ഇതുവരെ ആരും കണ്ടില്ല; ‘മോണ്ടി’ യജമാനനു കാണിച്ചുകൊടുത്തത് അമൂല്യ നിധി!

ചെക്ക് റിപ്പബ്ലിക്കിലെ ഒരു സാധാരണ കൃഷിക്കാരനാണ് ഫ്രാങ്കോട്ട. പുള്ളിക്കാരനു കൂട്ടിന് എപ്പോഴും ഒരു പട്ടിക്കുട്ടി ഒപ്പമുണ്ട്. മോണ്ടിയെന്നാണു പേര്. വടക്കു കിഴക്കന്‍ ബൊഹീമിയയിലെ ഒര്‍ലിക്ക് പര്‍വതനിരകളോടു ചേര്‍ന്നാണു ഫ്രാങ്കോട്ടയുടെ വീട്. എല്ലാ ദിവസവും മോണ്ടിയെയും കൂട്ടി നടത്തവും പതിവുണ്ട് ഇദ്ദേഹത്തിന്. അത്തരമൊരു യാത്രയിലാണ് മോണ്ടി തന്റെ യജമാനന് അസാധാരണമായ ഒരു നിധി കണ്ടെത്തിക്കൊടുത്തത്. ആര്‍ക്കിയോളജിസ്റ്റുകള്‍ക്ക് ഇപ്പോഴും അദ്ഭുതമാണ്, എങ്ങനെയാണ് മോണ്ടി ആ നിധി കണ്ടെത്തിയതെന്ന്. ആ അമ്പരപ്പിനു പിന്നില്‍ ഒരു കാരണവുമുണ്ട്. അത് വഴിയേ പറയാം. എന്തായാലും നിധിവാര്‍ത്ത രാജ്യാന്തര മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രസിദ്ധീകരിക്കപ്പെട്ടതോടെ പ്രദേശത്തു മോണ്ടി സ്റ്റാറായിക്കഴിഞ്ഞിരിക്കുകയാണ്.

ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് മോണ്ടി ഭൂമിക്കടിയില്‍ നിന്നു ‘നിധി’ തോണ്ടിയെടുത്തത്. യജമാനനുമൊത്ത് യാത്രയ്ക്കിടെ ഒരു പ്രത്യേക സ്ഥലത്തെത്തിയപ്പോള്‍ മോണ്ടി കുരച്ചു കൊണ്ട് നിലത്തു മാന്തുകയായിരുന്നു. ഫ്രാങ്കോട്ട തിരികെ വിളിച്ചിട്ടും വരാതായതോടെ അദ്ദേഹവും കുഴിക്കാന്‍ ഒപ്പം കൂടി. കുഴിച്ചു പോയപ്പോള്‍ കണ്ടെത്തിയതോ വെങ്കലത്തില്‍ തീര്‍ത്ത പലതരം ആയുധങ്ങളും മറ്റും! പക്ഷേ ആ വെങ്കലത്തിനു സ്വര്‍ണത്തേക്കാളും ‘വില’യുണ്ടായിരുന്നുവെന്നതാണു സത്യം. വെങ്കല യുഗത്തിലെ മനുഷ്യര്‍ തീര്‍ത്ത ആയുധങ്ങളും ആഭരണങ്ങളുമായിരുന്നു അവയെല്ലാം. അതായത്, ഏകദേശം മൂവായിരത്തിലേറെ വര്‍ഷം പഴക്കമുള്ളത്.

വെങ്കലത്തില്‍ തീര്‍ത്ത 13 അരിവാളുകള്‍, രണ്ട് കുന്തമുനകള്‍, മൂന്ന് കോടാലിത്തലകള്‍, ഒരു കൂട്ടം തടവളകള്‍ എന്നിവയായിരുന്നു പ്രദേശത്തെ ഉദ്ഖനനത്തിലൂടെ ഗവേഷകര്‍ക്കു ലഭിച്ചത്. തനിക്കു ലഭിച്ചത് അപൂര്‍വമായ എന്തോ ആണെന്നു തിരിച്ചറിഞ്ഞ ഫ്രാങ്കോട്ട തന്നെയാണ് ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചതും. ആര്‍ക്കിയോളജിസ്റ്റുകള്‍ക്കാകട്ടെ ഇതാദ്യമായാണ് വെങ്കല യുഗത്തിലെ ആയുധങ്ങളും മറ്റും ഇത്രയും കൃത്യമായ രൂപത്തില്‍ ലഭിക്കുന്നത്. നേരത്തേ പലതിന്റെയും കഷ്ണങ്ങളും ഉരുക്കിയ രൂപത്തിലുള്ളതുമെല്ലാം ലഭിച്ചിരുന്നു. ആയുധങ്ങളും ആഭരണങ്ങളുമെല്ലാം ഒരേയിടത്തു നിന്നു ലഭിക്കണമെങ്കില്‍ അത് ഏതെങ്കിലും ആചാരത്തിന്റെ ഭാഗമായി കുഴിച്ചിട്ടതാകാമെന്നാണു ഗവേഷകരുടെ നിഗമനം. ഏതെങ്കിലും തരത്തിലുള്ള ത്യാഗത്തിന് ആദരവായി ഇത്തരത്തിലൊരു ആചാരം വെങ്കലയുഗത്തില്‍ പതിവുണ്ടായിരുന്നതായും ആര്‍ക്കിയോളജിസ്റ്റ് മാര്‍ട്ടിന ബെക്കോവ പറയുന്നു.

ആകൃതിയില്‍ പോലും ഉടവുതട്ടാതെ ഇത്രയേറെ ആയുധങ്ങളും മറ്റും ലഭിച്ചതാണു മോണ്ടിയുടെ കണ്ടുപിടിത്തത്തെ ഗംഭീരമാക്കുന്നത്‍. വെങ്കലയുഗത്തിന്റെ അവസാനഘട്ടത്തില്‍ ചെക്ക് റിപ്പബ്ലിക്കിലെ പ്രസ്തുത മേഖലയില്‍ ഇന്തോ-യൂറോപ്യന്‍ ഏൺഫീൽഡ് സംസ്കാര കാലത്തെ ജനങ്ങള്‍ ജീവിച്ചിരുന്നതായാണു കരുതുന്നത്. ഇവരുടെ ജീവിതരീതിയിലേക്കുള്ള വെളിച്ചംവീശല്‍ കൂടിയായി മോണ്ടിയുടെ കണ്ടെത്തല്‍. ഈ സംഭവത്തിനു ശേഷം സമീപപ്രദേശത്തെല്ലാം മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചും മറ്റ് ആധുനിക ഉപകരണങ്ങള്‍ കൊണ്ടുവന്നും തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ മണ്ണിനടിയില്‍ യാതൊന്നും കണ്ടെത്താനായിട്ടില്ല. അങ്ങനെയിരിക്കെ എങ്ങനെയാണ് മോണ്ടി ‘മണം പിടിച്ച്’ ഈ നിധി കണ്ടെത്തിയതെന്ന അമ്പരപ്പിലാണ് ആര്‍ക്കിയോളജിസ്റ്റുകള്‍.

ഇതിനു മുന്‍പ് ഇത്രയും പ്രാധാന്യത്തോടെ മേഖലയില്‍ മറ്റൊരു കണ്ടെത്തലുണ്ടായത് 60 കൊല്ലം മുന്‍പാണ്. വിലമതിക്കാനാകാത്ത നിധിയാണു മോണ്ടി കണ്ടെത്തിയതെങ്കിലും അതിന്റെ ഗുണം യജമാനനു പൂര്‍ണമായും ലഭിച്ചില്ലെന്നതാണു സത്യം. ഇത്തരം കണ്ടെത്തലുകള്‍ സ്വന്തം മണ്ണിലാണെങ്കില്‍ പോലും ചെക്ക് റിപ്പബ്ലിക്കില്‍ അതു സര്‍ക്കാരിന് അവകാശപ്പെട്ടതാണ്. എന്നു കരുതി അതു കണ്ടെത്തിയവരെ പൂര്‍ണമായി അവഗണിക്കുകയൊന്നുമില്ല. ‘ഫൈന്‍ഡേഴ്‌സ് ഫീ’ എന്ന പേരില്‍ ഒരു ചെറിയ തുക പാരിതോഷികമായി ലഭിക്കും. ഫ്രാങ്കോട്ടയ്ക്കു ലഭിച്ചത് 7860 ചെക്ക് കൊറൂണ ആയിരുന്നു. അതായത് ഇന്ത്യൻ കണക്കിൽ ഏകദേശം 25,000 രൂപ!