വിശ്വക്ഷേമം ലക്ഷ്യമാക്കിയ ആചാര്യൻ

ഡോ. കെ.സി. വിജയരാഘവൻ

ഗാന്ധിശിഷ്യനും ഭൂദാന പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവുമാണ് ആചാര്യ വിനോബ ഭാവെ. 1895 സെപ്റ്റംബർ 11ന് മഹാരാഷ്്ട്രയിലെ ഗഗോദ ഗ്രാമത്തിൽ ജനിച്ച വിനായക് നരഹരി ഭാവെയാണ് (വിന്യൻ) പിൽക്കാലത്ത് ആചാര്യ വിനോബ ഭാവെ എന്ന പേരിൽ പ്രസിദ്ധനായത്. വിന്യന്റെ കുട്ടിക്കാലം അച്ഛനോടൊപ്പം ബറോഡയിലായിരുന്നു. വായനയിൽ തൽപരനായിരുന്ന ബാലൻ പഠിക്കുന്ന കാലത്ത് സഹപാഠികളുടെ സഹകരണത്തോടെ തന്റെ ഗ്രാമത്തിൽ മികച്ച ഒരു ഗ്രന്ഥശാല സ്ഥാപിച്ചു.

ഭൂദാനയജ്ഞ പ്രചാരണം
‘‘വായുവും വെള്ളവും വെളിച്ചവും പോലെ ഭൂമിയും പൊതുമുതലാണ്. സ്വകാര്യ ഉടമസ്ഥത പാടില്ല’’ എന്ന സന്ദേശവുമായി ഇന്ത്യ മുഴുവൻ സഞ്ചരിച്ച് ഭൂദാനയജ്ഞ പ്രചാരണം നടത്തി ഇന്ത്യൻ ജനതയെ ഉണർത്തിയ ആചാര്യനാണ് വിനോബ ഭാവെ. അധ്വാനം ഈശ്വരാരാധനയായി വിശ്വസിച്ച വിനോബ, അധ്വാനിക്കാനും ജീവിക്കാൻവേണ്ടി ഭക്ഷിക്കാനും, സ്വതന്ത്രരായും നിർഭയരായും ജീവിക്കാനും, എല്ലാ മതങ്ങളെയും ഒരുപോലെ ബഹുമാനിക്കാനും, അയിത്താചരണം ഉപേക്ഷിക്കാനും, സ്വരാജ്യത്തുണ്ടാക്കുന്ന വസ്ത്രം മാത്രം ഉപയോഗിക്കാനും ഇന്ത്യൻ ജനതയെ ഉദ്ബോധിപ്പിച്ചു.

ഗാന്ധിജിയുടെ സ്വാധീനം
1916ൽ ബനാറസ് ഹിന്ദു സർവകലാശാലയിൽ നടന്ന ഗാന്ധിജിയുടെ ഉജ്ജ്വല പ്രസംഗം ദേശീയ പ്രസ്ഥാനത്തിലെ ധീരരായ പോരാളികളെയും സാധാരണക്കാരെയും വിദ്യാർഥികളെയും ആവേശഭരിതരാക്കി. നാട്ടുരാജാക്കന്മാരെയും വൈസ്രോയിയെയും ബ്രിട്ടന്റെ നയത്തെയും വെല്ലുവിളിച്ചുകൊണ്ടുള്ള ഗാന്ധിജിയുടെ ഗർജ്ജനം പിറ്റേ ദിവസം പത്രങ്ങളിൽ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. നിർഭയനായ ഗാന്ധിജിയുടെ ആഹ്വാനം വിനോബ പല തവണ വായിച്ചു. യുവാവായ വിനോബ ഗാന്ധിജിക്ക് ഒരെഴുത്ത് എഴുതുകയും തുടർന്നു സബർമതി ആശ്രമത്തിൽ ചേരുകയും ചെയ്തു. ഗാന്ധിജിയുടെ ആശ്രമത്തിലെത്തിയ വിനോബ, താൻ എത്തേണ്ട സ്ഥലത്തുതന്നെ എത്തി എന്നഭിമാനിച്ചു. ഗാന്ധിജിയുടെ ആശ്രമത്തിൽ വിനോബ തന്റെ സഹോദരനോടൊപ്പം തോട്ടിപ്പണി ചെയ്തു. ബ്രാഹ്മണരായ സഹോദരങ്ങൾ തോട്ടിപ്പണി ചെയ്യുന്നതു മറ്റുള്ള അന്തേവാസികളെ ക്ഷുഭിതരാക്കി. അവർ ഗാന്ധിജിയോടു പരാതി പറഞ്ഞു. മഹാത്മജിയുടെ മറുപടി ശ്രദ്ധേയമായിരുന്നു: ‘‘തോട്ടിപ്പണി ഏറ്റവും ഉയർന്ന ജോലിയാണ്. ശുചീകരണവേല മഹത്തരവും പരിശുദ്ധവുമാണ്.’’

കേരളത്തിൽ
1924ൽ വൈക്കം സത്യഗ്രഹത്തിന്റെ നിരീക്ഷകനായി ഗാന്ധിജി വിനോബയെ കേരളത്തിലേക്കയച്ചു. ഉപ്പുസമരത്തിൽ പങ്കെടുത്ത ഈ പോരാളിയെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു. വ്യക്തി സത്യഗ്രഹം ആരംഭിച്ചപ്പോൾ ഒന്നാമത്തെ ഭടനായി ഗാന്ധിജി തിരഞ്ഞെടുത്തത് വിനോബയെ ആയിരുന്നു. തുടർന്നു മൂന്നു തവണ ജയിൽവാസം വരിച്ചു. 1942ൽ ‘ക്വിറ്റ് ഇന്ത്യ’ സമരത്തിൽ പങ്കെടുത്ത് മൂന്നു വർഷം ജയിലിലായി. മഹാത്മജി 1948 ജനുവരി 30ന് രക്തസാക്ഷിത്വം വരിച്ചു. സ്വന്തം പുത്രനെപ്പോലെ തന്നെ സ്നേഹിച്ച മഹാത്മാവിന്റെ അന്ത്യം വിനോബയെ ഏറെ വേദനിപ്പിച്ചു. രാഷ്ട്രപിതാവിന്റെ ചിതാഭസ്മവുമായി നദയിലിറങ്ങിയ വിനോബ അവിടെ തിങ്ങിക്കൂടിയ ജനങ്ങളെ സാക്ഷിനിർത്തി ശപഥം ചെയ്തു: ‘‘ബാപ്പുവിന്റെ‌ സങ്കൽപ സാക്ഷാൽക്കരിക്കാൻ ഞാൻ എന്റെ ജീവിതം ഉഴിഞ്ഞുവയ്ക്കുന്നു. ഈ രാജ്യത്തെ ജനങ്ങളെല്ലാം സുഖത്തിലും ശാന്തിയിലും ജീവിക്കുന്ന ദിവസം പുലരുന്നതെന്നോ, അന്നുവരെ ഞാൻ പ്രയത്നിച്ചുകൊണ്ടിരിക്കും.’’

ഭൂദാന പ്രസ്ഥാനം
1951 ഏപ്രിൽ മാസം വിനോബ തെലങ്കാനയിലെത്തി. പോച്ചമ്പള്ളി എന്ന ഗ്രാമത്തിലെ പട്ടിണിപ്പാവങ്ങളായ ദലിതർ കൃഷി ചെയ്യാൻ മണ്ണിനുവേണ്ടി വിശപ്പുകൊള്ളുകയായിരുന്നു. അവരുടെ കണ്ണീർ കണ്ട ഈ ഗാന്ധിശിഷ്യൻ അവിടെ കൂടിയ ജനങ്ങളോട്, ‘‘ഈ പാവങ്ങൾക്കു കൃഷി ചെയ്തു ജീവിക്കാൻ എൺപത് ഏക്കർ ഭൂമി വേണം. ആരെങ്കിലും തരുമോ?’’ എന്നു ചോദിച്ചപ്പോൾ, ഒരു സമ്പന്നൻ (രാമചന്ദ്ര റെഡ്ഡി) നൂറ് ഏക്കർ സൗജന്യമായി തരാൻ മുന്നോട്ടുവന്നു. ലോകത്തിലെ വിപ്ലവകരമായ ഭൂദാന പ്രസ്ഥാനത്തിന്റെ തുടക്കം അവിടെയാണ്. ഭൂമിയുള്ളവരോടെല്ലാം ഒരോഹരി ഭൂമിയില്ലാത്തവർക്കു വിട്ടുകൊടുക്കാൻ വിനോബ അപേക്ഷിച്ചു. തെലങ്കാനയിൽ ആ മനുഷ്യസ്നേഹിക്ക് 13,000 ഏക്കർ ഭൂമി ലഭിച്ചു.

ദാനമായി 5000 ഗ്രാമം
വാർധയിൽനിന്നു ഡൽഹിക്കും, അവിടെനിന്നു കാശിക്കും ബിഹാറിലേക്കും വിനോബ സഞ്ചരിച്ചു. ബംഗാൾ, ഒഡീഷ, ആന്ധ്ര, കേരളം, കർണാടകം, മഹാരാഷ്ട്ര, രാജസ്ഥാൻ, പഞ്ചാബ്, മധ്യപ്രദേശ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ആ മഹാൻ എത്തി. 5000 ഗ്രാമങ്ങൾ ദാനമായി ഈ അഹിംസാ വിപ്ലവകാരിക്കു ലഭിച്ചു.മധ്യപ്രദേശിലെ വനങ്ങളിൽ പൊലീസിനും സൈന്യത്തിനും കീഴടങ്ങാൻ കഴിയാത്ത കൊള്ളക്കാരെ സ്നേഹിച്ചു കീഴടക്കാൻ ആചാര്യ വിനോബ ഭാവെയ്ക്കു കഴി‍ഞ്ഞുവെന്നതു നിസ്സാര കാര്യമല്ല. തന്റെ യാത്രയിലൂടെ സ്നേഹസമ്പന്നനായ ആചാര്യൻ ‘ഭൂദാനം’ മാത്രമല്ല നേടിയത്; ജനഹൃദയങ്ങളെ കീഴടക്കാനുള്ള അസാധാരണ കഴിവ് അദ്ദേഹത്തെ ലോകപ്രസിദ്ധനാക്കി.

സർവോദയം
വിനോബ ആഹ്വാനം ചെയ്തു: ‘‘ഓരോരുത്തരും മറ്റുള്ളവരുടെ സുഖത്തിനുവേണ്ടി ശ്രമിക്കേണ്ട സമയമിതാ സമാഗതമായിരിക്കുന്നു. ഓരോ വ്യക്തിയും വിദ്വേഷത്തിന്റെ പാത വെടിഞ്ഞ് സ്നേഹത്തിന്റെ വെളിച്ചത്തിലേക്കു വരണം. ഗ്രാമം മുഴുവൻ ഒരു കുടുംബം – രാജ്യങ്ങളെല്ലാം ചേർന്ന് ഒരു കുടുംബം – ലോകങ്ങളെല്ലാം ചേർന്ന് ഒരേഒരു കുടുംബം – ഇതാണ് സർവോദയത്തിന്റെ ആശയം.’’

തൊഴിൽ മാഹാത്മ്യം
ഒരു തൊഴിലും നികൃഷ്ടമായി വിനോബ കണ്ടില്ല. ആശ്രമത്തിൽ തോട്ടിപ്പണിയിലും തോട്ടം പരിപാലനത്തിലും പാചകവേലയിലും നൂൽനൂൽപ്പിലും ആനന്ദം കണ്ടെത്തിയ ആ ഗുരുനാഥൻ തൊഴിൽ മഹത്വത്തിന്റെ പാഠമാണ് ഇന്നും ലോകത്തെ പഠിപ്പിക്കുന്നത്.