ചുവപ്പൻ ചൊവ്വയിൽ നീലപ്പാടുകൾ; വെള്ളമാണോ? അമ്പരപ്പിക്കുന്ന കാഴ്ചയുമായി നാസ!, Blue color, Mars, Water, NASA, Asteroid, Padhippura, Manorama Online

ചുവപ്പൻ ചൊവ്വയിൽ നീലപ്പാടുകൾ; വെള്ളമാണോ? അമ്പരപ്പിക്കുന്ന കാഴ്ചയുമായി നാസ!

ചൊവ്വയെ നമ്മൾ വിളിക്കുന്നതു ചുവപ്പൻ ഗ്രഹമെന്നാണ്. എന്തുകൊണ്ടാണ് അങ്ങനെയൊരു പേര്? അതിനു കാരണം ചൊവ്വയിലെ മണ്ണിൽ വൻതോതിലുള്ള അയൺ ഓക്സൈഡുകളുടെ സാന്നിധ്യമാണ്–അതിന് ഓറഞ്ചു കലർന്ന ചുവപ്പു നിറമാണ്. ചൊവ്വയുടെ അന്തരീക്ഷത്തിലും മിക്ക സമയവും ചുവപ്പുനിറമായിരിക്കും. അതിനു കാരണവും അയൺ ഓക്സൈഡാണ്. കാറ്റടിക്കുമ്പോൾ ചൊവ്വയിലെ അന്തരീക്ഷത്തിൽ ഈ ചുവപ്പൻ പൊടി നിറയുന്നതാണു പ്രശ്നം. പക്ഷേ അടുത്തിടെ ചൊവ്വയില്‍ നിന്നുള്ള ഒരു ഫോട്ടോ ഗവേഷകരെ അമ്പരപ്പിച്ചു കളഞ്ഞു. ചന്ദ്രനിലെ ചുവപ്പൻ പ്രതലത്തിൽ നീല നിറത്തിലുള്ള അടയാളം കണ്ടെത്തിയതാണ് നാസയിലെ ഗവേഷകരെ ഉൾപ്പെടെ ആശയക്കുഴപ്പത്തിലാക്കിയത്.

ഗർത്തത്തിൽ നിന്നു ചിതറിത്തെറിച്ച മണ്ണിലായിരുന്നു ഈ നീലനിറം. ചിത്രമെടുത്തതാകട്ടെ നാസയുടെ മാർസ് റെക്കോണസെൻസ് ഓർബിറ്റർ (എംആർഒ) പേടകവും. കഴിഞ്ഞ 30 വർഷമായി ചൊവ്വയിൽ നിന്നുള്ള പലതരം കാഴ്ചകൾ ഭൂമിയിലേക്കയയ്ക്കുന്നു ഈ പേടകം. രണ്ടു തരം ക്യാമറകളുണ്ട് ഇതിൽ. ഒന്നിൽ നിന്നുള്ള ചിത്രങ്ങൾക്ക് അതീവ ക്വാളിറ്റിയായിരിക്കും. ഹൈ റെസല്യൂഷൻ ഇമേജിങ് സയൻസ് എക്സ്പിരിമെന്റ് (ഹൈറൈസ്) എന്നാണ് ഇതിന്റെ പേര്. ചൊവ്വയിലെ താഴ്‌വരകളുടെയും മറ്റും വിശാലമായ ചിത്രങ്ങളെടുക്കാനുള്ള രണ്ടാമത്തെ ക്യാമറ പക്ഷേ ലോ റെസല്യൂഷനായിരിക്കും. സിടിഎക്സ് എന്നാണ് ഇതിനു പേര്.

ഏപ്രിലിൽ ഹൈറൈസ് ക്യാമറയെടുത്ത ചിത്രത്തിലായിരുന്നു ചൊവ്വയിലെ നീലപ്പൊട്ടുകൾ പെട്ടത്. 2016 സെപ്റ്റംബറിനും 2019 ഫെബ്രുവരിക്കും ഇടയിലാണ് ഈ ചിത്രത്തിലേക്കു നയിച്ച ഛിന്നഗ്രഹത്തിന്റെ ഇടി നടന്നതെന്നാണു നിഗമനം. സ്ഥിരമായി ഒരിടത്തേക്കു തന്നെ എംആർഒ ക്യാമറ തുറന്നിരിക്കാത്തതിനാലാണ് ഇടിച്ച സമയം കൃത്യമായി കണ്ടെത്താൻ സാധിക്കാതിരുന്നത്. സാധാരണഗതിയിൽ ചൊവ്വയുടെ ഉപരിതലത്തെ അത്ര പെട്ടെന്നൊന്നും ‘മുറിപ്പെടുത്താനാകില്ല’. അതിന്റെ കാഠിന്യം തന്നെ കാരണം. മാത്രവുമല്ല അന്തരീക്ഷത്തിന്റെ കനവും കൂടുതലാണ്. അതിനാൽത്തന്നെ ചൊവ്വയിലേക്കു വന്നു വീഴുന്ന വസ്തുക്കളെല്ലാം ചിതറിത്തെറിച്ചു പോവുകയാണു പതിവ്. അതായത്, ഒരു മെഷീൻ ഗണ്ണിൽ നിന്നു വെടിവയ്ക്കുന്നതു പോലെയായിരിക്കും ഛിന്നഗ്രഹവും മറ്റും ചൊവ്വയുടെ അന്തരീക്ഷത്തിലേക്കു കടന്നാൽ ചിതറിത്തെറിക്കുക.

ഓരോ വർഷവും ഇരുനൂറിലേറെ ഉൽക്കകളും ഛിന്നഗ്രഹങ്ങളും ചൊവ്വയിൽ വന്നുവീഴാറുമുണ്ട്. ചെറുകുഴികളും വിള്ളലുകളുമൊക്കെ അതിന്റെ ഫലമായി രൂപപ്പെടുകയും ചെയ്യും. പക്ഷേ ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ഗർത്തത്തിനു കാരണമായ ഛിന്നഗ്രഹം അൽപം വ്യത്യസ്തമാണ്. അതിന് ഏകദേശം അഞ്ചടി വീതിയേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ സംഗതി നിർമിക്കപ്പെട്ടിരിക്കുന്നത് ഏതോ ‘കനപ്പെട്ട’ വസ്തു കൊണ്ടായിരുന്നു. അതുകൊണ്ടുതന്നെ ചൊവ്വയുടെ അന്തരീക്ഷത്തിലേക്കു കടന്നിട്ടും അത് പൊട്ടിച്ചിതറാതെ ഉറച്ചു നിന്നു. കുതിച്ചു പാഞ്ഞെത്തി ചൊവ്വയുടെ ഉപരിതലത്തിൽ ഒരുഗ്രന്‍ ഇടിയിടിക്കുകയും ചെയ്തു. മധ്യരേഖയോടു ചേർന്ന് വാലിസ് മാരിനേറിസ് എന്നറിയപ്പെടുന്ന പ്രദേശത്തായിരുന്നു ഛിന്നഗ്രഹത്തിന്റെ പതനം.

ഭൂമിയുടെ അന്തരീക്ഷത്തിലേക്കാണ് അഞ്ചടി വീതിയുള്ള ഈ ചിന്നഗ്രഹം വന്നു വീണതെങ്കിൽ സംഗതി കത്തിയെരിഞ്ഞു പോയേനെ. പക്ഷേ ചൊവ്വയ്ക്ക് തകര്‍ക്കാനായില്ല ഇതിന്റെ കാഠിന്യത്തെ. അതോടെ രൂപപ്പെട്ടതാകട്ടെ ഏകദേശം 49 മുതൽ 53 അടി വരെ വീതിയുള്ള ഗർത്തവും. ഈ ഇടിക്കാഴ്ചയാണ് ഇക്കലിഞ്ഞ ഏപ്രിലിൽ എംആർഒ ഒപ്പിയെടുത്തത്. അതിലാണ് ചുവപ്പും നീലയും നിറങ്ങൾ കണ്ടെത്തിയതും. താൻ ജീവിതത്തില്‍ ഇന്നേവരെ കണ്ടതിൽ വച്ച് ഏറ്റവും അമ്പരപ്പിക്കുന്ന കാഴ്ചകളിലൊന്ന് എന്നാണ് ഇതിനെപ്പറ്റി അരിസോണ യൂണിവേഴ്സിറ്റിയിലെ പ്ലാനറ്ററി ഗവേഷക വെറോണിക്ക ബ്രേയ് പറഞ്ഞത്.

ചിത്രത്തിന്റെ മധ്യഭാഗത്തു കാണപ്പെടുന്ന കറുത്ത അടയാളം ചൊവ്വയ്ക്കടിയിലെ പാറയാണെന്നാണു കരുതുന്നത്. മിക്കവാറും ഇത് ബസാൾട്ട് പാറയായിരിക്കുമെന്നും വെറോണിക്ക പറയുന്നു. എങ്കിലും വാലിസ് മാരിനേറിസിലെ മണ്ണിന്റെ ഘടന ഇതുവരെയും പിടികിട്ടാത്തതു കൊണ്ടു കൃത്യമായി എന്താണു സംഗതിയെന്നു പിടികിട്ടുന്നുമില്ല. നീല നിറത്തിൽ കാണപ്പെടുന്ന വസ്തു ഒരുപക്ഷേ ചൊവ്വയിലെ പൊടിക്കൂട്ടത്തിനടിയിൽ മറഞ്ഞു കിടക്കുന്ന ഐസ് കട്ടകൾ പോലുമാകാം! സത്യമെന്താണെന്നറിയാൻ കൂടുതൽ ഗവേഷണത്തിനൊരുങ്ങുകയാണ് ഗവേഷകർ.