അങ്ങാടിക്കുരുവികളെ കണ്ടവരുണ്ടോ ?

ആർ.വിനോദ്‌കുമാർ

ആഗോളതാപനവും കാലാവസ്ഥാമാറ്റവും മൊബൈൽ ടവറിന്റെ വികിരണവും മറ്റും പറവകളുടെ നിലനിൽപിനെ ബാധിച്ചു തുടങ്ങിയിരിക്കുന്നു. അങ്ങാടിക്കുരുവി എന്ന പക്ഷി കാക്കകളെ പോലെ നാട്ടിലും വൻനഗരങ്ങളിലും സർവ സാധാരണമായിരുന്നു. എന്നാൽ ഇന്ന് ഇവയെ കണ്ടു കിട്ടുന്നത് വളരെ വിരളമാണ്. പക്ഷിനിരീക്ഷകരുടെ ആശങ്കൾ കൂട്ടിക്കൊണ്ടിരിക്കുകയാണ് ഓരോ വർഷവും ഇവയുടെ എണ്ണത്തിലുണ്ടാകുന്നകുറവ്. പരിസ്ഥിതിക്കും അതിലെ ജീവികൾക്കും നേരെയുള്ള ചൂഷണം ലോകമെമ്പാടും അനുനിമിഷം വർദ്ധിച്ചു വരുന്ന ഇക്കാലത്ത് നമ്മുടെ സഹചാരിയായ ഈ പറവയെ സംരക്ഷിക്കാൻ നമുക്കും ശ്രമിക്കാം.

ഹൗസ് സ്‌പാരോ അല്ലെങ്കിൽ വീട്ടുകിളി എന്ന പേരിൽ വിളിക്കുന്ന ഈ പക്ഷി ലോകത്ത് നിന്നും വേഗത്തിൽ അപ്രത്യക്ഷമാകുന്നതായി ബ്രിട്ടനിലെ പക്ഷിനിരീക്ഷകർ കണ്ടെത്തി. കീടനാശിനികളുടെ ഉപയോഗം, മൊബൈൽ ടവറുകളിൽ നിന്നുള്ള വികിരണങ്ങൾ, ആവാസവ്യവസ്ഥയുടെ തകർച്ച എന്നിവയാണ് പ്രധാന കാരണങ്ങൾ. ബ്രിട്ടനിലെ റോയൽ സൊസൈറ്റി ഫോർ പ്രൊട്ടക്‌ഷൻ ഓഫ് ബേർഡ്‌സ്, നേച്ചർ ഫോർ എവർ സൊസൈറ്റി എന്നി സംഘടനകൾ ഇപ്പോൾ അങ്ങാടിക്കുരുവിയുടെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നു. ഈ ചെറുപക്ഷികളുടെ സംരക്ഷണത്തിന്റെ ഭാഗമായി 2010 മാർച്ച് 20 ന് ആദ്യമായി ഒരു ദിനം മാറ്റിവച്ചു. പിന്നീട് എല്ലാ വർഷവും മാർച്ച് 20 അങ്ങാടിക്കുരുവികളുടെ ദിനമായി മാറി.

അങ്ങാടിയുടെ അലങ്കാരം
ഇന്ത്യയിലും ഈ ചെറുപക്ഷികളുടെ എണ്ണം കുറഞ്ഞു വരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഒരുകാലത്ത് ചെന്നൈ, മുംബൈ, ഡൽഹി, കൊൽക്കത്ത എന്നീ വൻനഗരങ്ങളിൽ ധാരാളമുണ്ടായിരുന്ന അങ്ങാടിക്കുരുവികളുടെ എണ്ണം വളരെ വേഗം കുറഞ്ഞിരിക്കുന്നു. കേരളത്തിലെ സ്ഥിരവാസിയായ ഈ പക്ഷി പല പട്ടണങ്ങളിലും വ്യാപാര കേന്ദ്രങ്ങളിലും പതിവുമുഖമായിരുന്നു. സദാ ചിലച്ചുകൊണ്ട് സഞ്ചരിക്കുമായിരുന്ന ഇവ അങ്ങാടികളുടെ ആഭരണമാണ്. നാരായണപക്ഷി, അന്നക്കിളി, വീട്ടുക്കുരുവി, ഇറക്കിളി, അരിക്കിളി എന്നീ പേരുകളിലും അറിയപ്പെടുന്ന ഇവ വംശനാശംസംഭവിക്കാവുന്ന കിളികളുടെ കൂട്ടത്തിലേയ്‌ക്കു കടന്നുകൂടാൻ തുടങ്ങിയിരിക്കുന്നതായാണു നിരീക്ഷണങ്ങൾ നൽകുന്ന മുന്നറിയിപ്പ്.

ഇഷ്ടമാണ് മനുഷ്യരെ
അങ്ങാടിയിലും ജനവാസപ്രദേശത്തും നിർഭയം ജീവിക്കുന്ന ചെറിയ കരുവികളായ ഈ പക്ഷികളെ കേരളത്തിൽ മിക്കയിടങ്ങളിലും കണ്ടുവരുന്നു. അങ്ങാടികളാണ് ഇവയുടെ ആവാസകേന്ദ്രം. അങ്ങാടിയിലെ തെരുവിൽ വിഹരിക്കുന്നതിനാൽ അങ്ങാടിക്കുരുവി എന്ന് പേരുകിട്ടി. പകൽ മിക്കവാറും ചെറുകൂട്ടമായി സദാ ചിലച്ചുകൊണ്ട് പറക്കും. ചീ–ചി–ചി–ചി–ചീർ–ചിൽ എന്നിങ്ങനെയാണ് ശബ്‌ദം. മനുഷ്യനെ പേടിയില്ലാത്തതുപോലെയാണ് പെരുമാറ്റം. കാക്കകഴിഞ്ഞാൽ മനുഷ്യനോട് ഇത്ര അടുത്ത് പെരുമാറുന്ന മറ്റൊരുപക്ഷിയില്ലെന്നുതന്നെ പറയാം. പ്രഭാതത്തിലും സന്ധ്യയ്‌ക്കും ചെറുകൂട്ടങ്ങൾ പറന്നു കളിക്കാറുമുണ്ട്. പെൺപക്ഷികൾക്ക് നേർത്ത തവിട്ടുനിറം. ഇവയുടെ ഉദരത്തിൽ വെളുത്തനിറമുണ്ട്. ആൺപക്ഷികൾക്ക് കഴുത്തും മാറിടവും മുഖവും കറുപ്പ് നിറമാണ്. കവിളിൽ വെളുത്ത അടയാളമുണ്ട്. ചിറകിൽ വെളുത്ത വരകളും കാണാം. ബാക്കിഭാഗങ്ങൾ ചാരനിറമാണ്. അടിഭാഗം നരച്ച വെള്ളനിറമാണ്. ധാന്യങ്ങളാണ് പ്രധാന ആഹാരം. അങ്ങാടിയിലെ ധാന്യക്കടകളിൽ നിന്നും ആഹാരം സമ്പാദിക്കുന്നു. ഒപ്പം പ്രാണികളെയും പിടകൂടാറുണ്ട്.

അങ്ങാടിക്കുരുവികൾക്ക് പ്രത്യേകിച്ചൊരു സന്താനോത്‌പാദന കാലമില്ലെന്ന് നിരീക്ഷകർ പറയുന്നു. വർഷത്തിൽ മൂന്നോ നാലോ തവണ മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കാറുണ്ട്. ചുവരുകളിലെ മാളങ്ങളിലും വൈദ്യുതി പോസ്റ്റിലും കെട്ടിടത്തിന്റെ ഇടുങ്ങിയ പ്രദേശത്തും തുടങ്ങി സാഹചര്യമനുസരിച്ച് എവിടെ വേണമെങ്കിലും കൂട് നിർമ്മിക്കും. കൂട് ആളുകൾ കാണുന്നതിൽ ഈ ചെറിയ പക്ഷിക്ക് വിഷമമില്ല. വൈക്കോൽ, കീറിയതുണി, കടലാസ്, നൂൽ ചകിരിനാര്, പരുത്തി, രോമം തുടങ്ങി എന്തും ഇവ കൂട് നിർമ്മിക്കാൻ ഉപയോഗിക്കുന്നുണ്ട്. ഈ പക്ഷികൾ ഉള്ള പ്രദേശത്ത് കൂടിനുവേണ്ടി ഒഴിഞ്ഞ ചട്ടി വച്ച് കൊടുത്താൽഅതിലും മുട്ടയിടാറുണ്ട്. 3–5 മുട്ടകളുണ്ടാവും. പെൺപക്ഷിയാണ് അടയിരിക്കുന്നത്. മുട്ടവിരിയാൻ ഏതാണ്ട് 14 ദിവസം വേണ്ടിവരും. ഇവ പൊതുവെ സസ്യഭോജികളാണെങ്കിലും കുഞ്ഞുങ്ങൾക്ക് കീടങ്ങളും പുഴുവും മറ്റുമാണ് നല്ല്കുന്നത്. മുട്ട എല്ലാം വിരിഞ്ഞാലും കുഞ്ഞുങ്ങളിൽ പലതും അകാലമൃത്യുവടയുക പതിവാണ്. പൂർണ്ണ വളർച്ച എത്തുന്നവ ഒന്നോരണ്ടോഎണ്ണമാണ്.