെ ആശ്രയിച്ചാൽ അഞ്ചാഴ്ചകൊണ്ട് ഭൂഗോളത്തിന്റെ മറുവശത്തെത്താമെന്ന് അദ്ദേഹം തെളിയിച്ചു. കൊളംബസിനെ പിന്തുടർന്ന് ഒട്ടേറെ നാവികർ അമേരിക്കൻ തീരങ്ങളിലെത്തി. ഇത് അമേരിക്കയിലെ ആദിമ സംസ്കാരങ്ങളായ ഇൻകാ, ആസ്ടെക് എന്നിവയുടെ തകർച്ചയ്ക്കു വഴിയൊരുക്കി.

ലോകം ചുറ്റിയ മെഗല്ലൻ
ലോകം ചുറ്റിയുള്ള ആദ്യ സമുദ്രയാത്ര നടത്തിയതു പോർച്ചുഗീസ് നാവികനായ ഫെർഡിനന്റ് മെഗല്ലന്റെ സംഘമാണ്. പോർച്ചുഗൽ, സ്പെയിൻ എന്നീ രാജ്യങ്ങളുടെ സംയുക്ത ദൗത്യത്തിനാണു മെഗല്ലൻ നേതൃത്വം വഹിച്ചത്. 1519ൽ അഞ്ചു കപ്പലുകളിൽ ഏതാണ്ട് 270 പേരുമായി സുഗന്ധവ്യഞ്ജനതീരങ്ങൾ തേടി മെഗല്ലനും സംഘവും യാത്ര പുറപ്പെട്ടു. അറ്റ്ലാന്റിക് സമുദ്രത്തിലൂടെ പസിഫിക്കിലേക്കു കടക്കാവുന്ന സമുദ്രപാത അവർ കണ്ടെത്തി. പസിഫിക് (ശാന്തമഹാസമുദ്രം) സമുദ്രത്തിന് ആ പേരു നൽകിയതു മെഗല്ലനാണ്. ഇന്തൊനീഷ്യൻ ദ്വീപസമൂഹങ്ങളിലെത്തിയ മെഗല്ലനും സംഘവും ദ്വീപുകളെ സ്പെയിന്റെ കോളനിയാക്കാൻ ശ്രമിച്ചു. ചില ദ്വീപുകൾ ചെറുത്തുനിന്നു. ഫിലിപ്പീൻസിൽനടന്ന യുദ്ധത്തിൽ മെഗല്ലൻ കൊല്ലപ്പെട്ടു. സ്പാനിഷ് നാവികനായ യുവാൻ സെബാസ്റ്റ്യൻ എൽകാനോ അവശേഷിച്ച 18 പേരുമായി വിക്ടോറിയ എന്ന കപ്പലിൽ സ്പെയിനിൽ തിരിച്ചെത്തി. അങ്ങനെ മെഗല്ലനില്ലാതെ മെഗല്ലന്റെ സംഘം ദൗത്യം പൂർത്തിയാക്കി. ഒരൊറ്റ യാത്രയിൽ, ഭൂമി ചുറ്റിയ ആദ്യസംഘമായി മെഗല്ലനും കൂട്ടുകാരും പരിഗണിക്കപ്പെടുന്നു.

മാർക്കോപോളോയുടെ സഞ്ചാരക്കുറിപ്പുകൾ
ഇറ്റാലിയൻ സഞ്ചാരിയും വ്യാപാരിയുമായിരുന്ന മാർക്കോപോളോയുടെ(1254–1324) വിവരണങ്ങളി‍ൽനിന്നാണു യൂറോപ്യർ മധ്യകാല ചൈനയെയും ദക്ഷിണേഷ്യൻ പ്രദേശങ്ങളെയും കുറിച്ചു മനസ്സിലാക്കുന്നത്. 1271 മുതൽ 1295 വരെയുള്ള 24 വർഷങ്ങളായിരുന്നു മാർക്കോപോളോയുടെ സഞ്ചാരകാലം എന്നു കരുതപ്പെടുന്നു. ചൈനയിലും ദക്ഷിണേഷ്യയിലുമെത്തിയ ആദ്യ യൂറോപ്യനല്ല മാർക്കോപോളോ. പക്ഷേ, ഈ പ്രദേശങ്ങളെ സംബന്ധിച്ച് ആദ്യമായി സമഗ്രവിവരങ്ങൾ നൽകിയ സഞ്ചാരി അദ്ദേഹമാണ്. ‘മാർക്കോപോളോയുടെ സഞ്ചാരങ്ങൾ’ എന്ന കൃതിയിലൂടെ കിഴക്കിന്റെ സമ്പന്നവും സമൃദ്ധവുമായ ജീവിതം അദ്ദേഹം വരച്ചുകാട്ടുന്നു. ഇറ്റാലിയൻ നഗരങ്ങളെ കിഴക്കൻ നഗരങ്ങളായ ബഗ്ദാദ്, ഡമാസ്കസ്, ബെയ്ജിങ് എന്നിവയുമായി ബന്ധിപ്പിച്ചിരുന്ന സിൽക്ക് റൂട്ടിലൂടെയായിരുന്നു മാർക്കോപോളോയുടെ യാത്രകൾ. യാത്രയ്ക്കിടെ അദ്ദേഹം കേരളത്തിലും എത്തിയതായി വിശ്വസിക്കപ്പെടുന്നു. മാർക്കോപോളോയുടെ കുറിപ്പുകൾ യൂറോപ്യൻ സമുദ്രസഞ്ചാരികളെ ആകർഷിച്ചിരുന്നു. ക്രിസ്റ്റഫർ കൊളംബസ് തന്റെ യാത്രകളിൽ മാർക്കോപോളോയുടെ പുസ്തകവും നിധിപോലെ സൂക്ഷിച്ചിരുന്നു. യൂറോപ്യൻ ഭൂപടനിർമാതാക്കൾ പിൽക്കാല സമുദ്രയാത്രകൾക്കായി മാർക്കോപോളോയുടെ സഞ്ചാരമാർഗങ്ങളെ ആശ്രയിച്ചിരുന്നു.

കശുവണ്ടിയും കൈതച്ചക്കയും കബ്രാളും
വാസ്കോ–ഡ–ഗാമയുടെ പിൻഗാമിയായി പോർച്ചുഗലിൽനിന്നു യാത്ര പുറപ്പെട്ട് ഇന്ത്യയിലെത്തിയ നാവികനാണു പെഡ്രോ അൽവാരിസ് കബ്രാൾ(1467–1520). പോർച്ചുഗൽ രാജാവ് മാനുവൽ ഒന്നാമന്റെ നിർദേശാനുസരണം 1500ൽ കബ്രാളിന്റെ കപ്പൽവ്യൂഹം ഇന്ത്യയിലേക്കു പുറപ്പെട്ടു. കടൽക്ഷോഭത്തിൽനിന്നു രക്ഷപ്പെടുന്നതിനായി പശ്ചിമാഫ്രിക്ക ചുറ്റി യാത്രചെയ്ത സംഘം വഴിതെറ്റി ബ്രസീലിലെത്തി. തെക്കേ അമേരിക്കൻ രാജ്യമായ ബ്രസീലിലെത്തുന്ന ആദ്യ യൂറോപ്യൻ കബ്രാൾ ആണ്. ബ്രസീൽ പോർച്ചുഗലിന്റെ കോളനിയായി മാറി. ബ്രസീലിൽനിന്നു കബ്രാൾ കോഴിക്കോടെത്തി. ഒപ്പം കടൽ കയറി കശുവണ്ടിയും കൈതച്ചക്കയും കേരളത്തിലുമെത്തി

കൊളംബസിന്റെ യാത്രകൾ
ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ സുഗന്ധദ്രവ്യങ്ങളും തുണിത്തരങ്ങളുമായിരുന്നു സ്പെയിൻകാരനായ ക്രിസ്റ്റഫർ കൊളംബസിനെ (1451- 1506)പ്രചോദിപ്പിച്ചത്. 1492ൽ ആണു സ്പെയിനിലെ പാംലാസ് തുറമുഖത്തുനിന്നു സാന്റാമറിയ, നീന, പിന്റ എന്നീ മൂന്നു കപ്പലുകളിൽ കൊളംബസും സംഘവും യാത്ര പുറപ്പെട്ടത്. തീരം കാണാത്ത ദീർഘയാത്രയ്ക്കൊടുവിൽ അവർ എത്തിച്ചേർന്നത് അമേരിക്കൻ തീരത്തെ ബഹാമസ് ദ്വീപസമൂഹങ്ങളിലാണ്. അവിടത്തെ അരാപാക്സ് എന്ന തവിട്ടുനിറത്തിലുള്ള ഗോത്രവിഭാഗത്തെ ഇന്ത്യക്കാരെന്നു തെറ്റിദ്ധരിച്ചു കൊളംബസ് റെഡ് ഇന്ത്യൻസ് എന്നു വിളിച്ചു. ഏഷ്യയ്ക്കും യൂറോപ്പിനും അതുവരെ അജ്ഞാതമായിരുന്ന അമേരിക്കൻ വൻകരയാണു കണ്ടെത്തിയതെന്ന് അദ്ദേഹത്തിനു മനസ്സിലായില്ല. താനെത്തിച്ചേർന്നത് ഇന്ത്യയാണെന്നുതന്നെ കൊളംബസ് കരുതി. അമേരിക്കയിലേക്കു മൂന്നു യാത്രകൾകൂടി കൊളംബസ് നടത്തി. ഓരോ യാത്രയിലും സ്വർണവും വെള്ളിയും അടിമകളെയും നിറച്ചു കൊളംബസ് ആഘോഷപൂർവം തിരിച്ചെത്തി. കാറ്റുകളെ ആശ്രയിച്ചാൽ അഞ്ചാഴ്ചകൊണ്ട് ഭൂഗോളത്തിന്റെ മറുവശത്തെത്താമെന്ന് അദ്ദേഹം തെളിയിച്ചു. കൊളംബസിനെ പിന്തുടർന്ന് ഒട്ടേറെ നാവികർ അമേരിക്കൻ തീരങ്ങളിലെത്തി. ഇത് അമേരിക്കയിലെ ആദിമ സംസ്കാരങ്ങളായ ഇൻകാ, ആസ്ടെക് എന്നിവയുടെ തകർച്ചയ്ക്കു വഴിയൊരുക്കി.

കൊടുങ്കാറ്റിന്റെ മുനമ്പ്, ശുഭപ്രതീക്ഷയുടെയും
പോർച്ചുഗീസുകാരനായ സമുദ്രസ‍ഞ്ചാരി ബർത്തലോമ്യ ഡയസ് (1450–1500) ആണ് ഏഷ്യയിലേക്കുള്ള സമുദ്രപാത ആദ്യമായി കണ്ടെത്തിയത്. 1487ൽ ലിസ്ബണിൽനിന്നു യാത്ര തുടങ്ങിയ ഡയസ് ആഫ്രിക്കയുടെ തെക്കേ മുനമ്പിലെത്തി. ശക്തമായ കൊടുങ്കാറ്റും കടൽക്ഷോഭവും കാരണം ഡയസിനു തിരിച്ചുപോകേണ്ടിവന്നു. ആഫ്രിക്കയുടെ തെക്കേ അറ്റത്തിന് അദ്ദേഹം കൊടുങ്കാറ്റുകളുടെ മുനമ്പ് (Cape of Storms) എന്നു പേരിട്ടു. പിന്നീട് ഈ പ്രദേശം ഏഷ്യയിലേക്കുള്ള കവാടം എന്ന നിലയിൽ ശുഭപ്രതീക്ഷാ മുനമ്പ് (Cape of Good hope) എന്നറിയപ്പെട്ടു.

അമരിഗോവെസ്പൂച്ചി (1454–1512)
ഇറ്റാലിയൻ വ്യാപാരിയും ഭൂപടനിർമാതാവും സാഹസികനായ സഞ്ചാരിയുമായിരുന്നു അമരിഗോ വെസ്പൂച്ചി. കൊളംബസിനുശേഷം അമേരിക്കൻ വൻകരയിലെത്തിയ വെസ്പൂച്ചിക്കു താനെത്തിച്ചേർന്ന പ്രദേശത്തെപ്പറ്റി വ്യക്തമായ ധാരണയുണ്ടായിരുന്നു. കൊളംബസാണ് അമേരിക്ക വൻകര കണ്ടെത്തിയതെങ്കിലും അമരിഗോ വെസ്പൂച്ചിയുടെ പേരിലാണ് ആ ഭൂഖണ്ഡം പിന്നീട് അറിയപ്പെട്ടത്.

കോഴിക്കോട് എത്തിയ ഗാമ (1469–1524)
ഇന്ത്യയിലെത്തിയ ആദ്യ യൂറോപ്യൻ നാവികൻ വാസ്കോ–ഡ–ഗാമയാണ്. പോർച്ചുഗൽ രാജാവ് ഡാം മാനുവലിന്റെ നിർദേശാനുസരണം ലിസ്ബണിൽനിന്നു സാൻവോ ഗബ്രിയേൽ എന്ന കപ്പലിൽ 1497 ജൂലൈ എട്ടിനു ഗാമയും സംഘവും യാത്ര തുടങ്ങി. അറ്റ്ലാന്റിക് സമുദ്രത്തിലൂടെ ആഫ്രിക്കയിലെ ശുഭപ്രതീക്ഷാ മുനമ്പ് ചുറ്റി ഏകദേശം പതിനായിരം കിലോമീറ്ററുകൾ താണ്ടി ഗാമയും കൂട്ടരും 1498 മേയ് 20നു കോഴിക്കോട്ടെത്തി. ആദ്യയാത്രയിൽത്തന്നെ കോഴിക്കോട് സാമൂതിരിയുമായും കണ്ണൂരിലെ കോലത്തിരിയുമായും വ്യാപാരക്കരാറുകൾ ഉണ്ടാക്കി. പിന്നീട് രണ്ടു ദൗത്യങ്ങൾകൂടി ഗാമ നടത്തി. പോർച്ചുഗീസ് ഭരണാധികാരി വാസ്കോ–ഡ–ഗാമയെ ഇന്ത്യയിലെ വൈസ്രോയിയായി നിയമിച്ചു. മൂന്നാം ദൗത്യവുമായി കേരളത്തിലെത്തിയ ഗാമ 1524ൽ കൊച്ചിയിൽ മരിച്ചു. കൊച്ചിയിലെ സെന്റ് ഫ്രാൻസിസ് പള്ളിയിൽ ഗാമയെ അടക്കം ചെയ്തു. 1583ൽ ഗാമയുടെ ഭൗതികാവശിഷ്ടങ്ങൾ ലിസ്ബണിൽ എത്തിച്ചു. കപ്പലുകൾ കൊള്ളയടിച്ചും തകർത്തും രാജാക്കന്മാരെ തമ്മിലടിപ്പിച്ചും തദ്ദേശീയരെ അടിമകളാക്കിയും നടത്തിയ യാത്രകൾ യൂറോപ്യൻ അധിനിവേശത്തിന്റെ തുടക്കമായിരുന്നെന്നു ചരിത്രകാരന്മാർ പറയുന്നു.