മഴയ്ക്കു പകരം ആകാശത്തുനിന്ന് ഉരുകിയൊലിച്ച് ഇരുമ്പ്; ഞെട്ടിച്ച് വാസ്പ് 76 ബി, Astronomers, found an exoplanet, wasp 76b,Rains Iron Padhippura,Manorama Online

മഴയ്ക്കു പകരം ആകാശത്തുനിന്ന് ഉരുകിയൊലിച്ച് ഇരുമ്പ്; ഞെട്ടിച്ച് വാസ്പ് 76 ബി

ആകാശമിങ്ങനെ മൂടിക്കെട്ടി നിൽക്കുന്നു, മഴ എപ്പോൾ വേണമെങ്കിലും പെയ്യാം. നല്ല തണുത്ത കാറ്റോടു കൂടിയെത്തി കുളിർമയോടെ കൊതിപ്പിക്കുന്ന മഴ. അതും നോക്കിയിരിക്കാൻതന്നെ എന്തു രസമാണല്ലേ? ഇടയ്ക്ക് കൈകൊണ്ട് വെള്ളത്തുള്ളികൾ തട്ടിത്തെറിപ്പിച്ചും ആഘോഷിക്കാം. പക്ഷേ മഴയിലേക്കു കൈ നീട്ടുമ്പോൾ തണുപ്പിനു പകരം കൊടുംചൂടാണെങ്കിലോ? ഭൂമിയിലാണെങ്കിൽ അതിനെ ആസിഡ് മഴയെന്നു വിളിക്കും. അന്തരീക്ഷ മലിനീകരണം കാരണം ഭൂമിയിൽ പലയിടത്തും ആസിഡ് മഴ പെയ്യാറുണ്ട്. പക്ഷേ ദൂരെദൂരെയൊരു ഗ്രഹത്തിൽ പെയ്യുന്ന മഴയിലേക്കു കൈനീട്ടിയാൽ നമ്മുടെ കൈകൾ വെന്തു പൊള്ളിപ്പോകും!

മുഴുവൻ സമയവും മേഘക്കൂട്ടം നിറഞ്ഞ ആകാശത്തോടു കൂടിയ ആ ഗ്രഹത്തിന്റെ പേരാണ് വാസ്‍പ് 76ബി. ഭൂമിയിൽ നിന്ന് ഏകദേശം 390 പ്രകാശ വർഷം അകലെയാണ് ഈ പുത്തൻ ഗ്രഹത്തെ ഏതാനും വർഷം മുൻപ് കണ്ടെത്തിയത്. മഴമേഘങ്ങൾക്കു പകരം ഇവിടെ ഇരുമ്പ് നിറഞ്ഞ മേഘങ്ങളാണെന്നാണു ഗവേഷകർ പറയുന്നത്. സൗരയൂഥത്തിലെ വമ്പൻ ഗ്രഹമായ വ്യാഴത്തിനു സമാനമായ അന്തരീക്ഷമാണത്രേ ഇതിനും. പക്ഷേ വ്യാഴത്തേക്കാൾ രണ്ടിരട്ടി വലുപ്പമുണ്ട്. ഈ ഗ്രഹം ഒരു നക്ഷത്രത്തെ ഭ്രമണം ചെയ്യുന്നുമുണ്ട്.

നക്ഷത്രത്തെ അഭിമുഖീകരിച്ചു നിൽക്കുന്ന വശത്ത് എല്ലായിപ്പോഴും കൊടുംചൂടാണ്. ഏതായത് ഏകദേശം 2400 ഡിഗ്രി സെൽഷ്യസ് വരും. ലോഹങ്ങളെല്ലാം ഉരുകിയൊലിച്ചുപോകുന്ന ചൂടാണിത്. സ്വാഭാവികമായും മേഘങ്ങളിലെ ഇരുമ്പും ഈ ചൂടിൽ ഉരുകിയൊലിക്കും. അങ്ങനെ താഴേക്കു പതിക്കുക ചുട്ടുപഴുത്ത ഇരുമ്പ് മഴത്തുള്ളികളും! നക്ഷത്രത്തിന്റെ എതിർവശത്തെ ഭാഗത്ത് തണുപ്പാണ്. പക്ഷേ ഭൂമിയിലേതു പോലുള്ള തണുപ്പല്ല കേട്ടോ. അവിടെ താപനില ഏകദേശം 1500 ഡിഗ്രി സെൽഷ്യസ് കാണും. ഭൂമിയിലെ കണക്കുപ്രകാരം രണ്ടു ദിവസമെടുത്താണ് വാസ്പ് 76ബി അതിന്റെ നക്ഷത്രത്തെ ഒരുതവണ ചുറ്റിത്തീർക്കുന്നത്. ഭ്രമണത്തിലെ പ്രത്യേകത കാരണം നക്ഷത്രത്തെ അഭിമുഖീകരിക്കുന്ന ഭാഗം എല്ലായിപ്പോഴും പകലായിരിക്കും, എതിർവശം രാത്രിയും.

ചിലപ്പോൾ മണിക്കൂറിൽ 11,000 മൈൽ വേഗത്തിൽ കാറ്റുവീശും. ഈ കാറ്റിൽ പകലായിരിക്കുന്ന ഗ്രഹത്തിലെ ഭാഗത്ത് ബാഷ്പീകരിച്ച അവസ്ഥയിലുള്ള ഇരുമ്പ് രാത്രിയായിരിക്കുന്ന ഭാഗത്തേക്ക് എത്തപ്പെടും. പകൽ രാത്രിയായി മാറുന്ന ഗ്രഹത്തിലെ ‘ട്രാൻസിഷൻ’ പോയിന്റിലാണ് താപനില താഴുന്നതോടെ മേഘങ്ങൾ രൂപപ്പെടുന്നതെന്നും യൂണിവേഴ്സിറ്റി ഓഫ് ജനീവയിലെ ഗവേഷകർ പറയുന്നു. ശരിക്കും ഭൂമിയിലെ ഒരു സ്റ്റീൽ ഫാക്ടറിയിലേതിനു സമാനമായ കാഴ്ചയായിരിക്കും ഗ്രഹത്തിൽ കാത്തിരിക്കുന്നത്. ചിലെയിലെ യൂറോപ്യൻ സതേൺ ഒബ്സർവേറ്ററിയുടെ വമ്പൻ ടെലസ്കോപ്പ് ഉപയോഗിച്ചാണ് ഗവേഷകർ വാസ്പ് ഗ്രഹത്തെ പഠിക്കുന്നത്. ഇരുമ്പ് തണുക്കുകയും പിന്നീട് ഉരുകി മഴയാവുകയും ചെയ്യുന്ന ഇത്തരമൊരു ഗ്രഹം പ്രപഞ്ചത്തിൽ ഇന്നേവരെ കണ്ടെത്തിയിട്ടില്ലെന്നും ഗവേഷകർ പറയുന്നു. നേച്ചർ ജേണലിലുണ്ട് വിശദമായ പഠനം.