ആരും വായിച്ചിട്ടില്ലാത്ത പുസ്തകങ്ങളുമായി ഒരു വായനശാല!

നവീൻ മോഹൻ

നൂറു കൊല്ലമായി ഒരു കാട്ടിൽ തഴച്ചു വളരുന്ന മരങ്ങള്‍. ഒരു സുപ്രഭാതത്തിൽ അവ പുസ്തകങ്ങളായി മാറുന്നു. നൂറു വർഷം മുൻപെഴുതിയ പുസ്തകങ്ങളാണവ. ഇത്രയും കാലത്തിനിടെ ആരും വായിച്ചിട്ടുമില്ല. കേട്ടാലൊരു നാടോടിക്കഥ പോലെ തോന്നും. കെയ്റ്റി പാറ്റേഴ്സൻ എന്ന വിഷ്വൽ ആർടിസ്റ്റും അങ്ങനെത്തന്നെയാണു ചിന്തിച്ചത്. സ്കോട്‌ലൻഡിൽ നിന്നുള്ള ഈ കലാകാരി പരിസ്ഥിതി പ്രവർത്തക കൂടിയാണ്. ഗവേഷകരും ശാസ്ത്രജ്ഞരും എഴുത്തുകാരുമൊക്കെ ചേർന്ന് പരിസ്ഥിതിയുമായി ബന്ധപ്പെട്ട കലാസൃഷ്ടികൾ തീർക്കുന്നതാണു ഹോബി.

കെയ്റ്റിയുടെ മനസ്സിൽ വർഷങ്ങൾക്കു മുൻപേ വിത്തിട്ട ഒരു ആശയം മുളപൊട്ടുന്നത് 2014ലായിരുന്നു. ‘ഫ്യൂച്ചർ ലൈബ്രറി 2014–2114’ എന്നാണ് പദ്ധതിയുടെ പേര്. പേരു പോലെത്തന്നെ ഭാവിയിലേക്കൊരു വായനശാല എന്നതാണു പദ്ധതിയുടെ ലക്ഷ്യവും. ഇതിനു വേണ്ടി 2014ൽ നോർവെയുടെ തലസ്ഥാനമായ ഓസ്‌ലോയിൽ നഗരത്തോടു ചേർന്നുള്ള നൂർമർക്ക എന്ന വനത്തിൽ സ്ഥലവും കണ്ടെത്തി. അവിടെയുണ്ടായിരുന്ന മരങ്ങളെല്ലാം മുറിച്ചു. എന്നിട്ട് പുതുതായി ആയിരം പൈൻമരച്ചെടികൾ നട്ടു. വിത്തുശേഖരിച്ചതും കാട്ടിൽ നിന്നായിരുന്നു. ഒരു വിത്തു പോലും നഷ്ടപ്പെട്ടു പോകാതിരിക്കാൻ പ്രത്യേക പരിചരണവും കൊടുത്തു. പ്രദേശവാസികളും കെയ്റ്റിയുടെ നേതൃത്വത്തിലുള്ള സംഘവും മരങ്ങൾക്കു കൃത്യമായ പരിചരണവും കൊടുക്കുന്നുണ്ട്. വരുന്ന നൂറു കൊല്ലത്തേക്ക് ആ കാട്ടിലെ ഒരു മരം പോലും വെട്ടാതെ ശ്രദ്ധിക്കാൻ ‘ഫ്യൂച്ചർ ലൈബ്രറി ട്രസ്റ്റി’നെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഓരോ 10 വർഷവും അതിലെ അംഗങ്ങൾ മാറും. അവർക്ക് ഒരു ജോലി കൂടിയുണ്ട്.

ഓരോ വർഷവും ഓരോ എഴുത്തുകാരെ ഫ്യൂച്ചർ ലൈബ്രറിയിലേക്കു ക്ഷണിക്കണം. അവർക്ക് എന്തു വേണമെങ്കിലും ഏതു ഭാഷയിലും എഴുതാം. കഥയോ കവിതയോ ലേഖനമോ... ഒറ്റവാക്കോ വമ്പൻ ഗ്രന്ഥമായോ പോലും സൃഷ്ടികൾ സമ്മാനിക്കാം. ഏതു രാജ്യക്കാർക്കും പദ്ധതിയിലേക്കു സ്വാഗതം. ആ സൃഷ്ടി എഴുത്തുകാരനല്ലാതെ, 2114 വരെ മറ്റൊരാളു പോലും വായിക്കില്ല.

ഇങ്ങനെ 100 കൊല്ലം കൊണ്ട് നൂറു പുസ്തകങ്ങൾ എഴുതി വാങ്ങും. 2114ൽ നൂറു പുസ്തകങ്ങളും അച്ചടിക്കും. ഇപ്പോൾ നൂർമർക്ക വനത്തിൽ നട്ടുപിടിപ്പിച്ച പൈൻമരങ്ങൾ മുറിച്ചു പൾപ്പാക്കി തയാറാക്കുന്ന കടലാസിലായിരിക്കും പുസ്തകങ്ങളുടെ അച്ചടി. കെയ്റ്റിക്ക് ഇപ്പോൾ 36 വയസ്സായി. പദ്ധതി പ്രകാരമുള്ള ആദ്യത്തെ പുസ്തകമിറങ്ങുമ്പോൾ ജീവിച്ചിരിപ്പുണ്ടാകില്ലെന്നത് ഉറപ്പ്. എന്നിട്ടും ഒരിക്കൽ പോലും ഫ്യൂച്ചർ ലൈബ്രറിയിലേക്കു ലഭിക്കുന്ന പുസ്തകങ്ങൾ വായിക്കില്ലെന്ന് ഉറപ്പു പറയുന്നു അവര്‍. അത് ഭാവിയിലേക്കുള്ള പുസ്തകമാണ്, വരും തലമുറയാണ് അതു വായിക്കേണ്ടത്. എഴുതിക്കിട്ടിയ പുസ്തകങ്ങളെല്ലാം ഓസ്‌ലോയിൽ 2019ൽ നിർമാണം പൂർത്തിയാക്കുന്ന വായനശാലയുടെ മുകളിലെ നിലയിലുള്ള ‘സൈലന്റ് റൂമി’ലായിരിക്കും സൂക്ഷിക്കുക. ഈ മുറി നിർമിക്കുന്നതാകട്ടെ, പുതിയ കാടു വച്ചു പിടിപ്പിക്കാൻ വെട്ടിമാറ്റിയ പൈൻ മരത്തടികളുപയോഗിച്ചും. മുറിയിലേക്ക് ഒരു സമയം ഒന്നോ രണ്ടോ പേർക്കേ പ്രവേശനം ലഭിക്കൂ. അവർക്കാകട്ടെ എഴുത്തുകാരന്റെ പേരും പുസ്തകത്തിന്റെ തലക്കെട്ടും മാത്രം വായിക്കാം. പുസ്തകത്തിൽ എന്താണെന്നത് അപ്പോഴും അവ്യക്തം!

നോർവെ സാംസ്കാരിക മന്ത്രാലയത്തിന്റെ കൂടി പിന്തുണയോടെയാണ് പദ്ധതി. കനേഡിയൻ എഴുത്തുകാരി മാർഗരെറ്റ് ആറ്റ്‌വുഡാണ് ആദ്യമായി ഫ്യൂച്ചർ ലൈബ്രറിയിലേക്ക് തന്റെ ഇന്നേവരെ പ്രസിദ്ധീകരിക്കാത്ത സൃഷ്ടി സമ്മാനിച്ചത്. ബ്രിട്ടിഷ് എഴുത്തുകാരൻ ഡേവിഡ് മിച്ചലും ഐസ്‌ലൻഡ് നോവലിസ്റ്റ് ഷോണും തങ്ങളുടെ കൃതികൾ സമ്മാനിച്ചു. മരങ്ങൾ മുറിക്കുമ്പോൾ കാണുന്ന വളയങ്ങളാണ് ഓരോ കൃതിയുമെന്നും പറയുന്നു കെയ്റ്റി. ആ മരങ്ങളിലേക്കു തന്നെ എഴുത്തുകാരന്റെ വാക്കുകൾ ഇഴുകിച്ചേർന്നിറങ്ങുന്നതാണ് ‘ഭാവിവായനശാല’യുടെ ആശയം. സംഭവം വൻ വാർത്താപ്രാധാന്യം നേടിയതോടെ പല രാജ്യങ്ങളിൽ നിന്നും ഇത്തരത്തിൽ ‘പുസ്തകക്കാടുകൾ’ വച്ചുപിടിപ്പിക്കാനുള്ള ക്ഷണം വന്നിട്ടുണ്ട് ഫ്യൂച്ചർ ലൈബ്രറി ട്രസ്റ്റിന്.