അങ്ങകലെ മറ്റൊരു സൗരയൂഥവും ഭൂമികളും?

ഈ പ്രപഞ്ചത്തിൽ നാം തനിച്ചാണോ എന്ന ചോദ്യത്തിനുത്തരം കിട്ടാനായി ഭൗമേതര ജീവൻ തേടുന്ന ഗവേഷണങ്ങൾക്കു പുതിയ ഊർജം നൽകുന്ന ഒരു കണ്ടെത്തൽ ഈയിടെ നാസ നടത്തി. അങ്ങകലെ ഒരു നക്ഷത്രത്തെ ചുറ്റുന്ന ഏഴു ഗ്രഹങ്ങൾ.

നാസയുടെ സ്പിറ്റ്സർ സ്പേസ് ടെലിസ്കോപ് നൽകിയ വിവരങ്ങൾ അനുസരിച്ച് ഇതിൽ മൂന്നെണ്ണത്തിൽ ജീവന് അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടാവാമെന്നാണ് ഇപ്പോഴത്തെ നിഗമനം. ട്രാപ്പിസ്റ്റ്-1 എന്ന നക്ഷത്രത്തെ ചുറ്റുന്ന ഏഴു ഗ്രഹങ്ങളിൽ മൂന്നെണ്ണത്തിൽ ജീവന് അനുകൂലമായ താപനിലയും അന്തരീക്ഷവും പാറകൾ നിറഞ്ഞ പ്രതലവും ഉണ്ടെന്നാണു കരുതപ്പെടുന്നത്.

ഭൂമിയിൽനിന്നു 40 പ്രകാശവർഷം അകലെയാണ് ഈ കുഞ്ഞു 'സൗരയൂഥം'. സൂര്യന്റെ എട്ടുശതമാനം മാത്രം വലുപ്പമേയുള്ളൂ ട്രാപ്പിസ്റ്റിന്. ഈ മൂന്നു ഗ്രഹങ്ങളിൽ ജലസാന്നിധ്യമുണ്ടോ, ഇവിടെ ഏതെങ്കിലും തരത്തിലുള്ള ജീവൻ ഉണ്ടായിരുന്നോ, ഇപ്പോൾ ഉണ്ടോ, അവിടം വാസയോഗ്യമാണോ എന്നൊക്കെയുള്ള ചോദ്യങ്ങൾക്കു കൃത്യമായ ഉത്തരം തേടുകയാണു ശാസ്ത്രജ്ഞർ.