മൈതാനത്തിന്റെ വലുപ്പത്തിൽ കൂറ്റൻ ഛിന്നഗ്രഹം; സെപ്റ്റംബറിൽ വന്നിടിക്കുമോ ഭൂമിയിൽ?, 2006 qv89 asteroid, Earth, September,Padhippura, Padhippura, Manorama Online

മൈതാനത്തിന്റെ വലുപ്പത്തിൽ കൂറ്റൻ ഛിന്നഗ്രഹം; സെപ്റ്റംബറിൽ വന്നിടിക്കുമോ ഭൂമിയിൽ?

ബഹിരാകാശത്ത് എത്രയെത്ര ഛിന്നഗ്രഹങ്ങൾ (Asteroids) അലഞ്ഞു തിരിഞ്ഞു നടക്കുന്നുണ്ടെന്നറിയാമോ കൊച്ചുകൂട്ടുകാർക്ക്? എണ്ണിയാലൊന്നും തീരില്ല. കോടിക്കണക്കിനു വർഷങ്ങളായി ഇവ ആകാശത്തുണ്ട്. വമ്പൻ പാറകളും ലോഹങ്ങളും കൊണ്ടൊക്കെയാണ് ഛിന്നഗ്രഹങ്ങൾ നിർമിക്കപ്പെട്ടിരിക്കുന്നത്. ഇവയെ ഭൂമിയിൽ നിന്നു നാസയും യൂറോപ്യൻ സ്പെയ്സ് ഏജൻസിയുമൊക്കെ (ഇഎസ്എ) കൃത്യമായി നിരീക്ഷിക്കുന്നുമുണ്ട്. എന്നെങ്കിലും ഇവ ഭൂമിയിൽ വന്നിടിക്കാൻ സാധ്യതയുണ്ടോയെന്നാണു പരിശോധിക്കുന്നത്. അത്തരത്തിൽ സാധ്യതയുള്ള 870 ബഹിരാകാശ വസ്തുക്കളെ ഇഎസ്എ തരംതിരിച്ചിട്ടുണ്ട്. അതിൽത്തന്നെ ഏറ്റവും സാധ്യതയുള്ള 10 ഛിന്നഗ്രഹങ്ങളെയും പ്രത്യേകമായി നിരീക്ഷിക്കുന്നുണ്ട്. ആ ടോപ് ടെന്നിൽ നാലാം സ്ഥാനത്തുള്ള 2006 ക്യുവി89 എന്നു പേരുള്ള ഛിന്നഗ്രഹം ഭൂമിക്കു നേരെ വരികയാണ്.

പട്ടികയിലുള്ള പത്തെണ്ണത്തിൽ ആകെ ക്യുവി മാത്രമേ ഇക്കൊല്ലം ഭൂമിക്കു ഭീഷണിയാവുകയുള്ളൂ. ബാക്കിയെല്ലാം ഭൂമിക്കടുത്തെത്താൻ ഇനിയും നാളുകളെടുക്കും. പക്ഷേ ഏകദേശം ഒരു ഫുട്ബോൾ മൈതാനത്തിന്റെ വലുപ്പവും സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ ഉയരവുമുള്ള ക്യുവി ഭൂമിക്കു നേരെ വന്നുകൊണ്ടിരിക്കുകയാണ്. 131 അടി വ്യാസമുള്ള ഈ ഭീമൻ സെപ്റ്റംബർ ഒൻപതിനായിരിക്കും ഭൂമിക്ക് ഏറ്റവും അടുത്തെത്തുക. അന്നു ഭൂമിക്കു സമീപത്തു കൂടി പോകുമ്പോൾ ചെറുതായൊന്ന് ഇടിച്ചാൽത്തന്നെ ഗുരുതര പ്രശ്നങ്ങളുണ്ടാകും. ഭൂമിയുടെ അന്തരീക്ഷത്തിലേക്കു കടന്ന് കത്തിത്തീർന്നാലും പ്രശ്നമാകും. പക്ഷേ ക്യുവി ഭൂമിയുമായി കൂട്ടിയിടിക്കാൻ .014 സാധ്യതയേ ഉള്ളൂവെന്നാണു ഗവേഷകർ പറയുന്നത്. എന്നുകരുതി ക്യുവിയെ ഗവേഷകർ തള്ളിക്കളയുന്നുമില്ല, ഏതുനിമിഷവും ഭ്രമണപഥം മാറി ഭൂമിയിലേക്കു വന്നിടിക്കാനുള്ള സാധ്യതയുണ്ടെന്നു ചുരുക്കം.

2006ൽ അരിസോണയിലെ കാറ്റലിന സ്കൈ ഒബ്സർവേറ്ററിയിൽ വച്ചാണ് ആദ്യമായി ക്യുവി ഗവേഷകരുടെ ശ്രദ്ധയിൽപ്പെടുന്നത്. നിയർ എർത്ത് ആസ്റ്ററോയ്ഡുകൾ(എന്‍ഇഎ) എന്നാണ് ക്യുവിയെപ്പോലുള്ളവ അറിയപ്പെടുന്നത്. ഭൂമിയുടെ 12.08 കോടി മൈൽ സമീപത്തു വരെയെത്തുന്നവയെയാണ് നാസ എൻഇഎയായി കണക്കാക്കുന്നത്. 2006ലാണു കണ്ടെത്തിയതെങ്കിലും 1950കളിലും അറുപതുകളിലും എഴുപതുകളിലും ഓരോ തവണയും എൺപതുകളിൽ രണ്ടു തവണയും ക്യുവി ഭൂമിക്ക് തൊട്ടടുത്തായി കടന്നുപോയിട്ടുണ്ട്. 2003ലും 2006ലും ഇത്തരത്തിൽ ഭൂമിക്ക് അടുത്തെത്തിയിട്ടുണ്ട്. സെപ്റ്റംബറിൽ ഭൂമിയെ ‘തൊട്ടുരുമ്മി’ പോയിക്കഴിഞ്ഞാൽ പിന്നെ 2032 ആകണം നമ്മുടെ ഇത്രയും അടുത്ത് ക്യുവി എത്തണമെങ്കിൽ. വരുന്ന സെപ്റ്റംബറിലാകട്ടെ ഭൂമിക്ക് ഏകദേശം 40 ലക്ഷം മൈൽ അടുത്തു വരെയെത്തും ക്യുവി.

ഭൂമിക്ക് 2.38 ലക്ഷം മൈൽ അകലെയാണ് ചന്ദ്രൻ. ഇക്കഴിഞ്ഞ മേയിൽ ഭൂമിക്കു സമീപത്തു കൂടി 1999 കെഡബ്ല്യു4 എന്ന ഛിന്നഗ്രഹം കടന്നു പോയത് 30 ലക്ഷം മൈൽ വ്യത്യാസത്തിലായിരുന്നു! അങ്ങനെയൊക്കെ നോക്കുമ്പോൾ ക്യുവി ഭൂമിയെ ‘ദ്രോഹിക്കാതെ’ കടന്നുപോകുമെന്നു തന്നെയാണു ഗവേഷകരുടെ വിശ്വാസം. എങ്കിലും 2013ലെ ഒരനുഭവം മുന്നിലുള്ളതിനാൽ എല്ലാ തയാറെടുപ്പുകളുമായാണ് ഗവേഷകർ ഒരുങ്ങുന്നത്– അന്ന് ഒരു ഛിന്നഗ്രഹം റഷ്യൻ നഗരത്തിൽ വീണു ചിതറിയപ്പോൾ പരുക്കേറ്റത് 1100ലേറെ പേർക്കായിരുന്നു. അതിന്റെ വലുപ്പമാകട്ടെ ഒരു ബസിനോളം മാത്രവും! അതുപോലെ ഭൂമിയുടെ അന്തരീക്ഷത്തിലേക്കെത്തി ക്യുവി ഏതെങ്കിലും നഗരത്തിനു മുകളിൽ പൊട്ടിത്തെറിച്ചാൽ ഉണ്ടാകുന്ന അപകടവും ഊഹിക്കാവുന്നതേയുള്ളൂ.