ലോകത്തിലെ ഏറ്റവും വലിയ ഹൃദയമുള്ള ജീവി!

ഒരു കുഞ്ഞ് അത് മനുഷ്യരായാലും മറ്റ് ജീവികളായാലും രൂപപ്പെട്ട്, അമ്മയുടെ വയറ്റിനുള്ളിൽ നാലാഴ്ച പ്രായമാകുമ്പോൾ മുതൽ, മരണം സംഭവിക്കുന്ന സമയംവരെ ഇടതടവില്ലാതെ പ്രവർത്തിച്ചു പോരുന്ന ‌അദ്ഭുത അവയവമാണ് ഹൃദയം. 180 കിലോയുള്ള ഹൃദയം മുതൽ വെറും 0.21 മില്ലിമീറ്റർ വലുപ്പമുള്ള ഹൃദയങ്ങളുമായി ജീവിക്കുന്ന ജീവികളുണ്ട് നമുക്കു ചുറ്റും. ജീവികളിലെ ഹൃദയത്തിന്റെ വിശേഷങ്ങളറിയാം.
∙നീലത്തിമിംഗിലത്തിനാണു ലോകത്തിലെ ഏറ്റവും വലിയ ഹൃദയം ഉള്ളത്. 180 കിലോ ഭാരവും, അഞ്ചടി നീളവും നാലടി വീതിയും, അഞ്ചടി പൊക്കവും ഉണ്ടാവും പൂർണവളർച്ചയെത്തിയ ഒരു നീലത്തിമിംഗിലത്തിന്റെ ഹൃദയത്തിന്. അതായത് ഒരു വലിയ ഹാർലി ഡേവിഡ്സൺ ബൈക്കിന്റെ വലുപ്പം.
∙3500 വർഷങ്ങൾ പഴക്കമുള്ള ഒരു ഈജിപ്ഷ്യൻ മമ്മിയിലാണു ലോകത്ത് രേഖപ്പെടുത്തിയതിൽവച്ച് ഏറ്റവും പഴക്കമുള്ള ഹൃദ്രോഗ തെളിവുകൾ ഉള്ളത്.
∙'അലാപ്റ്റസ് മാഗ്നിമിയസ്' എന്ന ഒരു പഴയീച്ചയിലാണു ജീവജാലങ്ങളിലെ ഏറ്റവും വലുപ്പം കുറഞ്ഞ ഹൃദയമുള്ളത്. - വെറും 0.21 മില്ലിമീറ്റർ.
∙ 'അമേരിക്കൻ പിഗ്മി ഷ്രൂ' എന്ന സസ്തനിക്കാണ് ഏറ്റവും ഉയർന്ന ഹൃദയമിടിപ്പുള്ളത് - മിനിട്ടിൽ 1200 തവണ.
∙കരയിൽ ജീവിക്കുന്ന ജീവികളിൽ ഏറ്റവും വലിയ ഹൃദയം ഉള്ളത് ആഫ്രിക്കൻ ആനകൾക്കാണ്. ഇരുപതു കിലോയോളം ഭാരം വരും അതിന്.
∙നീരാളികൾക്ക് ആകെ മൂന്നു ഹൃദയങ്ങളുണ്ട് - രണ്ടെണ്ണം ചെകിളകളിലേക്കു രക്തം പമ്പ് ചെയ്യുന്നതിനും മൂന്നാമൻ മറ്റ് ആന്തരികാവയവങ്ങളിൽ രക്തം എത്തിക്കുന്നതിനും
∙ജിറാഫുകളുടെ ഹൃദയത്തിന്റെ ഇടതുഭാഗം വളരെ വലുപ്പവും ബലവും ഉള്ളതാണ്. കാരണം ആ ഭാഗമാണ് അവയുടെ ആറടി നീളമുള്ള കഴുത്തിനു മുകളിലെ തലച്ചോറിലേക്കു രക്തമെത്തിക്കുന്നത്.
∙സത്യത്തിൽ ഹൃദയം എന്ന അവയവത്തിനു വികാരങ്ങളുമായി നേരിട്ടു ബന്ധമൊന്നും ഇല്ല എങ്കിലും, 'സ്നേഹം, പ്രേമം, കരുതൽ' എന്നീ വികാരങ്ങളെ നിയന്ത്രിക്കുന്നതു ഹൃദയമാണ് എന്ന ആദിമമനുഷ്യന്റെ തെറ്റിദ്ധാരണകൾ മൂലമാകാം അതിപുരാതന കാലം മുതൽ തന്നെ ഹൃദയത്തിന്റെ ചിഹ്നം ഇത്തരം വികാരങ്ങളുടെ പ്രതീകമായി ഉപയോഗിച്ചു പോരുന്നത്.