ഒരു കിലോയുള്ള വവ്വാൽ തിന്നുന്നത് രണ്ടു കിലോ ഭക്ഷണം!!

വിജയകുമാർ ബ്ലാത്തൂർ

ഒരു കിലോയുള്ള വവ്വാൽ തിന്നുന്നത് രണ്ടു കിലോ ഭക്ഷണമാണ്. പഴം തീനി വവ്വാലുകൾ അവയുടെ ശരീര ഭാരത്തിന്റെ ഇരട്ടി ഭക്ഷണം കഴിക്കും. ഷഡ്പദഭോജികൾ 120 ശതമാനവും. പറക്കാനും ശരീര താപം നിലനിർത്താനും കൂടിയ അളവിൽ ഊർജ്ജം ആവശ്യമായതിനാലാണ് ഇങ്ങനെ തിന്നേണ്ടി വരുന്നത്.

ഒരു മണിക്കൂർ കൊണ്ടു വവ്വാലുകൾ 1200 കൊതുകുകളെ വരെ പറന്നു തിന്നും. പഴങ്ങൾ തിന്നു ജീവിക്കുന്ന വവ്വാലുകൾ കൃഷിയിടങ്ങളിലെ വിളവുകൾ നശിപ്പിക്കുന്നുണ്ടെങ്കിലും പരാഗണത്തിനും വിത്തുവിതരണത്തിനും വലിയ സഹായം ചെയ്യുന്നുണ്ട്. ഉപദ്രവകാരികളായ കീടങ്ങളെ കൊന്നുതീർക്കുന്നതിലും അവയുടെ എണ്ണം നിയന്ത്രിക്കുന്നതിലും മൈക്രോ ബാറ്റുകൾക്ക് വലിയ പ്രാധാന്യം ഉണ്ട്. സമൂഹമായി ജീവിക്കുന്ന ഇടങ്ങളിലെ തറയിൽ വീണുകിടക്കുന്ന കാഷ്ടം നല്ല വളമാണ്.

ഭീമാകാരൻ
ഏറ്റവും വലിപ്പം കൂടിയ വവ്വാൽ ഫിലിപ്പീൻസിൽ കാണുന്ന പറക്കും കുറുക്കൻ (Giant golden crowned flying fox) ആണ്. 1.6കിലോഗ്രാം വരെ തൂക്കമുണ്ടാകും. ചിറകുവിടർത്തു മ്പോൾ വീതി ആറടിയോളം വീതി കാണും

ചോരകുടിയന്മാരും പഴം തീറ്റക്കാരും
പ്രധാനമായും രണ്ടിനം വവ്വാലുകളാണുള്ളത്. പഴങ്ങൾ മുഖ്യഭക്ഷണമായിട്ടുള്ള, വലുപ്പം കൂടിയ മെഗാ ബാറ്റുകൾ. ശബ്ദ പ്രതിധ്വനികൾ ഉപയോഗിച്ച് കൂരിരുളിലും ഷഡ്പദങ്ങളെയും മറ്റു കുഞ്ഞു ജീവികളെയും ‘കണ്ടെത്തി’ ആഹരിക്കുന്ന കുഞ്ഞൻ മൈക്രോ ബാറ്റുകളും. മൃഗങ്ങളുടെയും അപൂർവമായി മനുഷ്യരുടെയും രക്തം കുടിച്ച് ജീവിക്കുന്ന വാംപയർ ബാറ്റുകളും ഉണ്ട്. അമേരിക്കൻ വൻ കരയിൽ മാത്രം കാണുന്ന ഇവയെ മൈക്രോ ബാറ്റുകളുടെ കൂട്ടത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഭൂരിഭാഗം ഇനങ്ങളും രാത്രി സഞ്ചാരികളും പകൽ സമയങ്ങളിൽ മരക്കൊമ്പുകളിലും കിണർ, ഗുഹകൾ, പാലത്തിന്റെ അടിഭാഗം, ആൽത്താമസമില്ലാത്ത കെട്ടിടങ്ങളുടെ മച്ച് തുടങ്ങിയ സുരക്ഷിത സ്ഥാനങ്ങളിൽ തലകീഴായി തൂങ്ങിക്കിടന്നു വിശ്രമിക്കുന്നവരും ആണ്.

ഇത്തിരിക്കുഞ്ഞൻ
തായ്‌ലൻഡിലും മ്യാന്മറിലും ഉള്ള ചുണ്ണാമ്പ് ഗുഹകളിൽ കാണുന്ന ‘കിറ്റി’യുടെ പന്നിമൂക്കൻ വവ്വാലുകളാണ് (Kitti's hog-nosed bat) ഏറ്റവും ചെറിയ വവ്വാലും ഏറ്റവും ചെറിയ സസ്തനിയും - ഒരു ഇഞ്ചിനടുത്തു മാത്രമാണ് വലുപ്പം; രണ്ട് ഗ്രാം തൂക്കവും.

ഉറക്കത്തിൽ മുറുക്കം
നമ്മുടെ കൈവിരലുകളിലെ മസിലുകൾ ഉറക്കത്തിൽ അയഞ്ഞ് പിടിവിടുവിക്കുകയാണ് ചെയ്യുക . എന്നാൽ നേരെ മറിച്ചാണ് പക്ഷികളുടെയും വവ്വാലുകളുടെയും കാര്യം. ഉറക്കത്തിൽ പിടുത്തം മുറുകും. അതുകൊണ്ടാണ് ഗുഹയ്ക്കകത്തും മരത്തിലും തൂങ്ങി ഉറങ്ങിയാലും പിടി വിട്ട് താഴെവീഴാത്തത്.

ഹായ് എന്തുരുചി
ഇന്തൊനീഷ്യ, തായ്‌ലൻഡ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ ജനങ്ങൾ പഴം കഴിക്കുന്ന വലിയ വവ്വാലുകളെ വ്യാപകമായി ഭക്ഷണത്തിനായി ഉപയോഗിക്കാറുണ്ട്. വലകൾ ഉപയോഗിച്ചും മരങ്ങളിൽ തൂങ്ങിക്കിടക്കുന്നവയെ വെടിവച്ചും പിടിക്കുകയാണു പതിവ്.

10000 കൊല്ലം
50 ദശലക്ഷം വർഷം മുൻപേ പരിണമിച്ച് ഉണ്ടായവരാണു വവ്വാലുകൾ.മനുഷ്യർ ഇവരുമായി ഇടപെടാൻ തുടങ്ങിയിട്ടു 10,000 കൊല്ലത്തിന്റെ പഴക്കമേ ഉണ്ടാവുകയുള്ളു. ഇവയുടെ പരിണാമഘട്ടത്തിൽ കൂടെതന്നെ കൂടിയവരാണ് നമ്മൾ ഭയപ്പെടുന്ന ചിലയിനം വൈറസുകൾ. അതിനാൽ അവ ശരീരത്തിലുള്ളപ്പോൾ വവ്വാലുകൾക്ക് പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ലാതെ ജീവിക്കാനാകും. വന്യതയിൽ ജീവിച്ചിരുന്ന വവ്വാലുകളിൽ നിന്നു പലവിധത്തിൽ ഈ രോഗകാരികൾ മറ്റു മൃഗങ്ങളിലും മനുഷ്യരിലും എത്തി.

ഒരു കൊല്ലം, ഒരു കുഞ്ഞ്
ഒരു വർഷം ഒരു കുഞ്ഞു മാത്രമേ ഉണ്ടാകുകയുള്ളു. അവയെ ഇരപിടിയന്മാരിൽ നിന്നും രക്ഷിക്കുക എന്നതും വലിയ പ്രയാസമുള്ള കാര്യമാണ്. ലക്ഷക്കണക്കിനു വവ്വാൽ കൂട്ടങ്ങൾക്കിടയിൽ നിന്നു തന്റെ കുഞ്ഞിനെ അമ്മ വവ്വാൽ പ്രത്യേക ശബദവും മണവും ഉപയോഗിച്ചാണ് ഇരുളിൽ തിരിച്ചറിഞ്ഞ് മുലയൂട്ടുക.

തല നിറയെ ചോര..?
തലതിരിഞ്ഞുള്ള കിടപ്പിൽ തലയിലേക്കു കൂടുതൽ രക്തമൊഴുകി തകരാറുവരാതിരിക്കാനുള്ള അനുകൂലനങ്ങൾ ഇവയ്ക്ക് ഉണ്ട്. തല മുന്നോട്ടും പിന്നോട്ടും കൂടിയ അളവിൽ മടക്കിപിടിച്ച് ഹൃദയത്തിന്റെ നിരപ്പിലേക്ക് ഉയർത്തിപ്പിടിക്കാനും ഇവർക്ക് കഴിയും.

കമ്പിളി ഗോളം
കമ്പിളി കൊണ്ടു ചുറ്റിപ്പിടിച്ചതുപോലെ ചിറകുകൾകൊണ്ടു ശരീരം പൊതിഞ്ഞു പിടിച്ച് ശത്രുക്കളിൽ നിന്ന് ഒളിക്കും. തണുപ്പത്തു താപനഷ്ടം കുറയ്ക്കാനും ചൂടുള്ളപ്പോൾ കറുപ്പു പ്രതല വിസ്തീർണ്ണം കുറച്ച് വികിരണ ആഗിരണം കുറയ്ക്കാനും ഈ പൊത്തിപ്പൊതിഞ്ഞു കിടപ്പ് സഹായിക്കും.