മുടിയില്ലെങ്കിലും വരുന്നു, സുന്ദരി ബാർബി !, Barbie doll, different body types, Padhippura,, Manorama Online

മുടിയില്ലെങ്കിലും വരുന്നു, സുന്ദരി ബാർബി !

നവീൻ മോഹൻ

സ്വർണത്തലമുടിയും നീലക്കണ്ണുകളുമുള്ള വെളുത്തുമെലിഞ്ഞ സുന്ദരിപ്പാവ– ബാർബിയെന്ന പേരു കേട്ടാൽ കൊച്ചുകൂട്ടുകാരുടെ മനസ്സിലേക്ക് ആദ്യമെത്തുക ആ രൂപമായിരിക്കും. ആദ്യത്തെ ബാർബിപ്പാവയിറങ്ങി വർഷം 60 കഴിഞ്ഞു. ഇപ്പോഴും ഈ സുന്ദരിക്കുട്ടിക്കു സൗന്ദര്യത്തിനു യാതൊരു കുറവുമില്ല. ഒരുപക്ഷേ സൗന്ദര്യം ഇരട്ടിക്കിരട്ടിയായിരിക്കുകയാണ് ഇപ്പോള്‍. കാരണം, ഇന്നു ലോകത്തിലെ എല്ലാ കുട്ടികൾക്കും ബാർബിയെ ഇഷ്ടമാണ്. അവരുടെയെല്ലാം രൂപത്തിൽ ഓരോ വർഷവും മാറ്റെൽ കമ്പനി ബാർബിപ്പാവകളെ പുറത്തിറക്കിക്കൊണ്ടേയിരിക്കുന്നു.

ഇത്തവണയും പതിവുതെറ്റിച്ചില്ല. വെള്ളപ്പാണ്ടുള്ളതും അംഗപരമായ വെല്ലുവിളി നേരിടുന്നതും മുടിയില്ലാത്തതുമായ പാവകളെ പുറത്തിറക്കിയായിരുന്നു മാറ്റെൽ ഇത്തവണ ലോകത്തിന്റെ ഹൃദയം കവർന്നത്. വിപണിയിലേക്കു വൈകാതെ തന്നെ എത്തുന്ന പലതരം പാവകളുടെ കൂട്ടത്തിലാണ് ഈ സ്റ്റാർപാവകളെയും ഒരുക്കിയത്. ചുറ്റിലുമുള്ള എല്ലാ തരം ആൾക്കാരുടെയും ജീവിതമറിഞ്ഞു മുന്നോട്ടു പോകാൻ ഈ പാവകൾ കുട്ടികളെ സഹായിക്കുമെന്നാണു കമ്പനി പറയുന്നത്. ഓരോരുത്തരുടെയും ശാരീരിക അവസ്ഥകൾ തിരിച്ചറിയുന്നത് അവരുടെ മനസ്സിലെ നന്മയേറ്റാനും സഹായിക്കും.
വിപണിയിലിറക്കുന്ന പാവയുടെ മാതൃക കഴിഞ്ഞ ദിവസം ബാർബിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിരുന്നു. ഇതുവരെ പോസ്റ്റ് ചെയ്തിരിക്കുന്ന ബാർബിച്ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ ലൈക്ക് നേടിയ പടമായും അതുമാറി. ഏകദേശം ഒന്നരലക്ഷത്തിലേറെപ്പേരാണ് ഇൻസ്റ്റഗ്രാമിൽ സ്നേഹം പങ്കുവച്ചത്. കഴിഞ്ഞ വർഷം പുറത്തിറക്കിയ, വീൽചെയറിലിരിക്കുന്ന ബാർബിപ്പാവയും സൂപ്പർഹിറ്റായിരുന്നു. യുകെയിൽ ഏറ്റവും കൂടുതൽ വിറ്റ രണ്ടു ബാർബിപ്പാവകളിലൊന്നായിരുന്നു അത്. ചുരുണ്ട മുടിയിഴകളുള്ള ആഫ്രിക്കൻ സുന്ദരി ബാർബിയായിരുന്നു ലോകത്തിൽ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ വിൽക്കപ്പെട്ടത്.

ഇത്തവണ കൃത്രിമക്കാലുള്ള പാവക്കുട്ടിയെയും മാറ്റെൽ ഒരുക്കുന്നുണ്ട്. ഇരുണ്ടനിറമുള്ള സുന്ദരിബാർബിയും കൂട്ടുകാർക്കരികിലെത്താൻ ഒരുങ്ങുകയാണ്. ഏതെങ്കിലും തരത്തിലുള്ള രോഗം കാരണം മുടി നഷ്ടപ്പെട്ടവരും സങ്കടപ്പെടേണ്ട. ഇതാദ്യമായി, ആ സ്വർണത്തലമുടി മുഴുവൻ ‘വെട്ടിക്കളഞ്ഞ’ ബാർബിപ്പാവയും ഒരുങ്ങുന്നു. ശരീരത്തിന് 22 നിറങ്ങള്‍, 76 ഹെയർ സ്റ്റൈലുകൾ, 96 ഹെയർ കളറുകൾ, കണ്ണിന്റെ നിറം 13 തരം... ഇത്തരത്തിലുള്ള ബാർബിപ്പാവകളെയാണ് മാറ്റെൽ ഇതുവരെ നിർമിച്ചത്. 170ലേറെ തരം പാവകളെയും പുറത്തിറക്കിക്കഴിഞ്ഞു ഇതിനോടകം.

Summary : Barbie doll different body types