നിറങ്ങളേ....

വൈശാഖൻ തമ്പി

കറുപ്പ് (Black) എന്നതിനെ ഒരു നിറമായി പരിഗണിക്കാതിരുന്നാൽ, മൂന്ന് വ്യത്യസ്ത നിറങ്ങളാണ് നമ്മൾ കണ്ടത്. സിയാൻ (Cyan), മജന്ത (Magenta), മഞ്ഞ (Yellow). ഈ നിറങ്ങൾക്കു മാത്രമുള്ള പ്രത്യേകത എന്താണ്– മറ്റെല്ലാ നിറങ്ങളെയും സൃഷ്ടിക്കാൻ ഉപയോഗിക്കുന്ന പ്രാഥമിക വർണങ്ങളാണ് (primary colours) ഇവ. ഇവിടെ പലർക്കും സംശയമുണ്ടാകാൻ സാധ്യതയുണ്ട്. സ്കൂൾ ക്ലാസിൽ നമ്മൾ പ്രാഥമിക വർണങ്ങൾ എന്നപേരിൽ പരിചയപ്പെടുന്നതു ചുവപ്പ് (Red), പച്ച (Green), നീല (Blue) എന്നീ നിറങ്ങളെയാണല്ലോ. എന്നുമുതലാണ് അത് മാറി സിയാൻ-മജന്ത-മഞ്ഞ ആയത്?

നിറങ്ങൾ കാണാൻ
മുകളിൽ പറഞ്ഞ സംശയം ഉണ്ടാകുന്നുണ്ടെങ്കിൽ പ്രാഥമിക വർണങ്ങളെക്കുറിച്ച് പൂർണമായി മനസ്സിലാക്കിയിട്ടില്ല എന്നാണ് അതിനർഥം. നിറങ്ങൾ തിരിച്ചറിയാൻ നമ്മെ സഹായിക്കുന്നത് കണ്ണിന്റെ റെറ്റിനയിലുള്ള ഒരു പ്രത്യേകതരം കോശങ്ങളാണ്- കോൺ കോശങ്ങൾ. ഈ കോശങ്ങൾ മൂന്ന് തരമുണ്ട്. മൂന്ന് വ്യത്യസ്ത ഫ്രീക്വൻസികളിലുള്ള പ്രകാശത്തെയാണ് ഈ കോശങ്ങൾ തിരിച്ചറിയുന്നത് എന്നതാണ് വ്യത്യാസം. ആ മൂന്ന് ഫ്രീക്വൻസികളെയാണ് ഒരു സാധാരണ മനുഷ്യൻ ചുവപ്പ്, പച്ച, നീല എന്നീ നിറങ്ങളിൽ കാണുന്നത്. അപ്പോൾ ബാക്കി നിറങ്ങളോ? അതെല്ലാം തന്നെ ഈ മൂന്നു നിറങ്ങളുടെ പല അനുപാതങ്ങളിലുള്ള മിശ്രിതമായിട്ടാണ് തലച്ചോർ വ്യാഖ്യാനിക്കുന്നത്. അതുകൊണ്ടാണ് നമ്മൾ ചുവപ്പ്, പച്ച, നീല എന്നീ നിറങ്ങളെ പ്രാഥമിക നിറങ്ങളായി കണക്കാക്കുന്നത്. അത് പ്രകാശത്തിന്റെ പ്രത്യേകതയല്ല, മറിച്ച് നമ്മുടെ കണ്ണുകളുടെ പ്രത്യേകതയാണ്. ദൃശ്യപ്രകാശത്തിലെ ഓരോ ഫ്രീക്വൻസിയും മൂന്നുതരം കോൺ കോശങ്ങളെ മൂന്ന് വ്യത്യസ്ത അളവുകളിലാണ് ഉദ്ദീപിപ്പിക്കുന്നത്. ഉദാഹരണത്തിന് 600 THz (ടെറാ ഹെർട്സ്) ഫ്രീക്വൻസിയുള്ള പ്രകാശം ഒരു പ്രത്യേകതരം കോൺകോശങ്ങളെ മാത്രമേ ഉദ്ദീപിപ്പിക്കൂ, മറ്റുള്ളവയെ അതു കാര്യമായി സ്വാധീനിക്കില്ല. അതിനെയാണ് നീല നിറമായി നമ്മൾ കാണുന്നത്. എന്നാൽ 510 THz ഫ്രീക്വൻസിയുള്ള പ്രകാശം പച്ചയുടെയും ചുവപ്പിന്റെയും കോൺകോശങ്ങളെ എതാണ്ട് ഒരുപോലെ ഉദ്ദീപിപ്പിക്കും. ഇങ്ങനെയുണ്ടാകുന്ന നാഡീ സിഗ്നലിനെ നമ്മുടെ തലച്ചോർ മഞ്ഞ പ്രകാശമായിട്ടാണ് കാണുക. അതുകൊണ്ട് പച്ച-നീല നിറങ്ങളുടെ മിശ്രിതമാണ് മഞ്ഞ എന്നു പറയാം. മൂന്നു പ്രാഥമിക വർണങ്ങളും ഒരേ അളവിൽ ചേർന്നാൽ അത് വെള്ളയായിട്ട് നമുക്ക് കാണപ്പെടും. അതുകൊണ്ട് വെള്ളയെ നമുക്ക് എല്ലാ നിറങ്ങളുടെയും സങ്കരമായി കണക്കാക്കാം. ഇങ്ങനെ കണ്ണിൽ വീഴുന്ന ഒരു പ്രകാശം ഏതൊക്കെ കോൺ കോശങ്ങളെ ഏതൊക്കെ അളവിൽ ഉദ്ദീപിപ്പിക്കുന്നു എന്ന വ്യത്യാസമാണ് ഇക്കണ്ട നിറവ്യത്യാസങ്ങൾക്കൊക്കെ കാരണമാകുന്നത്.

വർണവ്യവകലനം
ചുവന്ന പെയിന്റും പച്ച പെയിന്റും നീല പെയിന്റും കൂടി മിക്സ് ചെയ്താൽ വെള്ള പെയിന്റ് ഉണ്ടാക്കാനാകില്ല– വർണ വ്യവകലനം ആണു കാരണം. ചുവന്ന പെയിന്റ് ചുവന്നതായിരിക്കുന്നത് അതു ചുവപ്പിന്റെ ഒഴികെ മറ്റെല്ലാ ഫ്രീക്വൻസികളെയും ആഗിരണം ചെയ്യുന്നതുകൊണ്ടാണ്. പച്ചയും നീലയും ഒക്കെ അതിൽ ആഗിരണം ചെയ്യപ്പെടും. അതുപോലെ നീല പെയിന്റ് പച്ചയെയും ചുവപ്പിനെയും ഉൾപ്പെടെ ആഗിരണം ചെയ്യും. പച്ച പെയിന്റ് നീലയെയും ചുവപ്പിനെയും കൂടിയും. ഫലമോ? ഇത് മൂന്നുംകൂടി മിക്സ് ചെയ്താൽ നിങ്ങൾക്ക് കറുപ്പാകും കിട്ടുക. എല്ലാ നിറങ്ങളും ആഗിരണം ചെയ്യപ്പെടുന്നു. അതുകൊണ്ട് തന്നെ ഇവിടെ പ്രാഥമിക വർണങ്ങളായി ചുവപ്പ്-പച്ച-നീലയെ ഉപയോഗിക്കാൻ പറ്റില്ല. ഇവിടെയാണ് സിയാൻ-മജന്ത- മഞ്ഞ നിറങ്ങൾ നമ്മുടെ സഹായത്തിനെത്തുന്നത്. നമ്മുടെ കണ്ണിൽ വീഴുന്ന പ്രകാശത്തിൽ പച്ചയും നീലയും ചേർന്നാൽ കിട്ടുന്ന നിറമാണ് സിയാൻ. അതുപോലെ ചുവപ്പും നീലയും ചേർന്ന് മജന്തയും ചുവപ്പും പച്ചയും ചേർന്ന് മഞ്ഞയും ഉണ്ടാകുന്നു. അതായത് സിയാൻ നിറമുള്ള പെയിന്റ് എടുത്താൽ, അത് പച്ചയും നീലയും നിറങ്ങൾ പുറത്തുവിടുന്നുണ്ട് എന്നാണല്ലോ അർഥം. അങ്ങനെയെങ്കിൽ, അത് ചുവപ്പിനെ ആഗിരണം ചെയ്യുന്നുണ്ടാകും. അതുപോലെ, മജന്ത ചുവപ്പിനെയും നീലയെയും പുറത്തുവിടുകയും പച്ചയെ ആഗിരണം ചെയ്യുകയും ചെയ്യും. ഇനി ഈ സിയാനും മജന്തയും കൂടി മിക്സ് ചെയ്താലോ? സിയാൻ ചുവപ്പിനെയും, മജന്ത പച്ചയെയും ആഗിരണം ചെയ്യുന്നതിനാൽ പുറത്തുവരുന്നത് നീലപ്രകാശം മാത്രമായിരിക്കും. ഇങ്ങനെ ചിന്തിച്ചാൽ, മഞ്ഞയും മജന്തയും ചേർത്ത് ചുവപ്പും, മഞ്ഞയും സിയാനും ചേർത്ത് പച്ചയും സൃഷ്ടിക്കാം എന്ന് മനസ്സിലാക്കാം. നമ്മുടെ കണ്ണിലെ പ്രാഥമിക വർണങ്ങളായ ചുവപ്പ്-പച്ച-നീലയെ സൃഷ്ടിക്കാൻ സിയാൻ-മജന്ത-മഞ്ഞയ്ക്ക് സാധിക്കുമെങ്കിൽ, ഫലത്തിൽ അവയും പ്രാഥമിക വർണങ്ങൾ തന്നെയാണ്.

കണ്ണും പ്രകാശവും
ഇനി പ്രകാശം എങ്ങനെ കണ്ണിലെത്തുന്നു എന്നുകൂടി പരിശോധിക്കേണ്ടതുണ്ട്. അതു രണ്ടു രീതിയിൽ വരാം; (1) ചുറ്റുമുള്ള ഒരു വസ്തു സ്വയം പ്രകാശം പുറത്തുവിടുമ്പോൾ (2) ഒരു വസ്തു അതിൽ വീഴുന്ന പ്രകാശത്തെ പ്രതിഫലിപ്പിക്കുമ്പോൾ. ഈ രണ്ട് അവസരങ്ങളിലും വസ്തുവും നമ്മളതിനെ ഏത് നിറത്തിൽ കാണുന്നു എന്നതും തമ്മിലുള്ള ബന്ധം വ്യത്യസ്തമാണ്. ഉദാഹരണത്തിന്, ഒരു ചുവന്ന എൽഇഡി വിളക്ക് ചുവന്നതായി കാണപ്പെടുന്നത് അതിൽനിന്ന് ചുവപ്പിന്റെ ഫ്രീക്വൻസിയുള്ള പ്രകാശം പുറത്തുവരുന്നത് കൊണ്ടാണ്. എന്നാൽ ഒരു ചുവന്ന തൂവാല, ചുവന്നതായി കാണപ്പെടുന്നത് അതിൽ വീഴുന്ന പ്രകാശത്തിൽ ചുവപ്പ് ഒഴികെ മറ്റെല്ലാ നിറങ്ങളെയും അത് ആഗിരണം ചെയ്യുന്നതുകൊണ്ടാണ്. അതായത്, നിലവിലുള്ള പ്രകാശത്തിൽ ചില നിറങ്ങൾ കുറവ് ചെയ്യപ്പെടുന്നത് വഴിയാണ് രണ്ടാമത്തെ ഉദാഹരണത്തിൽ നിറം ഉണ്ടാകുന്നത്. ഇത് ഒരുതരത്തിൽ പറഞ്ഞാൽ വർണവ്യവകലനം (subtraction of colours) ആണ്.

RGB യും CMYK യും
സങ്കലന മിശ്രണം (additive mixing), വ്യവകലന മിശ്രണം (subtractive mixing) എന്നീ വർണപ്രതിഭാസങ്ങളാണ് നമ്മളിപ്പോൾ പറഞ്ഞുവന്നത്. കൂടിച്ചേർക്കേണ്ടത് പ്രകാശത്തെ ആണെങ്കിൽ സങ്കലന മിശ്രണവും, വർണവസ്തുക്കളെ (പെയിന്റ്, മഷി, ഡൈ, തുടങ്ങിയവ) ആണെങ്കിൽ വ്യവകലന മിശ്രണവും ആണ് ഉപയോഗിക്കേണ്ടത്. കംപ്യൂട്ടർ, മൊബൈൽ സ്ക്രീനുകളിൽ ചിത്രങ്ങൾ സൃഷ്ടിക്കുന്നത് സ്വയം പ്രകാശിക്കാൻ കഴിയുന്ന പിക്സലുകൾ (pixel) എന്ന സൂക്ഷ്മ കുത്തുകൾ വഴിയാണ്. ഓരോ പിക്സലും ചുവപ്പ്, പച്ച, നീല എന്നീ നിറങ്ങൾ ചേർന്നതാണ്. അവയുടെ ആനുപാതിക തീവ്രതയിൽ വ്യത്യാസം വരുത്തിയാണ് ഓരോ പിക്സലിന്റെയും നിറം സ്ക്രീനിൽ നിയന്ത്രിക്കുന്നത്. ഇതിനെ RGB സമ്പ്രദായം എന്ന് വിളിക്കും. എന്നാൽ പ്രിന്റ് ചെയ്യപ്പെടുന്ന വസ്തുക്കളിൽ പ്രകാശമല്ല, വർണവസ്തുവാണ് മിക്സ് ചെയ്യപ്പെടുന്നത് എന്നതിനാൽ അവിടെ വ്യവകലനമിശ്രണം വേണം നോക്കാൻ. അതിന് സിയാൻ-മജന്ത-മഞ്ഞ (CMY) എന്നീ നിറങ്ങളെ ആശ്രയിക്കുന്നു. മറ്റുചില സാങ്കേതിക കാരണങ്ങളാൽ കളർ പ്രിന്റിങ്ങിൽ കറുപ്പ് സൃഷ്ടിക്കാൻ കറുത്ത നിറമുള്ള വർണവസ്തു നേരിട്ട് ഉപയോഗിക്കും. അതാണ് CMYK സമ്പ്രദായം. ഇതിലെ K-യെ Key എന്ന് വിളിക്കും. അതാണ് കറുപ്പിനെ സൂചിപ്പിക്കുന്നത്. ഇതാണ് ഈ പത്രത്തിലെ കളർ പേജുകളിൽ കൂട്ടുകാർ കണ്ട കളർപ്പൊട്ടുകളുടെ രഹസ്യം. CMYK അനുസരിച്ചുള്ള നാല് പൊട്ടുകളാണ് നമ്മളാ കാണുന്നത്. പേജ് സെറ്റ് ചെയ്തുകഴിഞ്ഞാൽ ഓരോ പ്രാഥമിക വർണത്തിനും പ്രത്യേകം പ്ലേറ്റ് തയാറാക്കി എല്ലാംകൂടി ഒരുമിച്ച് ഒരേ പേജിൽ അച്ചടിച്ചാണ് കളർ പേജ് പ്രിന്റ് ചെയ്യുന്നത്. പത്രങ്ങൾ അച്ചടിക്കുന്ന വേഗം പരിഗണിക്കുമ്പോൾ ഓരോ പ്രിന്റും എടുത്ത് പല നിറങ്ങളുടെ പ്ലേറ്റ് കൃത്യമായ സ്ഥലത്ത്, കൃത്യമായ തീവ്രതയിലാണോ പതിയുന്നത് എന്ന് പരിശോധിക്കുക പ്രായോഗികമല്ല. അത് ഒഴിവാക്കാനാണ് ഈ നാല് പൊട്ടുകൾ വരിവരിയായി ഒരിടത്ത് അച്ചടിക്കുന്നത്. ഇവയെ യന്ത്രസഹായത്താൽ പരിശോധിച്ചാണ് പ്രിന്റിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നത്.