കുന്ന് കയറി ഫൊട്ടോഗ്രാഫർ; മേഘങ്ങൾക്കിടയിൽ കണ്ടത് അദ്ഭുത ‘മഴവിൽ മാലാഖ’യെ, Brocken Spectre, The English Lake District, Padhippura, Manorama Online

കുന്ന് കയറി ഫൊട്ടോഗ്രാഫർ; മേഘങ്ങൾക്കിടയിൽ കണ്ടത് അദ്ഭുത ‘മഴവിൽ മാലാഖ’യെ

മലകയറ്റം ഹോബിയാക്കിയവർക്ക് ഏറെ പ്രിയപ്പെട്ടതാണ് ഇംഗ്ലണ്ടിലെ ഡെര്‍ബിഷറിലുള്ള മാം തോർ എന്ന ചെറുപർവതം. ‘മദർ ഹില്‍’ എന്നാണ് ഇതിന്റെ ഇംഗ്ലിഷ് പേര്. ഏകദേശം 32 കോടി വർഷം പഴക്കമുള്ള പാറകൾ നിറഞ്ഞതാണ് മദർ ഹിൽ. അടുത്തിടെ ഫൊട്ടോഗ്രാഫർ ലീ ഹൗഡ്‌ൽ ഈ മല കയറാൻ പോയി. ഒരു ‘മാലാഖ’യായിരുന്നു അദ്ദേഹത്തെ മലമുകളിൽ കാത്തിരുന്നത്. അതിന്റെ ഫോട്ടോയും അദ്ദേഹം പകർത്തി, ഫെയ്സ്ബുക്കിൽ പോസ്റ്റും ചെയ്തു. ചുറ്റിലും മഴവിൽ വർണം നിറഞ്ഞ മാലാഖയുടെ ചിത്രം ഇതിനോടകം വൈറലായിക്കഴിഞ്ഞു.

പക്ഷേ കൂട്ടുകാർ കഥകളിൽ വായിച്ചിട്ടുള്ള ചിറകുവച്ച മാലാഖയെയല്ല കേട്ടോ മദർ ഹില്ലിൽ ലീ കണ്ടത്. ലീയുടെ സ്വന്തം നിഴൽ തന്നെയാണ് അവിടെ മാലാഖയായി മാറിയത്. ഈ പ്രതിഭാസത്തിന് ഒരു പേരു പറയും– ബ്രോക്കൺ സ്പെക്ടർ. മഞ്ഞുമൂടിയ മലമുകളിലേക്കു യാത്ര പോകുന്ന പലർക്കും ഈ മാലാഖയെ കാണാൻ ഭാഗ്യം ലഭിക്കാറുണ്ട്. ശാസ്ത്രലോകത്തെ വലിയ കൗതുകങ്ങളിലൊന്നാണ് ഇതെന്നു മാത്രം. ഗ്ലോറി എന്നാണ് ഇത്തരം പ്രതിഭാസങ്ങൾക്കു പൊതുവെയുള്ള പേര്. ഒരു നിഴലിനു ചുറ്റും രൂപപ്പെടുന്ന മഴവിൽ വളയത്തിനെ വിശേഷിപ്പിക്കുന്നതാണ് ഗ്ലോറി എന്ന്.

സാധാരണഗതിയിൽ ഗ്ലോറി വലയങ്ങളെ വിമാനങ്ങളിൽ നിന്നാണു കാണാൻ സാധിക്കുക. വിമാനത്തിനു പിന്നിലാണു സൂര്യന്റെ സ്ഥാനമെന്നിരിക്കട്ടെ. ആ നിഴൽ ആകാശത്തെ മേഘങ്ങളിന്മേലോ മൂടൽമഞ്ഞിലോ പ്രതിഫലിക്കും. അതിനെത്തുടർന്നു നിഴലിനു ചുറ്റും മഴവിൽവർണത്തിൽ ഒരു വലയവും പ്രത്യക്ഷപ്പെടും. ആകാശത്തും മലമുകളിലുമെല്ലാം ഗ്ലോറി പ്രത്യക്ഷപ്പെടാറുണ്ട്. അത്തരം പലതരത്തിലുള്ള ഗ്ലോറികളിലൊന്നാണ് ബ്രോക്കൺ സ്പെക്ടർ. മലമുകളിൽ ഏകദേശം ഭൂമിയോടു ചേർന്നാണ് ഇത്തരം ‘മാലാഖ’ രൂപങ്ങൾ പ്രത്യക്ഷപ്പെടാറുള്ളത്.

നിങ്ങളൊരു കുന്നിന്റെയോ പർവതത്തിന്റെയോ മുകളിൽ എത്തിയെന്നിരിക്കട്ടെ. മൂടൽമഞ്ഞു നിറഞ്ഞ അന്തരീക്ഷം. നിങ്ങളുടെ പിന്നിലാണ് സൂര്യന്റെ സ്ഥാനം. സമീപത്ത് നിറയെ മേഘക്കൂട്ടങ്ങളുണ്ട്. ആ മേഘങ്ങളുടെ മുകൾവശത്തേക്കാളും ഉയരത്തിലാണ് നിങ്ങൾ നിൽക്കുന്ന പ്രതലമെന്നും കരുതുക. അതായത് നിങ്ങൾ നിൽക്കുന്നയിടത്തു നിന്നു താഴേക്കു നോക്കിയാൽ മേഘങ്ങളുടെ മുകൾഭാഗം കാണാനാവും. അന്നേരം സൂര്യൻ താഴ്ന്നിരിക്കുകയും വേണം. നിങ്ങളുടെ പിന്നിൽ നിന്നുള്ള സൂര്യപ്രകാശം നിങ്ങളുടെതന്നെ നിഴലുണ്ടാക്കി മേഘങ്ങളിൽ പ്രതിഫലിപ്പിക്കുന്നതു കാണാം. അതിനു വമ്പൻ വലുപ്പവുമായിരിക്കും. ചിലപ്പോഴത് ഒരു മൈൽ വരെയൊക്കെ നീളും. അപൂർവമായേ ഇതു സംഭവിക്കാറുള്ളൂ.

ഈ ‘ഒപ്റ്റിക്കൽ ഇല്യൂഷനെയാണു’ പണ്ടു പലരും മാലാഖയായും ചെകുത്താനുമായുമൊക്കെ കരുതിയിരുന്നത്. മഞ്ഞിന്മേൽ രൂപപ്പെടുന്ന ഈ മാലാഖയ്ക്ക് ബ്രോക്കൺ ബോ എന്നും മൗണ്ടൻ സ്പെക്ടർ എന്നും പേരുണ്ട്. ജർമനിയിലെ ഹാർസ് പർവതനിരകളിലെ ഏറ്റവും ഉയരം കൂടിയ ഭാഗങ്ങളിലൊന്നാണ് ബ്രോക്കൺ. മൂടൽമഞ്ഞുനിറഞ്ഞ ആ പ്രദേശത്തു നിന്നാണ് ബ്രോക്കൺ സ്പെക്ടറിന് അത്തരമൊരു പേരു കിട്ടിയതും. 1780ലാണ് ജർമൻ പ്രകൃതിശാസ്ത്രജ്ഞനായ ജൊഹാൻ സിൽബെർഷ്‌ലാഗ് ഈ പ്രതിഭാസത്തെ ആദ്യമായി വിശദീകരിക്കുന്നത്. മലമുകളിലെ ഭീമാകാര രൂപങ്ങളെപ്പറ്റിയുള്ള ഒട്ടേറെ അന്ധവിശ്വാസങ്ങളും അതോടെ ഇല്ലാതായി.

Summary : Brocken spectre effect.