‘ഇടി’ കിട്ടി വിള്ളൽ നിറഞ്ഞ പടുകൂറ്റൻ ഛിന്നഗ്രഹം; ബഹിരാകാശ അദ്ഭുതമെന്ന് ഗവേഷകർ, Asteroid Palla, violent history revealed, Padhippura,Manorama Online

‘ഇടി’ കിട്ടി വിള്ളൽ നിറഞ്ഞ പടുകൂറ്റൻ ഛിന്നഗ്രഹം; ബഹിരാകാശ അദ്ഭുതമെന്ന് ഗവേഷകർ

എന്തിനെയാണു സൗരയൂഥത്തിൽ നമ്മള്‍ ഏറ്റവും ഭയക്കേണ്ടത്? കരുത്തുറ്റ പാറകളും ലോഹങ്ങളുമെല്ലാം നിറഞ്ഞ ഛിന്നഗ്രങ്ങളെയോ അതോ അവ പരസ്പരം കൂട്ടിയിടിച്ചു രൂപപ്പെടുന്ന ഉൽക്കകളെയോ? രണ്ടാണെങ്കിലും ഭൂമിക്കു വൻ ഭീഷണിയാണ്. പണ്ടൊരിക്കൽ ഒരു ഛിന്നഗ്രഹം വന്നുവീണാണ് ദിനോസറുകൾക്കെല്ലാം വംശനാശം വന്നതെന്നാണു ഗവേഷകർ പറയുന്നത്. ഇപ്പോഴും ഭൂമിക്കു നേരെ ഛിന്നഗ്രഹങ്ങളോ ഉൽക്കകളോ വരുന്നുണ്ടോയെന്നു നോക്കാൻ ലോകത്താകമാനം പലതരം ടെലസ്കോപ്പുകൾ സ്ഥാപിച്ചു നിരീക്ഷിക്കുന്നുമുണ്ട്.

ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയ്ക്കു സ്ഥിതിചെയ്യുന്ന ‘ആസ്റ്ററോയ്ഡ് ബെൽറ്റ്’ എന്ന മേഖലയിലാണ് ഏറ്റവും കൂടുതൽ ഛിന്നഗ്രഹങ്ങളുള്ളത്. ഇവിടെ കണ്ടെത്തിയതിൽ ഏറ്റവും വലിയ മൂന്നാമത്തെ ഛിന്നഗ്രഹമാണ് പാല്ലസ്. ഏകദേശം 512 കിലോമീറ്ററാണ് ഇതിന്റെ വ്യാസം. 1802ലാണ് ആദ്യമായി ഈ ഛിന്നഗ്രഹത്തെ കണ്ടെത്തുന്നത്. ലോകത്ത് മനുഷ്യർ കണ്ടെത്തുന്ന രണ്ടാമത്തെ ഛിന്നഗ്രഹമായിരുന്നു അത്. അതു കണ്ടെത്തിയ ജർമൻ വാനശാസ്ത്രജ്ഞനായ ഹെൻറിച്ച് വില്യം മത്താവൂസ് ആദ്യം കരുതിയത് പാല്ലസ് മറ്റൊരു ഗ്രഹമാണെന്നായിരുന്നു. അത്രയേറെയായിരുന്നു വലുപ്പം.

അതിന്റെ സഞ്ചാരപഥം ശ്രദ്ധിച്ചപ്പോഴായിരുന്നു സംഗതി ഗ്രഹമല്ലെന്നു മനസ്സിലായത്. സൂര്യനു ചുറ്റും ഭൂമി ഉൾപ്പെടെയുള്ള ഗ്രഹങ്ങൾ കറങ്ങുന്നത് നിശ്ചിതപാതയിലൂടെയാണ്. പക്ഷേ ക്ലാസ് ‘കട്ട്’ ചെയ്യുന്ന കുട്ടിയെപ്പോലെ ഇടയ്ക്ക് ആസ്റ്ററോയ്ഡ് ബെൽറ്റിൽ നിന്ന് പാല്ലസ് പുറത്തേക്കു ചാടും. എന്നിട്ട് വളഞ്ഞുപുളഞ്ഞാണ് സൂര്യനു ചുറ്റും സഞ്ചാരം. ഇതെവിടേക്കാണു പോകുന്നതെന്നുപോലും പ്രവചിക്കാനാകില്ല. വടക്കോട്ടും തെക്കോട്ടുമെല്ലാം ഇതുയർന്നു പോകും, പിന്നാലെ പലതരം വസ്തുക്കൾ ചേർന്ന ഒരു വാലുമുണ്ടാകുക പതിവുണ്ട്.

യുഎസിലെ മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകർ ഇതിന്റെ ചിത്രങ്ങൾ പകർത്തിയപ്പോഴാണ് മറ്റൊരു കാര്യം പിടികിട്ടിയത്. സൗരയൂഥത്തിലെ ഏറ്റവും വമ്പൻ ഛിന്നഗ്രഹങ്ങളിലൊന്നു മാത്രമല്ല പാല്ലസ്, ഏറ്റവും കൂടുതൽ വിള്ളലുകളുള്ളതു കൂടിയാണ്. ഇതാണ് ഗവേഷകരെ അദ്ഭുതപ്പെടുത്തുന്നതും. ആസ്റ്ററോയ്ഡ് ബെൽറ്റിലെ ഛിന്നഗ്രഹങ്ങളെല്ലാം അതിവേഗത്തിലാണു സഞ്ചരിക്കുക. അവയിൽ മറ്റു ഛിന്നഗ്രഹങ്ങൾ വന്നിടിക്കുമ്പോഴാണു വിള്ളൽ രൂപപ്പെടുക. പക്ഷേ വിള്ളലുകൾക്കു കാര്യമായ വലുപ്പം പലപ്പോഴും ഉണ്ടാകാറില്ല. വളരെ വേഗത്തിൽ സഞ്ചരിക്കുന്ന ഛിന്നഗ്രഹത്തിന് എത്ര വലിയ ‘ഇടി’ കിട്ടിയാലും പരുക്ക് അധികമേൽക്കില്ലെന്നതുതന്നെ കാരണം.

ആസ്റ്ററോയ്ഡ് ബെൽറ്റിലെ മറ്റു രണ്ടു വമ്പൻ ഛിന്നഗ്രഹങ്ങൾക്കു കിട്ടിയതിനേക്കാൾ രണ്ടോ മൂന്നോ മടങ്ങ് ഇടി കൂടുതലായി പാല്ലസിനു ലഭിച്ചിട്ടുണ്ടാകാമെന്നും ഗവേഷകർ കണക്കുകൂട്ടുന്നു. പ്രത്യേകരീതിയുള്ള ഇതിന്റെ സഞ്ചാരമാണ് ഇതിനു കാരണമെന്നും കരുതുന്നു. 30 കിലോമീറ്ററിനേക്കാളുമേറെ വ്യാസമുള്ള ഏകദേശം 36 വിള്ളലുകൾ പാല്ലസിലുണ്ടെന്നാണു കണ്ടെത്തിയിരിക്കുന്നത്. ഒരു ഗോൾഫ് പന്തിന്റെ ആകൃതിയിലുള്ള ഇതിന്മേലുള്ള ഏറ്റവും വലിയ വിള്ളലിന് 400 കിലോമീറ്ററുണ്ട് വീതി. ഏകദേശം 40 കിലോമീറ്റർ വീതിയുള്ള ആകാശവസ്തുവുമായി കൂട്ടിയിടിച്ചാകണം ഇതു രൂപപ്പെട്ടതെന്നും കരുതുന്നു. നേച്ചർ ആസ്ട്രോണമി ജേണലിലുണ്ട് ഇതുസംബന്ധിച്ച വിശദമായ പഠനം.

Summary : Asteroid Palla's violent history revealed