പ്രിയയുടെ കണ്ണിറുക്കലിൽ അമൂലും വീണു, പുത്തൻ തന്ത്രം വൈറൽ!

എവിടെയും പ്രിയാ വാര്യരും കണ്ണിറുക്കലും മാത്രമാണല്ലോ. ഒറ്റ കണ്ണിറുക്കൽ മതി ആരാധകരുടെ പ്രിയതാരമാകാൻ എന്ന് തെളിച്ച പ്രിയവാര്യർ ആരാധകരെകൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്. സോഷ്യൽ മീഡിയ മുഴുവൻ പ്രിയയും കണ്ണിറുക്കലുമാണ്. മലയാളത്തിൽ തന്നെ ഇൻസ്റ്റാഗ്രമിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണിപ്പോൾ പ്രിയ. മിനിറ്റ് വച്ച് ഫോളോവേഴ്സിന്റെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ് ഈ നായികയ്ക്ക്.

അഡാർ ലവ് എന്ന ചിത്രത്തിലെ കണ്ണിറുക്കൽ പ്രിയക്ക് സമ്മാനിച്ചത് ആരാധക ലക്ഷങ്ങളെയാണ്. ബോളിവുഡ് നടൻ ഋഷി കപൂർ മുതൽ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റർ വരെ ഈ സൈറ്റടിയിൽ വീണുപോയി. പ്രിയയെ അനുകരിച്ച് കണ്ണിറുക്കി ആകെ കുഴഞ്ഞിരിക്കുന്ന പല സോഷ്യൽ മീഡിയ വിഡിയോകളും രസകരങ്ങളാണ്.

എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി കണ്ണിറുക്കി പുത്തൻ മീം തന്ത്രവുമായെത്തിയിരിക്കുകയാണ് നമ്മുടെ 'അമൂൽ'. കണ്ണിറുക്കലിന്റെ ഇംഗ്ളീഷ് വാക്കും (wink )ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാൻ എന്ന എക്കാലത്തെയും സൂപ്പർ നഴ്സറി പാട്ടും ചേർത്ത് ഒരലക്ക് അലക്കിയിരിക്കുയാണ് പുത്തൽ അമൂൽ മീം. Wink all, Wink all, little star.... Amul everyone eyes it ! എന്ന സൂപ്പർ ഡ്യൂപ്പർ ക്യാപ്ഷനും പ്രിയയെപ്പോലെ കണ്ണിറുക്കുന്ന, അതേ യൂണിഫോമിൽ അതേ ഭാവവുമായി അമൂൽക്കുട്ടിയും... പോരേപൂരം മീമങ്ങ് കേറീന്നു പറഞ്ഞാൽ മതിയല്ലോ...ഇന്ത്യൻ ഡയറി കോർപ്പറേറ്റീവ്സിന്റെ സോഷ്യൽ മീഡിയ പേജിലാണ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്

പോൾക്ക ഡോട്ട് ഉടുപ്പിൽ അമൂൽ ബട്ടറും കൈയ്യിൽ പിടിച്ചു നിൾക്കുന്ന ആ കൊച്ചു കുറുമ്പത്തിയുടെ പരസ്യം ഇന്ത്യൻ പരസ്യ ചരിത്രത്തിലെ തന്നെ ഏറ്റവും നല്ല പരസ്യങ്ങളിലൊന്നാണ്. സമൂഹത്തിലുണ്ടാകുന്ന പല സംഭവ വികാസങ്ങളുമായി ബന്ധപ്പെടുത്തി പരസ്യങ്ങൾ ചെയ്യുകയെന്നത് അമൂലിന്റെ ഒരു പരസ്യ തന്ത്രം തന്നെയാണ്. ഇതുപോലെ ധാരാളം പരസ്യ പരമ്പരകൾ തന്നെ ഇവർ ചെയ്തിട്ടുണ്ട്. ചില പരസ്യങ്ങൾ വിവാദങ്ങളുമുണ്ടാക്കിയിട്ടുണ്ട്.