മണ്ണിനടിയിലെ സ്വര്‍ണ വാല്‍റസ് ‘പല്ല്’; ലേലത്തില്‍ കിട്ടുക ആറു ലക്ഷത്തിലേറെ!, Special features, Hummingbird, Padhippura, Manorama Online

മണ്ണിനടിയിലെ സ്വര്‍ണ വാല്‍റസ് ‘പല്ല്’; ലേലത്തില്‍ കിട്ടുക ആറു ലക്ഷത്തിലേറെ!

പ്രായമാകുന്നതിനനുസരിച്ചു നമ്മുടെ പല്ലുകളെല്ലാം കൊഴിഞ്ഞു പോകും. എന്നു കരുതി ഭക്ഷണം കഴിക്കാതിരിക്കാന്‍ പറ്റുമോ? അത്തരം ഘട്ടങ്ങളിലാണു നാം വെപ്പുപല്ലുകള്‍ ഉപയോഗിക്കുക. എങ്ങനെയാണ് ഈ കൃത്രിമപ്പല്ലുകള്‍ നിര്‍മിക്കുന്നതെന്നറിയാമോ? ഇന്നു പ്രധാനമായും വെപ്പുപല്ല് നിര്‍മാണത്തിന് ഉപയോഗിക്കുന്നത് റെസിന്‍, പോര്‍സെലിന്‍ എന്നീ വസ്തുക്കളാണ്. ദ്രാവകരൂപത്തിലുള്ള സിന്തറ്റിക് റെസീന്‍ ഉറച്ചു കട്ടിയാകുന്നതാണ് വെപ്പുപല്ല്. സെറാമിക് വസ്തുവാണ് പോര്‍സെലിന്‍. ഇത് ഉയര്‍ന്ന താപനിലയില്‍ ചൂടാക്കിയാണ് കൃത്രിമപ്പല്ലിനു വേണ്ട അസംസ്‌കൃത വസ്തു തയാറാക്കുന്നത്. മറ്റു പല രീതികളിലും വെപ്പുപല്ലുണ്ടാക്കുന്നുണ്ട്.

പക്ഷേ പണ്ടു കാലത്ത് ഇതൊന്നുമായിരുന്നില്ല രീതി. ആനക്കൊമ്പില്‍ നിന്നും കാണ്ടാമൃഗത്തിന്റെയും വാല്‍റസിന്റെയുമൊക്കെ കൊമ്പില്‍ നിന്നെല്ലാമായിരുന്നു പല്ല് കൊത്തിയെടുത്തിരുന്നത്. ഇന്നു പല്ലുണ്ടാക്കാന്‍ മെഡിക്കല്‍ വിദഗ്ധരേറെയുണ്ട്. എന്നാല്‍ ഏകദേശം 200 കൊല്ലം മുൻപ് അതായിരുന്നില്ല സ്ഥിതി. അന്നു വാച്ച് നിർമാതാക്കളാണ് ആനക്കൊമ്പില്‍ നിന്നും മറ്റുമൊക്കെ വെപ്പുപല്ല് നിര്‍മിച്ചിരുന്നത്. ഇന്നത്തെപ്പോലെ സ്വര്‍ണം കെട്ടിയ വെപ്പുപല്ലുകളും അന്നുണ്ടായിരുന്നു. പക്ഷേ ധനികര്‍ക്കു മാത്രമേ ഉപയോഗിക്കാനാകൂ എന്നു മാത്രം. അത്രയേറെ വിലയായിരുന്നു അതിന്. ഇക്കാര്യങ്ങളെല്ലാം അറിഞ്ഞല്ലോ, ഇനിയാണ് പുതിയ വാർത്ത.

മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് ഭൂമിക്കടിയിലെ പഴയകാല ആഭരണങ്ങളും മറ്റു വസ്തുക്കളും കണ്ടെത്തുന്ന ഒരു രീതിയുണ്ട്. അത്തരത്തില്‍ ബ്രിട്ടനിലെ ഒരു മെറ്റല്‍ ഡിറ്റക്ടറിസ്റ്റായിരുന്നു പീറ്റര്‍ ക്രോസ്. അദ്ദേഹവും കൂട്ടുകാരനും കൂടെ ഒരു നദീതീരത്തു കൂടെ ഭൂമിക്കടിയിലെ നിധി അന്വേഷിച്ചു നടക്കുകയായിരുന്നു. അപ്പോഴാണ് ഒരു സെറ്റ് വെപ്പുപല്ല് കിട്ടുന്നത്. ആദ്യം പരിശോധിച്ചപ്പോള്‍ ആടിന്റെ പല്ലാണെന്നാണു കരുതിയത്. പക്ഷേ പിന്നെങ്ങനെ മെറ്റല്‍ ഡിറ്റക്ടര്‍ ‘ബീപ് ബീപ്’ അടിച്ചു? അങ്ങനെ പരിശോധിച്ചപ്പോഴാണ് അത് ആടിന്റെ പല്ലല്ലെന്നും മനുഷ്യനു വേണ്ടി നിര്‍മിച്ചതാണെന്നും മനസ്സിലായത്. വെപ്പുപല്ല് സ്വര്‍ണത്തില്‍ പൊതിഞ്ഞതു കൊണ്ടായിരുന്നു ഡിറ്റക്ടര്‍ ബീപ് ശബ്ദമുണ്ടാക്കിയത്.

എന്തായാലും മണ്ണും ചെളിയുമൊക്കെ മാറ്റി പീറ്റര്‍ അതു വിദഗ്ധ പരിശോധനയ്ക്കയച്ചു. 200 വര്‍ഷത്തെ പഴക്കമുണ്ടായിരുന്നു അതിന്. വെപ്പുപല്ലിന്റെ മുകള്‍ ഭാഗമാണു ലഭിച്ചത്. വാല്‍റസിന്റെ എല്ലു കൊണ്ടു നിര്‍മിച്ചതാണെന്നാണു കരുതുന്നത്. കൂട്ടത്തില്‍ ആറു പല്ലുകള്‍ എല്ലിന്റെ പുറംപാളി ഉള്‍പ്പെടെ ചേര്‍ത്താണു നിര്‍മിച്ചത്. അതായത് എല്ലു ചീകി വെളുപ്പിച്ചെടുത്തിട്ടില്ലെന്നര്‍ഥം. ഒറ്റനോട്ടത്തില്‍ കണ്ടാല്‍ കറപറ്റിയ പല്ലാണെന്നേ തോന്നൂ. 1800-1850 കാലഘട്ടത്തില്‍ ഉപയോഗിച്ചതാണ് ഇതെന്നാണു കരുതുന്നത്. അന്നത്തെ കാലത്ത് ഇതിന് ഏകദേശം 18,000 രൂപ വില വരുമെന്നും പുരാവസ്തു ഗവേഷകര്‍ പറയുന്നു. അതുകൊണ്ടുതന്നെ അക്കാലത്തെ ഏതോ ധനികപ്രഭുവിന്റേതാണു പല്ലെന്ന് ഉറപ്പ്. പക്ഷേ ആരുടേതാണെന്ന് അറിയാന്‍ അടയാളങ്ങളൊന്നുമുണ്ടായിരുന്നില്ല.

ഇത്തരം വെപ്പുപല്ലുകള്‍ ഉപയോഗിക്കുന്നവരില്‍ പ്രശസ്ത വ്യക്തികളുമുണ്ടായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് വാഷിങ്ടന്‍ ഉപയോഗിച്ചിരുന്നത് ആനക്കൊമ്പ് കൊണ്ട് നിര്‍മിച്ച വെപ്പുപല്ലാണെന്നു ചരിത്രകാരന്മാര്‍ പറയുന്നു. ബ്രിട്ടനിൽ കണ്ടെത്തിയ വെപ്പുപല്ല് നവംബര്‍ 25നു നടക്കുന്ന ലേലത്തില്‍ വില്‍പനയ്‌ക്കെത്തും. 2.15 ലക്ഷം മുതല്‍ 6.45 ലക്ഷം രൂപ വരെ ഇതിനു വില ലഭിച്ചേക്കാമെന്നാണു വിദഗ്ധര്‍ പറയുന്നത്. അതായത് പണ്ടുണ്ടായിരുന്ന വിലയേക്കാള്‍ 35 ഇരട്ടി വരെ! വിറ്റു കിട്ടുന്ന കാശില്‍ പകുതി ഈ പല്ല് കിട്ടിയ സ്ഥലത്തിന്റെ ഉടമയ്ക്കാണ്. പീറ്ററിനും സുഹൃത്തിനും കാല്‍ ഭാഗം വീതവും ലഭിക്കും.

Summary : 200 year's old false teeth auction