32,000 കൊല്ലം മുൻപുള്ള വിത്ത് മുളച്ചപ്പോള്‍!

വി.ആർ. വിനയരാജ്

വറുതിയുടെ കാലത്ത് ഉപയോഗിക്കാൻ മണ്ണിനടിയിൽ വിത്തുകൾ ഒളിപ്പിക്കുന്ന ശീലത്തിന് അണ്ണാൻ വംശത്തോളം തന്നെ പ്രായമുണ്ട്. ഒളിപ്പിച്ച വിത്തുകൾ എവിടെയെന്നു മറന്നുപോകുന്ന ശീലത്തിനും അത്രതന്നെ പഴക്കമുണ്ടാവും. ഇങ്ങനെ ഒളിപ്പിക്കുന്ന വിത്തുകൾ വർഷങ്ങൾക്കു ശേഷം മഴക്കാലത്തു മുളച്ചുപൊങ്ങും.

മരണമില്ലാത്ത വിത്തുകൾ
റഷ്യയിലെ സൈബീരിയയുടെ തണുത്തുറഞ്ഞ ഭൂപ്രദേശത്ത് ഉൽഖനനം നടത്തുമ്പോൾ 38 മീറ്റർ ആഴത്തിൽ മാമത്തുകളുടെയും കാണ്ടാമൃഗങ്ങളുടെയും അസ്ഥികൂടങ്ങൾക്കെല്ലാം ഒപ്പം അണ്ണാന്മാർ ഒളിപ്പിച്ചരീതിയിൽ കിടക്കുന്ന കുറെ വിത്തുകൾ ലഭിച്ചു. റേഡിയോ കാർബൺ ഡേറ്റിങ് വഴി കാലപ്പഴക്കനിർണയം നടത്തിയപ്പോൾ ആ വിത്തുകളുടെ പ്രായം 32,000 വർഷമാണെന്നു മനസ്സിലായി. ഇളംവിത്തുകളും മൂപ്പെത്തിയ വിത്തുകളും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. മൂപ്പെത്തിയ വിത്തുകൾക്കു പരുക്കുപറ്റിയിരുന്നു, ചിലപ്പോൾ പൊത്തിനകത്തിരുന്നു മുളയ്ക്കാതിരിക്കാൻ അണ്ണാന്മാർ തന്നെ അവയെ പരുക്കേൽപിച്ചതാവാം. ശാസ്ത്രജ്ഞന്മാർ ആ വിത്തുകളിൽനിന്നു കോശങ്ങൾ വേർതിരിച്ചെടുത്തു. അവ മുളപ്പിച്ചു.

ഒരുവർഷത്തിനുശേഷം ചെടിയിൽ പൂക്കൾ ഉണ്ടായി, കായ്കൾ ഉണ്ടായി. ഇന്നും നിലവിൽ സൈബീരിയയിൽ ഉള്ള ഒരു സസ്യമായ Silene stenophylla ആയിരുന്നു ആ ചെടി. ഇന്നുള്ള ചെടിയിൽ ഉണ്ടാകുന്ന പൂക്കളുടെ ആകൃതിയിൽനിന്നു വ്യത്യസ്തമായിരുന്നു അവയിൽ ഉണ്ടായ പൂക്കൾ. 32,000 വർഷത്തെ പരിണാമം ഒരു ചെടിയിൽ ഉണ്ടാക്കിയേക്കാവുന്ന മാറ്റങ്ങൾ കൗതുകത്തോടെ ശാസ്ത്രലോകം പഠിച്ചു. ഇത്രയും കാലം ഉറങ്ങിക്കിടന്നിട്ടും മുളയ്ക്കൽ ശേഷിനശിക്കാത്ത വിത്തുകൾ ഗവേഷകരെ അദ്ഭുതപ്പെടുത്തി. ഇതിനുമുൻപു പഴയകാലത്തു നിന്നു ലഭിച്ച വിത്തുകൾ മുളപ്പിച്ചതിനു പരമാവധി 2000 വർഷം മാത്രമായിരുന്നു പ്രായം എന്നോർക്കുമ്പോഴാണ് ഈ വിത്തുകളുടെ പഴക്കം നമ്മെ അദ്ഭുതപ്പെടുത്തുന്നത്. ഇവയുടെ 60,000 വിത്തുകളും കായ്കളുമാണ് ലഭിച്ചത്. അവയുടെ കലകളിൽനിന്നു മുളപ്പിച്ച 36 ചെടികൾക്കുണ്ടായ വിത്തുകൾക്ക് 100 ശതമാനമായിരുന്നു മുളയ്ക്കൽശേഷി. ഇന്നുള്ള ഇതേ ചെടിയുടെ വിത്തുകളുടെ മുളയ്ക്കാനുള്ള കഴിവ് 90 ശതമാനമായിരുന്നു. ഈ വ്യത്യാസങ്ങളുടെ കാരണങ്ങൾ പഠിക്കേണ്ടതായിട്ടുണ്ട്.

പുത്തൻ പ്രതീക്ഷകൾ
കാലങ്ങളായി തണുത്തുറഞ്ഞു കിടക്കുന്ന മഞ്ഞുപാളികൾ ഇങ്ങനെ ജീവന്റെ രഹസ്യങ്ങൾ ഒളിപ്പിച്ചുവച്ച കലവറയായിരിക്കും എന്നുമാത്രമല്ല, അവ പ്രജനനശേഷിപോലും നഷ്ടമാവാതെ സുരക്ഷിതമായിരിക്കുന്നതു പുത്തൻ പ്രതീക്ഷകളാണ് നൽകുന്നത്. ഭാവിയിലേക്കു വിത്തുകൾ കരുതിവയ്ക്കുന്ന പല സ്ഥാപനങ്ങളും അവയിൽ ഏറ്റവും മികവുറ്റ മാർഗങ്ങൾ ഇന്നും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അവിടെയാണ് ഈ കണ്ടെത്തലിന്റെ പ്രാധാന്യം. എന്തൊക്കെ സുരക്ഷിതമായ രീതിയിൽ സൂക്ഷിച്ചാലും പല വിത്തുകളുടെയും മുളയ്ക്കൽശേഷി കാലം ചെല്ലുന്തോറും കുറഞ്ഞാണ് വരുന്നത്. പരീക്ഷണങ്ങളിൽ ഒപ്പിയം പോപ്പി ചെടിയുടെ വിത്തുകൾ -7 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിച്ചത് 160 വർഷത്തിനുശേഷം മുളച്ചതു വെറും രണ്ടു ശതമാനം മാത്രമാണ് എന്നതെല്ലാം ഈ അവകാശവാദങ്ങളെ സംശയത്തിന്റെ മുനയിൽ നിർത്തിയിരുന്നെങ്കിലും കാർബൺ കാലനിർണയം സംശയങ്ങളെ അകറ്റുകയായിരുന്നു. കാലങ്ങളായുള്ള ഗാമ റേഡിയേഷനാണ് വിത്തുകളുടെ മുളയ്ക്കൽശേഷി ഇല്ലാതാകാനുള്ള കാരണങ്ങളിൽ ഒന്ന്. ഈ വിത്തുകൾ കിട്ടിയ സ്ഥലത്ത് അനുഭവപ്പെട്ട ഗാമാ റേഡിയേഷൻ താരതമ്യേന കുറവായിരുന്നു. ഇതിനു മുൻപേ താമരയുടെ 1300 വർഷം പഴക്കമുള്ള വിത്തുകളിൽ ഏറ്റ റേഡിയേഷനു തുല്യം റേഡിയേഷനേ ഇവിടെ 32,000 വർഷങ്ങൾ പിന്നിട്ട വിത്തുകൾക്കും കിട്ടിയിരുന്നുള്ളൂ. ഇത്തരം മറ്റു വിത്തുകളും മുളപ്പിക്കാൻ കഴിഞ്ഞാൽ പരിണാമപ്രക്രിയ കൺമുന്നിൽ കാണുന്നതുപോലെ ശാസ്ത്രലോകത്തിനു മനസ്സിലാക്കാൻ കഴിയും എന്നതു ശാസ്ത്രകുതുകികളെ ആവേശഭരിതരാക്കിയിരിക്കുകയാണ്. അതുകൂടാതെ എന്നോ വംശനാശം സംഭവിച്ച സസ്യങ്ങളെ തിരികെ കൊണ്ടുവരാനാവുന്നതിനെപ്പറ്റിയെല്ലാം അവർ സ്വപ്നം കാണുകയും ചെയ്യുന്നു.