ഈജിപ്ഷ്യൻ മമ്മിയുടെ ശവപ്പെട്ടി രാത്രി ലൈവായി തുറന്നു; കണ്ടത് അപൂർവ നിധി!!,  Ancient mummy, Egypt live, Expedition unknown, Padhippura, Manorama Online

ഈജിപ്ഷ്യൻ മമ്മിയുടെ ശവപ്പെട്ടി രാത്രി ലൈവായി തുറന്നു; കണ്ടത് അപൂർവ നിധി!!

2500 വർഷം മുൻപ് അടക്കം ചെയ്ത ഒരു ‘മമ്മി’. അതിനകത്ത് എന്താണെന്നു പോലും ആർക്കും അറിയില്ല. പക്ഷേ ഒടുവിലത് തുറക്കാൻ തന്നെ ഗവേഷകർ തീരുമാനിച്ചു. അതും രാത്രിയിൽ ‘ലൈവ്’ ആയി. ഡിസ്കവറി ട്രാവൽ ചാനലിലും സയൻസ് ചാനലിലുമായിരുന്നു ലോകത്ത് ഇതാദ്യമായി ഒരു മമ്മിയുടെ ശവക്കല്ലറ ലൈവായി തുറക്കുന്ന രംഗങ്ങൾ കാണിച്ചത്. ഏപ്രിൽ 7നായിരുന്നു സംഭവം.

ഈജിപ്തിൽ നടന്ന പല രാഷ്ട്രീയ സമരങ്ങളെക്കുറിച്ചും കൊച്ചുകൂട്ടുകാർ അറിഞ്ഞു കാണുമല്ലോ? എന്നാൽ ഇപ്പോൾ അവിടെ സ്ഥിതി ശാന്തമാണ്. എന്നാലും ടൂറിസ്റ്റുകൾക്ക് ഇപ്പോളും രാജ്യത്തേക്കു വരാൻ ചെറിയൊരു മടി. അതോടെ ടൂറിസം വഴിയുള്ള സർക്കാരിന്റെ വരുമാനവും കുറഞ്ഞു. അങ്ങനെയിരിക്കെയാണ് ലൈവായി ശവപ്പെട്ടി തുറക്കാമെന്ന ആശയം സർക്കാരിനു മുന്നിലെത്തുന്നത്. പുരാവസ്തുഗവേഷണ മന്ത്രാലയം അതിന് അനുമതിയും നൽകി. ‘എക്സ്പെഡിഷൻ അൺനോൺ: ഈജിപ്ത് ലൈവ്’ എന്ന പേരിൽ പ്രോഗ്രാം അവതരിപ്പിക്കുകയും ചെയ്തു. എന്തായാലും സംഗതി വൻ ഹിറ്റായി. ദശലക്ഷക്കിനു പേരാണ് ഈ കല്ലറ തുറക്കലിന്റെ വിഡിയോ ദൃശ്യങ്ങൾ കണ്ടത്. പുറത്തേക്കു വന്ന ദൃശ്യങ്ങളാകട്ടെ ഏറെ അമ്പരപ്പിക്കുന്നതും. ഇന്നേവരെ കാണാത്ത കാഴ്ചകൾ വരെയുണ്ടായിരുന്നു അതിൽ.
മൃതദേഹം മാത്രം പ്രതീക്ഷിച്ച ലോകത്തിനു മുന്നിലേക്കെത്തിയത് ഒരു ‘നിധി’പേടകമായിരുന്നു. ഈജിപ്തിൽ ഒട്ടേറെയിടങ്ങളിൽ നിന്നു പേടകങ്ങള്‍ കുഴിച്ചെടുത്തിട്ടുണ്ട് ഗവേഷകർ. ഓരോ ഇടത്തിനും ഓരോ പേരും നൽകിയിട്ടുണ്ട്. അൽ–ഗോരിഫ് എന്ന സ്ഥലത്തു നിന്നു കണ്ടെത്തിയ ശവപ്പെട്ടിയാണ് ലൈവിന് വേണ്ടി ഉപയോഗിച്ചത്. കല്ലറയുടെ ആഴങ്ങളിൽ നിന്നായിരുന്നു ഇതു കണ്ടെത്തിയത്. അതിസൂക്ഷ്മമായി മുദ്രവച്ച നിലയിലായിരുന്നു ശവപ്പെട്ടി. ഇതിന്റെ കവചത്തിനാകട്ടെ അസാധാരണമായ ഭാരവും. പലതരത്തിലുള്ള കൊത്തുപണികളും കവചത്തിലെ കല്ലിൽ നടത്തിയിരുന്നു. ഇത് ഉയർത്തിമാറ്റിയതോടെ കണ്ടത് ലിനൻ തുണിയിൽ പൊതിഞ്ഞ മമ്മിയുടെ മൃതദേഹം. അതാകട്ടെ കാര്യമായ കേടുപാടുകളൊന്നും സംഭവിക്കാത്ത നിലയിലും.

പെട്ടിക്കകത്ത് നിറയെ സ്വർണം കൊണ്ടുള്ള കരകൗശലവസ്തുക്കളും മറ്റ് അമൂല്യ വസ്തുക്കളുമായിരുന്നു. മമ്മിയോടു ചേർന്നു തന്നെ സ്വർണത്തിൽ പൊതിഞ്ഞ ഒരു ദൈവ രൂപവും ഒരു വണ്ടിന്റെ പ്രതിമയും ഉണ്ടായിരുന്നു. ഏറെ പ്രധാന്യത്തോടെയായിരുന്നു ഈ ശവപ്പെട്ടി കല്ലറയിൽ സൂക്ഷിച്ചിരുന്നത്. പുരാതന ഈജിപ്തിലെ മാന്ത്രിക വിദ്യകളുടെ ദൈവമായ തോത്തിനെ ആരാധിച്ചിരുന്ന പുരോഹിതന്റേതാകാം മമ്മിയെന്നാണു കരുതുന്നത്. ഈജിപ്തിലെ 26–ാം രാജവംശത്തിന്റെ കാലത്തായിരിക്കാം ജീവിച്ചിരുന്നതെന്നും കരുതുന്നു. പുരോഹതിന്റെ കുടുംബത്തിലെ മറ്റ് അംഗങ്ങളുടെ ശവപ്പെട്ടികൾ നേരത്തേ തന്നെ തുറന്നിരുന്നു. രണ്ട് മമ്മികളും ഒരു വളർത്തു നായയുടെ മമ്മിയുമാണ് അന്നു ലഭിച്ചത്.
മമ്മികളിലൊന്ന് ഒരു യുവതിയുടേതായിരുന്നു. അലങ്കാരപ്പണികൾ നടത്തിയ മുഖംമൂടിയും മുത്തുകളുമെല്ലാം നിറഞ്ഞതായിരുന്നു യുവതിയുടെ മമ്മി. മൃതദേഹങ്ങളിൽ നിന്നുള്ള ആന്തരികാവയവങ്ങൾ അടക്കം ചെയ്ത പ്രത്യേകം ജാറുകളും കണ്ടെത്തിയവയില്‍പ്പെടുന്നു. ഇവയേക്കാളെല്ലാം ഉപരിയായി ഒരു മെഴുകുപ്രതിമ കണ്ടെത്തിയതാണ് പുരാവസ്തു ഗവേഷകരെയും അമ്പരപ്പിച്ചത്. ഈജിപ്തിലെ ഒരു കല്ലറയിലും ശവപ്പെട്ടിയിലും ഇത്തരം പ്രതിമകൾ ഇന്നേവരെ കണ്ടെത്തിയിട്ടില്ല. ‘ഇർത് ഹ്റു’ എന്ന ഉന്നത പുരോഹിതന്റെ പ്രതിമയാണിതെന്നാണു നിഗമനം. പക്ഷേ അക്കാര്യം ഉറപ്പിക്കാനായിട്ടില്ല. എന്തായാലും ലൈവായിത്തുറന്ന മമ്മിയിൽ കൂടുതൽ ഗവേഷണം നടത്താനൊരുങ്ങുകയാണ് ഈജിപ്ത്.

Summary : Ancient mummy, Egypt live, Expedition unknown