‘അതീവരഹസ്യമായി ജീവിക്കുന്ന സ്രാവ്’!

നവീൻ മോഹൻ

ലോകത്തിലെ ഏറ്റവും വലിയ മത്സ്യം തിമിംഗല സ്രാവാണ്. അപ്പോൾപ്പിന്നെ ഏറ്റവും വലിയ രണ്ടാമത്തെ മത്സ്യമോ? അതും ഒരു സ്രാവ് തന്നെയാണ്. ബാസ്കിങ് ഷാർക്ക് എന്നാണു പേര്. ബോട്ടുകൾ സമുദ്രത്തിലൂടെ പോകുമ്പോൾ വളരെ അപൂർവമായി ഇവയെ കാണാറുണ്ട്. ഇവയുടെ ചിറക് വെള്ളത്തിനു മുകളിൽ കാണുമ്പോൾ തന്നെ അൽപം പേടിക്കാതെയും തരമില്ല. കാരണം, ബോട്ടിനേക്കാളുമുണ്ട് ഇവയുടെ നീളം. ഒത്ത ഒരു സ്രാവിന് 35 അടിയിലേറെയുണ്ടാകും നീളം. ഇവ വായ് തുറക്കുന്നതു കണ്ടാലും പേടിയാകും. കാഴ്ചയിൽ ഭീകരനാണെങ്കിലും ഈ സ്രാവ് ആളൊരു പാവമാണ്. മനുഷ്യനെ ആക്രമിക്കുക പോലുമില്ല.

കടലിൽ കിട്ടുന്ന ചെറുജീവികളെ തിന്നാണു ജീവിക്കുന്നത്. ഇത്രയ്ക്കുംപാവമായിട്ടും ഇവയെ വെറുതെവിടാൻ മാത്രം മനുഷ്യർ തയാറായിട്ടില്ല. ഒട്ടേറെ ബാസ്കിങ് സ്രാവുകളെയാണ് അവയുടെ ചിറകിനു വേണ്ടി കൊന്നൊടുക്കുന്നത്. ഇരുപതാം നൂറ്റാണ്ടായതോടെ ഇവയുടെ എണ്ണം കുത്തനെ കുറഞ്ഞു. അതോടെ ഏറ്റവുമധികം വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിലേക്കുമെത്തി ബാസ്കിങ് സ്രാവുകൾ. ഇവയെ വിൽപന നടത്താൻ പാടില്ലെന്നും നിയമമുണ്ട്. വേനൽ മാസങ്ങളിലാണു പലപ്പോഴും ഇവയെ കടലിൽ കാണാറുള്ളത്. അല്ലാത്തപ്പോൾ കടലിന്റെ ആഴങ്ങളിലേക്കങ്ങു പോകും. പക്ഷേ എവിടെപ്പോയ് ഒളിച്ചിരിക്കുകയാണെന്നു മാത്രം ആർക്കും അറിയില്ല. 3000 അടി വരെ താഴെ സമുദ്രത്തിൽ ഇവയെ കണ്ടെത്തിയിട്ടുണ്ട്. മഞ്ഞു കാലത്താണ് ഈ യാത്ര. ‘അതീവരഹസ്യമായി ജീവിക്കുന്ന സ്രാവ്’ എന്നാണ് ഗവേഷകർ ബാസ്കിങ് ഷാർക്കിനു നൽകിയിരിക്കുന്ന വിശേഷണം. ഈ രഹസ്യം കണ്ടെത്താൻ വേണ്ടി ഒരു കൂട്ടം ഗവേഷകർ ഒരു സംവിധാനം കൊണ്ടു വന്നിട്ടുണ്ട്. ഒരു ട്രാക്കിങ് ഡിവൈസ് സ്രാവുകളുടെ ശരീരത്തിൽ ഘടിപ്പിക്കുക എന്നതായിരുന്നു അത്. ആ ഡിവൈസ് സാറ്റലൈറ്റ് വഴി പിന്തുടരാനാകും. അങ്ങനെ സ്രാവുകൾ എവിടെയെല്ലാം പോകുന്നുവെന്നു കൃത്യമായി മനസ്സിലാക്കാം.

ഈ വർഷം ഇതുവരെ നാലു സ്രാവുകളിൽ ഡിവൈസ് ഘടിപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം ‘ക്രൗഡ് സോഴ്സിങ്’ വഴിയുമുണ്ട് സ്രാവിനെ പിന്തുടരൽ. കടലിൽ യാത്ര പോകുന്ന നാവികർ, മത്സ്യത്തൊഴിലാളികൾ, ഡൈവർമാർ തുടങ്ങിയവരോടെല്ലാം ബാസ്കിങ് സ്രാവിനെ കണ്ടാൽ വിവരം അറിയിക്കണമെന്ന് ‘അപെക്സ്’ എന്ന ഗവേഷകരുടെ കൂട്ടായ്മ അഭ്യർഥിച്ചിട്ടുണ്ട്. അങ്ങനെ കിട്ടിയ വിവരങ്ങളെല്ലാം വച്ചു നോക്കിയപ്പോഴാണ് ഇവർ ഏറെ യാത്രാപ്രിയരാണെന്നു മനസ്സിലായത്. ഫ്രാൻസിൽ മാത്രം കഴിഞ്ഞ വർഷം 77 ബാസ്കിങ് സ്രാവുകളെ കണ്ടെത്താനായി. ഇവയുടെ സഞ്ചാരപാതയും രസകരമാണ്.

2016 സെപ്റ്റംബറിൽ സ്കോട്‌ലൻഡിന്റെ വടക്കു കണ്ട ഒരു ബാസ്കിങ് സ്രാവ് നാലു മാസം കഴിഞ്ഞപ്പോൾ കാനറി ദ്വീപുകളുടെ തെക്കു പ്രത്യക്ഷപ്പെട്ടു. അതായത് നാലായിരത്തിലേറെ കിലോമീറ്റർ അപ്പുറത്ത്! തൊട്ടടുത്ത വർഷം മേയിൽ അത് ഏകദേശം 2200 കിലോമീറ്റർ അപ്പുറത്തുള്ള ബേ ഓഫ് ബിസ്കേയിലുമെത്തി. അതിനിടയിൽ ഇവ എവിടേക്കു പോകുന്നുവെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഗവേഷണത്തിനൊരുങ്ങുകയാണ് അപെക്സ്. അപ്പോഴും അവരുടെ മനസ്സിൽ ആശങ്കയായി ഒരു കാര്യമുണ്ട്. പ്രതിവർഷം ലോകമെമ്പാടും പത്തു കോടിയോളം സ്രാവുകളെയാണ് മനുഷ്യർ കൊന്നൊടുക്കുന്നത്. അവയിൽ ഏറ്റവും ആവശ്യക്കാരുള്ളത് ബാസ്കിങ് സ്രാവുകൾക്കാണ്. അവ തന്നെ എണ്ണത്തിൽ കുറവും. എന്തു ചെയ്യും? എന്തെങ്കിലും ചെയ്തേ മതിയാകൂ എന്ന പ്രതിജ്ഞയോടെയാണ് ഈ പാവം ‘ഭീമനു’ വേണ്ടിയുള്ള ഗവേഷകരുടെ ശ്രമങ്ങളെല്ലാം.