ആ ഇരുട്ടറ ദുരന്തം സത്യമോ?‍

1757 ജൂൺ 22. മഴ തിമിർത്ത് പെയ്യുന്ന ഒരു രാത്രി. കൊൽക്കത്തയിൽനിന്നു 150 കിലോമീറ്റർ അകലെയുള്ള ചതുപ്പുനിലമായ പ്ലാസി എന്ന സ്ഥലം. മഴയിൽ കുതിർന്നു കിടക്കുന്ന നെൽപ്പാടങ്ങൾക്ക് അപ്പുറവും ഇപ്പുറവുമായി രണ്ട് സൈന്യങ്ങൾ തമ്പടിച്ചിരിക്കുന്നു.

ഒരു ഭാഗത്ത് ബംഗാളിലെ നവാബായ സിറാജ്–ഉദ്–ദൗളയുടെ അമ്പതിനായിരത്തിലധികം വരുന്ന വമ്പിച്ച ൈസന്യം. മറുഭാഗത്ത് റോബർട്ട് ക്ലൈവിന്റെ മൂവായിരം പേരുടെ ചെറിയ സൈന്യം. ക്ലൈവിന്റെ സൈന്യത്തേക്കാൾ പതിനാറോ പതിനേഴോ ഇരട്ടിയാണ് സിറാജ്–ഉദ്–ദൗളയുടെ സൈന്യത്തിന്റെ ബലം. മഴയും കൂരിരിട്ടും നിറഞ്ഞ രാത്രിയുടെ മറപറ്റി റാന്തൽവിളക്കുമായി ഒരാൾ നവാബിന്റെ പാളയത്തിൽനിന്നു ക്ലൈവിന്റെ ക്യാംപിനടുത്തേക്കു പോകുന്നു. ക്ലൈവിന്റെ ക്യാംപിൽനിന്നു പുറത്തുവരുന്ന സൈനികോദ്യോഗസ്ഥരോട് അയാൾ സംസാരിക്കുന്നു. രാത്രി ഏറെ വൈകി നവാബിന്റെ പാളയത്തിലേക്ക് അയാൾ തിരിച്ചെത്തുന്നു.സിറാജ്–ഉദ്–ദൗളയുടെ സേനാനായകൻ മിർജാഫറിന്റെ ദൂതനായിരുന്നു അയാൾ. അതൊരു ശാശ്വത മനോവേദനയുടെ തുടക്കരാത്രിയായിരുന്നു.

വഞ്ചനയുടെ പകൽ
1757ജൂൺ 23 പ്രഭാതം. കാർമേഘം നിറഞ്ഞ അന്തരീക്ഷം. പീരങ്കികളിൽനിന്നു വെടിയൊച്ചയുതിർന്നു. ഇരു സൈന്യങ്ങളും ഏറ്റുമൂട്ടി. തുടക്കത്തിൽ നവാബിന്റെ സൈന്യം മുന്നേറി. എന്നാൽ കനത്ത മഴയിലും കാറ്റിലും വെടിക്കോപ്പുകളും ഉപകരണങ്ങളും നനഞ്ഞുകുതിർന്ന് നവാബിന്റെ സൈന്യത്തിനു മുന്നേറാൻ കഴിയാതെയായി. ക്ലൈവിന്റെ പീരങ്കിപ്പടയുടെ പ്രത്യാക്രമണത്തിൽ ആനപ്പടയും കുതിരകളും കാളകളും വിരണ്ടോടി. സൈനികവ്യൂഹമാകെ ചിതറി ആത്മവിശ്വാസമില്ലാത്തവരെപ്പോലെ പരക്കം പാഞ്ഞു. നവാബിന്റെ സൈനിക മേധാവികളിലൊരാളായ മിർമദൻ വെടിയേറ്റു വീണു. മറ്റൊരു സേനാനായകൻ മോഹൻലാൽ ചെറുത്തുനിൽപ്പു തുടർന്നുകൊണ്ടിരുന്നു.

ഈ സമയമൊക്കെയും മിർജാഫർ, റായ് ദുർലഭ്, യാർ ലുത്തഫ്ഖാൻ എന്നിവരുടെ നേതൃത്വത്തിൽ പതിനായിരക്കണക്കിനു പടയാളികൾ നിശ്ശബ്ദരായി നിൽക്കുകയായിരുന്നു. തലേന്നു രാത്രി ക്ലൈവുമായുണ്ടാക്കിയ രഹസ്യ ഉടമ്പടി അവർ യുദ്ധക്കളത്തിൽ ഭംഗിയായി നിറവേറ്റി.

അപകടം മണത്ത സിറാജ് ഉദ് ദൗള കുറേ കുതിരപ്പടയാളികൾക്കൊപ്പം മുർഷിദാബാദിലേക്ക് രക്ഷപെട്ടു. മുർഷിദാബാദിലെത്തിയ സിറാജ് ഉദ് ദൗളയെ മിർജാഫറുടെ സഹോദരീഭർത്താവായ മിർകാസിം പിടികൂടുകയും ബന്ധിതനാക്കി നഗരം മുഴുവൻ പ്രദർശിപ്പിക്കുകയും ചെയ്തു. തടവറയിലാക്കിയ നവാബിനെ മിർജാഫറും മിർകാസിമും ഏർപ്പെടുത്തിയ മുഹമ്മദ് ബെയ്ഗ് ദാരുണമായി കൊലപ്പെടുത്തി.

മുൻ തീരുമാനപ്രകാരം മിർജാഫർ ബംഗാളിന്റെ നവാബായി. ഇംഗ്ലിഷ് ഈസ്റ്റിന്ത്യാ കമ്പനി ഒറ്റുകാരന് വച്ചുനീട്ടിയ ഒൗദാര്യമായിരുന്നു അത്. പ്ലാസിയുദ്ധത്തോടെ ഇംഗ്ലിഷ് ഈസ്റ്റിന്ത്യ കമ്പനി ഇന്ത്യയിലെ അവരുടെ ആധിപത്യത്തിന് അടിത്തറയിട്ടു.

ആ ഇരുട്ടറ ദുരന്തം സത്യമോ?
സിറാജ് ഉദ് ദൗളയെ ആക്രമിക്കാനുള്ള കാരണമായി ബ്രിട്ടിഷുകാർ ചൂണ്ടിക്കാട്ടിയത് ഇരുട്ടറ ദുരന്തം (ബ്ലാക് ഹോൾ ട്രാജഡി) എന്ന സംഭവമാണ്. നവാബ് 1756 ജൂണിൽ കൊൽക്കത്തയിലെ ഫോർട്ട് വില്യം കീഴടക്കിയതിനു ശേഷം കോട്ടയിലെ വായു കടക്കാത്ത ഒരു മുറിയിൽ 146 ബ്രിട്ടിഷുകാരെ അടച്ചുവെന്നും പിറ്റേന്ന് ജീവനോടെ ശേഷിച്ചവർ 23 പേർ മാത്രമായിരുന്നുവെന്നുമാണ് ഇംഗ്ലിഷ് ചരിത്രകാരന്മ‍ാർ പറഞ്ഞിരുന്നത്. നവാബിന്റെ ക്രൂരതയുടെ പര്യായമായും അദ്ദേഹത്തിനെതിരെ ജനരോഷം ആളിക്കത്തിക്കാനുള്ള മാർഗമായും ബ്രിട്ടിഷുകാർ‌ ഈ സംഭവം പ്രചരിപ്പിച്ചിരുന്നു. എന്നാൽ ഇതൊരു കള്ളക്കഥയാണെന്നും ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നും വില്യം കോട്ടയുടെ ചുമതലക്കാരനായിരുന്ന ജോൺ ഹോൾവെൽ കെട്ടിച്ചമച്ചതാണെന്നും തെളിവുകളോടെ ഇന്ത്യൻ ചരിത്രകാരന്മാർ സ്ഥാപിക്കുന്നു.

പലാശ് പൂക്കളുടെ പ്ലാസി
പ്ലാസിയുദ്ധം നടന്ന ഭഗീരഥി നദിക്കരയിലെ ഗ്രാമമാണ് പലാശി. ചുവന്ന പൂക്കൾ വിരിയുന്ന പലാശ് മരത്തിൽ നിന്നാണ് പലാശി എന്ന പേരുണ്ടായത്. ഹോളി ആഘോഷത്തിനുള്ള നിറപ്പൊടിയായ ഗുലാൽ ഉണ്ടാക്കുന്നത് ഈ പൂവിൽനിന്നാണ്. പലാശി എന്ന പേര് ഉച്ചരിക്കാൻ പ്രയാസമായതിനാൽ ഇംഗ്ലിഷുകാർ പ്ലാസി എന്നാക്കി മാറ്റി.

ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി
ലണ്ടൻ കേന്ദ്രമാക്കി ദേശാന്തര വാണിജ്യത്തിനായി ഇംഗ്ലണ്ടിലെ കച്ചവടപ്രമാണിമാർ ചേർന്നു രൂപീകരിച്ച വ്യാപാരസംഘമാണ് ഇംഗ്ലിഷ് ഈസ്റ്റ് ഇന്ത്യ കമ്പനി. 1599ൽ 51 അംഗങ്ങളും 72,000 പവൻ മൂലധനവുമായാണു കമ്പനി പ്രവർത്തനമാരംഭിച്ചത്. അന്ന് ഇംഗ്ലണ്ട് ഭരിച്ചിരുന്ന എലിസബത്ത് രാജ്ഞി ഈ കച്ചവടസംഘത്തിന് എല്ലാ പ്രോൽസാഹനവും നൽകി. 1600 ഡിസംബർ 31നു കമ്പനിയെ അംഗീകരിച്ചുകൊണ്ടുള്ള രാജ്ഞിയുടെ അനുമതിപത്രത്തിനു നിയമസാധുത ലഭിച്ചതോടെ ഔദ്യോഗികമായി നിലവിൽ വന്നു. ബ്രിട്ടിഷ് പാർലമെന്റ് തയാറാക്കിയ ചാർട്ടർ പ്രകാരമായിരുന്നു പ്രവർത്തനം. കമ്പനിയുടെ പ്രധാന കച്ചവടസാമഗ്രികൾ പരുത്തി, പട്ട്, വെടിയുപ്പ്, തേയില, കറുപ്പ് എന്നിവയായിരുന്നു. ഒപ്പം കുരുമുളകും പ്രധാന കച്ചവടസാമഗ്രിയായിരുന്നു. അഞ്ചു കപ്പലുകളാണു കമ്പനി പ്രഥമ ദൗത്യത്തിനായി സജ്ജമാക്കിയത്. ഡ്രാഗൻ, ഹെക്റ്റർ, അസൈൻഷൻ, സൂസൻ, ഗസ്റ്റ് എന്നിവയായിരുന്നു അവ. 1773ൽ കൽക്കട്ട ആസ്ഥാനമാക്കി ഭരണം തുടങ്ങിയ കമ്പനി 1858ൽ ബ്രിട്ടിഷ് പാർലമെന്റ് ഇന്ത്യയുടെ നിയന്ത്രണം ഏറ്റെടുക്കുന്നതു വരെ ഭരണം തുടർന്നു.

റോബർട്ട് ക്ലൈവ്
ഇംഗ്ലണ്ടിൽ 1725ൽ ജനിച്ച റോബർട്ട് ക്ലൈവ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഉദ്യോഗസ്ഥനായി ഇന്ത്യയിലെത്തി. രാജ്യതന്ത്രജ്ഞതയും യുദ്ധതാൽപര്യവും ക്ലൈവിനെ ഉയർന്ന പദവികളിലെത്തിച്ചു. 1757ലെ പ്ലാസി യുദ്ധത്തിൽ തന്ത്രപരമായ നീക്കങ്ങളിലൂടെ സിറാജ് ഉദ് ദൗളയെ പരാജയപ്പെടുത്തി ഇന്ത്യയിൽ ഈസ്റ്റിന്ത്യാ കമ്പനിയുടെ ചൂഷകഭരണത്തിന് അടിത്തറയിട്ടു. 1758ൽ ക്ലൈവ് ബംഗാളിലെ ഗവർണറായി. തിരിച്ചുപോയ ക്ലൈവ് 1765ൽ വീണ്ടും ഗവർണറായി ബംഗാളിലെത്തി. 2 വർഷത്തിനുശേഷം വീണ്ടും ഇംഗ്ലണ്ടിലേക്കു മടങ്ങിയെത്തിയ ക്ലൈവിനെതിരെ ബ്രിട്ടിഷ് പാർലമെന്റിൽ അഴിമതി ആരോപണങ്ങൾ ഉയർന്നു. കുറ്റാരോപണങ്ങളിൽനിന്നു മോചിതനായെങ്കിലും മാനസികമായി തകർന്ന ക്ലൈവ് 1774ൽ ജീവനൊടുക്കി.

സിറാജ് ഉദ്ദൗ ള
ബംഗാൾ, ബീഹാർ, ഒഡീഷ പ്രദേശങ്ങളുടെ നവാബായിരുന്ന അലിവർദിഖാന്റെ പൗത്രനായിരുന്നു മിർസ മുഹമ്മദ് എന്ന സിറാജ് ഉദ് ദൗള. അധികാരമേൽക്കുമ്പോൾ 19 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന സിറാജിനെതിരെ അലിവർദിഖാന്റെ മറ്റു ബന്ധുക്കളും സൈനികോദ്യോഗസ്ഥരും കടുത്ത ശത്രുത പുലർത്തുകയും അധികാരത്തിൽ നിന്ന് പുറത്താക്കാനുള്ള ഗൂഢാലോചനകളിൽ ഏർപ്പെടുകയും ചെയ്തു. ബംഗാളിലെ വർധിച്ചുവരുന്ന ബ്രിട്ടിഷ് ആധിപത്യത്തിനെതിരെ ഉറച്ച നിലപാട് സ്വീകരിച്ച ദൗള കാസിംബസാറും വില്യം കോട്ടയും ബ്രിട്ടിഷുകാരിൽ‌നിന്ന് പിടിച്ചെടുക്കുകയുണ്ടായി. ബ്രിട്ടിഷുകാർ ദൗളയെ പുറത്താക്കാനുള്ള മറുതന്ത്രങ്ങൾ മെനഞ്ഞു. സിറാജ് ഉദ് ദൗളയുടെ ബന്ധുക്കളും മന്ത്രിമാരും സൈനിക നേതാക്കളുമായിരുന്ന മിർജാഫർ, ജഗത് സേട്ട്, മണിക്ചന്ദ്, അമീർചന്ദ്, റായ് ദുർലഭ് ഖാസിദി ബീഗം എന്നിവരെ ബ്രിട്ടിഷുകാർ വിലയ്ക്കെടുത്തു. ഇവർ ചേർന്നു നടത്തിയ ഗൂഢാലോചനയുടെയും ചതിയുടെയും അനന്തരഫലമായിരുന്നു പ്ലാസിയുദ്ധത്തിലെ ദൗളയുടെ പരാജയം. സിറാജ് ഉദ് ദൗളയുടെ അന്ത്യത്തോടെ ബംഗാളും പിന്നീട് തെക്കനേഷ്യ മുഴുവനും ബ്രിട്ടിഷ് ഈസ്റ്റിന്ത്യാകമ്പനിയുടെ അധീനതയിലായി.

മിർജാഫർ
ഇന്ത്യയുടെ ചരിത്രത്തിൽ മിർജാഫർ എന്ന പേര് ഓർമിക്കപ്പെടുന്നത് സിറാജ് –ഉദ് –ദൗളയുടെ സേനാനായകൻ എന്ന പേരിലോ ബംഗാളിലെ നവാബ് എന്ന പേരിലോ അല്ല. മറിച്ച് ചതിയുടെയും വഞ്ചനയുടെയും പര്യായം എന്ന നിലയിലാണ്. ജനനം കൊണ്ട് മുഗൾഭരണകൂടവുമായി അടുത്ത ബന്ധമുണ്ടായിരുന്ന മിർജാഫർ ബംഗാൾ നവാബും സിറാജ് –ഉദ്–ദൗളയുടെ മുത്തച്ഛനുമായ അലി വർദിഖാന്റെ സഹോദരിയെയാണ് വിവാഹം ചെയ്തത്. അലിവർദിഖാൻ മിർജാഫറിന് ബക്ഷി എന്ന ഉന്നതപദവി നൽകിയെങ്കിലും അധികാരമോഹിയായ മിർജാഫർ അലിവർദിഖാനെ വധിക്കാനുള്ള ഗൂഢാലോചന നടത്തി. നവാബ് മിർജാഫറിനെ പുറത്താക്കി. അലിവർദിഖാനുശേഷം സിറാജ് –ഉദ്–ദൗള അധികാരത്തിലെത്തി. മിർജാഫർ തന്ത്രപൂർവം ദൗളയുടെ സേനാനായകരിലൊരാളായി. സിറാജിനെ ഇല്ലാതാക്കാനുള്ള ഈസ്റ്റിന്ത്യാകമ്പനിയുടെ ശ്രമങ്ങളിൽ മിർജാഫർ ഒറ്റുകാരനായി. കമ്പനി മിർജാഫറിന് നവാബ് സ്ഥാനം വാഗ്ദാനം ചെയ്തു. പ്ലാസിയിലെ നിർണായക യുദ്ധത്തിൽ, മിർജാഫറും കൂട്ടരും കാലുമാറി സ്വന്തം നവാബിന്റെയും രാജ്യത്തിന്റെയും പരാജയം ഉറപ്പുവരുത്തി.

പ്ലാസിക്കു ശേഷം
മിർ ജാഫറിനെ കമ്പനി ബംഗാളിൽ നവാബാക്കി.
കമ്പനിക്ക് ലക്ഷക്കണക്കിനു രൂപയുടെ സാമ്പത്തിക ആനുകൂല്യം ബംഗാളിലും ബിഹാറിലും ഒഡീഷയിലും സ്വതന്ത്ര വ്യാപാരം നടത്താനുള്ള അവകാശം.
ബ്രിട്ടിഷ് കച്ചവടക്കാരും ഉദ്യോഗസ്ഥരും നികുതി നൽകേണ്ടതില്ല.
ബംഗാളിന്റെയും പിന്നീട് ഇന്ത്യയുടെയും മേൽ ആധിപത്യം.