കോടികളുടെ ലോഹം, ഉരുകിയൊലിച്ച ഇരുമ്പ്; ഇത് ബഹിരാകാശത്തെ അദ്ഭുതം!,16 Psyche, Iron nickel, Asteroid, Padhippura, Manorama Online

കോടികളുടെ ലോഹം, ഉരുകിയൊലിച്ച ഇരുമ്പ്; ഇത് ബഹിരാകാശത്തെ അദ്ഭുതം!

ഛിന്നഗ്രഹമെന്നു കേട്ടാൽത്തന്നെ ഭൂമിയിലുള്ളവർക്കു പേടിയാണ്. പണ്ടൊരിക്കൽ കൂറ്റനൊരു ഛിന്നഗ്രഹം വന്നിടിച്ചാണ് ഭൂമിയിലെ ദിനോസറുകളെല്ലാം കൂട്ടത്തോടെ ഇല്ലാതായതെന്നാണു കരുതുന്നത്. കല്ലും പലതരം കാഠിന്യമേറിയ ലോഹങ്ങളും കൊണ്ടെല്ലാമാണു ഛിന്നഗ്രഹങ്ങൾ നിർമിക്കപ്പെട്ടിരിക്കുന്നത്. അവയിൽ ഉരുകിയൊലിക്കുന്ന ഇരുമ്പ് കൂടിയുണ്ടെങ്കിലോ? കേൾക്കുമ്പോൾ സിനിമാക്കഥയിലെ വില്ലൻ ഛിന്നഗ്രഹത്തെപ്പോലെ തോന്നുമെങ്കിലും അത്തരമൊരെണ്ണത്തെ തിരിച്ചറിഞ്ഞു കഴിഞ്ഞു പെയര്‍ഡ്യൂ സർവകലാശാലയിലെ ഗവേഷകർ. 16 സൈക്കി എന്ന പേരിൽ പ്രശസ്തമായ ഛിന്നഗ്രഹമാണത്. രൂപപ്പെട്ട കാലത്ത് ഇതിൽ ഉരുകിയൊലിക്കുന്ന നിലയിൽ ഇരുമ്പും ഉണ്ടായിരുന്നിരിക്കാമെന്നാണു ഗവേഷകർ പറയുന്നത്.

ശാസ്ത്രലോകത്തു പ്രശസ്തമാണ് സൈക്കി ഛിന്നഗ്രഹം. വിലപിടിച്ച ഒട്ടേറെ ലോഹങ്ങൾ നിറഞ്ഞതാണിത്. ഇതിലെ ഒരു ഫുട്ബോൾ മൈതാനത്തോളം വലുപ്പമുള്ള പ്രദേശത്തു നിന്നു മാത്രം ഏകദേശം 5000 കോടിയുടെ പ്ലാറ്റിനം ലോഹം ഖനനം ചെയ്തെടുക്കാമെന്നാണു വിദഗ്ധർ പറയുന്നത്. സൈക്കിയുടെ ലോഹഘടനയെപ്പറ്റി പഠിക്കാൻ യുഎസും ചൈനയും പേടകങ്ങളെ അയയ്ക്കാനിരിക്കുകയാണ്. മിക്ക ഛിന്നഗ്രഹങ്ങളും നിറയെ പാറയായിരിക്കും. എന്നാൽ സൈക്കിയിലേറെയും ഇരുമ്പും നിക്കലുമാണെന്നാണ് ഗവേഷകർ പറയുന്നത്. ഇത്തരത്തിൽ ‘കനപ്പെട്ട’ ലോഹങ്ങളേറെയുണ്ടെങ്കിലും ഈ ഛിന്നഗ്രഹത്തിന്റെ സാന്ദ്രത വളരെ കുറവാണെന്നത് കാലങ്ങളായി ഗവേഷകരെ കുഴക്കിക്കൊണ്ടിരുന്ന ഒരു കാര്യമായിരുന്നു. അങ്ങനെ അതിനെപ്പറ്റി പഠിച്ചപ്പോഴാണ് ഇരുമ്പ് ഉരുകിയ നിലയിലായതിന്റെ വിവരം ലഭിക്കുന്നത്.

സൗരയൂഥത്തിൽ കുഞ്ഞൻ ഗ്രഹങ്ങൾ കൂട്ടിയിടിച്ചുണ്ടായതാണ് ഛിന്നഗ്രഹങ്ങളെന്നാണു കരുതുന്നത്. ഇവയുടെ പുറംഭാഗത്തുള്ളതെല്ലാം ചിതറിത്തെറിച്ചു പോയിട്ടുണ്ടാകും. അകത്തെ കട്ടിയേറിയ ഭാഗം മാത്രം ബഹിരാകാശത്തിലൂടെ സഞ്ചരിക്കും. ഇതു പിന്നീട് തണുത്ത് കൂടുതൽ കാഠിന്യമുള്ളതാകുകയും ചെയ്യും. ഇത്തരത്തിൽ ഛിന്നഗ്രഹം തണുക്കുന്ന സമയത്ത് അവയിൽ ചെറിയ വിള്ളലുകൾ ഉണ്ടാകാറുണ്ട്. അവ വഴി ഉരുകിയ ഇരുമ്പും നിക്കലും സള്‍ഫറുമൊക്കെ പുറത്തേക്കു വരും. സൈക്കിയിലും അതു തന്നെയാണു സംഭവിച്ചത്. ഇതിനൊരു പേരു പറയും– ഫെറോവോൾക്കനിസം.

ഇപ്പോൾ സംഗതി വെറും തിയറിയാണു കേട്ടോ! ഇനി ഇതു പരീക്ഷിച്ച് ഉറപ്പാക്കണം. അതിനുവേണ്ടി നാസ ഒരു പേടകത്തെത്തന്നെ സൈക്കിയിലേക്ക് അയയ്ക്കുന്നുണ്ട്. 2022 ഓഗസ്റ്റിലായിരിക്കും സൈക്കിയെത്തേടി പേടകം പറന്നുയരുക. 2026ൽ ഛിന്നഗ്രഹത്തിൽ ഇറങ്ങുകയും ചെയ്യും. സൈക്കിയുടെ വലുപ്പവും അതിൽ ഏതെല്ലാം ലോഹങ്ങൾ അടങ്ങിയിട്ടുണ്ടെന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ കണ്ടെത്താനുള്ള ഉപകരണങ്ങളുമായിട്ടായിരിക്കും പേടകത്തിന്റെ യാത്ര. ഇതോടൊപ്പം ചൈനയുടെ പേടകവും പോകുന്നുണ്ട്; 2020–25നിടയിൽ ഒരു നാൾ പേടകം സൈക്കിയിലിറക്കുമെന്നാണ് ചൈനയുടെ ഉറപ്പ്.