തൂവെള്ള ഹിമപാളികളുടെ വിടവിൽ രക്ത പ്രവാഹം!,  Blood falls, Antarctica, Padhippura, Manorama Online

തൂവെള്ള ഹിമപാളികളുടെ വിടവിൽ രക്ത പ്രവാഹം!

വി.ആർ.വിനയരാജ്

ഏതാണ്ട് 20 ലക്ഷം വർഷങ്ങൾക്കു മുൻപു വലിയൊരു ഹിമപാളി അടർന്നുവീണപ്പോൾ രൂപപ്പെട്ട ഒരു അറയ്ക്കുള്ളിൽ കുറെ സൂക്ഷ്മാണുക്കൾ കുടുങ്ങിപ്പോയി. അവ പുറംലോകത്തുനിന്നു പൂർണമായി ഒറ്റപ്പെട്ടു. തണുത്തുമരവിച്ച, വെളിച്ചം കടന്നുചെല്ലാത്ത, ഓക്സിജൻ ലഭ്യമല്ലാത്ത പ്രകാശസംശ്ലേഷണം സാധ്യമല്ലാത്ത ആ വലിയ അറയ്ക്കുള്ളിൽ ഇന്നും അവയുടെ പുതുതലമുറ ജീവിക്കുന്നു.

ഇത്രയേറെക്കാലം ഒറ്റപ്പെട്ടുപോയിട്ടും സ്വതേയുള്ള രീതിയിൽ പരിണമിച്ചിട്ടും അവയ്ക്ക് മറ്റു സ്ഥലങ്ങളിൽ ജീവിക്കുന്ന അത്തരം ജീവികളുമായി നല്ല സാമ്യമുണ്ട്. ഭൂമിയുടെ പരിണാമചരിത്രത്തിൽ ഇത്രയ്ക്ക് ഒറ്റപ്പെട്ടുപോയ വേറൊരു ജീവസമൂഹത്തെയും കണ്ടെത്തിയിട്ടില്ലെന്നത് ശാസ്ത്രലോകത്തിന്റെ ശ്രദ്ധ അങ്ങോട്ട് എത്തിച്ചു. അന്റാർട്ടിക്കയിലെ ടെയ്‌ലർ മഞ്ഞുമലയുടെ തൂവെള്ളഹിമപാളികളുടെ വിടവിൽക്കൂടി രക്തസമാനമായിക്കണ്ട ഒരു പ്രവാഹമാണ് ശാസ്ത്രജ്ഞരുടെ ശ്രദ്ധ അവിടേക്ക് ആകർഷിച്ചത്. ചോരയുടെ നിറത്തിലുള്ള പ്രവാഹം കാരണം ഇത് ബ്ലഡ് ഫാൾസ് (Blood Falls) എന്നാണ് അറിയപ്പെടുന്നത്. മഞ്ഞുമലയ്ക്കടിയിൽ ഏകദേശം 400 മീറ്റർ ആഴത്തിൽ നിന്നാണ് ഈ പ്രവാഹം. പുറത്തുവരുന്ന സ്ഥലത്തിന് കിലോമീറ്ററുകൾ അകലെ എത്രത്തോളം വലുപ്പമുണ്ടെന്ന് അറിവില്ലാത്തൊരു ഗുഹയാണ് പ്രഭവസ്ഥാനം.

ഇരുമ്പ് അടങ്ങിയ ഈ പ്രവാഹം ഉൽഭവസ്ഥാനത്തു നിന്നു പുറത്തെത്താൻ ഏതാണ്ട് 15 ലക്ഷം വർഷമാണത്രേ എടുക്കുന്നത്. ഓസ്ട്രേലിയക്കാരനായ ഗ്രിഫിത് ടെയ്‌ലർ എന്ന പര്യവേക്ഷകനാണ് 1911 ൽ ആദ്യമായി ഈ ചുവന്ന അവശേഷിപ്പ് കണ്ടത്. അദ്ദേഹത്തിന്റെ പേരിലാണ് ഈ ഹിമതാഴ്‌വര അറിയപ്പെടുന്നതും. ചുവന്ന ആൽഗകളാവും ഈ നിറംമാറ്റത്തിനു കാരണമെന്നാണ് അന്ന് കരുതിയിരുന്നത്. എന്നാൽ തുരുമ്പാണ് ഈ ചുവന്ന നിറത്തിനുകാരണമെന്നത് ധാരാളം പുത്തൻ അറിവുകളാണ് പുറത്തുകൊണ്ടുവന്നത്. ഉള്ളിൽ അകപ്പെട്ടുപോയ ജലത്തിലെ ലവണസാന്ദ്രത വളരെ കൂടുതലാണ്. ധാരാളം ഇരുമ്പും ഇവിടെയുണ്ട്. ഗുഹയ്ക്കുള്ളിലെ പാറയിൽനിന്നു സൂക്ഷ്മ ജീവികൾ വേർതിരിച്ചെടുത്തതാവാം ഇരുമ്പിന്റെ അംശം എന്നുകരുതുന്നു. മനുഷ്യർ ഭക്ഷണം ഓക്സിജൻ ഉപയോഗിച്ച് വിഘടിപ്പിച്ച് ഊർജം ഉണ്ടാക്കുന്നതുപോലെ, ഓക്സിജനുപകരം ജലത്തിലടങ്ങിയിരിക്കുന്ന സൾഫർ ഉപയോഗിച്ചാണ് ഈ സൂക്ഷ്മജീവികൾ വിഘടിപ്പിക്കുന്നതെന്ന് കണ്ടെത്തുകയുണ്ടായി.
പുറത്തേക്ക് ഒഴുകിവരുന്ന ഇരുമ്പ് അടങ്ങിയ ജലം അന്തരീക്ഷത്തിലെ ഓക്സിജനുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാവുന്ന തുരുമ്പാണ് ഈ പ്രവാഹത്തിന് രക്തത്തിന്റെ നിറം നൽകുന്നത്. എപ്പോഴാണ് ഈ തുരുമ്പ് ഒഴുക്ക് ഉണ്ടാവുക എന്ന് അറിയാത്തതിനാൽ ഗവേഷകർക്ക് വർഷങ്ങൾ തന്നെ കൊടുംതണുപ്പിൽ അത് വരുന്നതും കാത്ത് ടെന്റടിച്ച് കാത്തിരിക്കേണ്ടിവന്നു. ഒടുവിൽ അവർക്ക് അതു ലഭിക്കുകയും ചെയ്തു. പിന്നീട് കുറെക്കാലത്തിനുശേഷം മഞ്ഞുപാളികൾക്കിടയിൽക്കൂടി ഇറങ്ങിപ്പോകുന്ന ഒരു യന്ത്രം ഉണ്ടാക്കുകയും ഈ ഗുഹയിൽ നിന്നു സാംപിളുകൾ ശേഖരിക്കുകയും ചെയ്തു. ഇതിൽ നിന്നു കണ്ടെത്തിയ ബാക്ടീരിയകൾ തണുത്ത ഉപ്പുവെള്ളത്തിൽ ജീവിക്കാൻ ശേഷിയുള്ളവയായിരുന്നു.

ഭൂമിയിൽ ജീവൻ ഉരുത്തിരിഞ്ഞ കാലത്തെപ്പറ്റിയും അതിന്റെ വികസനത്തെക്കുറിച്ചും പരിണാമത്തെപ്പറ്റിയുമെല്ലാം പുതിയ അറിവു ലഭിക്കാൻ ഈ കണ്ടുപിടുത്തങ്ങൾ സഹായിച്ചേക്കുമെന്ന് കരുതുന്നു. തണുത്തുറഞ്ഞ മഞ്ഞുപാളികൾക്കടിയിൽ പ്രകാശം കടന്നുചെല്ലാത്തിടത്ത്, വായുവില്ലാത്തിടത്ത്, സാന്ദ്രതകൂടിയ ഉപ്പുവെള്ളമുള്ളിടത്ത്, പ്രകാശസംശ്ലേഷണം സാധ്യമല്ലാത്തിടത്ത് ജീവന്റെ സ്ഫുരണം കണ്ടെത്തിയതാണ് ശാസത്രലോകത്തെ ആവേശത്തിലാക്കുന്നത്. സമാന പരിതസ്ഥിതിയിൽ മറ്റുഗ്രഹങ്ങളിലും പ്രത്യേകിച്ച് അന്റാർട്ടിക്ക പോലെ ഒരുകാലത്ത് ആർദ്രതയും ചൂടും ഉണ്ടായിരുന്ന ചൊവ്വയിലും ജീവൻ കണ്ടെത്താനുള്ള സാധ്യത ഉണ്ടായേക്കാമെന്ന പ്രതീക്ഷ കുതിച്ചുയരുകയാണ്.