അറ്റാക്കാമ മരുഭൂമിയിലെ ടെലസ്കോപ്പുകൾ ‘കണ്ടു’ ഗാലക്സികളുടെ കൂട്ടിയിടി, Astronomers, Galaxies merging, Atacama desert, Padhippura, Manorama Online

അറ്റാക്കാമ മരുഭൂമിയിലെ ടെലസ്കോപ്പുകൾ ‘കണ്ടു’ ഗാലക്സികളുടെ കൂട്ടിയിടി

ബിഗ് ബാങ് എന്നൊരു വമ്പൻ കൂട്ടിയിടിയിലൂടെയാണു നമ്മുടെ പ്രപഞ്ചം രൂപപ്പെട്ടതെന്നു കൂട്ടുകാർക്കറിയാമല്ലോ. ആ കൂട്ടിയിടിയും കഴിഞ്ഞ് ഏകദേശം 100 കോടി വർഷത്തിനടുത്തായപ്പോൾ ഭൂമിയിൽ നിന്നു ദൂരെ ദൂരെ വളരെയേറെ ദൂരെ ബഹിരാകാശത്ത് മറ്റൊരു സംഭവം നടന്നു. രണ്ടു ഗാലക്സികള്‍ തമ്മിൽ കൂടിച്ചേർന്നു! ഭൂമിയിൽ നിന്ന് 1300 കോടി പ്രകാശ വർഷം അകലെയായിരുന്നു സംഭവം. അതായത് ഗവേഷകർ ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന കാര്യം ഏകദേശം 1300 കോടി വർഷം മുൻപ് സംഭവിച്ചതാണ്. ചിലെയിലെ അറ്റാക്കാമ ലാ‍ർജ് മില്ലിമീറ്റർ അറേ ടെലസ്കോപ്പിൽ(അൽമ) നിന്നുള്ള ഡേറ്റയാണു പ്രപഞ്ചത്തിലെ ഏറ്റവും പുരാതനമായ ഗാലക്സി കൂടിച്ചേരലിന്റെ വിവരങ്ങള്‍ ശാസ്ത്രത്തിനു സമ്മാനിച്ചത്.

ഭൂമിയിൽ നിന്ന് ഏറെ ദൂരെയുള്ള, എന്നാൽ അതീവ പ്രകാശമുള്ള ഒരു ഗാലക്സിയിൽ നിന്നുള്ള റേഡിയോ തരംഗങ്ങൾ കുറേ നാളായി അൽമ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ബി14–65666 എന്നായിരുന്നു ഗാലക്സിക്കു ഗവേഷകർ നൽകിയ പേര്. നേരത്തേ ഹബിൾ സ്പേസ് ടെലസ്കോപ്പ് ഉപയോഗിച്ചും ഈ ഗാലക്സിയെ നിരീക്ഷിച്ചിരുന്നു. അന്ന് അതിനകത്ത് രണ്ടു തരം നക്ഷത്ര സമൂഹങ്ങളെ കണ്ടെത്തിയത് ഗവേഷകരെ അമ്പരപ്പിക്കുകയും ചെയ്തു. വടക്കുകിഴക്കായുള്ള നക്ഷത്ര സമൂഹത്തിന് ‘ക്ലംപ് എ’ എന്നും തെക്കുപടിഞ്ഞാറൻ നക്ഷത്ര സമൂഹത്തിന് ‘ക്ലംപ് ബി’ എന്നുമായിരുന്നു പേര്. എന്നാൽ ഹബിൾ ടെലസ്കോപ്പിന് കൂടുതല്‍ ആഴങ്ങളിലേക്കിറങ്ങിയുള്ള പരിശോധന സാധ്യമായില്ല. അങ്ങനെയാണ് ഹബിളിനേക്കാൾ പത്തിരട്ടി ശേഷിയുള്ള റേഡിയോ ടെലസ്കോപ്പായ അൽമയുടെ സഹായം തേടുന്നത്.

അറ്റക്കാമ മരുഭൂമിയിൽ സ്ഥിതി ചെയ്യുന്ന ഇതിന് അതിശക്തമായ 66 ആന്റിനകളുണ്ട്. അവയുടെ പ്രധാന ജോലിയാകട്ടെ ഭൂമിയിൽ നിന്നു കോടിക്കണക്കിനു പ്രകാശവർഷം അകലെയുള്ള റേഡിയോ തരംഗങ്ങളെ പിടിച്ചെടുക്കുകയെന്നതും. അതുപയോഗിച്ചുള്ള നിരീക്ഷണത്തിൽ രണ്ടു നക്ഷത്ര സമൂഹത്തിൽ നിന്നും മൂന്നു വ്യത്യസ്ത തരം അടയാളങ്ങൾ (signatures) കണ്ടെത്തി: കാർബൺ, ഓക്സിജൻ, പൊടിപടലങ്ങൾ എന്നിവയിൽ നിന്നുള്ളതായിരുന്നു അവ. അതിൽ നിന്നായിരുന്നു മൂന്നു തരം റേഡിയോ സിഗ്നലുകളും പുറത്തുവന്നിരുന്നത്. പക്ഷേ ഗവേഷകർക്ക് ഒരു കാര്യം ഉറപ്പായിരുന്നു. ഇത്തരം സിഗ്നലുകൾ ഒരിക്കലും ഇത്രയേറെ പഴക്കമുള്ള ഒരു ഗാലക്സിയിൽ നിന്നു വരില്ല. അങ്ങനെ സിഗ്നലുകൾക്കിടയിലെ വ്യതിയാനങ്ങള്‍ പരിശോധിച്ചപ്പോഴായിരുന്നു ബി14–65666 ഒരു ഗാലക്സിയില്ല, രണ്ടെണ്ണം കൂടിച്ചേർന്നതാണെന്നു പിടികിട്ടിയത്.

ക്ലംപ് എയിൽ നിന്നുള്ള റേഡിയോ സിഗ്നലുകളുടെ വേഗവും ക്ലംപ് ബിയിൽ നിന്നുള്ളവയുടെ വേഗവും വ്യത്യസ്തമായിരുന്നു. സാധാരണ ഗതിയിൽ ഒരു ഗാലക്സിയിൽ അതു സംഭവിക്കാത്തതാണ്. അങ്ങനെയാണ് ഗാലക്സി കൂടിച്ചേരലിന്റെ സൂചന ലഭിക്കുന്നത്. ഇപ്പോഴും ആ കൂടിച്ചേരല്‍ തുടരുകയാണെന്നും ഗവേഷകർ പറയുന്നു. ഗാലക്സികൾ കൂടിച്ചേരുമ്പോൾ വാതകങ്ങൾ ഇടിച്ചുചേരുന്നതും സ്വാഭാവികം. അങ്ങനെയാണ് പുതിയ നക്ഷത്രങ്ങൾ രൂപപ്പെടുന്നത്. ഗാലക്സിയിൽ ഇപ്പോഴും സജീവമായിത്തന്നെ നക്ഷത്രങ്ങൾ രൂപപ്പെടുന്നുവെന്നതിന്റെ തെളിവും ലഭിച്ചു. നക്ഷത്രങ്ങളുണ്ടാകുന്നതിന്റെ ഫലമായി പുറന്തള്ളപ്പെടുന്ന അതിശക്തമായ അൾട്രാവയലറ്റ്(യുവി) തരംഗങ്ങളുടെ സാന്നിധ്യമായിരുന്നു അത്.

യുവി തരംഗം കാരണം ബി14–65666യിലെ പൊടിപടലങ്ങൾക്ക് കഠിനമായ ചൂടാണ്, ഗാലക്സിക്ക് അതിതീവ്രമായ പ്രകാശവും. ഭൂമി ഉൾപ്പെടെയുള്ള സൗരയൂഥം സ്ഥിതി ചെയ്യുന്നത് ക്ഷീരപഥം എന്ന ഗാലക്സിയിലാണ്. അതിനേക്കാളും 100 മടങ്ങ് സജീവമാണ് ബി14–65666. പക്ഷേ അപ്പോഴും വലുപ്പക്കൂടുതൽ നമ്മുടെ ക്ഷീരപഥത്തിനു തന്നെയാണ്. കൂടിച്ചേർന്നു രൂപപ്പെട്ട ഗാലക്സിയിൽ ഏതൊക്കെ രാസവസ്തുക്കളുണ്ടെന്നു കണ്ടെത്തുകയാണ് ഗവേഷകരുടെ അടുത്ത ലക്ഷ്യം. നൈട്രജന്‍, കാർബൺ മോണോക്സൈഡ് തന്മാത്രകളുടെ സാന്നിധ്യം തേടിയുള്ള ഗവേഷണം ആരംഭിച്ചു കഴിഞ്ഞു. അക്കാര്യം സ്ഥിരീകരിച്ചാൽ എങ്ങനെയാണു ഗാലക്സികൾ രൂപപ്പെട്ടതെന്നതിന്റെ കൃത്യമായ ചിത്രവും ലഭിക്കും.