നാമവുമായി ബന്ധപ്പെട്ട എല്ലാം

എസ്. ജ്യോതിനാഥ വാര്യർ

ഒരു ഭാഷയിലെ ശബ്ദങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് നാമം. ശബ്ദങ്ങളെക്കുറിച്ചു പഠിക്കുമ്പോൾ ആദ്യം വിവരിക്കുന്നതും നാമത്തെക്കുറിച്ചാണ്. വ്യാകരണം പഠിക്കാനും പഠിപ്പിക്കാനും തുടങ്ങുമ്പോൾ നമ്മൾ എന്തിന്റെയെങ്കിലും പേരു പറയാൻ നിർദേശിച്ചുകൊണ്ടായിരിക്കും ആരംഭിക്കുക. ആദ്യം കുട്ടിയുടെ പേരുചോദിക്കും. ‘അനിൽ’ എന്നുടൻ ഉത്തരം ഉടൻ വന്നു. ഒരു പൂവിന്റെ പേരായാലോ –വന്നുകഴിഞ്ഞു ഉത്തരം ചെമ്പരത്തി. കുട്ടികളുടെ വാരികയെക്കുറിച്ചു ചോദിച്ചാൽ ‘ബാലരമ’ എന്ന ഉത്തരം ഉടൻ വരും. എന്തിന്റെ പേരു ചോദിച്ചാലും കുട്ടികൾ ഉടൻ ഉത്തരം പറയുന്ന ഒരു വ്യാകരണ ശബ്ദമാണ് നാമം. അത്രയ്ക്കു സുപരിചിതമായ ഒരു ശബ്ദമാണ് നാമം എന്നത്രേ സൂചിപ്പിച്ചത്.

ദ്രവ്യനാമം
ദ്രവ്യത്തെ കുറിക്കുന്ന നാമമാണ് ഇത്. സ്ഥിതി ചെയ്യാൻ സ്ഥലം ആവശ്യമുള്ളതും ഭാരമുള്ളതുമായ ഏതൊന്നിനെയും ദ്രവ്യമെന്നു പറയാം. ദ്രവ്യത്തിന്റെ ഒരു ചെറിയ നിർവചനമാണിത്. നമുക്കു ചുറ്റുമുള്ള വസ്തുക്കളും വ്യക്തികളും സ്ഥലങ്ങളുമെല്ലാം ദ്രവ്യനാമത്തിന്റെ പരിധിയിൽ വരും. അത്തരത്തിൽപ്പെടുന്ന എല്ലാറ്റിന്റെയും പേരായ ശബ്ദം ദ്രവ്യനാമം. അനിലും സുനിലും അന്നയും മാത്യുവും തത്തയും കാക്കയും മൃഗങ്ങളും നദികളുമെല്ലാം ദ്രവ്യനാമങ്ങളാണ്.

ഗുണനാമം
വ്യക്തികളും വസ്തുക്കളുമെല്ലാം ഏതെങ്കിലും സ്വഭാവ സവിശേഷത ഉൾക്കൊള്ളുന്നവയാകും. അത്തരത്തിലുള്ള സ്വഭാവത്തെയാണ് ഇവിടെ ‘ഗുണം’ എന്നതുകൊണ്ടുദ്ദേശിക്കുന്നത്. ഗുണത്തെ സൂചിപ്പിക്കുന്നത് ഗുണനാമം. മിടുക്ക്, നന്മ, അഴക്, സാമർഥ്യം, കറുപ്പ്, വെളുപ്പ്, ചുവപ്പ് തുടങ്ങിയ ഗുണങ്ങളും നിറങ്ങളുമെല്ലാം ഗുണനാമത്തിൽപ്പെടും.

ക്രിയാനാമം
നമുക്കുചുറ്റും എല്ലായ്പോഴും ഒട്ടേറെ പ്രവൃത്തി നടന്നുകൊണ്ടിരിക്കുകയാണല്ലോ. ഓടുക, ചാടുക, നടക്കുക, ഇരിക്കുക, പഠിക്കുക, വായിക്കുക, എഴുതുക എന്നിങ്ങനെ. ഇത്തരം പ്രവൃത്തിയെക്കുറിക്കുന്ന ശബ്ദമാണ് ക്രിയ. ഇത്തരം ക്രിയകളെ സൂചിപ്പിക്കാനും നാമങ്ങളുണ്ട്. അവയെ നമുക്ക് ക്രിയാനാമം എന്നു വിളിക്കാം. ഓട്ടം, ചാട്ടം, നടപ്പ് (നടത്തം), ഇരിപ്പ്, പഠിപ്പ്, വായന, എഴുത്ത് എന്നിവ ക്രിയകളെ കാണിക്കുന്ന നാമങ്ങളാണ്. ദ്രവ്യനാമത്തെ പലതായി തിരിക്കാം

സംജ്ഞാനാമം
സംജ്ഞ എന്നാൽ അടയാളം എന്നർഥം. ഒരു കൂട്ടത്തിൽനിന്ന് ഒന്നിനെ വേർതിരിച്ചറിയാനായി അടയാളമായി കൽപിക്കുന്ന നാമം. വ്യവസ്ഥാപിതമായ സ്വരൂപത്തോടും സ്വഭാവത്തോടും കൂടിയ ഒരു കൂട്ടത്തിൽനിന്ന് ഒന്നിനെ പ്രത്യേകം എടുത്തുപറയുന്നത് സംജ്ഞാനാമം. നദികളിൽ സുന്ദരി യമുന എന്നതിൽ യമുന എന്ന പദം സംജ്ഞാനാമമാണ്. അതുപോലെ മനുഷ്യരുടെ കൂട്ടത്തിൽനിന്ന് രാമനും രമയും പക്ഷികളിൽനിന്ന് കാക്കയും തത്തയും മൃഗങ്ങളിൽനിന്ന് സിംഹവും കടുവയും എന്നിങ്ങനെ ഒരേ സ്വഭാവത്തോടുകൂടിയ കൂട്ടങ്ങളിൽനിന്ന് ഒന്നിനെ വേർതിരിച്ചു പറഞ്ഞാൽ അതു സംജ്ഞാനാമമായി.

സാമാന്യനാമം
വ്യക്തികളെയോ വസ്തുക്കളെയോ ഒക്കെ ഒറ്റയൊറ്റയായി പറയാതെ കൂട്ടമായി സൂചിപ്പിച്ചാൽ അതു സാമാന്യ നാമമായി. വ്യവസ്ഥിതമായ സ്വരൂപത്തോടുകൂടിയ ഒന്നിനെ കൂട്ടമായിപ്പറഞ്ഞാൽ അതു സാമാന്യ നാമം. പുഴകൾ, മലകൾ, പൂവനങ്ങൾ, നദികൾ, സമുദ്രങ്ങൾ, പർവതങ്ങൾ, പക്ഷികൾ‌, മൃഗങ്ങൾ തുടങ്ങിയ ശബ്ദങ്ങൾ എല്ലാം സാമാന്യ നാമങ്ങളിൽപ്പെടുന്നു.

മേയനാമം
നാമങ്ങളുടെ കൂട്ടത്തിൽ ഒറ്റയായോ കൂട്ടമായോ എടുത്തു പറയാൻ കഴിയാത്തതായി ചില നാമങ്ങളുണ്ട്. സംജ്ഞാനാമത്തെപ്പോലെ വ്യക്തിയായോ സാമാന്യനാമത്തെപ്പോലെ ജാതിയായോ പറയാൻ കഴിയാത്തവയാണവ. ആകാശം, മഴ, വെയിൽ, കാറ്റ്, മഞ്ഞ്, തീയ്, വെള്ളം തുടങ്ങിയവ ഇക്കൂട്ടത്തിൽപ്പെടുന്നു.

സർവനാമം
നാമങ്ങളുടെ കൂട്ടത്തിൽ പ്രധാന സ്ഥാനം വഹിക്കുന്ന ഒന്നാണ് സർവനാമം. പലപ്പോഴും നാമങ്ങൾ ആവർത്തിച്ചുച്ചരിക്കേണ്ട സന്ദർഭങ്ങളുണ്ട്. അത്തരം സന്ദർഭങ്ങളിൽ നാമത്തിനു പകരമായി നമ്മൾ ചില ശബ്ദങ്ങൾ ഉപയോഗിക്കാറുണ്ട്. അവയാണ് സർവനാമങ്ങൾ. അതായത് നാമത്തിനു പകരം നിൽക്കുന്ന നാമങ്ങൾ. ഏതു നാമത്തിനു പകരമാണോ സർവനാമം പ്രയോഗിക്കുന്നത് ആ നാമം ആദ്യം സൂചിപ്പിച്ചശേഷം സർവനാമം പ്രയോഗിക്കുന്നതാണ് ഭംഗി.

ഉത്തമ പുരുഷ സർവനാമം
വക്താവിനെ (പറയുന്നയാളെ) സൂചിപ്പിക്കുന്ന സർവനാമമാണ് ഉത്തമ പുരുഷൻ. വളരെ വിനയത്തോടുകൂടി ഉപയോഗിച്ചിരുന്ന ഏൻ, എങ്ങൾ; അധികാരസ്ഥാനത്തുള്ളവർ ഉപയോഗിച്ചുവന്ന നാം, നമ്മൾ; ഇന്നുപയോഗിക്കുന്ന ‍ഞാൻ ഞങ്ങൾ എന്നിവ ഉത്തമപുരുഷനിൽപെടുന്നു. ‘ഞാനും ‍​ഞാനുമെന്റാളും നാൽപതു പേരും’ എന്നു പറഞ്ഞതുപോലെ ‘ഞാനെന്ന ഭാവ’ത്തോടുകൂടി ഉപയോഗിക്കുന്ന ‘ഞാനും ഞങ്ങളു’മാണ് ഇന്ന് ഏറെ പ്രയോഗിക്കുന്ന ഉത്തമപുരുഷ സർവനാമങ്ങൾ.

മധ്യമപുരുഷ സർവനാമം
ശ്രോതാവിനെ സൂചിപ്പിക്കുന്ന സർവനാമമാണ് മധ്യമപുരുഷൻ. ‘ഞാൻ’ പറയുന്നതു കേൾക്കുന്ന ‘നീ’യാണ് മധ്യമപുരുഷനിൽ പ്രധാനി. കേൾക്കാൻ കൂടുതൽ പേരുണ്ടെങ്കിൽ ‘നിങ്ങൾ’ എന്നു ബഹുവചനം ഉപയോഗിക്കും. താൻ, താങ്കൾ എന്നിവയും മധ്യമപുരുഷ സർവനാമമായി പറഞ്ഞുകാണുന്നുണ്ട്.

പ്രഥമപുരുഷ സർവനാമം
വക്താവും ശ്രോതാവും കൂടി ആരെക്കുറിച്ചാണോ പറയുന്നത് അയാളെക്കുറിക്കുന്ന സർവനാമമാണ് പ്രഥമപുരുഷൻ. ചൂണ്ടിപ്പറയുന്ന അക്ഷരങ്ങളായ (ചുട്ടെഴുത്ത്) അ, ഇ, എ എന്നിവയോടൊപ്പം അൻ, അൾ, തു എന്നീ ലിംഗ പ്രത്യയങ്ങളും ആർ, അ, എന്നീ വചനപ്രത്യയങ്ങളും ചേർത്ത് ഈ സർവനാമരൂപങ്ങൾ ഉണ്ടാക്കാം.

സവിശേഷം സർവനാമം
കണ്ടത്. അവിടുന്ന് എത്ര നല്ല മനുഷ്യനാണ്. അദ്ദേഹത്തിന്റെ മകന്റെ കല്യാണമായിരുന്നു. അയാളുടെ കല്യാണത്തിന് ഏവരും എത്തിച്ചേരണമെന്നും നേരത്തേതന്നെ അദ്ദേഹം അറിയിച്ചിരുന്നു. ക്ഷണിക്കാൻ അവിടത്തെ ഭാര്യയും വന്നിരുന്നു. അവരും നല്ല കൂട്ടത്തിലാണ്. അവർ ഏതു നേരത്തും അദ്ദേഹത്തെ അനുഗമിച്ചിരുന്നു. എന്റെ മകനും മകളും വീട്ടിലുണ്ടായിരുന്നതിനാൽ അവരെയും ക്ഷണിച്ചു. അവനും അവളും അവിടത്തെ പ്രിയ ശിഷ്യരായിരുന്നു. താങ്കളും മക്കളും നേരത്തേ വന്നുചേർന്ന് കല്യാണം മംഗളകരമാക്കിത്തരണമെന്ന് അദ്ദേഹം വിനയപൂർവം പറഞ്ഞു. താൻ നേരത്തേ വന്ന് ഇവരെ കൂട്ടിക്കൊണ്ടു വരണമെന്നു ഡ്രൈവറോടു ചട്ടംകെട്ടുകയും ചെയ്തു. അയാളും വളരെ നല്ലവനാണെന്നു കണ്ടപ്പോൾ തോന്നി.’’ ഒരാൾ നടത്തിയ സംഭാഷണ ഭാഗമാണ് മുകളിൽ കൊടുത്തത്. മലയാളികളായ നമ്മൾ മറ്റുള്ളവരെ എങ്ങനെയാണു ബഹുമാനിക്കുന്നതെന്നും മറ്റുള്ളവർക്ക് എത്ര വില നൽകുന്നുവെന്നും നമുക്ക് ഇതിൽനിന്നു വ്യക്തമാകും. മറ്റൊരു ഭാഷയ്ക്കും കാണാനാകാത്ത സവിശേഷത നമുക്കു മലയാളത്തിലെ സർവനാമങ്ങളിൽ കാണാം. മറ്റു ഭാഷക്കാർ ആദരവും വിനയവും സൂചിപ്പിക്കാൻ പ്രത്യേക പദങ്ങൾ കൂട്ടിച്ചേർക്കുമ്പോൾ മലയാളി സർവനാമംകൊണ്ടുതന്നെ അതു സാധിക്കുന്നു.

മാത്രമല്ല, സർവനാമ പ്രയോഗത്തിൽനിന്ന് ഒരു വ്യക്തിയുടെ സംസ്കാരം, പക്വത, വിദ്യാഭ്യാസം, പ്രായം, പെരുമാറ്റം, സ്വഭാവം എന്നിവയെല്ലാം കണ്ടെത്താനാകും.

നാമത്തിനു പകരം നിൽക്കുന്നുണ്ടെങ്കിലും നാമത്തെക്കാൾ കേമൻ തന്നെയാണു സർവനാമമെന്നു കാണാം. ഇംഗ്ലിഷ് വ്യാകരണം സർവനാമത്തെ നാമത്തിന്റെ വിഭാഗമായിക്കാണാതെ അവരുടെ ശബ്ദവിഭാഗത്തിൽ സ്വതന്ത്രപദവി നൽകി ആദരിച്ചതും ശ്രദ്ധേയമാണ്.

അദ്ദേഹം, ഇദ്ദേഹം, അവിടുന്ന്, ഇവിടുന്ന്, അങ്ങേര്, ഇങ്ങേര്, അയാൾ, ഇയാൾ, ഏതവൻ, ഏതവൾ എന്നിങ്ങനെ ഒട്ടേറെ സർവനാമങ്ങൾ വേറെയുമുണ്ട്.

‘എ’യുടെ രൂപങ്ങൾ മിക്കപ്പോഴും നീട്ടിയാണ് ഉപയോഗിക്കുന്നത്. ഏറ്റവുമധികം പ്രയോഗിക്കപ്പെടുന്നതുകൊണ്ടാണ് ‘പ്രഥമപുരുഷൻ’ എന്നു പ്രാധാന്യത്തോടെ ഇതിനെ വിളിക്കുന്നത്.