ആ ബോംബ് കവർന്നത് ലക്ഷങ്ങളുടെ ജീവൻ !

ആണവ ആക്രമണത്തിന്റെ മുറിവുകൾ ഉണങ്ങാതെ ഹിരോഷിമയും നാഗസാക്കിയും. ആണവവികിരണം കവർന്നത് ലക്ഷങ്ങളുടെ ജീവൻ. ആ കണ്ണീരോർമയിൽ നമുക്ക് പ്രതിജ്ഞയെടുക്കാം, വേണ്ട, ഇനിയൊരു യുദ്ധം

ചരിത്രം നിലച്ച നിമിഷം

1945 ഓഗസ്റ്റ് 6 തിങ്കൾ. രാവിലെ 8.15 ബ്രിഗേഡിയർ പോൾ വാർഫീൽഡ് ടിബെറ്റ്സിന്റെ നേതൃത്വത്തിൽ വടക്കൻ പസിഫിക്കിൽ നിന്ന് പറന്നുയർന്ന എനോള ഗേ ബി–29 എന്ന അമേരിക്കൻ യുദ്ധവിമാനം ഹിരോഷിമയ്ക്കു മുകളിൽ. മൂന്നുമീറ്റർ നീളവും 4,408 കിലോഗ്രാം ഭാരവുമുള്ള ലിറ്റിൽ ബോയ് എന്ന യുറേനിയം ബോംബ് നഗരത്തെ ലക്ഷ്യമാക്കി താഴേക്ക്.

ദുരന്തം ബാക്കിവച്ചത്

ലോകത്തെ ആദ്യത്തെ ആണവാക്രമണത്തിൽ ഹിരോഷിമ നടുങ്ങി. ആണവ ബോംബ് 13 ചതുരശ്ര കിലോമീറ്റർ ജനവാസമേഖലയെ ചാരക്കൂമ്പാരമാക്കി മാറ്റി. ഉയർന്നു പൊങ്ങിയ കൂൺ മേഘങ്ങളിൽ ഹിരോഷിമ നഗരം ഉരുകിത്തിളച്ചു. 2500 ഡിഗ്രി സെന്റിഗ്രേഡ് ചൂടിൽ നിന്നും ഉഷ്ണക്കാറ്റിൽനിന്നും രക്ഷപെടാൻ ഓഹിയോ നദിയിൽ ചാടിയവർ അപ്പോൾത്തന്നെ വെന്തുമരിച്ചു. പൊട്ടിത്തെറികളുടെ കാതടപ്പിക്കുന്ന ശബ്ദവും, പച്ചമാംസം കരിഞ്ഞതിന്റെ മനംമടുപ്പിക്കുന്ന ഗന്ധവും അന്തരീക്ഷത്തിൽ നിറഞ്ഞു. കുട്ടികളും സ്ത്രീകളുമുൾപ്പെടെ എഴുപതിനായിരത്തിലധികം പേർ തൽക്ഷണം കൊല്ലപ്പെട്ടു. രണ്ടു ലക്ഷത്തിലധികം പേർ ആണവവികിരണത്തിന്റെ ഫലമായുള്ള ജനിതക വൈകല്യങ്ങളാലും മാരക രോഗങ്ങളാലും മരിച്ചു.

ദുരന്ത ദൃശ്യം

1945 ഓഗസ്റ്റ് 9 രാവിലെ 11.02 ഹിരോഷിമയിലെ ആണവ ആക്രമണത്തിന്റെ മൂന്നാംനാൾ ആയിരുന്നു നാഗസാക്കിയെ തകർത്തെറിഞ്ഞ ആക്രമണം. ‘ബോക്സ് കാർ’ എന്ന അമേരിക്കൻ ബോംബർ വിമാനം ചാൾസ് സ്വീനെ എന്ന പൈലറ്റിന്റെ നേതൃത്വത്തിൽ തെക്കൻ ജപ്പാനിലെ തുറമുഖ നഗരമായ നാഗസാക്കിയെ ലക്ഷ്യമാക്കിയെത്തി. പ്ലൂട്ടോണിയം 239 കൊണ്ട് നിർമിച്ച അണുബോംബ് ‘ഫാറ്റ്മാൻ’ നാഗസാക്കിക്കുമേൽ വർഷിച്ചു. നാഗസാക്കിയിലെ അണ്വായുധ പ്രയോഗത്തിൽ നാൽപതിനായിരത്തിലധികം ആളുകൾ തൽക്ഷണം മരിച്ചു. ലക്ഷക്കണക്കിനാളുകൾ അണുവികിരണത്താലും മാരക രോഗങ്ങളാലും പിന്നീട് കൊല്ലപ്പെട്ടു. നാഗസാക്കി ആക്രമണത്തിന്റെ ആറാംനാൾ ഓഗസ്റ്റ് 15–ന് ജപ്പാൻ കീഴടങ്ങിയതോടെ രണ്ടാം ലോകയുദ്ധത്തിന് അവസാനമായി.

എരിഞ്ഞു തീർന്ന ടോമോ

ഹിരോഷിമയിലെ ടോമോ എന്ന അപൂർവ വിദ്യാലയമുൾപ്പെടെ ആയിരക്കണക്കിന് വിദ്യാലയങ്ങൾ ആണവസ്ഫോടനത്തിൽ തകർന്നു വീണു. ടോട്ടോചാൻ എന്ന പുസ്തകത്തിലൂടെ ‘ടോമോ’ പിന്നീട് ലോകമെങ്ങും സുപരിചിതമായി. ആ പുസ്തകമെഴുതിയ തെത്‍സുകോ കുറിയോനഗി (ടോട്ടോചാൻ) പഠിച്ചത് അവിടെയായിരുന്നു. ട്രെയിൻ കോച്ചുകളിൽ ഒരുക്കിയ ഭംഗിയുള്ള വിദ്യാലയം. അവിടെ കുട്ടികളുടെ പ്രിയങ്കരനായ കൊബായാഷി മാസ്റ്റർ എന്ന പ്രധാനാധ്യാപകനും. ബോംബാക്രമണത്തെ കുറിച്ച് തെത്‌സുകോ കുറയോനഗി എഴുതി: ‘ടോമോ എരിഞ്ഞു വീണു. മിയോചാനും സഹോദരി മിസാചാനും അമ്മയും സ്കൂളിനോട് ചേർന്നുള്ള വീട്ടിൽനിന്നുകുഹോൻബസ്തു കുളക്കരയിലെ ടോമോ പാടത്തേക്ക് ഓടി’ ക്ലാസ്മുറികളായി പ്രവർത്തിച്ചിരുന്ന ട്രെയിൻ കോച്ചുകൾക്കു മുകളിൽ ഷെല്ലുകൾ ഹുങ്കാര ശബ്ദത്തോടെ പതിച്ചു. ഹെഡ്മാസ്റ്ററുടെ സ്വപ്നത്തിൽ ത്രസിച്ചു നിന്നിരുന്ന വിദ്യാലയം തീനാളങ്ങളിൽ മറഞ്ഞു. അദ്ദേഹം ഒരുപാട് സ്നേഹിച്ച കുഞ്ഞിച്ചിരികളുടെയും ചിലയ്ക്കലുകളുടെയും സ്വരഭേദങ്ങൾക്കു പകരം വിദ്യാലയമൊന്നാകെ ഭയാനകമായ ശബ്ദത്തോടെ നിലംപൊത്തി. തെരുവിന്റെ വിജനതയിൽനിന്ന് ടോമോ കത്തിയെരിയുന്ന ദൃശ്യം മാസ്റ്റർ കണ്ടു.

ഹിബാക്കുഷകൾ

ആണവസ്ഫോടനത്തിന് ഇരകളായ ജപ്പാൻകാർ ‘ഹിബാക്കുഷ’ എന്ന പേരിലാണ് അറിയപ്പെടുന്നത്. സ്ഫോടനം ബാധിച്ച ജനങ്ങൾ എന്നാണ് ഹിബാക്കുഷ എന്ന ജാപ്പനീസ് വാക്കിന്റെ അർഥം. ദുരന്തത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് ഓരോ ഹിബാക്കുഷയും. ഹിരോഷിമയിലെ യുദ്ധ സ്മാരകത്തിൽ 3,08,725 ഹിബാക്കുഷകളുടെയും, നാഗസാക്കിയിൽ 1,75,743 ഹിബാക്കുഷകളുടെയും പേര് രേഖപ്പെടുത്തിയിട്ടുണ്ട്. യുദ്ധാനന്തര ജപ്പാനിൽ ഹിബാക്കുഷകൾക്ക് സാമൂഹികവും, മാനസികവുമായ ഏറെ വെല്ലുവിളികളും വിവേചനങ്ങളും നേരിടേണ്ടി വരികയും ചെയ്തു.

സഡാക്കോയുടെ കൊക്കുകൾ

യുദ്ധങ്ങൾക്കും കലാപങ്ങൾക്കുമെതിരായി നിലകൊള്ളുന്ന ലോകമെങ്ങുമുള്ള മനുഷ്യരുടെ പ്രചോദനമാണ് സഡാക്കോ സസാകി എന്ന ജപ്പാനീസ് പെൺകുട്ടിയും അവളുടെ കടലാസ് കൊക്കുകളും. അവൾക്കു രണ്ടു വയസ്സുള്ളപ്പോഴായിരുന്നു ഹിരോഷിമ ബോംബാക്രമണം. മരണത്തിൽ നിന്നു രക്ഷപെട്ടെങ്കിലും അണുവികിരണം സഡാക്കോയ്ക്ക് രക്താർബുദം എന്ന മാരകരോഗം സമ്മാനിച്ചു. 1000 കടലാസു കൊക്കുകളുണ്ടാക്കി പ്രാർഥിച്ചാൽ ആഗ്രഹിക്കുന്നത് നടക്കുമെന്ന ജാപ്പനീസ് വിശ്വാസപ്രകാരം സഡാക്കോ ആശുപത്രി കിടക്കയിലിരുന്ന് കൊക്കുകളെയുണ്ടാക്കി. പക്ഷേ, 644 കൊക്കുകൾ ഉണ്ടാക്കിക്കഴിഞ്ഞപ്പോഴേക്കും മരണമെത്തി. പിന്നീട്, അവളുടെ കൂട്ടുകാരികൾ ചേർന്ന് ബാക്കി 356 കടലാസ് കൊക്കുകളെയുണ്ടാക്കി സഡാക്കോയുടെ ആഗ്രഹം നിറവേറ്റി. സഡാക്കോയും അവളുടെ ഒറിഗാമി കൊക്കുകളും ലോക സമാധാനത്തിന്റെ പ്രതീകമായി മാറി.

ഹിരോഷിമ പീസ് മെമ്മോറിയൽ പാർക്ക്

ആണവായുധങ്ങൾ ഉണ്ടാക്കുന്ന ദുരന്തങ്ങളെ ഓർമിപ്പിക്കുന്ന ഈ ഉദ്യാനം സമാധാനത്തിന്റെ എക്കാലത്തെയും ഉദാത്ത പ്രതീകമായി നിലകൊള്ളുന്നു. ആണവ ബോംബ് പതിച്ച അതേ സ്ഥലത്ത് കെൻസോ ടാംഗെ എന്ന വാസ്തുശിൽപിയാണ് ഉദ്യാനം രൂപകൽപ്പന ചെയ്തത്. ഹിരോഷിമയിലെ ആണവായുധ പ്രയോഗത്തെ അതിജീവിച്ച ഹിരോഷിമ പ്രീഫെക്ച്ചറൽ ഇൻഡസ്ട്രിയൽ പ്രൊമോഷൻ ഹാൾ എന്ന കെട്ടിടത്തെ ഹിരോഷിമ ശാന്തി സ്മാരകം എന്നപേരിൽ സംരക്ഷിച്ചു വരുന്നു. സഡാക്കോ സസാക്കിയുടെ പ്രതിമ സ്ഥിതി ചെയ്യുന്ന കുട്ടികളു‍ടെ ശാന്തി സ്മാരകം, റെസ്റ്റ് ഹൗസ്, ശാന്തി സ്മാരക മ്യൂസിയം, കോൺഫറൻസ് സെന്റർ, ഹിരോഷിമ നാഷണൽ പീസ് മെമ്മോറിയൽ എന്നിങ്ങനെ ആണവദുരന്തത്തെ നേരിട്ട സ്ഥാപനങ്ങളും സ്മാരകങ്ങളും ഇവിടെയുണ്ട്.

നമുക്ക് ചെയ്യാം

ഹിരോഷിമ ദിനത്തെക്കുറിച്ചു വായിക്കുക മാത്രമല്ല, യുദ്ധവിരുദ്ധ സന്ദേശം പകരാൻ നമുക്ക് പലതും ചെയ്യാനുമാകും.

∙യുദ്ധവിരുദ്ധ റാലി

∙ഹിരോഷിമ–നാഗസാക്കി ഫോട്ടോ എക്സിബിഷൻ

∙ സഡാക്കോ കടലാസ് കൊക്കു നിർമാണം

∙സഡാക്കോ കഥയുടെ നാടകാവിഷ്കാരം

∙പോസ്റ്റർ തയാറാക്കൽ

∙സിനിമ പ്രദർശനം

∙ യുദ്ധവിരുദ്ധ പ്രതിജ്ഞയും സെമിനാറും

∙ആണവായുധ വിരുദ്ധ പ്രശ്നോത്തരി

∙പ്രത്യേക അസംബ്ലി

∙ ലോകത്തുണ്ടായ പ്രധാന യുദ്ധങ്ങളുടെ ചരിത്രവും സമാധാന ഉടമ്പടികളെക്കുറിച്ചുള്ള വിവര ശേഖരണം