കണ്ടെത്തി, കാലങ്ങൾക്കു മുൻപേ പരിസ്ഥിതിയെ സ്നേഹിച്ച കപ്പുകൾ; എന്താണ് പ്രത്യേകത? , 3600 year old disposable cup, found in Crete island, Padhippura, Manorama Online

കണ്ടെത്തി, കാലങ്ങൾക്കു മുൻപേ പരിസ്ഥിതിയെ സ്നേഹിച്ച കപ്പുകൾ; എന്താണ് പ്രത്യേകത?

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കപ്പുകളാണു വില്ലന്മാർ. അവ കൂട്ടമായി മണ്ണിലടിഞ്ഞ് പരിസ്ഥിതിക്കു വൻ നാശമുണ്ടാക്കും. എന്നാൽ കടലാസ് കപ്പുകൾ പ്രശ്നക്കാരല്ല, അവ മണ്ണിലലിഞ്ഞു പൊയ്ക്കോളും. ഇത്രയും നാൾ നാം വിചാരിച്ചിരുന്നത് ആധുനിക മനുഷ്യനാണ് ഒറ്റത്തവണ ഉപയോഗിച്ചു കളയാവുന്ന ഡിസ്പോസബിൾ ഗ്ലാസുകൾ നിർമിച്ചതെന്നല്ലേ? പക്ഷേ ആയിരക്കണക്കിനു വർഷം മുൻപു തന്നെ ഇത്തരം ഗ്ലാസുകൾ പ്രചാരത്തിലുണ്ടായിരുന്നെന്നാണു പുരാവസ്തു ഗവേഷകർ പറയുന്നത്. അതിന്റെ തെളിവ് അവർ ലണ്ടനിലെ ബ്രിട്ടിഷ് മ്യൂസിയത്തിൽ നടക്കുന്ന പ്രദർശനത്തിൽ എത്തിക്കുകയും ചെയ്തു. ഏകദേശം 3600 വർഷം പഴക്കമുള്ള കളിമൺ കപ്പുകളാണു പ്രദർശനത്തിലെ കൗതുകമാകുന്നത്.

മെഡിറ്ററേനിയൻ കടലിലെ ക്രീറ്റീ എന്ന ദ്വീപിലുള്ളവരാണു വർഷങ്ങൾക്കു മുന്‍പു തന്നെ ഒറ്റത്തവണ ഉപയോഗിക്കാവുന്ന കപ്പ് നിർമിച്ചിരുന്നത്. അതായത് ഏകദേശം ബിസി 1700–1600 കാലഘട്ടത്തിൽ. മിനോൻ നാഗരിക വംശജരായിരുന്നു അക്കാലത്ത് ദ്വീപിൽ ജീവിച്ചിരുന്നത്. യൂറോപ്പിലെ ആദ്യകാലത്തെ ഏറ്റവും മികച്ച ജീവിതം നയിച്ചിരുന്ന നാഗരിക വിഭാഗക്കാരായിരുന്നു മിനോനുകൾ. ദ്വീപിൽ ഉദ്ഖനനം നടത്തിയ ഗവേഷകർ പല ഭാഗത്തു നിന്നും വൻതോതിൽ ഇത്തരം കപ്പുകൾ കണ്ടെത്തിയിരുന്നു. പലയിടത്തും ഉപേക്ഷിക്കപ്പെട്ട നിലയിൽ കൂടിക്കിടക്കുകയായിരുന്നു ഈ കളിമൺ കപ്പുകൾ. അതുകൊണ്ടാണ് ഇവ ഒറ്റത്തവണ ഉപയോഗത്തിനുള്ള കപ്പുകളാണെന്ന സംശയം ജനിച്ചത്.

വീഞ്ഞ് കുടിക്കുന്നതിനു വേണ്ടിയായിരിക്കണം ഈ കപ്പുകൾ ഉപയോഗിച്ചിരുന്നതെന്നും കരുതുന്നു. ആഘോഷ പരിപാടികളിൽ തന്നെയായിരിക്കണം ഇവയും ഉപയോഗിച്ചിരുന്നത്. ആയിരക്കണക്കിനു വർഷം മുൻപു തന്നെ ഇന്നത്തെ കാലത്തെ മനുഷ്യനു സമാനമായ നാഗരിക സ്വഭാവം അക്കാലത്തുള്ളവർ പ്രകടിപ്പിച്ചിരുന്നുവെന്നു ചുരുക്കം. ഇന്ന് പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ലഭിക്കുന്നതു പോലെ സുലഭമായിരുന്നു പണ്ട് കളിമണ്ണ് എന്നാണു ഗവേഷകർ പറയുന്നത്. നിർമാണച്ചെലവ് കുറവായിരുന്നു, നിർമിക്കാൻ എളുപ്പവും. മണ്ണിലെത്ര കാലം കിടന്നാലും നശിച്ചു പോവുകയുമില്ല. ‘എല്ലാകാലത്തും ജനങ്ങൾ ഒറ്റത്തവണ ഉപയോഗിച്ചു കളയാവുന്ന വസ്തുക്കൾ നിർമിച്ചിട്ടുണ്ട്. പക്ഷേ എല്ലായിപ്പോഴും അവ പരിസ്ഥിതിയെ മലിനമാക്കുന്നതായിരുന്നില്ല...’ കളിമൺകപ്പിനെ ചൂണ്ടിക്കാട്ടി ബ്രിട്ടിഷ് മ്യൂസിയം ഡയറക്ടർ ഹാർട്‌വിഡ് ഫിഷർ പറയുന്നു. 2020 ഫെബ്രുവരി 23 വരെയുണ്ട് മ്യൂസിയത്തിലെ പ്രദർശനം.

Summary : 3600 year old disposable cup found in Crete Island