സൗന്ദ്യര്യം ശാപമായ ബുദ്ധമയൂരി !

എഴുത്തും ചിത്രങ്ങളും: വി.ആർ. വിനയരാജ്

കേരളത്തിന്റെ സംസ്ഥാന ചിത്രശലഭമായി ശുപാർശ ചെയ്യപ്പെട്ട ബുദ്ധമയൂരിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാം. ചിത്രശലഭങ്ങളെ പൊതുവെ അഞ്ച് കുടുംബങ്ങളിലായി വിന്യസിച്ചിരിക്കുന്നു. ഇതിൽ ഏറ്റവും വലുപ്പവും ഭംഗിയും ഉള്ളവ കിളിവാലൻ ചിത്രശലഭങ്ങൾ എന്നുവിളിക്കുന്ന Papilionidae കുടുംബത്തിലാണ്. എണ്ണത്തിൽ ഏറ്റവും കുറവ് ശലഭങ്ങളും ഈ കുടുംബത്തിലാണ്. ലോകത്തേറ്റവും വലുപ്പമേറിയ ചിത്രശലഭമായ, പാപുവ ന്യൂഗിനിയിലെ ക്വീൻ അലക്സാൺഡ്ര ബേഡ്‌വിങ്ങും ഇന്ത്യയിലെ ഏറ്റവും വലിയശലഭമായ പശ്ചിമഘട്ടത്തിലെ ഗരുഡശലഭവും ഈ കുടുംബത്തിൽ ഉള്ളവ തന്നെ. ഇതേകുടുംബത്തിലെ മറ്റൊരു ശലഭമാണ് ബുദ്ധമയൂരി (Malabar Banded Peacock ) അഥവാ Papilio buddha.

ശാപമാണ് സൗന്ദര്യം
വെയിലിൽ പറക്കുമ്പോൾ വിവിധകോണുകളിൽനിന്നുള്ള കാഴ്ചകളിൽ ഇവയ്ക്ക് വിവിധ നിറമാണ്. ഭംഗിയിൽ മറ്റേതൊരു ശലഭത്തോടും കിടപിടിക്കും. തിളങ്ങുമ്പോൾ മയിൽപ്പീലിയോടു സാമ്യം തോന്നുന്നതിനാലാണ് ബുദ്ധമയൂരി എന്ന പേര്. അതിവേഗം പറക്കാൻ കഴിവുണ്ട്. കൊങ്ങിണിയിലും കൃഷ്ണകിരീടത്തിലും തേൻകുടിക്കാൻ ഇവയെ കാണാം. പശ്ചിമഘട്ടത്തിൽ വടക്ക് മഹാരാഷ്ട്ര മുതൽ മധ്യകേരളം വരെയുള്ള പ്രദേശങ്ങളിലാണ് ഇവയെ പ്രധാനമായും കണ്ടുവരുന്നത്. സൗന്ദര്യം ബുദ്ധമയൂരിക്ക് ഒരു ശാപമാണെന്നും പറയാം, പൂമ്പാറ്റകളെ അലങ്കാര ആവശ്യങ്ങൾക്ക് നിയമവിരുദ്ധമായി കയറ്റുമതിചെയ്യുന്നതിൽ ബുദ്ധമയൂരിയും ഉൾപ്പെടുന്നു. 1972 -ലെ വന്യജീവിസംരക്ഷണനിയമപ്രകാരം ഷെഡ്യൂൾ രണ്ടിൽ ഉൾപ്പെടുത്തിയിരിക്കുന്ന ബുദ്ധമയൂരിയെ പിടിക്കുന്നത് കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

താമസം, ഭക്ഷണം; മുള്ളിലവ്
പലശലഭങ്ങളും ചിലപ്രത്യേക ഇനം സസ്യത്തിൽ മാത്രം മുട്ടയിടുന്നവയാണ്. ഈ മുട്ടവിരിഞ്ഞുവരുന്ന ശലഭപ്പുഴുക്കൾ ആ ചെടിയുടെ ഇലതിന്നാണ് വളരുന്നത്. എത്രയൊക്കെ പട്ടിണി ആയാലും മറ്റൊരു സസ്യത്തിന്റെ ഇലകൾ തിന്നു വളരാൻ ശലഭങ്ങൾക്ക് ആവില്ല. ബുദ്ധമയൂരിയും ഒരേയൊരുതരം ചെടിയുടെ ഇല മാത്രമേ ഭക്ഷിക്കുകയുള്ളൂ. നമ്മുടെ നാട്ടിൽ കാണുന്ന മുള്ളിലം അഥവാ മുള്ളിലവ് എന്ന മരമാണത്. നാരക കുടുംബത്തിൽപ്പെട്ട, തടി നിറയെ മുള്ളുകൾ നിറഞ്ഞ ഈ മരം സാമ്പത്തികമായി വലിയഗുണമൊന്നുമില്ലാത്തതിനാൽ ആരും നട്ടുവളർത്താറില്ല. എന്നുതന്നെയല്ല തോട്ടങ്ങൾ ഉണ്ടാക്കുന്നിടത്തും ചെങ്കൽ വെട്ടുന്നിടത്തും മറ്റുരീതിയിലുള്ള ഖനനം നടക്കുന്നിടത്തും കൃഷിചെയ്യുന്നിടത്തുമെല്ലാം ഇവ വ്യാപകമായി വെട്ടിമാറ്റപ്പെടുന്നു. വംശനാശഭീഷണിയൊന്നുമില്ലെങ്കിലും മുള്ളിലത്തിന്റെ എണ്ണം നാൾക്കുനാൾകുറഞ്ഞുതന്നെയാണ് വരുന്നത്.

കാവലാകാം ശലഭങ്ങൾക്ക്
400-500 ലക്ഷം കൊല്ലങ്ങൾക്കുമുൻപാണ് പൂമ്പാറ്റകൾ പരിണമിച്ച് ഉണ്ടായത്. മനുഷ്യൻ ഉണ്ടായിട്ട് കേവലം രണ്ടുലക്ഷത്തോളം വർഷമേ ആയിട്ടുള്ളൂ. മനുഷ്യനെ അപേക്ഷിച്ചുനോക്കുമ്പോൾ എത്രയോ മടങ്ങുകാലം ഈ ഭൂമിയിൽ ജീവിച്ച ശലഭങ്ങൾ ഇന്നലെയുണ്ടായ മനുഷ്യന്റെ ചെയ്തികളാൽ ഭീഷണി നേരിടുന്നു. ബുദ്ധമയൂരിയെ സംരക്ഷിക്കാൻ, അവശേഷിക്കുന്ന മുള്ളിലവുകൾ സംരക്ഷിക്കുന്നതോടൊപ്പം ഉദ്യാനങ്ങളിലും വീട്ടുവളപ്പിലുമെല്ലാം മുള്ളിലങ്ങൾ നട്ടുവളർത്തുന്നതും ഈ ശലഭങ്ങൾ തേനുണ്ണാനെത്തുന്ന പൂച്ചെടികൾ നട്ടുപിടിപ്പിക്കുന്നതും നല്ല മാർഗങ്ങളാണ്. സംസ്ഥാനശലഭമായി ബുദ്ധമയൂരിയെ പ്രഖ്യാപിച്ചത് ഇവയുടെ സംരക്ഷണത്തിന് സഹായകമാവും എന്ന് കരുതാം.