ആത്മാവിന്റെ വെളിപാടുകൾ

വിഖ്യാത റഷ്യൻ നോവലിസ്റ്റ് ഫയദോർ ദസ്തയേവ്‌സ്കിയുടെ ജീവിതത്തിലെ ഒരു പ്രധാനഘട്ടത്തെ അവലംബിച്ചു മലയാളത്തിലെ പ്രശസ്ത സാഹിത്യകാരൻ പെരുമ്പടവം ശ്രീധരൻ എഴുതിയ 'ഒരു സങ്കീർത്തനം പോലെ' എന്ന നോവലിലെ പത്താം അധ്യായമാണ് 'ആത്മാവിന്റെ വെളിപാടുകൾ'

ഭാര്യയുടെയും ജ്യേഷ്ഠന്റെയും മരണവും ജ്യേഷ്ഠന്റെ കടബാധ്യതകളും, അദ്ദേഹത്തിന്റെ കുടുംബത്തെക്കൂടി സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തവും ദസ്തയേവ്‌സ്കിയെ വിഷമവൃത്തത്തിലാക്കി. കയ്യിലുള്ള പണം മുഴുവനും ചെലവാക്കി. തികയാതെ വന്നപ്പോൾ കടം വാങ്ങിയതുകൂടി ചൂതുകളിച്ചു നഷ്ടപ്പെടുത്തുകയും ചെയ്തു. നിലനില്‍പുതന്നെ അവതാളത്തിലായ അവസ്ഥയിൽ നിശ്ചിത സമയത്തിനു മുന്‍പ്, നൂറ്ററുപതു പേജുവരുന്ന ഒരു നോവലെഴുതിക്കൊടുക്കാമെന്നും അതിനു കഴിഞ്ഞില്ലെങ്കിൽ തന്റെ എഴുതാനിടയുള്ളതുൾപ്പെടെ എല്ലാ പുസ്തകങ്ങളുടെ അവകാശവും വിട്ടുനൽകാം എന്നുമുള്ള കരാറിന്മേൽ സ്റ്റെല്ലോവ്‌സ്കി എന്ന പ്രസാധകനിൽനിന്നു ദസ്തയേവ്‌സ്കി കുറെ പണം മുൻകൂറായി വാങ്ങി.

ഉദ്ദേശിച്ചസമയത്തിനുള്ളിൽ നോവൽ പൂർത്തിയാക്കണമെങ്കിൽ, ചുരുക്കെഴുത്ത് അറിയാവുന്ന ഒരാളുടെ സഹായം ആവശ്യമായിവന്നു. അങ്ങനെയാണ് അന്ന എന്ന യുവതിയുടെ സഹായത്തോടെ ചൂതാട്ടക്കാരൻ എന്ന നോവലിന്റെ രചന തുടങ്ങിയത്. 1866 ഒക്ടോബർ നാലിനു തുടങ്ങി 26 ദിവസംകൊണ്ട് നോവൽ പൂർത്തിയാക്കി. തന്നെക്കാൾ വളരെ ചെറുപ്പമായ അന്നയോട് അദ്ദേഹത്തിന് ഇഷ്ടം തോന്നുന്നതും ഒടുവിൽ ഇരുവരും ജീവിതപങ്കാളികളാകുന്നതും അതിനിടയിലുള്ള, അന്തർമുഖനായ ദസ്തയേവ്‌സ്കി നേരിട്ട അപസ്മാര രോഗത്തിന്റെ അസ്വസ്ഥതകളും അദ്ദേഹം അനുഭവിച്ച വന്യവും ഭ്രാന്തവുമായ ആത്മസംഘർഷങ്ങളും സർഗാത്മക വ്യഥയുമാണ് ഈ നോവലിന്റെ ഇതിവൃത്തം.

ഒരു സങ്കീർത്തനം പോലെ
അരാജകവാദിയും അഴിഞ്ഞാട്ടക്കാരനുമായി പലരും വിശേഷിപ്പിച്ചിട്ടുള്ള ദസ്തയേവ്‌സ്കിയെ 'ഹൃദയത്തിനുമേൽ ദൈവത്തിന്റെ കയ്യൊപ്പുള്ള' ആളായിട്ടാണു പെരുമ്പടവം ഈ നോവലിലൂടെ അവതരിപ്പിക്കുന്നത്. ബൈബിളിലെ ചില സങ്കീർത്തനങ്ങളിൽ ഉള്ളതുപോലുള്ള കുറ്റബോധത്തിന്റെയും അനുതാപത്തിന്റെയും ഒരു സ്വരം അദ്ദേഹത്തിന്റെ മിക്ക കൃതികളിലും കാണപ്പെടുന്നതുകൊണ്ടാണ്, അദ്ദേഹത്തെത്തന്നെ മുഖ്യ കഥാപാത്രമാക്കിയ തന്റെ നോവലിനു പെരുമ്പടവം 'ഒരു സങ്കീർത്തനം പോലെ' എന്ന പേരു നൽകിയത്.

'മലയാള നോവലിലെ ഏകാന്തവിസ്മയം' എന്നാണു മലയാറ്റൂർ രാമകൃഷ്ണൻ ഈ കൃതിയെ വിശേഷിപ്പിച്ചത്. 1996ലെ വയലാർ പുരസ്കാരം ഉൾപ്പെടെ എട്ടു പ്രധാന പുരസ്കാരങ്ങൾ ഈ കൃതി നേടിയിട്ടുണ്ട്. 12 വർഷംകൊണ്ട് ഒരു ലക്ഷത്തിലേറെ കോപ്പികൾ എന്നതു മലയാള പുസ്തക പ്രസാധന ചരിത്രത്തിലെ എക്കാലത്തെയും വലിയ റെക്കോർഡ് ആണ്. ഹിന്ദി, തമിഴ്, കന്നട, ഗുജറാത്തി ഭാഷകളിൽ പെരുമ്പടവത്തിന്റെ ഈ കൃതിക്ക് ഇതിനകം പരിഭാഷകൾ വന്നിട്ടുണ്ട്.

പാഠഭാഗം മുന്നോട്ട് വയ്ക്കുന്നത്
ഏതു സാഹചര്യങ്ങളിലും പ്രസാദാത്മകമായ ജീവിതം നയിക്കാൻ കഴിയണമെന്ന കാഴ്ചപ്പാടാണ് ഈ പാഠഭാഗം നൽകുന്നത്. ദുഃഖങ്ങളെ യാഥാർഥ്യബോധത്തോടെ നോക്കിക്കാണാനും ചെറുകാര്യങ്ങളിൽപോലും സന്തോഷിക്കുവാനും കഴിഞ്ഞാൽ ജീവിതത്തിന്റെ സൗന്ദര്യം നിലനിർത്താൻ സാധിക്കും എന്നും, നോവലിന്റെ ഈ ഭാഗം കാട്ടിത്തരുന്നു. നിരീക്ഷണക്കുറിപ്പ്, പ്രയോഗഭംഗി, കഥാപാത്ര നിരൂപണം, ഉപന്യാസം തുടങ്ങിയവയാണു പ്രധാനമായും മലയാളം ചോദ്യപേപ്പറുകളിൽ കൂട്ടുകാർ നേരിടേണ്ടിവരുന്നത്. അതിൽ കഥാപാത്ര നിരൂപണം, ഉപന്യാസം, താരതമ്യക്കുറിപ്പ് എന്നിവയുടെ ഉത്തരങ്ങൾ എഴുതുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം എന്നു

നിരൂപണം
∙ആമുഖമെഴുതുമ്പോൾ എഴുത്തുകാരനെയും കൃതിയെയും പരാമർശിക്കണം. ∙കഥയിൽ കഥാപാത്രം വഹിക്കുന്ന പങ്ക്, സൂക്ഷ്മഭാവങ്ങൾ, വ്യക്തിത്വം, മറ്റു കഥാപാത്രങ്ങളുമായുള്ള ബന്ധം എന്നിവ കണ്ടെത്തി ഖണ്ഡികകളായി എഴുതണം. ∙സ്വന്തം നിലപാടുകൾ അവതരിപ്പിക്കണം. ∙ശക്തവും ആകർഷകവുമായ ഭാഷയായിരിക്കണം. ∙കഥാപാത്രത്തിന്റെ സമകാലിക പ്രസക്തി കണ്ടെത്തണം.

താരതമ്യക്കുറിപ്പ്
∙താരതമ്യത്തിനു വിധേയമാകേണ്ട വിഷയത്തെ/വ്യക്തിയെക്കുറിച്ച് എഴുതണം. ∙അവയിലെ സാമ്യവ്യത്യാസങ്ങളും ഗുണദോഷങ്ങളും ശക്തമായ ഭാഷയിൽ അവതരിപ്പിക്കണം. ∙സ്വന്തം നിലപാടും നിരീക്ഷണങ്ങളും വ്യക്തമാക്കണം.

ഉപന്യാസം
∙ഉചിതമായ തലക്കെട്ട് ∙ആമുഖം ∙വിഷയവുമായി ബന്ധപ്പെട്ട ആശയങ്ങൾ ഖണ്ഡികകളായി എഴുതണം. ∙ആശയങ്ങൾ ഉൾക്കൊള്ളാൻ കഴിയുന്നവിധം അനുയോജ്യമായ ഭാഷ ഉപയോഗിക്കണം. ∙സ്വന്തം നിലപാടുകൾ അവതരിപ്പിക്കണം. ∙ഉപസംഹാരം.