ആയിരക്കണക്കിനു വർഷം നിലനിൽക്കുന്ന മരങ്ങൾക്കു പിന്നിൽ!

ശ്രീരംഗം ജയകുമാർ

ബയോളജി ക്ലാസിൽ പഠിക്കാനുള്ള ജീവികളുടെ ആയുർദൈർഘ്യവും ഗർഭകാലവും (Life span & Pregnancy period) എന്ന ഭാഗത്തിന്റെ അധിക വിവരങ്ങൾ.

ഒരു ജീവിയുടെ ജനനത്തിനും മരണത്തിനും ഇടയിലുള്ള ജീവിതകാലയളവാണല്ലോ ആയുർദൈർഘ്യം; ഇത് ഓരോ ജീവിയിലും വ്യത്യസ്തമായിരിക്കും. ഉദാഹരണത്തിന് മേയ് ഫ്ളൈ (May fly-Ephemera danica) എന്ന ഈയാംപാറ്റകൾ കേവലം ഒരുദിവസം മാത്രം ജീവിക്കുമ്പോൾ, ചില പൈൻമരങ്ങൾ (Pinus longaeva) അയ്യായിരത്തിലേറെ വർഷം ജീവിക്കുന്നു. ഓരോ ജീവിയുടെയും ആയുർദൈർഘ്യം തീരുമാനിക്കുന്നത് പ്രധാനമായും പാരമ്പര്യ പ്രേക്ഷിതമായ ജീനുകളാണ്. എത്ര അനുകൂലമായ സാഹചര്യങ്ങൾ ഒരുക്കിയാലും ഒരു പരിധിക്കപ്പുറം ഈ ജനിതക ഘടകങ്ങളെ അതിജീവിക്കാൻ ആവില്ല. ഓരോ ജീവിയുടെയും സൃഷ്ടിയിൽ ഒരു തുടക്കവും ഒടുക്കവും ഉണ്ടെങ്കിലും, തുടക്കം എന്നത് മാതൃ ശരീരത്തിനുള്ളിൽ സിക്താണ്ഡം (zygote) ആയുള്ള രൂപപ്പെടൽ മുതലാണോ അതോ ഭൂമിയിൽ പിറക്കുന്നതു മുതലാണോ കണക്കാക്കേണ്ടത് എന്ന കാര്യത്തിൽ രണ്ടുപക്ഷമുണ്ട്. അലൈംഗിക പ്രത്യുൽപാദനം നടത്തുന്ന ജീവികളിൽ, മാതൃ ശരീരത്തിൽനിന്നു പുത്രികാശരീരം പൂർണമായും വേർതിരിയുന്നിടത്ത്, പുതിയ ജീവന്റെ ആവിർഭാവമുണ്ടായതായി കണക്കാക്കാം.

എന്നാൽ ലൈംഗിക പ്രത്യുൽപാദനം നടത്തുന്ന ജീവികളിൽ ബീജസംയോഗത്തെ തുടർന്ന് സിക്താണ്ഡമുണ്ടാകുന്ന സമയംമുതൽ പുതുജീവന്റെ തുടിപ്പുകൾ കണക്കിലെടുക്കാം. അതുമുതൽ ജനനം വരെയുള്ള ഗർഭകാലവും ഓരോ ജീവികളിലും വ്യത്യസ്തമാണ്.

മുന്നിൽ സസ്യങ്ങൾ
സസ്യങ്ങളും പ്രായമാകലിനു വിധേയമാകുന്നുണ്ടെങ്കിലും, ആയുർദൈർഘ്യത്തിന്റെ കാര്യത്തിൽ ജന്തുക്കളെക്കാൾ വളരെ മുന്നിലാണ്. ആയിരക്കണക്കിനു വർഷം നിലനിൽക്കുന്ന മരങ്ങളിൽ മെരിസ്റ്റമിക കോശങ്ങൾ അത്രത്തോളം വർഷം നിലനിൽക്കുമെങ്കിലും മറ്റ് ശരീര ഭാഗങ്ങൾ നാശത്തിനും പുനഃസൃഷ്ടിക്കും വിധേയമാകുന്നതായാണ് കണ്ടുവരുന്നത്. ചിലയിനം ഫംഗസുകളുടെ മൈസീലിയം 400 വർഷംവരെ മണ്ണിൽ നിലനിൽക്കുന്നതാണെങ്കിൽ, ബ്രയോഫൈറ്റ് വിഭാഗത്തിൽപ്പെടുന്ന പോളിട്രിക്കവും മറ്റും നാലഞ്ചു വർഷംവരെ നിലനിൽക്കുന്നു. നെല്ല്, ചോളം, ഗോതമ്പ് പോലെയുള്ള പുൽവർഗ സസ്യങ്ങളും, പയർ, സൂര്യകാന്തി തുടങ്ങിയവയും ഏകവർഷികൾ (annuals) ആണ്. ചേന, ചേമ്പ്, കാരറ്റ്, ബീറ്റ്റൂട്ട് തുടങ്ങിയവ ദ്വിവർഷികളും (biennials) തെങ്ങ്, മാവ്, പ്ലാവ്, തേക്ക് തുടങ്ങി നമുക്കറിയാവുന്ന മരങ്ങളെല്ലാം ഒട്ടേറെ വർഷം നിലനിൽക്കുന്ന ചിരസ്ഥായികളുമാണ് (perennials).

ജനിതകവും ചുറ്റുപാടുകളും
ഒരു ജീവിയുടെ ശരീരത്തിൽ നടക്കുന്ന ഉപാപചയ പ്രവർത്തനങ്ങളുടെ തോത് ആയുസ്സുമായി ബന്ധപ്പെട്ടു കിടക്കുന്നതായി പഠനങ്ങൾ കാണിക്കുന്നു. ഊഷ്മാവ് കുറഞ്ഞ പ്രദേശങ്ങളിൽ ജീവിക്കുന്ന ശീതരക്തമുള്ള ജീവികളുടെ ഉപാപചയ പ്രവർത്തനങ്ങൾ മന്ദഗതിയിലായതിനാൽ അവയുടെ ആയുസ്സ് കൂടുന്നതായി കണ്ടിട്ടുണ്ട്. പരിമിതമായ ആഹാരം നൽകി ഉപാപചയത്തോത് നിയന്ത്രിച്ച് ലാബിൽ വളർത്തിയ എലികളുടെ ആയുസ്സ് കൂടുകയുണ്ടായി. ആവാസ വ്യവസ്ഥയിൽ നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്ന വ്യതിയാനങ്ങളോട് പൊരുത്തപ്പെടാനുള്ള കഴിവ് ജനിതകപരമാകയാൽ ഈ കഴിവ് കൂടുതലുള്ള ജീവികളുടെ ആയുർദൈർഘ്യവും കൂടും. ഒരു ജീവിയുടേയും ആയുസ്സ് ഇത്രയെന്ന് അസന്നിഗ്ധമായി പറയാൻ കഴിയില്ല. ജനിതക ഘടനയോടൊപ്പം ജീവിക്കുന്ന ചുറ്റുപാടിന്റെ പാരസ്പര്യം കൂടിയാകുമ്പോൾ ഇത് മാറിമറിയും.

പ്രായമാകലിനെ ബാധിക്കുന്ന ജീൻ
പ്രായമാകലിന്റെയും മരണത്തിന്റെയും കാരണമായി നമ്മളിൽ നടക്കുന്ന ജൈവ രസതന്ത്ര പ്രവർത്തനങ്ങൾ എന്താവാം? ജനിതക സിദ്ധാന്തങ്ങൾ വെളിച്ചം വീശുന്നത് ക്രോമസോമുകളുടെ അഗ്രഭാഗങ്ങൾ ആയ റ്റീലോമെറുകളിലെ (Telomere) ജനിതക രഹസ്യങ്ങളിലേക്കാണ്. റ്റീലോമെറുകളുടെ നീളം കുറയുംതോറും ആയുർദൈർഘ്യവും കുറയുന്നു. മനുഷ്യരിലെ TERC (Telomerase RNA Component) എന്ന ജീൻ ഉൽപ്പാദിപ്പിക്കുന്ന റ്റീലോമെറേസ് എന്ന രാസാഗ്നി റ്റീലോമെറുകളുടെ നീളം കുറയ്ക്കുന്നതിനെ തടയുന്നു. ജനനം മുതൽ മനുഷ്യനിൽ ഈ ജീൻ അതിന്റെ പ്രഭാവം കാണിക്കുന്നുണ്ട്. അതിനാൽതന്നെ ഈ ജീനിൽ ഉണ്ടാകുന്ന വ്യതിയാനങ്ങളും ഉൽപരിവർത്തനങ്ങളും ഓരോ മനുഷ്യരുടെയും പ്രായമാകലിനെ ബാധിക്കുമെന്നർത്ഥം.