എന്താണ് എയർ ക്വാളിറ്റി ഇൻഡക്സ്?

ഒരു പ്രദേശത്തെ അന്തരീക്ഷ വായുവിൽ അടങ്ങിയിരിക്കുന്ന മാലിന്യങ്ങളുടെ തോത് അളക്കുന്ന സൂചികയാണ് എയർ ക്വാളിറ്റി ഇൻഡക്സ്( AQI). ഓസോൺ, പാർട്ടിക്കുലേറ്റ് മാറ്റർ, കാർബൺ മോണോക്സൈഡ്, സൾഫർ ഡൈ ഓക്സൈഡ്, നൈട്രജൻ ഡൈ ഓക്സൈഡ് എന്നീ അഞ്ച് ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് AQI നിർണയിക്കുന്നത്. AQI സംഖ്യകളെ ഒരു സ്കെയിലായി കണക്കാക്കിയാൽ ഒരറ്റത്ത് പൂജ്യവും മറ്റേ അറ്റത്ത് അഞ്ഞൂറും ആണ് കാണുക.

AQI 50 വരെയാണെങ്കിൽ വായുവിന്റെ അവസ്ഥ നല്ലതും 50 മുതൽ 100 വരെയാണെങ്കിൽ തൃപ്തികരവും എന്നാണു WHO മാനദണ്ഡം. 200 മുതൽ 300 വരെ മോശം അവസ്ഥയെന്നും 300 മുതൽ 400 വരെ വളരെ മോശം അവസ്ഥയെന്നും കണക്കാക്കുന്നു. 400ൽ കൂടിയാൽ ഗുരുതര മലിനീകരണം. ആരോഗ്യത്തിന് അത്യന്തം അപകടകരമായ അവസ്ഥയാണിത്.

ആളുകൾക്ക് എളുപ്പത്തിൽ മനസ്സിലാക്കാനായി ഓരോ ഘട്ടത്തിനും പച്ച, മഞ്ഞ, ഓറഞ്ച്, ചുവപ്പ്, പർപ്പിൾ, മെറൂൺ എന്നീ നിറങ്ങൾ സൂചനയായി നൽകുന്നുണ്ട്.