ലോകത്തിന്റെ പട്ടിണിമാറ്റാൻ ശ്രമിച്ചയാൾ പട്ടിണികിടന്നു മരിച്ചു!

വി.ആർ. വിനയരാജ്

റഷ്യക്കാരനായ സസ്യശാസ്ത്രജ്ഞനായിരുന്നു നിക്കോളായ് വാവിലോവ്. മനുഷ്യർ ഉപയോഗിക്കുന്ന സസ്യങ്ങളോരോന്നിന്റെയും ഉദ്ഭവസ്ഥലങ്ങൾ എന്ന ആശയം കൊണ്ടുവരികയും അത്തരം ഇടങ്ങൾ കണ്ടെത്തുകയും ചെയ്തു അദ്ദേഹം. ഓരോതരം സസ്യങ്ങളുടെയും വന്യ ബന്ധുക്കളും സാമ്യമുള്ള സ്പീഷിസുകളും പുതിയജീനുകളും എവിടെയാണെന്നുകണ്ടെത്താൻ അത്തരം സ്ഥലങ്ങളെപ്പറ്റി അറിവ് അത്യാവശ്യമാണ്. സസ്യങ്ങൾക്കു പ്രതിരോധമില്ലായ്മ, കീടബാധ എന്നിവയൊക്കെയുണ്ടാവുന്നപക്ഷം അവയെ തരണം ചെയ്യാനുള്ള ഗവേഷണങ്ങൾക്കും ഓരോ സസ്യങ്ങളുടെയും ഉദ്ഭവസ്ഥലങ്ങൾ അറിയേണ്ടതുണ്ട്.

64 രാജ്യം 14 ഭാഷ
മനുഷ്യരാശിയുടെ വിശപ്പകറ്റാൻ ഗോതമ്പിന്റെയും ചോളത്തിന്റെയും അതുപോലുള്ള മറ്റുധാന്യങ്ങളുടെയും വിളവ് വർധിപ്പിക്കാനുള്ള ഗവേഷണങ്ങൾക്കായി വാവിലോവ് ജീവിതം ഉഴിഞ്ഞുവച്ചു. ഇരുപതാം നൂറ്റാണ്ടിൽ രണ്ടു ലോകയുദ്ധങ്ങളുടെ ഇടയ്ക്കുള്ള കാലയളവിൽ അദ്ദേഹം 64 രാജ്യങ്ങൾ സന്ദർശിച്ചു വിവിധങ്ങളായ സസ്യങ്ങൾ ശേഖരിച്ചു. പലനാട്ടിലെയും കർഷകരോടു സംസാരിക്കാനായി അദ്ദേഹം 15 ഭാഷകൾ പഠിച്ചു. ഒരുപതിറ്റാണ്ടുനീണ്ടുനിന്ന അത്തരം നൂറുകണക്കിനു യാത്രകൾക്കൊടുവിൽ ലെനിൻഗ്രാഡിൽ വാവിലോവ് ഒരു വിത്തുസൂക്ഷിപ്പുകേന്ദ്രം ഉണ്ടാക്കി, ലക്ഷക്കണക്കിനു വിത്തുകൾ അവിടെ ശ്രദ്ധയോടെ സൂക്ഷിച്ചുവച്ചു.

ആദ്യം വധശിക്ഷ, പിന്നെ 20 കൊല്ലം തടവ്
വാവിലോവ് ഇതു ജീവിതവ്രതമായി തുടരുമ്പോൾ, ട്രോഫിൻ ലൈസങ്കോ എന്നൊരാൾ സ്റ്റാലിന്റെ റഷ്യയിൽ വാലിലോവിന്റെ പ്രവൃത്തികൾക്കെതിരായി രംഗത്തുവന്നു. ഗ്രിഗർ മെൻഡൽ മുന്നോട്ടുവച്ച ജനിതകരീതിയിൽനിന്നു വിരുദ്ധമായനയങ്ങൾ ലൈസങ്കോ സ്വീകരിക്കുകയും ഇക്കാര്യങ്ങൾ സ്റ്റാലിനെ വിശ്വസിപ്പിക്കുന്നതിൽ വിജയിക്കുകയും ചെയ്തു. അതിന്റെ ഫലമായി സ്റ്റാലിൻ 1941 ജൂലൈയിൽ വാവിലോവിനെ തടവിലാക്കുകയും വധശിക്ഷയ്ക്കുവിധിക്കുകയും ചെയ്തു. പിന്നീട് ഈ ശിക്ഷ ഇരുപതുവർഷം തടവാക്കി കുറയ്ക്കുകയുണ്ടായി.

ലെനിൻഗ്രാഡ് പിടിക്കാൻ
രണ്ടാം ലോകയുദ്ധത്തിൽ റഷ്യപിടിക്കാൻ ഇറങ്ങിയ നാസികൾ ലെനിൻഗ്രാഡ് കീഴടക്കുന്നത് അവർക്ക് മാനസികമായി ലഭിക്കാവുന്ന ഏറ്റവും വലിയ മുന്നേറ്റമായി ഹിറ്റ്‌ലർ കരുതി. ലെനിൻഗ്രാഡിനുചുറ്റും അവർ ഉപരോധം ഏർപ്പെടുത്തി. അങ്ങോട്ടുള്ള എല്ലാ വഴികളും അടച്ച് 20 ലക്ഷത്തോളം വരുന്ന നഗരവാസികളെ മുഴുവൻ പട്ടിണിക്കിട്ടു കൊല്ലാൻ ഹിറ്റ്ലർ ഉത്തരവിട്ടു. 900 ദിവസമാണ് ആ ഉപരോധം നീണ്ടുനിന്നത്. തെരുവുകളിൽ റഷ്യക്കാർ മരിച്ചുവീണു. പൂജ്യത്തിനുതാഴെ 30 ഡിഗ്രി വരെയൊക്കെ താഴ്‌ന്നതാപനിലയിൽ കിലോമീറ്ററുകൾ നടന്നുവേണമായിരുന്നു ദിവസേനയുള്ള 125 ഗ്രാം റേഷൻ റൊട്ടി വാങ്ങാൻ. വിശപ്പടക്കാൻ പലരും അറക്കപ്പൊടി ഭക്ഷിച്ചു. കടന്നുകയറിവരുന്ന നാസിപ്പട വിലപിടിച്ചതെന്തും മോഷ്ടിക്കുകയോ തകർക്കുകയോ ചെയ്തുകൊണ്ടിരുന്നു.

മരണമുനമ്പിലും തൊടാതെ
വാവിലോവിന്റെ രണ്ടുലക്ഷത്തോളം വരുന്ന വിത്തുശേഖരം നാസികളുടെ കയ്യിലെത്താതിരിക്കാൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞർ ഊഴമിട്ടുകാവലിരുന്നു. 16 മുറികൾ നിറഞ്ഞിരിക്കുന്ന ഈ ശേഖരത്തിൽ നാലിലൊന്നോളം ഭക്ഷ്യയോഗ്യമായ ഗോതമ്പും ചോളവും പയറുകളും ഉരുളക്കിഴങ്ങും ഒക്കെയായിരുന്നു. എന്നാൽ കടുത്ത പട്ടിണിയിലും തങ്ങളുടെ അമൂല്യമായ വിത്തുശേഖരത്തിൽ അവർ കൈവച്ചില്ല. വാവിലോവ് എവിടെയാണെന്ന് അറിവില്ലാത്തപ്പോഴും മറ്റാരും കാണാതെ നിലവറയ്ക്കുള്ളിലാക്കി അവർ ആ വിത്തുകൾ കാത്തുരക്ഷിച്ചു. നാളുകൾകടന്നുപോകെ ഓരോരുത്തരായി ഭക്ഷണം ലഭിക്കാതെ മരിച്ചുവീണു. ഉപരോധം അവസാനിച്ചപ്പോഴേക്കും സൂക്ഷിപ്പുകാരായ ഒൻപതുപേർ പട്ടിണികിടന്നു മരിച്ചിരുന്നു. ഇന്നും നമ്മൾ ഭക്ഷിക്കുന്ന എത്രയോ ധാന്യങ്ങൾ ഈ ശേഖരത്തിലെ ധാന്യങ്ങളിൽനിന്നു വികസിപ്പിച്ചെടുത്തതാണ്. സ്റ്റാലിന്റെ ജയിലിൽ ഒന്നരവർഷത്തോളം മരവിച്ച കാബേജും പൂപ്പൽ പിടിച്ച ധാന്യപ്പൊടിയും ഭക്ഷിച്ചു വാവിലോവും 1943-ൽ മരണത്തിനു കീഴടങ്ങി. വാവിലോവിന്റെ മറ്റുചിലയിടങ്ങളിലെ ശേഖരത്തിൽ സൂക്ഷിച്ചിരുന്നവ നാസികൾ കണ്ടുപിടിക്കുകയും അവയിൽ പലതും അവർ ഗവേഷണത്തിനായി കൊണ്ടുപോവുകയും ചെയ്തു.

ഇന്നത്തെ ഹീറോ
സസ്യങ്ങളുടെ വൈവിധ്യം അപ്രത്യക്ഷമാകുന്നതിനേപ്പറ്റി ലോകത്ത് ഏറ്റവും ആദ്യം തന്നെ ബോധ്യമായവരിൽ ഒരാളായിരുന്നു വാവിലോവ്. ഇവയുടെ നാശം നമ്മുടെ ഭക്ഷ്യസുരക്ഷയ്ക്കു കനത്ത ആഘാതമായിരിക്കും എന്ന് അദ്ദേഹം മനസ്സിലാക്കി. എന്നാൽ ട്രോഫിൻ ലൈസങ്കോയുടെ വാക്കുകൾ വിശ്വസിച്ച സ്റ്റാലിൻ വാവിലോവ് അടക്കമുള്ള ഏതാണ്ട് മൂവായിരത്തോളം ശാസ്ത്രജ്ഞരെയാണു തടവിലാക്കുകയോ വധിക്കുകയോ ചെയ്തത്. സ്റ്റാലിന്റെ കാലത്തിനുശേഷം മരണാനന്തരം വാവിലോവിന്റെ ശിക്ഷ റഷ്യക്കാർ റദ്ദാക്കി. ഇന്ന് അദ്ദേഹം സോവിയറ്റ് ശാസ്ത്രലോകത്തിലെ ഒരു ഹീറോ ആയി കണക്കാക്കപ്പെടുന്നു. സെന്റ് പീറ്റേഴ്‌സ്ബർഗിലെ (പഴയ ലെനിൻഗ്രാഡ്) വാവിലോവ് ഇൻസ്റ്റിറ്റ്യൂട്ട് വാവിലോവിന്റെ പേരിലാണ് അറിയപ്പെടുന്നത്. ഇന്നു ലോകത്തിലെ ഏറ്റവും കൂടുതൽ വിത്തുകൾ സൂക്ഷിച്ചിട്ടുള്ള ഇടങ്ങളിൽ ഒന്നുമാണിത്. ചന്ദ്രനിലെ ഒരു ഗർത്തത്തിനും 1977 -ൽ റഷ്യക്കാർ കണ്ടെത്തിയ ഒരു ചിന്നഗ്രഹത്തിനും അവർ വാവിലോവിന്റെ പേരാണു നൽകിയത്.