ഭൂമിക്കടിയിൽ വൻ കല്ലറ; ചുമരുകളിൽ 2000 വർഷം പഴക്കമുള്ള രഹസ്യങ്ങൾ!!

നവീൻ മോഹൻ

ജോർദാനിലെ ഒരു കൊച്ചു നഗരമാണ് ബയ്ത് റാസ്. അവിടത്തെ ഒരു സ്കൂളിന്റെ ഗേറ്റിനു സമീപം റോഡുപണി തകൃതിയായി നടക്കുകയായിരുന്നു. കുഴിച്ചുകുഴിച്ചു മുന്നോട്ടു പോകുന്നതിനിടെയാണ് ജോലിക്കാർ ഒരു പ്രത്യേക ശബ്ദം കേട്ടത്. കുഴിക്കു താഴെ മറ്റൊരു കുഴിയുള്ളതു പോലെ! അതെന്താണ് അങ്ങനെയെന്ന് അന്വേഷിച്ചു പോയ റോഡു പണിക്കാർക്കു മുന്നിൽ തെളിഞ്ഞു വന്നത് ഒരു വമ്പൻ രഹസ്യമായിരുന്നു. ഏകദേശം രണ്ടായിരം വർഷം മുൻപ് മണ്ണിനടിയിലായിപ്പോയ രഹസ്യം. ഒരു വൻ ശവക്കല്ലറയായിരുന്നു ഭൂമിക്കടിയിൽ. ബയ്ത് റാസ് നഗരത്തിലെ ഈ സംഭവം അറിഞ്ഞ് ഒട്ടേറെ പേർ പ്രദേശത്തേക്ക് കുതിച്ചെത്തി. പക്ഷേ സ്ഥലത്തിന്റെ ചരിത്ര പ്രാധാന്യം തിരിച്ചറിഞ്ഞ പ്രാദേശിക ഭരണകൂടം ഇവിടെ കനത്ത സുരക്ഷ ഏർപ്പെടുത്തി. ചരിത്രഗവേഷകരെ വിവരം അറിയിക്കുകയും ചെയ്തു.

2016 സെപ്റ്റംബർ അവസാനം കണ്ടെത്തിയ ഈ റോമൻ കല്ലറയിൽ അന്നു മുതൽ ഗവേഷണം നടക്കുകയാണ്. പഠനത്തിനായി ചരിത്രകാരന്മാരും പുരാവസ്തു ഗവേഷകും സംരക്ഷകരും ആർക്കിടെക്ടുമാരുമെല്ലാം അടങ്ങിയ ഒരു സംഘത്തിനായിരുന്നു ചുമതല. മുൻപും പലയിടത്തും റോമൻ കല്ലറകൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ബയ്ത് റാസിലെ കല്ലറയിലെ ഒരു അദ്ഭുതക്കാഴ്ചയാണ് ഗവേഷകരെ അമ്പരപ്പിച്ചത്. രണ്ടായിരം വർഷം മുൻപത്തെ മനുഷ്യരുടെ ദൈനംദിന ജീവിതവും ആചാരങ്ങളുമെല്ലാം കൃത്യമായി വരച്ചിട്ടിരിക്കുന്ന ചുമരുകളായിരുന്നു ആ അദ്ഭുതം. വരയ്ക്കുക മാത്രമല്ല ഓരോന്നും എന്താണെന്ന് എഴുതി വയ്ക്കുകയും ചെയ്തിട്ടുണ്ട്. അന്നത്തെ കാലത്തെ ദൈവങ്ങളെപ്പറ്റിയുള്ള വിവരണവുമുണ്ട്. അതും ഒരു കോമിക് പുസ്തകത്തിലെന്ന പോലെ ചിത്രം സഹിതം.

അരാമിക് ഭാഷയായിരുന്നു വിവരണത്തിന് ഉപയോഗിച്ചത്, പക്ഷേ എഴുതിയത് ഗ്രീക്ക് ഭാഷയിലായിരുന്നു. അതുവഴി ഏറെ പ്രാചീനമായ അരാമിക് ഭാഷയെപ്പറ്റിയും ഗവേഷകർക്കു പഠിക്കാൻ അവസരം ലഭിച്ചു. കറുത്ത മഷിയിൽ ഏകദേശം 60 വിവരണങ്ങളുണ്ടായിരുന്നു ചുമരിൽ. അവയിൽ പലതും ഗവേഷകർ വായിച്ചെടുക്കുകയും ചെയ്തു. 52 ചതുരശ്ര മീറ്റർ വരുന്ന കല്ലറയുടെ ചുമരുകളിലും മേൽക്കൂരയിലുമെല്ലാം ‘കോമിക്’ പുസ്തകത്തിലെന്ന പോലെ ചിത്രങ്ങളായിരുന്നു. ഉദാഹരണത്തിന്, ഒരാൾ മരംവെട്ടുന്ന ചിത്രം– ‘ഞാനീ മരം വെട്ടി ആകെ ക്ഷീണിച്ചു വശം കെട്ടു... എന്റെ ദൈവമേ...’ എന്നായിരിക്കും അതിനുള്ള വിവരണം. കല്ലറയിലെ മൂന്നു മുറികളിലുമായിട്ടായിരുന്നു ചിത്രങ്ങൾ.

മുന്തിരിവള്ളികൾ നടുന്ന കർഷകരും വിള കൊയ്യുന്നവരും കാളകളെക്കൊണ്ടു നിലമുഴുന്നവരും കൽപ്പണി ചെയ്യുന്നവരും മതിൽ കെട്ടുന്നവരും കാര്യസ്ഥന്മാരും മൃഗങ്ങളും മാത്രമല്ല പുരോഹിതന്മാരും ദൈവങ്ങളുമെല്ലാം വരകളിൽ നിറഞ്ഞു. ജോലിക്കിടെ സംഭവിക്കുന്ന അപകടങ്ങളും വരകളാക്കി മാറ്റിയിരുന്നു. മത്സ്യകന്യകകളും രാശിചക്രങ്ങളുമൊക്കെ പരമ്പരാഗത രീതിയിൽ വരച്ചതും ചുമരാകെ നിറഞ്ഞു. ഏകദേശം 260 രൂപങ്ങളുടെ ചിത്രങ്ങളുണ്ടായിരുന്നു. അവയിൽ പുരോഹിതന്മാർക്കൊപ്പം നിന്നിരുന്ന ഒരു വ്യക്തിയുടേതാകണം ആ കല്ലറയെന്നാണു കരുതുന്നത്. ആ നഗരത്തിന്റെ തലവനായിരുന്നിരിക്കാം അദ്ദേഹമെന്നും ചിത്രത്തിൽ നിന്ന് ഏകദേശം വ്യക്തമായിട്ടുണ്ട്.

രണ്ടായിരം വർഷം മുൻപത്തെ റോമൻ സമൂഹവും രാഷ്ട്രീയവും ഭരണവും ആചാരങ്ങളുമെല്ലാം വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്ന ആ കല്ലറയ്ക്ക് ‘Bayt Ras Tomb Project’ എന്നായിരുന്നു ഗവേഷകർ നൽകിയ പേര്. ഇവിടെ നിന്നുള്ള പഠനത്തിൽ കണ്ടെത്തിയ കാര്യങ്ങളെല്ലാം ജോർദാനിൽ അടുത്ത വർഷം ജനുവരിയിൽ നടക്കാനിരിക്കുന്ന രാജ്യാന്തര ചരിത്ര–പുരാവസ്തു സമ്മേളനത്തിൽ അവതരിപ്പിക്കാനൊരുങ്ങുകയാണു ഗവേഷകർ.