കുട്ടികൾക്കായി ശ്രീജിത് പെരുന്തച്ചൻ

എഴുതുന്ന നോവൽ

അധ്യായം ഒന്ന്

അമ്മ വരാൻ വൈകിയ ദിവസം

കുഞ്ചുവിന‌െ എല്ലാവർക്കും വലിയ ഇഷ്ടമാണ്. ഇഷ്ടമെന്നു പറഞ്ഞാൽ തലയിൽ കൊണ്ടുനടക്കാനുള്ള ഇഷ്ടം. കുഞ്ചുവമ്മയ്ക്ക് അതായത് നമ്മുടെ കുഞ്ചുവിന്റെ അമ്മയ്ക്ക് കുഞ്ചുവെന്നാൽ ജീവന്റെ ജീവനാണെങ്കിൽ മറ്റുള്ളവർക്കും അതേ കാര്യമുണ്ട് കുഞ്ചുവിനോട്. അവർക്കിടയിലാണ് കുഞ്ചു ഏതുനേരവും. മോന്റമ്മച്ചി, കൊല്ലത്തമ്മച്ചി, കൂട്ടുകാരിയമ്മ, കൊതിക്കൂട്ടുകാരിയമ്മ, മോനിക്കുട്ടിയമ്മ, പാറുക്കുട്ടിയമ്മ, സംസ്കൃതം സുശീലാമ്മ, കണ്ണാടി സുശീലാമ്മ, കോളറയമ്മ, സുജാതയമ്മ, പടിഞ്ഞാറ്റലമ്മ... ഹൊ കുഞ്ചുവിനെ ഇഷ്ടമുള്ളവരായിട്ട് ഇത്രയധികം അമ്മമാരോ എന്നായിരിക്കും.

ഇവരൊക്കെ ആരാണെന്നല്ലേ? മോന്റമ്മച്ചി എന്നു വച്ചാൽ കുഞ്ചുവിന്റെ അമ്മ. കുഞ്ചു അങ്ങനെയാണ് അമ്മയെ വിളിക്കുന്നത്. കുഞ്ചുമോന്റമ്മ മോന്റമ്മച്ചി. ഇനി കൊല്ലത്തമ്മച്ചി ആരാണെന്നറിയണ്ടേ? അതും കുഞ്ചുവിന്റെ അമ്മയുടെ മറ്റൊരു പേരാണ്. കുഞ്ചുവിന്റെ അമ്മ കൊല്ലത്ത് ടീച്ചറാണ്. രാവിലെ സ്കൂളിൽ പോയാൽ സന്ധ്യയ്ക്ക് വരും. കുഞ്ചു ഇടയ്ക്ക് കൊല്ലത്തമ്മച്ചി എന്നാണ് അമ്മയെ വിളിക്കുക. കോളറ എന്നത് അസുഖത്തിന്റെ പേരൊന്നുമല്ല. അവിടെ അടുത്തുള്ള ഒരു വീടിന്റെ പേരാണ്. അവിടുത്തെ ഒരമ്മയ്ക്ക് കുഞ്ചുവിന്റെ വീട്ടിനടുത്തുതന്നെയുള്ള ഒരു പള്ളിക്കൂടത്തിലാണ് ജോലി. കോളറയമ്മ എന്നാണ് കുഞ്ചു അവരെ വിളിക്കുന്നത്. കുഞ്ചുവിന്റെ വീട്ടിലേക്കുള്ള വഴി വളരെ നീളത്തിലുള്ളതാണ്. കുഞ്ചു പഠിക്കുന്നത് വീടിനടുത്തുള്ള നഴ്സറിയിലായതിനാൽ നഴ്സറി വിട്ടുവന്നാലുടൻ അമ്മയെ കാണണമെന്നു തോന്നും. ചായ കുടിച്ചെന്നു വരുത്തിയിട്ട് അമ്മ വരുന്നോ എന്നു നോക്കി വഴിയിൽ പോയി നിൽക്കും.

വഴിയിൽ എന്നു വച്ചാൽ റോഡിലല്ല. അവിടെ നിൽക്കാൻ കുഞ്ചുവിന് പേടിയാണ്. വല്ല പുള്ളാരെ പിടുത്തക്കാരും വന്ന് പിടിച്ചുകൊണ്ടുപോവും. അതുകൊണ്ട് അവിടെയെങ്ങും പോയി നിൽക്കരുതെന്ന് മുത്തച്്ഛനും മുത്തശ്ശിയും പറഞ്ഞിട്ടുണ്ട്. കുഞ്ചു മുതിർന്നവർ പറഞ്ഞാൽ അനുസരിക്കും. കുരുത്തക്കേടു കാട്ടുക വളരെ കുറവാണ്. വീടിന്റെ വഴിയുടെ അറ്റത്തുചെന്ന് റോഡിലേക്ക് നോക്കി നിൽക്കുകയാണ് കുഞ്ചു. അമ്മയെ കണ്ടോളാഞ്ഞ് വയ്യ. അതുവഴി പോവുന്നവർക്കൊക്കെ കുഞ്ചുവിനെ അറിയാം. കുഞ്ചുവിന്റെ അമ്മയെയും അച്ഛനെയും മുത്തച്്ഛനെയും മുത്തശ്ശിയെയും അറിയാം. അവരൊക്കെ കുഞ്ചുവിനെ കാണുമ്പോൾ ചിരിച്ച് ഓരോന്നു ചോദിക്കും. എല്ലാവരോടും കുഞ്ചു ആകാംക്ഷയോടെ ചോദിക്കും, എന്റെ കൊല്ലത്തമ്മച്ചിയെ കണ്ടോ? അല്ലെങ്കിൽ മോന്റമ്മച്ചിയെ കണ്ടോ എന്നൊക്കെ. അപ്പോൾ അതുവഴി പതിവായി കോളറയമ്മ പോവും. കോളറയമ്മയ്ക്ക് നേരത്തെ വീട്ടിലെത്താമല്ലോ. കോളറയമ്മയുടെ വീട്ടിനടുത്തു തന്നെയല്ലേ പള്ളിക്കൂടവും. കോളറയമ്മയോടും കുഞ്ചു എന്നും ചോദിക്കും – കോളറയമ്മേ കോളറയമ്മേ മോന്റമ്മച്ചിയെ കണ്ടോ?

കുഞ്ചുവിനെ സന്തോഷിപ്പിക്കാൻ വേണ്ടി കോളറയമ്മ പറയും, കൊല്ലത്തമ്മച്ചി ഇപ്പോ വരും. മോന് ബിസ്കറ്റ് വാങ്ങാൻ കടയിൽ കയറിയതാ. അതാ താമസിക്കുന്നെ എന്ന് . അങ്ങനെയിരിക്കെ ഒരു ദിവസം എന്നും വരുന്ന സമയം കഴിഞ്ഞിട്ടും കൊല്ലത്തമ്മച്ചി വന്നില്ല. കുഞ്ചു കാത്തുനിന്നു കുഴഞ്ഞു. സന്ധ്യയായി. കുഞ്ഞുണ്ണി ഇനി വഴിയിൽ നിൽക്കേണ്ട, ഇരുട്ടാവാറായി എന്ന് മുത്തച്ഛൻ പറഞ്ഞു. എന്റെ കൊല്ലത്തമ്മച്ചിക്ക് എന്തു പറ്റിയോ ദൈവമേ? കുഞ്ചു പേടിച്ചു പോയി. തൊട്ടടുത്ത അമ്പലത്തിലെ ദീപാരാധന കഴിഞ്ഞു, അമ്മ വന്ന് തനിക്ക് പാപ്പം തരുന്ന നേരമാണിത്. കുഞ്ചു മുത്തച്ഛന്റെ മുറിയിൽ പോയിരുന്നു. കുഞ്ചു അങ്ങനെയാണ്. വിഷമം വന്നാൽ ഉടനെ മുത്തച്ഛന്റെ മുറിയിൽ പോയിരിക്കും. അപ്പോ ഒരാശ്വാസം തോന്നും. മുത്തച്ഛന്റെ അടുത്തിരിക്കുമ്പോ നല്ല ധൈര്യം തോന്നും. അതാ മുറ്റത്തൊരു വെട്ടം, ആരോ വരുന്നുണ്ട്. കുഞ്ചു തല നീട്ടി ഉറ്റുനോക്കി. അത് കുഞ്ചുവിന്റെ അമ്മയാണ്. ഹായ് എന്റെ മോന്റമ്മച്ചീ എന്താ ഇതുവരെ വരാഞ്ഞെ. ബസ് കിട്ടാൻ ഒത്തിരി താമസിച്ചെന്നു പറഞ്ഞ് അമ്മ കുഞ്ചുവിനെ വാരിയെടുത്ത് ഒരു ചക്കരയുമ്മ കൊടുത്തു. ‘‘അമ്മേ, ​എന്തുണ്ട് വിശേഷം?.’’ കുഞ്ചൂന്റമ്മ മുത്തശ്ശിയോട് തിരക്കി. ഉടനെ കുഞ്ചു വല്യ ഗൗരവം നടിച്ച് പറഞ്ഞു,‘‘ങാ, സുബാഷ് മാമൻ വന്നാരുന്ന്. ഇപ്പോ പോയതേയുള്ളൂ.’’ അവൻ വെറുതെ പുളു പറയുന്നതാ, ഇവിടാരും വന്നില്ല –മുത്തശ്ശി പറഞ്ഞു. പോടാ കള്ളാ നിന്നെ പ്രസവിച്ചപ്പോഴേ എനിക്കു തോന്നി നീയൊരു കള്ളനാണെന്ന്– അമ്മ കുഞ്ചൂന്റെ മൂക്കിൽപ്പിടിച്ചു. ‘‘അയ്യോ അമ്മേ ആച്ചി ആച്ചി,’’ കുഞ്ചു പറഞ്ഞു. ആരെങ്കിലും മൂക്കിൽ ചെറുതായൊന്നു തൊട്ടാൽ മതി കുഞ്ചു നിർത്താതെ തുമ്മാൻ തുടങ്ങും. അത് അമ്മയ്ക്കറിയാം. അതാണ് കുഞ്ചു അമ്മേ ആച്ചി ആച്ചി എന്നു പറഞ്ഞത്. അമ്മയ്ക്കെങ്ങനറിയാം ഞാൻ കള്ളനാണെന്ന്? കുഞ്ചു ചിണുങ്ങി. അമ്മ പറഞ്ഞു–‘‘അതോ അർധരാ ത്രീലല്യോ കുഞ്ചു ജനിച്ചത്. അർധരാത്രീല് ആരാ ഇറങ്ങി നടക്കുന്നത്, കള്ളന്മാര്.’’ അപ്പോ മോന്റമ്മച്ചി പറഞ്ഞിട്ടുണ്ടല്ലോ കിഷ്ണൻ രാത്തിരീലാ ജനിച്ചേന്ന്. കിഷ്ണൻ കള്ളനാന്നോ? മോന്റമ്മച്ചി പറ’’ കുഞ്ചു പതുക്കെ അമ്മയുടെ മടിയിൽക്കയറിയിരിപ്പായി. ‘‘പിന്നേ അത് കള്ളക്കൃഷ്ണനല്ലേ വെണ്ണ കട്ടുണ്ണുന്ന കള്ളക്കൃഷ്ണൻ. ഇത് അമ്മേടെ കള്ളക്കുഞ്ചു’’ അമ്മ പറഞ്ഞു.

അന്നു രാത്രി കിടക്കാൻ നേരത്ത് കുഞ്ചു പറഞ്ഞു, എഞ്ച് അമ്മയോട് ഒരു കാര്യം ചോദിക്കാനുണ്ടെന്ന്. അമ്മ പറഞ്ഞു, കേൾക്കട്ടെ .‘‘ അഭിലാഷ് ഇന്നലെ വന്നില്ല.’’ ‘‘അതിന് നിനക്കെന്താടാ’’അമ്മ തിരക്കി.‘‘ അതല്ലമ്മേ, ഇന്ന് അവൻ വന്ന് എ​ന്നോട് പറയ്വാ അവനിന്നലെ ഇന്ത്യേല് പോയിരിക്കുവാരുന്നു എന്ന്. അവിടെ ഒന്നു കാണേണ്ട സലാത്രേ. അമ്മേന്താ കുഞ്ഞുണ്യേ ഇതുവരെ ഇന്ത്യേല് കൊണ്ടുപോവാത്തെ? എഞ്ചും പോണം ഇന്ത്യേല്’’ കു‍ഞ്ചുവിന്റെ മുഖം കണ്ട് അമ്മയ്ക്ക് ചിരി പൊട്ടി.‘‘ ഇന്ത്യേന്ന് വച്ചാ ഇതാ ഈ സ്ഥലം. അവൻ നിന്നെ കളിയാക്കാൻ പറഞ്ഞതാ’’ അമ്മ ആശ്വസിപ്പിച്ചു. ‘‘ എന്നിട്ട് ഇന്നാള് കൊല്ലത്തമ്മച്ചി പറഞ്ഞതോ ഈ സ്ഥലം കുറ്റിവട്ടമാണെന്ന്’’കുഞ്ചു ചോദിച്ചു. അമ്മ കുഞ്ചൂന്റെ കുഞ്ഞിത്തലയിൽ ഒരു കൊട്ട് കൊടുത്തിട്ട് പറഞ്ഞു, കുഞ്ചൂ ഇത് കുറ്റിവട്ടം. കുറ്റിവട്ടം കൊല്ലം ജില്ലയിലാണ്. കൊല്ലം കേരളത്തിലാണ്. കേരളം ഇന്ത്യയിലെ ഒരു സംസ്ഥാനമാണ്. ഇന്ത്യ നമ്മുടെ രാജ്യം. ഇന്ത്യാമഹാരാജ്യം .’ വല്യൊരു കാര്യം അറിഞ്ഞതിന്റെ ക്ഷീണത്തിൽ കുഞ്ചു ചാച്ചി ഒറങ്ങി.

പിറ്റേന്ന് ശനിയാഴ്ചയായതുകൊണ്ട് കുഞ്ചുവിന് നഴ്സറീലും അമ്മയ്ക്ക് സ്കൂളിലും പോവണ്ട‌ായിരുന്നു. രാവിലെ ആരോ അമ്മയോട് സംസാരിക്കുന്നത് കേട്ട് കുഞ്ചു വന്നു നോക്കിയപ്പോഴുണ്ട് സുബാഷ്മാമൻ. ഇന്ന് കുഞ്ചുവിന് നഴ്സറീല് പോണ്ടാല്ലോന്ന് കരുതി കുഞ്ചുവിനെ കാണാൻ വന്നതാത്രേ. ‘ഈ സുബാഷ് മാമൻ ചെലപ്പോ മഹാകുരുത്തക്കേടാ. ഇന്നെങ്ങനെയാണാവോ സൊബാവം’, കുഞ്ചു വിചാരിച്ചു. ഇന്നാള് വന്നപ്പം സുബാഷ് മാമൻ കുഞ്ചൂവിനോട് പറയ്വാ അയ്യേ കുഞ്ചൂന് രാത്രീല് എറങ്ങിനടക്കുന്ന ശീലം ഒണ്ടെന്ന്. കുഞ്ചൂന് ദേഷ്യം വന്നു. കുഞ്ചു പറഞ്ഞു‘‘സുബാഷ് മാമൻ ചുമ്മാ പോ എന്നെ പറ്റിക്കാൻ നോക്കണ്ട’’ ഉടനെ സുബാഷ് മാമൻ‘‘അല്ല,കുഞ്ചു ഉറക്കത്തിലായോണ്ട് അറിയാത്തതാ ശരിക്കും ഇറങ്ങിനടക്കുന്ന ശീലമുണ്ട് കുഞ്ചൂന്’ എന്നു പറഞ്ഞപ്പോ കു‍ഞ്ചു പേടിച്ചുപോയി. പിന്നെ സുബാഷ് മാമൻ കുഞ്ചുവിന‌െ സ്കൂട്ടറിന്റെ മുന്നിൽ നിർത്തി കറങ്ങാൻ കൊണ്ടുപോയി. കുറ്റിവട്ടത്ത് എത്തിയപ്പോ കു‍ഞ്ചൂനോട് ചോദിച്ചു, ഇതേത് സ്ഥലമാ എന്ന്. കുഞ്ചുവിനറിയാമെങ്കിലും പറഞ്ഞില്ല, പകരം കുഞ്ചു പറഞ്ഞു, ഇത് ഈ സ്ഥലം .

ചിലപ്പോ പിണങ്ങിയിരുന്നാൽ കുഞ്ചു അങ്ങനെയാ. ക്ലാസിൽ മോന്റെ ബെസ്റ്റ് ഫ്രണ്ടാരാ? വീട്ടിൽ വന്നപ്പോ സുബാഷ് മാമൻ ചോദിച്ചു.‘‘സുബാഷ് മാമൻ ഫ്രണ്ട്’’ കുഞ്ചു കുറുമ്പനായി. സുബാഷ് മാമൻ വിടുന്ന മട്ടില്ല. മോന്റെ ക്ലാസിലെ മിസിന്റെ പേര് ഞാനങ്ങ് മറന്നുപോയി. ഒന്നൂടെപ്പറയാമോ? ‘‘സുബാഷ് മാമൻ മിസ്’’. ‘‘മോന് അമ്മ ഇന്ന് ചായയ്ക്ക് എന്തോ പാപ്പം തന്നു?’’ ‘‘ സുബാഷ് മാമൻ പാപ്പം’’ കുഞ്ചു പറഞ്ഞു . ‘‘മോന് ഏതുടുപ്പാ ഇഷ്ടം ?’’ ‘‘സുബാഷ് മാമൻ ഉടുപ്പ്’’ ഇതുകേട്ട് അമ്മ ഓടിവന്ന് കുഞ്ചുന് ഒരടി. സുബാഷ് മാമൻ പറഞ്ഞു, ‘‘ സബാഷ് മാമൻ അടി’’. ‘‘ആരെന്തു ചോദിച്ചാലും തർക്കുത്തരം പറയരുത് കുഞ്ചൂ ’’ അമ്മ പറഞ്ഞു.

അധ്യായം രണ്ട്

കിരണിന്റെ വേല കയ്യിലിരിക്കട്ടെ

കുഞ്ചുവിന്റെ അമ്മയ്ക്ക് പട്ടണത്തിലെ സ്കൂളിലെ ജോലി കഴിഞ്ഞ് വീട്ടിലെത്തണമെങ്കിൽ ഏറെ ദൂരം യാത്ര ചെയ്യണം. ദിവസേനയുള്ള ഈ യാത്രയുടെ ക്ഷീണം കാരണം കുഞ്ചുവിന്റെ പഠിത്തക്കാര്യങ്ങളൊന്നും ശ്രദ്ധിക്കാൻ‍ കുഞ്ചുവിന്റെ അമ്മയ്ക്ക് കഴിയാതായി. പഠിത്തക്കാര്യമെന്നല്ല കുഞ്ചുവിന്റെ കളിചിരികളൊന്നും കാണാൻ പോലും അമ്മയ്ക്ക് നേരമില്ല. സന്ധ്യയ്ക്ക് വന്നാൽ ക്ഷീണിച്ച് കിടക്കുന്ന അമ്മയുടെ അടുത്ത് ചെന്ന് കുഞ്ചു ചോദിക്കും, അമ്മേ ഈ കണക്കൊന്ന് പറഞ്ഞുതരുമോ ? അപ്പോഴേക്കും അമ്മ ഉറങ്ങിയിട്ടുണ്ടാവും. കുഞ്ചുവിന്റെ അച്ഛന് ദൂരേക്ക് സ്ഥലം മാറ്റമായതിനാൽ വീട്ടിൽ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും കൂടെയാണ് കുഞ്ചുവും അമ്മയും താമസം. മുത്തച്ഛനും മുത്തശ്ശിയും നേരത്തെ ഉറങ്ങാൻ കിടന്നിട്ടുണ്ടാവും. അമ്മ കൂടി ഉറങ്ങിക്കഴിയുമ്പോൾ കുഞ്ചൂന് പേടിയാവും. കുഞ്ചുവിന് അമ്മയെ വിളിച്ചുണർത്താനൊരു പേടി. ഉറങ്ങാനും സമ്മതിക്കില്ലേ എന്നു ചോദിച്ച് അമ്മ ദേഷ്യപ്പെട്ടാലോ എന്ന്. കുഞ്ചു അമ്മയുടെ അടുത്തുചെന്ന് അമ്മയെ ഉണർത്താതെ മെല്ലെ മൂക്കിന്റടുത്ത് കുഞ്ഞിക്കൈ വച്ചു നോക്കും. അമ്മ ശ്വാസം വിടുന്നുണ്ടോ എന്നറിയാൻ. അമ്മയ്ക്ക് വല്ലതും പറ്റിയോ എന്നാണ് പേടി. അമ്മ അനങ്ങാതെ കിടക്കുന്നതു കാണുമ്പോ കുഞ്ചു പേടിക്കും, അമ്മ ഉണരില്ലേ എന്ന്. കുഞ്ചു അമ്മയുടെ കൺപോളകൾ മെല്ലെ വിടർത്തിനോക്കും. കൺപോളകൾക്കിടയിലൂടെ അമ്മയുടെ കൃഷ്ണമണി കാണുമ്പോൾ കുഞ്ചുവിനൊരു മനഃസമാധാനം. അമ്മ ഉണർന്നിരിക്കുന്നതുപോലെ ഒരു തോന്നൽ. ആശ്വാസം. ഇതിനിടയ്ക്ക് പതുക്കെ കുഞ്ചുവും അമ്മയെ പറ്റിച്ചേർന്നു കിടന്ന് ഉറക്കമാവും.

അമ്മയ്ക്ക് ശ്രദ്ധിക്കാൻ നേരം കിട്ടാതായപ്പോ കുഞ്ചൂന് അമ്മയുടെ പഠിത്തത്തെക്കുറിച്ച് ചിന്തയായി. കുഞ്ചുവും അമ്മയും പട്ടണത്തിലൊരു വാടകവീട് എടുത്ത് അവിടേക്ക് താമസം മാറ്റി. കുഞ്ചൂന് മുത്തച്ഛനെയും മുത്തശ്ശിയെയും വിട്ടുപോവുന്നത് വലിയ സങ്കടമായിരുന്നു. എന്നാൽ അമ്മയുടെ കൂടെ നിൽക്കുകയും വേണം. കുഞ്ചുവിനെ പട്ടണത്തിലെ ഒരു നഴ്സറിയിൽ ചേർത്തു. പുതിയ കൂട്ടുകാരുമായി കുഞ്ചു വേഗം ഇഷ്ടത്തിലായി. അതിനിടയ്ക്ക് കു‍ഞ്ചൂന്റച്ഛന് അടുത്തേക്ക് സ്ഥലം മാറ്റം കിട്ടിയതോടെ എല്ലാവർക്കും സന്തോഷമായി.

പുതിയ സ്കൂളിൽ ചെന്നപ്പോ കുഞ്ചൂന്റെ ക്ലാസിലെ ഏറ്റവും വികൃതിക്കുട്ടി കിരൺ ആയിരുന്നു. കിരണിന് അറിയാത്ത സൂത്രപ്പണികൾ ഇല്ല. മറ്റു കുട്ടികളുടെ കൈമുട്ടിന്റെ ഇടയ്ക്ക് ഒരു പ്രത്യേക സ്ഥലത്ത് ചെറുതായൊന്നു തിരുമ്മിയിട്ട് കിരൺ കറന്റടിപ്പിക്കും. എന്നു വച്ചാൽ ശരിക്കും കറന്റടിക്കുന്നതു പോലെ കുട്ടികളുടെ കൈ തരിച്ചുപോവും. കുഞ്ചൂന്റെ കൈയിലും കിരൺ ഇങ്ങനെ കറന്റടിപ്പിച്ചു. കുഞ്ചു പേടിച്ചുപോയി. കിരണിനെ ഇതെല്ലാം അവന്റെ ചേട്ടൻ പഠിപ്പിക്കുന്നതാണത്രേ. കിരണിന്റെ ചേട്ടൻ കോളജിലാണ്. ചേട്ടൻ കോളജിൽ കാണിക്കുന്ന സൂത്രങ്ങളൊക്കെ വീട്ടിൽ വന്ന് കാണിക്കും. കിരൺ അതൊക്കെ കണ്ടു പഠിക്കും. കിരൺ ഇതൊക്കെ ക്ലാസിൽ വന്നു കാണിച്ച് പിള്ളേരുടെ ഹീറോ ആവും. കുഞ്ചൂന്റെ ക്ലാസിലെ പല കുട്ടികൾക്കും കുഞ്ഞൻവിരലും തള്ളവിരലും കൊണ്ട് സ്റ്റിക് സ്റ്റിക് സ്റ്റിക് സ്റ്റിക് എന്ന ശബ്ദമുണ്ടാക്കാൻ അറിയില്ല. ഇനി ചിലർക്ക് അറിയാമെങ്കിൽത്തന്നെ നാലഞ്ച് തവണ ചെയ്തുനോക്കിയാലേ ശരിയാവൂ. പക്ഷേ കിരണിന് ഒരു നിമിഷം മതി അതു ചെയ്യാൻ. അതും അവനെ ചേട്ടൻ പഠിപ്പിച്ചതാണ്. തനിക്ക് ഒരു ഏട്ടനില്ലാത്തത് ഓർത്തപ്പോ കുഞ്ചൂന് വിഷമം തോന്നി. പിന്നെ കുഞ്ചു അത് അമ്മയോട് പറഞ്ഞു. അപ്പോൾ അമ്മയാണ് പറഞ്ഞത്, ചേട്ടനുണ്ടായിരുന്നെങ്കിൽ ഇതുപോലെയുള്ള വികൃതിത്തരങ്ങളൊക്കെ കിരണിനെപ്പോലെ കുഞ്ചുവും ക്ലാസിൽ ചെന്ന് കാണിക്കില്ലായിരുന്നോ ? അതുവേണ്ട. അമ്മേടെ കുഞ്ചു വികൃതി കാട്ടുന്നത് മോന്റമ്മച്ചിക്കിഷ്ടമല്ല . എന്റെ കുഞ്ചു നല്ല കുഞ്ചുവായാൽ മതി.

കുഞ്ചു സ്കൂളിൽ പോവുന്നത് ജീപ്പിലാണ്. രാവിലെ ഒൻപത് മണിയാവുമ്പോ കുഞ്ചുവിന്റെ വീടിന്റെ മുന്നിൽവന്ന് ജീപ്പങ്കിൾ ഹോൺ അടിക്കും. അപ്പോ കുഞ്ചു അമ്മയ്ക്കൊരു ഉമ്മ കൊടുത്തിട്ട് ഒരോട്ടത്തിന് ജീപ്പിനടുത്തെത്തും. ജീപ്പ് വീടിനു മുന്നിൽ വരുമ്പോ കിരണും എഷുക്കുട്ടിയും ഉണ്ണിമായയും നന്ദുവും ജീപ്പിലുണ്ടാവും. ഒരു ദിവസം ക്ലാസിൽ ചെന്നപ്പോ കിരൺ കുഞ്ചുവിനെ കളിയാക്കി. അയ്യേ നിന്റച്ഛൻ ഇതെന്താണ് വീടിന്റെ മണ്ടയ്ക്ക് കയറി ഓട് മാറ്റിയിടുന്നത്? ഇന്നത്തെപ്പോലെ വേറൊരു ദിവസവും ഞാനത് കണ്ടല്ലോ. നിന്റച്ഛന് പുരപ്പുറത്ത് കയറി ഓട് മാറ്റിയിടുന്നതാ ജോലി അയ്യേ എന്ന്. കു‍ഞ്ചു ചമ്മിപ്പോയി. പോരാത്തതിന് അവൻ ഉണ്ണിമായയുടെയും െഎഷുക്കുട്ടിയുടെയും മുന്നിൽവച്ചാണ് കുഞ്ചുവിനെ കളിയാക്കിയത്. കുഞ്ചുവിന്റെ വീടിനോട് ചേ‍ർന്നുള്ള ഒരു തെങ്ങിൽ നിന്ന് എന്നും മച്ചിങ്ങ ഓടിനു മേൽ വീണ് ഓട് പൊട്ടും. അക്കാര്യം കുഞ്ചൂന്റച്ഛൻ വീട്ടുടമസ്ഥനോട് പറഞ്ഞിട്ടും യാതൊരു ഫലവുമില്ല. അതാണ് കു‍ഞ്ചൂന്റച്ഛന് പുരപ്പുറത്ത് കയറി ഓട് മാറ്റിയിടേണ്ടി വരുന്നത്. പോരാത്തതിന് കിരൺ പറ‍ഞ്ഞത് എന്താണെന്നോ, അവന്റെ വീട് കോൺക്രീറ്റ് വീടാണെന്ന്. അന്ന് വീട്ടിൽ വന്ന് കിരൺ കളിയാക്കിയ കാര്യം അമ്മയോട് പറഞ്ഞ് കുഞ്ചു കരഞ്ഞു. അപ്പോ കുഞ്ചുവിനോട് അമ്മ പറഞ്ഞു, മോൻ കരയണ്ടാ, നാട്ടില് കുഞ്ചൂന് നല്ല വീടുണ്ടല്ലോ. പിന്നെ കോൺക്രീറ്റ് വീട് പോലെയൊന്നുമല്ല കുഞ്ചൂന്റെ നാട്ടിലെ വീട്. അത് നല്ല തണുപ്പുള്ള വീട്. കാറ്റ് ഓടിക്കളിക്കുന്ന വീട്. തൊടിയിലാകെ പൂക്കൾ ഡാൻസ് ചെയ്യുന്ന വീട്. അതോർത്തപ്പോ കുഞ്ചൂന് ചിരി വന്നു. അതുകണ്ടപ്പോ അമ്മയ്ക്കും വന്നു ചിരി.

പിറ്റേന്ന് രാവിലെ കിരൺ ക്ലാസിൽ വന്നത് എല്ലാ കുട്ടികളോടും ഒരു ചോദ്യവുമായിട്ടാണ്. ഒരു കിലോ പഞ്ഞിക്കാണോ ഒരു കിലോ ഇരുമ്പിനാണോ ഭാരക്കൂടുതൽ ? ഇതായിരുന്നു ചോദ്യം. ഉണ്ണിമായയും െഎഷുക്കുട്ടിയും കേട്ടപ്പോഴേ പറഞ്ഞു, ഇരുമ്പിനാണെന്ന്. നന്ദു ഒന്നാലോചിച്ചു നോക്കിയിട്ടാണ് മറുപടി പറഞ്ഞത്. പക്ഷേ അവനും ഇരുമ്പിനാണെന്നാണ് പറഞ്ഞത്. കുഞ്ചുവിനോടായിരുന്നു കിരൺ പിന്നെ ഇതു ചോദിച്ചത്. കുഞ്ചു പറഞ്ഞു, പോടാ നിന്റെ ലൊട്ടുലൊഡുക്ക് ചോദ്യവും കൊണ്ട്. രണ്ടിനും ഒരേ ഭാരമാണെന്ന് എനിക്കറിയാം. അതെങ്ങനെ എന്നായി കിരണിന്റെ അടുത്ത ചോദ്യം. മറുപടിക്കായി ഉണ്ണിമായയും ‌‌െഎഷുക്കുട്ടിയും നന്ദുവും അഭിലാഷുമൊക്കെ വന്ന് കുഞ്ചുവിന്റെ അടുത്ത് കാത് കൂർപ്പിച്ച് നിന്നു. കുഞ്ചു പറഞ്ഞു, ഒരു കിലോ എന്നു വച്ചാൽ ഭാരത്തിന്റെ കണക്കല്ലേ. പിന്നെങ്ങനാ ഒന്നിന് തൂക്കം കൂടുതലും ഒന്നിന് തൂക്കം കുറവും വരുന്നത്? കുട്ടികൾ എല്ലാവരും കുഞ്ചു പറഞ്ഞതു കേട്ട് ഇവനൊരു ഭയങ്കരബുദ്ധിക്കാരൻ തന്നെ എന്നു പറഞ്ഞു. അന്ന് കിരണിനെക്കാൾ കുഞ്ചുവായിരുന്നു ക്ലാസിലെ ഹീറോ.

പിറ്റേന്ന് ഓണപ്പരീക്ഷയായിരുന്നു. ആദ്യം കണക്ക് പരീക്ഷ. രാവിലെ ക്ലാസിൽ എത്തിയപ്പോൾ തന്നെ കിരൺ കൂട്ടുകാരോട് പറഞ്ഞു, പരീക്ഷാഹാളിൽ നിന്ന് ഏറ്റവും നേരത്തെ പുറത്തുവരുന്നവരാണ് മിടുക്കന്മാർ എന്ന്. പലരും അതു കേട്ട് സംശയിച്ചു. അത് ശരിയാണല്ലോ ഏറ്റവും ആദ്യം പരീക്ഷയെഴുതി പുറത്തിറങ്ങിയിട്ടു തന്നെ ബാക്കിക്കാര്യം എന്ന് അവർ തീരുമാനിച്ചു. അപ്പോൾ കുഞ്ചു അവരോട് പറഞ്ഞു, ശ്ശൊ, ഈ കുരുത്തംകെട്ട കിരൺ പറയുന്നതുകേട്ട് നിങ്ങൾ ഓരോന്ന് ചെയ്യരുതേ. മിസ് നമുക്ക് പരീക്ഷയെഴുതാൻ ഒരു മണിക്കൂർ സമയം തന്നിട്ടുണ്ട്. ശ്രദ്ധിച്ച് ഓരോ ചോദ്യവും വായിച്ച് തെറ്റാതെ ഉത്തരമെഴുതണം. ഇല്ലെങ്കിൽ വട്ടപ്പൂജ്യം കിട്ടും. ഉണ്ണിമായയ്ക്കും നന്ദുവിനും െഎഷുക്കുട്ടിക്കുമൊക്കെ അതു ശരിയാണെന്നു തോന്നി. ഉണ്ണിമായയ്ക്ക് ദേഷ്യം വന്നു. അവൻ ചെന്ന് കിരണിനോട് പറഞ്ഞു, ‘‘എങ്കിൽ നീ തന്നെ ആദ്യമേ എഴുതിക്കഴി‍ഞ്ഞിട്ട് വെളിയിലിറങ്ങി മിടുക്കനായിക്കോ. ഞങ്ങക്ക് അത്രയ്ക്ക് മിടുക്കില്ല, കേട്ടല്ലോ’’. കിരണിന് ആകെ നാണക്കേടായി.

കുഞ്ചു കൂട്ടുകാരോട് പറഞ്ഞു,‘‘നമ്മളോട് പലരും പലതും പറയും. അതുകേട്ട് ഓരോന്ന് എടുത്തുചാടി ചെയ്യാതെ ശരിയേതെന്ന് സ്വയം ആലോചിക്കണം. പെട്ടെന്ന് ശ്യാമളാ മിസ് ചോദ്യപേപ്പറുമായി ക്ലാസിലേക്ക് വന്നു.

അധ്യായം മൂന്ന്

സപ്പോട്ട മരം ഇല്ലെങ്കിലെന്താ

സ്കൂളിൽ വന്നു കഴിഞ്ഞാൽ വീമ്പു പറയാനേ കുഞ്ചുവിന്റെ കൂട്ടുകാർക്ക് നേരമുള്ളൂ. െഎഷുക്കുട്ടി ഇന്നലെ വന്നില്ല. എന്താണെന്നു ചോദിച്ചപ്പം അവളു പറയ്വാ അവളുടെ വാപ്പ ഇന്നലെ ഗൾഫീന്ന് വന്നെന്ന് . െഎഷുക്കുട്ടിയും അവളുടെ അനിയനും ഉമ്മയും കൂടി ഇന്നലെ കാറ് പിടിച്ച് വാപ്പയെ കൂട്ടിക്കൊണ്ടുവരാൻ എയർപോർട്ടിൽ‌ പോയിരുന്നത്രേ . െഎഷുക്കുട്ടി ഗൾഫിൽ പോയിട്ടില്ലെങ്കിലും വിമാനം ദാ ഇത്ര അടുത്തുനിന്ന് കണ്ടത്രേ. വിമാനത്താവളത്തില് ചെന്നാല് വലിയ തുമ്പികളെപ്പോലെ വിമാനങ്ങള് ഇങ്ങനെ താഴ്ന്നു വന്നു പറക്കുന്നത് കാണാൻ തന്നെ വളരെ രസമാണത്രേ .

അവളുടെ വാപ്പ ഗൾഫിലാണെന്നൊക്കെ അവള് വെറുതെ പുളുവടിക്കുകയാണെന്നാണ് കുഞ്ചു വിചാരിച്ചത് . പക്ഷേ െഎഷുക്കുട്ടി ബാഗ് തുറന്നപ്പോൾ കു‌‍ഞ്ചുവിന് മനസ്സിലായി അവള് പുളുവടിച്ചതല്ലെന്ന് . വാപ്പ കൊണ്ടുക്കൊടുത്ത സാധനങ്ങള് ഒന്നു കാണേണ്ടതു തന്നെയാ .. മണക്കുന്ന മായ്ക്ക് റബ്ബറ് , കാരറ്റ് പോലിരിക്കുന്ന പെൻസില് , താറാവിന്റെ കട്ടറ്, മായ്ക്കുമ്പം റബ്ബറിന് റോസാപ്പൂ ഞെരടുന്ന പോലത്തെ മണം . ഹൊ, കുഞ്ചു െഎഷുക്കുട്ടിയോട് പറഞ്ഞു,‘‘ െഎഷൂ, ദാ എന്റെ ബുക്കിലൊന്നു മായ്ച്ചേ , മണത്തുനോക്കട്ടെ.’’ നോക്കയപ്പോ സത്യം .കൊറേ നേരം കുഞ്ചുവിന്റെ ബുക്കിലാകെ ആ മണമായിരുന്നു . വീട്ടിച്ചെന്നാലും ആ മണം ബുക്കിലുണ്ടായിരുന്നെങ്കി അമ്മയോടും പറയാമായിരുന്നു മണത്തുനോക്കാൻ– കുഞ്ചു വിചാരിച്ചു . പിന്നെ അവൾക്ക് മുറ്റത്തൊക്കെ ചവിട്ടി നടക്കാൻ സൈക്കിളും വാപ്പ കൊണ്ടുവന്നിട്ടുണ്ടത്രേ.

കുഞ്ചുവിന് മാത്രം ആരും ഗൾഫിൽ ഇല്ല. ചവിട്ടി നടക്കാൻ സൈക്കിളുമില്ല. വീമ്പുപറയാൻ ഒന്നുമില്ലല്ലോ എന്നോർത്ത് കുഞ്ചുവിന് വിഷമം തോന്നി.

എന്നാലും കുഞ്ചുവിന് പല ദിവസവും അമ്മ തന്നു വിടുന്ന തന്റെ ചോറ്റുപാത്രം തുറക്കുമ്പോ വല്യ സന്തോഷം തോന്നും . കുഞ്ചൂവിന്റെ ചോറിനു മാത്രം നല്ല ചോന്ന നെറമായിരിക്കും . മറ്റുള്ളവരുടെ ചോറിനെപ്പോലെയല്ല. അതെന്താണെന്നോ ? കുഞ്ചുവിന് വളരെ ഇഷ്ടമാണ് ബീറ്റ്റൂട്ടിന്റെ പച്ചടി . അമ്മ രാവിലെ നല്ല കുറുകിയ ബീറ്റ്റൂട്ട് പച്ചടി കുഞ്ചുവിന്റെ ചോറിലൊഴിച്ചു കൊടുത്തുവിടും . ഉച്ചയാവുമ്പോഴേക്കും ഓരോ ചോറിലും പച്ചടിയുടെ ചോന്ന നെറം പിടിച്ച് നല്ല രസമായിരിക്കും. അതു നോക്കിയങ്ങനെ കഴിക്കാൻ തന്നെ സന്തോഷമാണ് . വേറെയാരുടെയും അമ്മമാർ ബീറ്റ്റൂട്ട് പച്ചടി കൊടുത്തുവിടുന്നത് കുഞ്ചു കണ്ടിട്ടില്ല. അപ്പോ കുഞ്ചുവിന് അമ്മയോട് വല്യ സ്നേഹം തോന്നും . ബീറ്റ്റൂട്ട് പച്ചടിയുണ്ടെങ്കി കുഞ്ചു അമ്മ തന്നുവിട്ട ചോറ് മുഴുവൻ മിടുക്കനായിട്ട് കഴിക്കുകേം ചെയ്യും .

നന്ദുവിന് ആരും ഗൾഫിൽ ഇല്ലെങ്കിലും അവന്റെ വീട്ടിൽ സപ്പോട്ടയുണ്ട്. ചാമ്പയ്ക്ക മരമുണ്ട്. ഇതൊക്കെ അവൻ സ്കൂളിൽ കൊണ്ടുവരാറുമുണ്ട്. എന്നിട്ട് ചില കുട്ടികൾക്ക് സപ്പോട്ടയും ചാമ്പയ്ക്കയും കൊടുക്കും. സപ്പോട്ട കുഞ്ചു കാണുന്നതു തന്നെ നന്ദു കൊണ്ടുവരുമ്പോഴാണ് . നല്ല മധുരമാണ് സപ്പോട്ടയ്ക്ക് . പഞ്ചസാര തിന്നുന്നതുപോലെയുണ്ടാവും . അമ്മയോട് പറയണം നാട്ടിലെ വീട്ടിൽ ചെല്ലുമ്പോ ഒരു സപ്പോട്ട മരം നട്ടുപിടിപ്പിക്കണമെന്ന് . എങ്കിൽ നാട്ടിൽ മുത്തച്ഛനെയും മുത്തശ്ശിയെയും കാണാൻ പോവുമ്പോ കുഞ്ചുവിന് സപ്പോട്ടമരത്തിൽ നിന്ന് നിറയെ സപ്പോട്ട പിച്ചിക്കഴിക്കാമല്ലോ .

കുഞ്ചു െഎഷുക്കുട്ടിയുടെ വാപ്പ ഗൾഫിൽ നിന്നു വന്ന കാര്യവും അവൾ വിമാനം ദേ ഇത്ര അടുത്തുനിന്ന് കണ്ടതുമൊക്കെ അമ്മയോട് പറഞ്ഞു. എന്റെ അച്ഛന് ഗൾഫിൽ ജോലി കിട്ടിയില്ലല്ലോ അമ്മേ എന്നു പറഞ്ഞ് കുഞ്ചു ചിണുങ്ങി. അതുകേട്ട് കുഞ്ചുവിന്റെ അമ്മയ്ക്ക് ചിരി വന്നു. ‘‘അമ്മേ, ഞാനിനി പ്രാർഥിക്കും കുഞ്ചൂന്റച്ഛന് ഗൾഫില് ജോലി കിട്ടണേ ദൈവമേ എന്ന് കേട്ടോ.’’ കുഞ്ചു പറയുന്നത് കേട്ട് അമ്മ കുഞ്ചുവിനെ പിടിച്ചു മടിയിലിരുത്തി. എന്നിട്ട് ചോദിച്ചു: ‘‘ അച്ഛൻ ഗൾഫില് പോയാല് കുഞ്ചുവിന് അച്ഛനെ എന്നും കാണാൻ പറ്റുമോ?’’ കുഞ്ചു പറഞ്ഞു: ഇല്ല. അച്ഛൻ ഗൾഫില് പോയാല് രാത്രീല് അച്ഛൻ കുഞ്ചുവിന്റെ രണ്ടു കവിളത്തും തരുന്ന ഉമ്മ കിട്ടുമോ ? കുഞ്ചു പറഞ്ഞു: ഇല്ല. കുഞ്ചൂന്റച്ഛൻ ഗൾഫില് പോയാല് എന്നും രാത്രി തലയണയെടുത്ത് മറച്ച് കട്ടിലിൽ വച്ച് കുഞ്ചുവുമായി ഒളിച്ചേ കണ്ടേ കളിക്കാൻ അച്ഛൻ വരുമോ ? ഇത്രയും അമ്മ ചോദിച്ചപ്പോ കുഞ്ചു പറഞ്ഞു, ‘‘ കുഞ്ചൂന്റച്ഛൻ ഗൾഫില് പോണ്ട . ഓഫിസില് പോയിട്ട് ഇങ്ങ് വന്നാ മതിയേ’’.

പിറ്റേന്ന് കുഞ്ചു രാവിലെ എഴുന്നേറ്റ് അടുക്കളയിൽ ചെന്നു . രാവിലെ കറികൾക്ക് അരിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു കുഞ്ചുവിന്റെ അമ്മ. കു‍ഞ്ചു പച്ചക്കറി ഇരിക്കുന്നിടത്ത് ചെന്നു. ഒരു ഉരുളക്കിഴങ്ങെടുത്ത് ബാഗിൽ വച്ചു. സ്കൂളിൽ ചെന്നപ്പോ കുഞ്ചു പതുക്കെ ബാഗ് ചെറുതായി മാത്രം തുറന്നിട്ട് കൂട്ടുകാരോട് അതിലേക്ക് നോക്കാൻ പറഞ്ഞു. ഉരുളക്കിഴങ്ങ് തൊട്ടുനോക്കാൻ ആരെയും അനുവദിച്ചില്ല . ഉരുളക്കിഴങ്ങാണ് അതെന്ന് ആരോടും പറഞ്ഞതുമില്ല . ബാഗിന്റെ സിബ് ചെറുതായി തുറന്ന് എല്ലാ കൂട്ടുകാരെയും ഓരോ തവണ എത്തിനോക്കാൻ മാത്രമേ സമ്മതിച്ചുള്ളൂ. എന്നിട്ട് എല്ലാവരോടുമായി കുഞ്ചു പറഞ്ഞു: ‘‘കുഞ്ചൂന്റെ വീട്ടിൽ ഉണ്ടായ സപ്പോട്ടയാണിത് . കണ്ടോ , കണ്ടല്ലോ.’’ ‘‘ഞങ്ങൾക്ക് താ’’ കിരൺ തിരക്കു കൂട്ടി. ഇല്ലില്ല, കുഞ്ചു പറഞ്ഞു. നന്ദു കുറുമ്പു കാട്ടി ,‘‘ എനിക്കു വേണ്ട, നന്ദുവിന്റെ വീട്ടിൽ ഇത് കൊറേയുണ്ട്.’’. അപ്പോ കുഞ്ചു മേനി പറഞ്ഞു, ‘‘ഇത് ആദ്യമായി എന്റെ വീട്ടിൽ കായ്ച്ചതാ’’. ആരും തൊട്ടുനോക്കാത്തതുകൊണ്ടും അടുത്തുവന്നു നോക്കാൻ അവസരം കൊടുക്കാത്തതുകൊണ്ടും ആർക്കും അത് ഉരുളക്കിഴങ്ങാണെന്ന് മനസ്സിലായില്ല. .

അധ്യായം നാല്

മോഹൻലാലും ശൈലജാ മിസും

സ്കൂൾ ജീപ്പ് കുഞ്ചുവിന്റെ വീട്ടിൽ വന്നിട്ടാണ് അഭിലാഷിനെ വിളിക്കാൻ പോവുന്നത്. അഭിലാഷ് ബാഗുമായി വീടിനടുത്തുള്ള ജംഗ്ഷനിൽ വന്നു നിൽക്കും. വൈകിട്ട് സ്കൂൾ വിട്ടു വരുമ്പോഴും അഭിലാഷിനെ അവന്റെ ജംഗ്ഷനിൽ ഇറക്കിയിട്ടാണ് കുഞ്ചുവിന്റെ വീട്ടിലേക്ക് വരുന്നത്. അവൻ പറയുന്നത് അവന്റെ അങ്കിളിന് ഗൾഫിൽ ബിസിനസാണെന്നാണ്. അവന്റെ അങ്കിൾ ആറുമാസം ഗൾഫിലും ആറുമാസം നാട്ടിലുമായിരിക്കുമത്രേ. തന്റെ അങ്കിൾ മോഹൻലാലിന്റെ അടുത്ത ഫ്രണ്ടാണെന്നാണ് കണ്ട നാൾ മുതൽ അഭിലാഷ് കുഞ്ചുവിനോട് പറയുന്നത്. അതൊന്നും കുഞ്ചുവിന് വിശ്വാസം വരുന്നില്ല. ഒരു ദിവസം അഭിലാഷ് അവന്റെ അങ്കിൾ ഗൾഫിലെ വലിയ കെട്ടിടങ്ങൾക്ക് മുകളിൽ നീളം കൂടിയ കാറുകളിൽ ചാരി നിൽക്കുന്ന ഫോട്ടോകൾ കൊണ്ടുവന്നു കാണിച്ചു. ആ ഫോട്ടോകളിലൊന്നും മോഹൻലാലിനെ കണ്ടില്ല. മോഹൻലാലിന്റെ കൂടെയുള്ള ഫോട്ടോകളൊന്നും അഭിലാഷിന്റെ കയ്യിൽ കൊടുത്തുവിടാൻ അങ്കിൾ സമ്മതിക്കില്ലാത്രേ. ആ ഫോട്ടോകളൊക്കെ അങ്കിൾ ചുവന്ന കാറിൽ വച്ച് പൂട്ടിയിരിക്കുകയാണത്രേ. ചിലപ്പോ ശരിയായിരിക്കും. കുഞ്ചുവിന് തോന്നി.

ഒരു ദിവസം അഭിലാഷ് കുഞ്ചുവിനോട് പറഞ്ഞു , ‘‘നിനക്കറിയ്വോ? മോഹൻലാൽ ബാത്റൂമിൽ പോവാറില്ല. ’’ ഉച്ചയ്ക്ക് ചോറ് കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് അഭിലാഷ് അതു പറഞ്ഞത്. െഎഷുക്കുട്ടിയും ഉണ്ണിമായയും അതുകേട്ടു. കുഞ്ചുവും െഎഷുക്കുട്ടിയും ആകാംക്ഷയോടെ ചോദിച്ചു ,‘‘സത്യം,? അതെങ്ങനെയാടാ അഭിലാഷേ?’’ അഭിലാഷ് പറഞ്ഞു–‘‘ കഴിഞ്ഞ തവണ അവധിക്ക് വന്നപ്പോ ഓരോ വിശേഷങ്ങള് പറയുന്നതിനിടെ അങ്കിളാണത് പറഞ്ഞത്. വല്യ വല്യ ആൾക്കാരൊക്കെ അങ്ങനെയാണെന്നാടാ കുഞ്ചൂ അങ്കിള് പറഞ്ഞത്. ’’ അഭിലാഷ് തുടർന്നു: ‘‘അല്ലെങ്കിലും മോഹൻലാലൊക്കെ ബാത്റൂമിൽ പോവുക എന്നു പറഞ്ഞാലത് മോശം തന്ന്യാ. അതൊക്കെ ചിന്തിക്കാൻ ഇത്ര ബുദ്ധി വേണോ ? നമ്മള് വെറുതെ ഒന്നാലോചിച്ച് നോക്ക്യാപ്പോരേ ? മോഹൻലാലിനെപ്പോലൊരാള് , ഇത്ര വല്യ നടൻ ബാത്റൂമിൽ പോവുകാന്നൊക്കെപ്പറഞ്ഞാ , ഏയ് അതൊരിക്കലും നടക്കുന്ന കാര്യമല്ല. നമ്മളെപ്പോലെ വല്ലതുമാണോ അവര് ?’’ ഉണ്ണിമായയ്ക്കും തോന്നി ‘‘ അതു ശരിയാ. ’’ ആലോചിച്ച് നോക്കിയപ്പോ അഭിലാഷ് പറഞ്ഞതിൽ കാര്യമുണ്ടെന്ന് കുഞ്ചുവിനും മനസ്സിലായി.

കുഞ്ചുവിന് ഒരു കാര്യം കൂടി പിടികിട്ടി. മോഹൻലാല് ഇങ്ങനെയാണെങ്കി നമ്മുടെ ശൈലജമിസും ബാത്റൂമിൽ പോവാനിടയില്ല. അതാണ് കുഞ്ചുവിന്റെ മനസ്സ് പറയുന്നത്. കാരണം ശൈലജ മിസും ഒന്നും നമ്മളെപ്പോലെ സാധാരണ മനുഷ്യരല്ലല്ലോ. കുഞ്ചു നന്ദുവിനോടാണ് ആ രഹസ്യം പങ്കുവച്ചത്. നമുക്കറിയാൻ വയ്യാത്ത എന്തെല്ലാം കാര്യങ്ങളാ ശൈലജാ മിസിന് അറിയാവുന്നത്. അല്ലേ കുഞ്ചൂ ? നന്ദു പറഞ്ഞു:‘‘പിന്നേ ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ മനുഷ്യന്റെ പേര്. ഏതു വര്‍ഷം ? ആദ്യമായി എവറസ്റ്റ് കീഴടക്കിയത് ആരാണ് ? എവിടെയാണ് രണ്ട് ചന്ദ്രന്മാരുള്ളത് ? സാധാരണയായി അമ്മയാണല്ലോ പ്രസവിക്കാറ്. എന്നാൽ അച്ഛൻ പ്രസവിക്കുന്ന ജീവിയേതാണ് ? എന്നു വേണ്ട എന്തെല്ലാം കാര്യങ്ങളാണ് ചോദിച്ചാൽ മിസ് ഒരു ബുക്ക് പോലും നോക്കാതെ പറയുന്നത്’’. ‘‘അപ്പോ ശൈലജാമിസും മോഹൻലാലിനെപ്പോലെ സാധാരണ മനുഷ്യനല്ലെന്ന് ഉറപ്പാ’’. കുഞ്ചുവാണ് അത് പറഞ്ഞത്.

‘‘ദൈവങ്ങൾക്കൊന്നും ബാത്റൂമിൽ പോവേണ്ട ആവശ്യമില്ല. അയ്യേ , അവരാരെങ്കിലും അങ്ങനെ ചെയ്യ്വോ ? നാണം കെട്ട ഏർപ്പാടുകള്. അപ്പോ അതുപോലെ അൽഭുതകരമായ കഴിവുകൾ ഉള്ളവരാ മോഹൻലാലും ശൈലജാമിസുമൊക്കെ ’’ നന്ദു കൂട്ടുകാരോട് പറഞ്ഞു. അല്ലെങ്കിലും കുഞ്ചു ആലോചിക്കാറുണ്ട് , നമ്മളെപ്പോലെ മിസുമാരും വീടുകളിൽ നിന്നു തന്നെയാണോ വരുന്നതെന്ന് ? ഏയ് അതിനു വഴിയില്ല. മിസുമാരൊക്കെ ഒരിക്കലും വീടുകളിൽ നിന്നല്ല വേറെ ഏതോ അൽഭുതലോകത്തുനിന്നാവും വരിക. വൈകിട്ട് പോവുന്നതും അവിടേക്കാവും എന്ന് കുഞ്ചുവിന് തോന്നി. കുഞ്ചുവമ്മയും കുട്ടികളെ പഠിപ്പിക്കുന്ന ടീച്ചറാണല്ലോ. പോരാത്തതിന് തന്നെക്കാൾ വല്യ കുട്ടികളെ പഠിപ്പിക്കുന്ന ടീച്ചറാണ്. അമ്മ പക്ഷേ വീട്ടിൽ നിന്നാണല്ലോ വരുന്നത്. കുഞ്ചുവമ്മയ്ക്ക് വീടുണ്ടല്ലോ. പക്ഷേ അതു പറഞ്ഞിട്ട് കാര്യമില്ല. കുഞ്ചു തന്നെ അതിനുള്ള ഉത്തരവും കണ്ടെത്തി. കുഞ്ചുവമ്മയെക്കാൾ ഒത്തിരിക്കാര്യങ്ങൾ ശൈലജാമിസിന് അറിയാം. അപ്പോൾ ശൈലജാമിസ് വീട്ടിൽ നിന്നാവില്ല വരുന്നതെന്നാണ് കുഞ്ചുവിന്റെ വിശ്വാസം.

കുഞ്ചു അന്നു വൈകിട്ട് വീട്ടിൽ ചെന്നപ്പോ മുത്തശ്ശി ഗ്രാമത്തിലെ വീട്ടിൽ നിന്ന് കുഞ്ചുവിനെ കാണാനായി വന്നിട്ടുണ്ട്. ഇനി ഏറെക്കാലം മുത്തശ്ശി കുഞ്ചുവിനോടൊപ്പം ഉണ്ടാവുമെന്നു കൂടി അറിഞ്ഞപ്പോ താൻ വേറെ ഏതോ ഒരു ലോകത്തേക്ക് അപ്പൂപ്പൻ താടിയെപ്പോലെ യോ പൂമ്പാറ്റയെപ്പോലെ.യോ പറന്നുപോവുകയായാണെന്നു കരുതി കുഞ്ചു സന്തോഷിച്ചു. അന്ന് അഭിലാഷ് ക്ലാസിൽ പറഞ്ഞ കാര്യം കുഞ്ചു മുത്തശ്ശിയോട് ചോദിച്ചു. മുത്തശ്ശി കാര്യമായി പഠിക്കാനൊന്നും പോയിട്ടില്ല. എന്നാലും പല കാര്യങ്ങളിലും മുത്തശ്ശിക്ക് നല്ല അറിവാണ്. വീട്ടിലെത്തി കുളി കഴിഞ്ഞ് ചായ കുടിച്ചുകൊണ്ടിരിക്കുമ്പം കുഞ്ചു മോഹൻലാലിന്റെ കാര്യം മുത്തശ്ശിയോട് പറഞ്ഞു. മുത്തശ്ശി പല്ലില്ലാത്ത വായ കാട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു , ‘‘ അതിപ്പോ എങ്ങന്യാ ശരിയാവ്ക ? മ്മടെ ഇന്ദിരാഗാന്ധീണ്ടല്ലോ അവരെപ്പോലെ ഒരു ഭൂലോകസുന്ദരിയെ ഇന്ത്യാമഹാരാജ്യം വേറെ കണ്ടിട്ടില്ലല്ലോ. അവരും കൂടി ഇതൊക്കെ ചെയ്യുന്നുണ്ടെന്ന് എല്ലാവർക്കുമറിയാം. പിന്നല്ലേ മോഹൻലാല്. വെറുതെ പറയ്യാവും കുഞ്ചുവേ ഇതൊക്കെ നിന്റെ കൂട്ടുകാര്.’’

അഭിലാഷിന്റെ വീട്ടിൽ ഒരു ദിവസം പോയാൽ അവൻ പറയുന്നതൊക്കെ നേരാണോ എന്നറിയാമായിരുന്നു എന്ന് കുഞ്ചു വിചാരിച്ചു. അവൻ മിക്കവാറും ദിവസങ്ങളിൽ ഊണിനൊപ്പം കൊണ്ടുവരുന്നത് അയിലത്തല കറി വച്ചതാണ്. അപ്പോഴൊക്കെ അവനെ ആദ്യം കളിയാക്കുന്നത് ഉണ്ണിമായയാണ്. അതുകേട്ട് ക്ലാസിൽ എല്ലാവരും ചിരിക്കും. കിരൺ പല ദിവസവും അഭിലാഷിന്റെ അടുത്തുചെന്ന് അഭിലാഷ് കൊണ്ടുവരുന്നത് എടുത്തു കഴിക്കും. അഭിലാഷ് അന്നേരം അയിലത്തലയൊഴികെ എന്തും കിരണിന് കൊടുക്കും. ഊണുകഴിച്ചു തീരുന്നതു വരെ കൊതിയോടെ നോക്കിവച്ചിട്ട് ആർക്കും കൊടുക്കാതെ അവസാനമേ അഭിലാഷ് അയിലത്തല കഴിക്കൂ. അവന് അത്രയ്ക്കിഷ്ടമാണ് അയിലത്തലക്കറി.

കിരണിന് മിക്കവാറും അച്ചാറും തോരനുമാണ് അഭിലാഷിന്റെ പാത്രത്തിൽ നിന്നു കിട്ടുക. അയിലത്തല തിന്നുന്നതിന് ഉണ്ണിമായ കളിയാക്കുമ്പം അഭിലാഷ് പറയും ‘‘ ഉണ്ണിമായേ നീ വല്യ കേമിയാവണ്ട. വീട്ടിൽ ചെന്നാൽ നീ മത്തിയില്ലെങ്കിൽ ചോറുണ്ണില്ലെന്ന് എനിക്കറിയാം. നീ വല്യ സ്റ്റൈലു കാണിക്കാൻ ക്ലാസിൽ മത്തി കൊണ്ടുവരാത്തതാണ് എന്നതാണ് നേര്. ’’ ഉണ്ണിമായയും വെറുതെ വിട്ടില്ല - ‘‘ നീ പോടാ അയിലത്തലയാ , ചുമ്മാ ഓരോന്ന് പറഞ്ഞുണ്ടാക്കാതെ. ’’

ഉണ്ണിമായ മീനും ഇറച്ചിയുമൊന്നും ക്ലാസിൽ കൊണ്ടുവരുന്നത് ഇന്നേ വരെ കുഞ്ചു കണ്ടിട്ടില്ല. അവൾക്ക് അതൊന്നും ഇഷ്ടമല്ലെന്നാണ് അവളെ കണ്ടിട്ടും കുഞ്ചുവിന് തോന്നുന്നത്. ‘‘അയിലത്തല കഴിച്ചുകഴിച്ചാടാ നീയിങ്ങനെ തണ്ണിമത്തങ്ങ പോലെ വീർത്തുവരുന്നത്. ’’ നന്ദു പറഞ്ഞതു കേട്ട ഭാവം കാണിക്കാതെ അഭിലാഷ് ആർത്തിയോ‌െ‌ട അയിലത്തല കഴിക്കുകയാണ്. എങ്കിലും എല്ലാവരും ഇങ്ങനെ കളിയാക്കുന്നതിൽ അൽപ്പം ചമ്മലുണ്ടെന്ന് അഭിലാഷിന്റെ മുഖം കണ്ടാലറിയാം. അഭിലാഷിനാണ് ക്ലാസിൽ ഏറ്റവും കൂടുതൽ വണ്ണമുള്ളത് എന്നതിലും അവന് പണ്ടേ ഇത്തരി ചമ്മലുണ്ട്.

പിറ്റേന്ന് അഭിലാഷ് ഉച്ചയ്ക്ക് പാത്രം തുറന്ന് ചോറുണ്ണാൻ തുടങ്ങിയപ്പോ കിരൺ വിളിച്ചു പറഞ്ഞു, മാറിക്കോ മാറിക്കോ അയിലത്തലക്കാരൻ വരുന്നുണ്ടേ. അന്നേരമാണ് അഭിലാഷ് ആ ഗുണ്ട് പൊട്ടിച്ചത്. അവൻ ഇടതുകൈ കൊണ്ട് ഉടുപ്പിന്റെ കോളറിൽ പിടിച്ചിട്ട് അഭിമാനത്തോടെ എല്ലാവരോടുമായി പറഞ്ഞു. ‘‘നിങ്ങൾക്കറിയ്വോ ? അമിതാഭ് ബച്ചന് ഏറ്റവുമിഷ്ടമാണ് അയിലത്തല. ബച്ചന് എന്നും ഉച്ചയ്ക്കും രാത്രിയിലും ഊണിനൊപ്പം അയിലത്തലക്കറി വേണം. അതാ ബച്ചന്റെ സൗന്ദര്യത്തിന്റെ രഹസ്യം. ’’ അഭിലാഷ് ചിരിച്ചുകൊണ്ട് തന്റെ പാത്രത്തിലേക്ക് മാത്രം നോക്കി ആർത്തിയോടെ കഴിക്കുകയാണ്. കുഞ്ചുവും കൂട്ടുകാരും വിചാരിച്ചു ,ഒരുപക്ഷേ അഭിലാഷ് പറഞ്ഞത് ശരിയായിരിക്കും. അവന്റെ അങ്കിൾ മോഹൻലാലിന്റെ ഫ്രണ്ടായ സ്ഥിതിക്ക് അങ്ങനെയെങ്ങാനും അറിഞ്ഞ കാര്യമാവും അത്.

അന്നു വൈകിട്ട് അച്ഛൻ വന്നപ്പോ കുഞ്ചു ചോദിച്ചു , അച്ഛാ, അമിതാഭ്ബച്ചന് അയിലത്തലക്കറി ഇഷ്ടമായതുകൊണ്ടാ അഭിലാഷ് അയിലത്തലക്കറി എന്നും കൊണ്ടുവരുന്നതെന്ന് അവൻ പറഞ്ഞു. അതുകൊണ്ട് ആരും അവനെ കളിയാക്കേണ്ടെന്നും. ശരിയാണോ? അച്ഛൻ കുഞ്ചുവിനെ ചേർത്തുപിടിച്ചു നിർത്തി ചിരിച്ചു. എന്നിട്ട് പറഞ്ഞു, നമുക്ക് മീൻ തരുന്ന ഖാദറിക്കയ്ക്ക് ചെലപ്പോ അറിയാമായിരിക്കും. നമുക്ക് അയാളോട് ചോദിച്ചുനോക്കാം. കേട്ടോ’’.

അധ്യായം അഞ്ച്

അമ്മയുടെ സ്കൂൾ കാണാൻ പോയപ്പോൾ

കുഞ്ചുവിന് കൂടെക്കൂടെ തൊണ്ടവേദന വരും. അതിനു പിന്നാലെ പനിയും വരും. പിന്നെ രണ്ടുദിവസം സ്കൂളിൽ പോവാനാവില്ല. അപ്പോൾ അമ്മ കുഞ്ചുവിനെ അമ്മ പഠിപ്പിക്കുന്ന സ്കൂളിൽ കൊണ്ടുപോവും. വീട്ടിൽ ആരുമില്ലാത്തതിനാൽ കുഞ്ചുവിനെ ഒറ്റയ്ക്ക് വീട്ടിലിരുത്താനാവില്ലല്ലോ. അമ്മയുടെ സ്കൂളിൽ പോവാൻ കുഞ്ചുവിന് വലിയ ഉൽസാഹമാണ്. അമ്മയോടൊപ്പം നടന്നാണ് കുഞ്ചു പോവുക. അമ്മ പഠിപ്പിച്ച പിള്ളേരും പഠിപ്പിക്കുന്ന പിള്ളേരുമൊക്കെ വഴിക്കുവച്ച് കുഞ്ചുവിനെ കാണുമ്പോൾ വലിയ ഇഷ്ടത്തോടെ ഓരോന്നു ചോദിക്കും. വേറെ ചിലർ അടുത്തുവന്ന് പഴമോ മിഠായിയോ വാങ്ങിക്കൊടുക്കും.

കുഞ്ചുവമ്മ പണ്ട് പഠിപ്പിച്ച പല കുട്ടികളും വലുതായപ്പോ സ്കൂളിനടുത്ത് കടകൾ നടത്തുന്നുണ്ട്. പഴങ്ങളും മിഠായിയും പച്ചക്കറിയും വിൽക്കുന്ന കടകൾ, ഹോട്ടലുകൾ എന്നിവ. നല്ല തടിയും പൊക്കവുമൊക്കെയുള്ള ആ ചേട്ടന്മാർ കുഞ്ചൂന്റമ്മയെ കാണുമ്പോൾ മുണ്ട് തറ്റഴിച്ചിട്ടിട്ട് ടീച്ചറേ എന്നു പറഞ്ഞ് ഓടിവരുന്നത് കാണാം. അപ്പൊ കുഞ്ചു അൽഭുതത്തോടെ ചോദിക്കും, ഈ വലിയ ചേട്ടന്മാരെയൊക്കെ അമ്മ പഠിപ്പച്ചതാണോ ഹയ്യോ അൽഭുതം തന്നെ എന്ന്. അപ്പോ കുഞ്ചുവമ്മ പറയും, പിന്നേയ് ഇവന്മാമാരൊക്കെ ദാ ഇത്തിരിയില്ലാത്തപ്പോ അമ്മേടെ ക്ലാസിലിരുന്നതാ, എന്റ കയ്യിന്ന് എത്ര അടി കൊണ്ടിട്ടുള്ളതാന്ന് അറിയാവോ എന്ന്. കുഞ്ചുവിന് അതു കേൾക്കുമ്പോ അഭിമാനം തോന്നും. എന്നാലും മോന്റമ്മച്ചി ഇത്ര വലിയ ചേട്ടന്മാരെ പഠിപ്പിച്ചിട്ടുണ്ട് എന്നത് അൽഭുതം തന്നെ. വേറെ ചില ചേട്ടന്മാർ അടുത്തുവന്ന്, ടീച്ചറ് നടന്നോ, മോനെ സ്കൂട്ടറിന്റെ മുന്നിൽ നിർത്തി ഞാൻ സ്കൂളിൽ കൊണ്ടുവിടാം എന്നു പറയും. ഞാൻ അമ്മേടെ കൂടേ പോവൂ എന്നു പറഞ്ഞ് കുഞ്ചു അമ്മേടെ സാരിത്തുമ്പിൽ പിടിച്ചങ്ങനെ നടക്കും.

കുഞ്ചു അമ്മേടെ സ്കൂളിൽ പോവുന്ന വഴിക്കാണ് അമ്മയുടെ കൂട്ടുകാരി സുജാതയമ്മയുടെ വീട്. സുജാതയമ്മയ്ക്ക് മക്കളില്ല. അതുകൊണ്ട് കുഞ്ചുവിനെ വലിയ കാര്യമാണ്. സുജാതയമ്മ ജോലിക്കൊന്നും പോവുന്നില്ല. സുജാതയമ്മ അവരുടെ വീടിന്റെ മുന്നിൽവച്ച് അമ്മേം കുഞ്ചൂനേം കാണും. കുഞ്ചൂന് പനിയാണെന്നു പറയുമ്പം എന്നാപ്പിന്നെ മോനെ ഇവിടെ നിർത്തിക്കോ, ഞാൻ നോക്കിക്കോളാം എന്നു പറയും. സുജാതയമ്മയെ കുഞ്ചൂന് വലിയ ഇഷ്ടമാണ്. പക്ഷേങ്കി അമ്മയെ വിട്ട് സുജാതയമ്മയുടെ വീട്ടിൽ നിൽക്കുന്നത് കുഞ്ചൂന് വിഷമമാണ്. സുജാതയമ്മയുടെ വീട്ടിൽ നിറയെ കളിപ്പാട്ടങ്ങളുണ്ട് . പാട്ടുപാടുന്ന താറാവ്. ഡാൻസ് ചെയ്യുന്ന ജിറാഫ്, പൊട്ടുതൊട്ട കറുമ്പിപ്പശു, കഴുത്തിൽ മണികിലുക്കി നടക്കുന്ന ആട്ടിൻകുട്ടി, വാലു മുറിഞ്ഞുപോയ ബൗബൗ എന്നിവയുടെ കളിപ്പാട്ടങ്ങളും പിന്നെ ഒരലമാര നിറയെ പാവക്കുട്ടികളുമുണ്ട്. മക്കളില്ലാത്ത സുജാതയമ്മയ്ക്ക് എന്തിനാ അമ്മേ ഇത്തറേം കളിപ്പാട്ടങ്ങള്, കുഞ്ചു ചോദിക്കും. ‘‘അതേയ്, എന്നെങ്കിലും സുജാതയമ്മയ്ക്ക് ഒരു കുഞ്ഞുവാവ ഉണ്ടായാൽ കുഞ്ഞുകിടന്ന് കരയുമ്പം വേഗം കടയിൽപോയി ഇതൊക്കെ വാങ്ങിക്കാൻ പോവുമ്പോ കട അടച്ചിരിക്കുകയാണെങ്കിലോ , അതോണ്ടാ ഇതൊക്കെ നേരത്തെ വാങ്ങിവച്ചിരിക്കുന്നത് എന്നു പറഞ്ഞു കുഞ്ചുവമ്മ.‘‘അതുശരിയാ ,’’ കുഞ്ചു അതും പറഞ്ഞും കൊണ്ട് ഓരോന്ന് ചിന്തിച്ചും പറഞ്ഞും അമ്മേടെ കൈക്ക് പിടിച്ച് നടക്കുകയാണ്. ഇട്യ്ക്ക് കൈയിലെ പിടിവിട്ട് സാരിത്തുമ്പിലാവും പിടിക്കുക.

ഒരു ദിവസം കുഞ്ചു അമ്മയോട് ചോദിച്ചു, അമ്മ പഠിപ്പിച്ച ചേട്ടന്മാരൊക്കെ എന്താ അമ്മേ പഴക്കച്ചവടവും പച്ചക്കറിക്കച്ചവടവും മാത്രം നടത്തുന്നവരായത് ? അവര്ക്ക് വേറെ ജോലിയൊന്നും കിട്ടിയില്ലേ എന്ന്.‘‘ അയ്യോ, മോനേ, അവരുടെ കൈയിലൊക്കെ ഒത്തിരി പൈസയുണ്ട്. വല്യ കാറും വീടുമൊക്കെയുള്ളവരാ അവര്’’ അമ്മ പറഞ്ഞു.

അപ്പോഴാ കുഞ്ചൂന് വേറൊരു കാര്യം ഓർമ്മ വന്നത്. ഇന്നാള് ഒരു ദിവസം കുഞ്ചൂം അച്ഛനും അമ്മേം കൂടി ടൗണിൽ റോഡ് മുറിച്ചു കടക്കുമ്പം പൊലീസുകാരൻ കാറും ബസുമൊക്കെ കൈകാണിച്ചു നിർത്തി. കുഞ്ചു അമ്മേടെ കൈ പിടിച്ച് നടന്നു പോവുമ്പം പിന്നിൽ നിന്നൊരു വിളി ടീച്ചറേ എന്ന്. കുഞ്ചു പേടിച്ചുപോയി . കാക്കിയുടുപ്പിട്ട് തൊപ്പിവച്ച് ലാത്തിയും പിടിച്ച് ഒരു പൊലീസുകാരൻ. എന്തിനാണ് കുഞ്ചുവമ്മേടെ അടുത്തേക്ക് പൊലീസുകാരൻ വരുന്നതെന്നു പേടിച്ചു നിൽക്കുമ്പം അയാള് കുഞ്ചുവമ്മേടെ അടുത്തുവന്ന് തൊപ്പിയൂരിയിട്ട് പറയ്വാ ടീച്ചറിന് എന്നെ മനസ്സിലായോ എന്ന്. കുഞ്ചുവമ്മ പഠിപ്പിച്ച ഒരു കുട്ടിയായിരുന്നു വലുതായി വല്യ പൊലീസായതെന്ന് അമ്മ പറഞ്ഞപ്പൊ ഹമ്മേ, കുഞ്ചൂന് വിശ്വസിക്കാനായില്ല. അപ്പൊ കുഞ്ചുവമ്മ വല്യ പൊലീസുകാരേം പഠിപ്പിച്ചിട്ടൊണ്ട് . ഇന്നാള് നമ്മൾ അച്ഛനോടൊപ്പം പോയപ്പോ കണ്ടല്ലോ. ഞാനത് മറന്നതാമ്മേ, കുഞ്ചു പറഞ്ഞു.

അധ്യായം ആറ്

കൂട്ടുകാരിയമ്മയും കൊതിക്കൂട്ടുകാരിയമ്മയും

അമ്മേടെ സ്കൂളിൽ ചെന്നാൽ ടീച്ചർമാരുടെ സ്റ്റാഫ് റൂമിൽ കുഞ്ചു സ്റ്റാറാണ്. ടീച്ചർമാരൊക്കെ കുഞ്ചുവിനെ എടുത്തുമ്മ വയ്ക്കും. ചിലർ തലമുടിയിലൊക്കെപ്പിടിച്ച് മോനാരാ മുടി ചീകിത്തന്നത് അമ്മയാണോ അച്ഛനാണോ എന്നു ചോദിക്കും. ഇടയ്ക്ക് ചോക്കെടുക്കാനും സംശയം ചോദിക്കാനുമൊക്കെ വരുന്ന, ആ സ്കൂളിൽ പഠിക്കുന്ന ചേച്ചിമാര് വന്ന് കുഞ്ചുവിനെ താടിക്കു പിടിച്ച് കൊ‍ഞ്ചിക്കും. വേറെ ചില ചേട്ടന്മാര് വന്ന് ടീച്ചർടെ മോനെ ഞങ്ങള് ക്ലാസിൽ കൊണ്ടുപോയ്ക്കോട്ടെ കളിപ്പിച്ചിട്ട് തിരിച്ചുകൊണ്ടുവരാം എന്നു പറയും. അവരുടെയിടയ്ക്ക് കുഞ്ചു ഒരു വിെഎപിയെപ്പോലെ ഗമയിലങ്ങനെ നിൽക്കും. അവിടെ അമ്മേടെ കൂട്ടുകാരികളായ ടീച്ചർമാരൊക്കെ കുഞ്ചൂന്റേം ഇഷ്ടക്കാരാണ്. അമ്മേടെ സ്കൂളിൽ സുശീല എന്നു പേരുള്ള രണ്ട് ടീച്ചർമാരുണ്ട്. പറയുമ്പോ ഏതു സുശീലയാണെന്നു വേഗം പിടികിട്ടാൻ അമ്മയും മറ്റും ടീച്ചർമാരും ഒരു വഴി കണ്ടെത്തിയിട്ടുണ്ട്. സംസ്കൃതം പഠിപ്പിക്കുന്ന സുശീലടീച്ചറെ സംസ്കൃതം സുശീല എന്നു വിളിക്കും. ആ ടീച്ചർക്ക് കണ്ണാടിയില്ല. കണ്ണാടിവച്ച സുശീലടീച്ചർ കണക്കാണ് പഠിപ്പിക്കുന്നത്. ആ ടീച്ചറെ കണ്ണാടി സുശീല എന്ന് കുഞ്ചുവമ്മയും കൂട്ടുകാരും വിളിക്കുന്നു. കുഞ്ചുവിന് അമ്മയുടെ കൂട്ടുകാരെല്ലാം സ്വന്തം അമ്മമാരാണ്. അതുകൊണ്ട് അവരെ കുഞ്ചു കണ്ണാടി സുശീലാമ്മ, സംസ്കൃതം സുശീലാമ്മ എന്നും വിളിക്കുന്നു. കണ്ണാടി വച്ച സുശീലാമ്മ എപ്പോഴും കണ്ണാടിയിറക്കി മൂക്കത്ത് വച്ചാണ് വർത്തമാനം പറയുക. ഒരുദിവസം കുഞ്ചു ആ ടീച്ചറെ മൂക്കത്ത് കണ്ണാടി സുശീലാമ്മ എന്നു വിളിച്ചു. അതുകേട്ട് അമ്മയുടെ കൂട്ടുകാരികളും കണ്ണാടിസുശീലാമ്മയും ചിരിച്ചു.

അമ്മയുടെ കൂട്ടുകാരിൽ കുഞ്ചുവിന് ഏറ്റവുമിഷ്ടം കൂട്ടുകാരിയമ്മയെയാണ്. ആ ടീച്ചറുടെ പേരു കുഞ്ചുവിന് ഓർമ്മയില്ല. അമ്മേടെ സ്കൂളിൽ ചെന്നാൽ കുഞ്ചു ഏതുനേരവും കൂട്ടുകാരിയമ്മയുടെ അടുത്തുപോയിരിക്കും. അതിന്റെ കാരണം എന്താണെന്നോ ? കുഞ്ചുവമ്മേടെ ബെസ്റ്റ്ഫ്രണ്ട് ആ കൂട്ടുകാരിയമ്മയാണ് എന്നതാണ്. കൂട്ടുകാരിയമ്മ വർത്തമാനം പറയുന്നത് കേൾക്കാൻ നല്ല രസമാണെന്ന് കുഞ്ചു അമ്മയോട് പറയാറുണ്ട്. നല്ലപോലെ ഉറങ്ങിക്കിടക്കുന്ന കുളത്തിൽ ചെറിയ കല്ലെടുത്തിടുമ്പോ കേൾക്കുന്ന പോലെ ഗ്ലും ഗ്ലും എന്ന ശബ്ദത്തിലാണ് കൂട്ടുകാരിയമ്മ സംസാരിക്കുക. പോരാത്തതിന് കൂട്ടുകാരിയമ്മയെ കാണാനും കുഞ്ചുവിന് വലിയ ഇഷ്ടമാണ്. ശബ്ദത്തിനും നല്ല കൊഞ്ചലും താളവുമുണ്ട്. കൂട്ടുകാരിയമ്മയുടെ വീട് സ്കൂളിനടുത്താണ്. അമ്മയുടുക്കുന്ന സാരികൾ കുഞ്ചുവിന് വളരെ ഇഷ്ടമാണ് എന്നതുപോലെ അതേ ഇഷ്ടമുണ്ട് കുഞ്ചുവിന് കൂട്ടുകാരിയമ്മയുടുക്കുന്ന സാരികളോടും.

ചില ദിവസങ്ങളിൽ കൂട്ടുകാരിയമ്മ പറയും, എന്താടേ മോനെ വീട്ടിലേക്ക് കൊണ്ടുവരാത്തത് ? മോന് ഞാനിത്തിരി ഹോർലിക്സ് കലക്കിക്കൊടുക്കട്ട്. അല്ലെങ്കി നെസ്കഫേടെ കാപ്പിയിട്ട് കൊടുക്കട്ട്. അവിടെ അലുവയും മിച്ചറുമൊക്കെയിരിക്കുന്ന് എന്ന്. കൂട്ടുകാരിയമ്മയുടെ വർത്തമാനം കുഞ്ചുവങ്ങനെ നോക്കിയിരിക്കും. അപ്പോ കുഞ്ചുവിന് തോന്നും കൂട്ടുകാരിയമ്മ ഇങ്ങനെയാണ് സംസാരിക്കുന്നത് എന്ന്. ‘‘എന്താടേ മോനെ ഗ്ലും വീട്ടിലേക്ക് കൊണ്ടുവരാത്തത് ? ഗ്ലും. മോന് ഞാനിത്തിരി ഹോർലിക്സ് കലക്കിക്കൊടുക്കട്ട്. ഗ്ലും. അല്ലെങ്കി നെസ്കഫേടെ കാപ്പിയിട്ടു കൊടുക്കട്ട്. ഗ്ലും.

അമ്മയുടെ സ്റ്റാഫ്റൂമിൽ കുഞ്ചു എന്തെങ്കിലും കഴിച്ചോണ്ടിരിക്കുമ്പം കുഞ്ചുവിനെ ശുണ്ഠി പിടിപ്പിക്കാൻ വരുന്ന ഒരു ടീച്ചറുണ്ട്. ഞങ്ങൾക്കിത്തിരി പഴം തരുമോ ഞങ്ങൾക്കൊരു മിഠായി തരുമോ എന്നും പറഞ്ഞും ഓരോന്ന് ചോദിച്ചും അടുത്തുകൂടുന്ന ഒരു ടീച്ചറ്. ആ ടീച്ചറോട് കുഞ്ചു പറയും, ഇല്ല കുഞ്ചു തര്ത്തില്ലല്ലോ എന്ന്. അപ്പോ ആ ടീച്ചറ് പറയും, തന്നില്ലേൽ ഞാൻ കൊതി വിടുമല്ലോ. അങ്ങനെ മോന് വയറിളകിയാൽപ്പിന്നെ സ്കൂളിൽ പോവാനും പറ്റില്ലല്ലോ എന്ന്. അപ്പോ കുഞ്ചുവിന് ആകെ കൺഫ്യൂഷനാവും. കുഞ്ചു വിഷമിച്ച് അമ്മയെ നോക്കും. അമ്മയിരുന്ന് ചിരിക്കും. മോനിക്കുട്ടിയമ്മയും പാറുക്കുട്ടിയമ്മയും കൂടെച്ചിരിക്കും. മാത്രമല്ല കുഞ്ചു ഏതുനേരവും കൂട്ടുകാരിയമ്മയുടെ അടുത്ത് പോയിരിക്കുന്നതിന് ആ ടീച്ചർക്കിത്തിരി കുശുമ്പും ഉണ്ട്. അതിന്റെ കൂടെയാണ് ഈ കൊതിവിടലും. അപ്പോ കുഞ്ചു ആ ടീച്ചർക്കിട്ട പേരാണ് കൊതിക്കൂട്ടുകാരിയമ്മ. ഓരോന്നൊക്കെ പറഞ്ഞ് കൊതിക്കൂട്ടുകാരിയമ്മ കുഞ്ചുവിനെ കൊതിപ്പിക്കും. അപ്പോ കുഞ്ചു അറിയാതെ വെള്ളമിറക്കിപ്പോവും. പക്ഷേ കുഞ്ചു പറയും എനിക്ക് കൊതിയില്ലെന്ന്. അപ്പോ കൊതിക്കൂട്ടുകാരിയമ്മ പറയും, ദേ വെള്ളമിറക്കി, വെള്ളമിറക്കി ഞാൻ കണ്ടല്ലോ എന്ന്. കൊതിക്കൂട്ടുകാരിയമ്മ എന്തൊക്കെപ്പറഞ്ഞാണ് കുഞ്ചുവിനെ കൊതിപ്പിക്കുകയെന്നോ? എന്റെ വീട്ടിലെ തൂണുകളെല്ലാം ശർക്കരകൊണ്ടാണ് പണിതിട്ടുള്ളത്. മുറ്റത്ത് കല്ലിനു പകരം മിഠായി വിതറിയിരിക്കുകയാണ്. വീടിന്റെ ജനാലകളൊക്കെ ക്രീം ബിസ്കറ്റ് കൊണ്ടുള്ളതാണ്. ഞങ്ങടെ വീട്ടിൽ മിഠായിമരമുണ്ട്. കാറ്റടിച്ചാൽ പറമ്പിലൊക്കെ ശിർർർന്ന് മിഠായിമഴ പെയ്യും. വീട്ടിൽ വന്നാൽ ഇതൊക്കത്തരാം. വരാമോ? കൊതിക്കൂട്ടുകാരയമ്മ ചോദിക്കും. കുഞ്ചു ശുണ്ഠിയെടുത്ത് ഇല്ല എന്നു കട്ടായം പറയും. എന്നിട്ട് അമ്മേടെ മൊഖത്ത് നോക്കി, കൊല്ലത്തമ്മച്ചീ ക

ൊതിക്കൂട്ടുകാരിയമ്മ പറയുന്നതൊക്കെ നേരാണോ? കൊതിക്കൂട്ടുകാരിയമ്മയുടെ വീട്ടിൽ ശർക്കര കൊണ്ട് തൂണുണ്ടോ മിഠായി മരമുണ്ടോ എന്നൊക്കെ ചോദിക്കും.

കുറച്ചുവർഷം കഴിഞ്ഞപ്പൊ കുഞ്ചു അമ്മ പറഞ്ഞ്കേട്ടു, മോന്റെ കൊതിക്കൂട്ടുകാരിയമ്മ ഷുഗറ് വന്ന് കാലിനൊക്കെ അസുഖം കൂടി ആശുപത്രിയിലാണെന്ന്. അമ്മയ്ക്ക് കാണാൻ പോവണമെന്ന്. അപ്പോ കുഞ്ചൂം പറഞ്ഞു, എനിക്കും പോവണമെന്ന്. എന്നിട്ട് കുഞ്ചു അമ്മയോട് സങ്കടപ്പെട്ട് ചോദിച്ചതെന്താന്ന് അറിയ്വോ ? ശർക്കരകൊണ്ടുള്ള തൂണുള്ള വീട്ടിൽ താമസിച്ച് ഒത്തിരി ശർക്കര തിന്നതുകൊണ്ടാണോ കൊതിക്കൂട്ടുകാരിയമ്മയ്ക്ക് ഷുഗറ് വന്നതെന്ന്. കല്ലിനു പകരം മുറ്റത്ത് മിഠായി വിതറിയത് എടുത്ത് കഴിച്ചാണോ കൊതിക്കൂട്ടുകാരിയമ്മയ്ക്ക് വയ്യാതായതെന്ന് ?

അധ്യായം ഏഴ്

തവിട് കൊടുത്ത് വാങ്ങിയ കുട്ടി

പട്ടണത്തിലെ വീട്ടിലേക്ക് മുത്തശ്ശി വരുന്നു എന്നറിഞ്ഞാൽ‌പ്പിന്നെ കുഞ്ചുവിന് അതിൽപ്പരം സന്തോഷമില്ല. മുത്തശ്ശി എനിക്ക് തെരളി കൊണ്ടുവരുമായിരിക്കും, അല്ലേ അമ്മേ –കുഞ്ചു ഒരു പത്തുവട്ടമെങ്കിലും അമ്മയോട് ചോദിക്കം. ഇന്നു മുത്തശ്ശി വരുമെന്ന കാര്യം അമ്മ പറഞ്ഞിരുന്നു. അത് ഓർത്തുകൊണ്ടാണ് കുഞ്ചു സ്കൂളിൽ നിന്നു വന്നതു തന്നെ. കുഞ്ചു വന്നപ്പോഴേ പടിക്കൽ ചെരിപ്പ് കണ്ട് മനസ്സിലായി, മുത്തശ്ശി വന്നിട്ടുണ്ടെന്ന്. ഒരു സഞ്ചി നിറയെ തെരളിയുമായാണ് മുത്തശ്ശിയുടെ വരവ്. തെരളി മാത്രമല്ല മുത്തശ്ശി വളർത്തുന്ന കോഴികളുടെ മുട്ട, മുത്തശ്ശിയുടെ വീട്ടിൽനിന്ന് പേരയ്ക്ക, അവലോസുപൊടി ...അങ്ങനെ പലതുമുണ്ട് സഞ്ചിയിൽ.

കുഞ്ചുവിന് ലോകത്ത് ഏറ്റവും ഇഷ്ടപ്പെട്ട പലഹാരം തെരളിയാണ്. െഎസ്ക്രീമിന് എന്താ രുചിയെന്നൊക്കെ കൂട്ടുകാർ പറയുമ്പോൾ കുഞ്ചു മനസ്സിൽ വിചാരിക്കും, മുത്തശ്ശിയുടെ തെരളിയുണ്ടെങ്കിൽപ്പിന്നെ െഎസ്ക്രീമൊക്കെ ആർക്കു വേണമെന്ന്. തെരളിയുടെ രുചിയാണോ മണമാണോ കൂടുതലിഷ്ടം എന്നു കുഞ്ചുവിനോട് ചോദിക്കുന്നത് അച്ഛനെയാണോ അമ്മയെയാണോ കൂടുതലിഷ്ടം എന്നു ചോദിക്കുന്നത് പോലെയേയുള്ളൂ. വയണയിലയിലാണ് തെരളി പുഴുങ്ങിയെടുക്കുന്നത്. വയണയില പിടിക്കുന്ന മരം മുത്തശ്ശിയുടെ വീട്ടിലുണ്ട്. വയണയിലയുടെ സുഗന്ധം തെരളിമുഴുവൻ ഉണ്ടാവുമെന്നതു കാരണം തെരളി കഴിച്ചു കഴിഞ്ഞാലും കുഞ്ചുവിന് ആ ഇല കളയാൻ തോന്നില്ല.

ഒരു വയണയിലയ്ക്കുള്ളിൽ രണ്ടിതൾ പോലെ രണ്ടു തെരളിയുണ്ടാവും. ഒരമ്മയുടെ വയറ്റിൽ ഇരട്ടക്കുഞ്ഞുങ്ങൾ കിടക്കുന്നതു പോലെയാണ് രണ്ടു തെരളികൾ ഒരിലയിൽ കാണുമ്പോൾ കുഞ്ചുവിന് തോന്നുക. വന്നു കഴിഞ്ഞാൽ മുത്തശ്ശി തെരളിയുണ്ടാക്കാൻ പെട്ട പാട് വർണിക്കും. ‘‘ഹൊ, ഇന്നലെ രാത്രി പന്ത്രണ്ട് മണിവരെ ഇതിന്റെ ജോലിയാരുന്നു. എല്ലാം കഴിഞ്ഞ് കിടക്കുമ്പം മണി ഒന്നു കഴിഞ്ഞു.’’കു‍ഞ്ചു തെരളി അടർത്തിക്കഴിച്ചുകൊണ്ട് ചോദിക്കും, അതെന്താ മുത്തശ്ശീ അത്തറേം ജോലി ? അപ്പോ മുത്തശ്ശി പറയും– കൊള്ളാം, അരി ഉരലിലിട്ട് പൊടിച്ച് വറുത്ത് ഇതാക്കിയെടുക്കുന്നതു വരെ എത്ര നേരമെടുക്കുമെന്നോ ? പഴം ചേർത്ത് തെരളിയുണ്ടാക്കിയാലാണ് നല്ല രുചി. പക്ഷേ അത് ഒരു ദിവസത്തിൽക്കൂടുതൽ കേടാവാതെ ഇരിക്കില്ല.

കുഞ്ചുവിന് വച്ചിരുന്ന് കഴിക്കാനായി മുത്തശ്ശി പഴം ചേർക്കാത്ത തെരളി വേറൊരു പൊതിയിലാക്കി കൊണ്ടുവരും. മുത്തശ്ശി കൊണ്ടുവന്ന തെരളിയൊക്കെ തീർന്നു കഴിയുമ്പോ കുഞ്ചുവിനോട് മുത്തശ്ശി പറയും, പേരയ്ക്കയും അവലോസ്പൊടിയുമൊക്കെ എടുത്ത് കഴിച്ചോളാൻ. ഇത്രയും വലിയ പേരയ്ക്ക എവിടുന്നാ മുത്തശ്ശീ? കുഞ്ചു ചോദിക്കും. കൊള്ളാം, ഇതിലും വലുത് എത്രയെണ്ണമാ അവിടെ വവ്വാല് കൊണ്ടുപോവുന്നത്. അവിടത് ആർക്കാണ്ട് വേണോ? അല്ലെങ്കിത്തന്നെ ഇതെല്ലാം കൂടെത്തിന്നാൻ ആരുണ്ടവിടെ? കുഞ്ചു ഇതെല്ലാം അൽഭുതത്തോടെ കേൾക്കും. ‘‘രാവിലെ മുറ്റം തൂത്തുവാരാൻ ചെല്ലുമ്പം വവ്വാല് തിന്നിട്ട് കളഞ്ഞ പേരയ്ക്ക കാരണം ഇറങ്ങിനടക്കാനൊക്കത്തില്ല’’ മുത്തശ്ശി ഇതും കൂടി പറയുമ്പം കുഞ്ചു മുത്തശ്ശിയുടെ വീട് എന്ന അൽഭുതലോകം സ്വപ്നം കാണും. ഹൊ, നിറയെ പേരയ്ക്ക കാരണം നടക്കാൻ വയ്യാതെ മുറ്റം നിറഞ്ഞുകിടക്കുന്ന, കാറ്റടിക്കുമ്പോ നൃത്തം ചെയ്യുന്ന വയണമരത്തിലെ ഇലകളുടെ സുഗന്ധം പരക്കുന്ന, വിഷുവെന്നോ ഓണമെന്നോ വ്യത്യാസമില്ലാതെ എന്നും മുറ്റത്ത് കൊഴിഞ്ഞ കണിക്കൊന്നപ്പൂക്കൾ പൂമെത്ത വിരിച്ചിട്ടിരിക്കുന്ന മുത്തശ്ശിയുടെ വീട്. ക്രിസ്മസിനും ഓണത്തിനുമൊക്കെ സ്കൂൾ അടയ്ക്കുമ്പം അവിടെപ്പോയിക്കളിച്ച ദിവസങ്ങൾ കുഞ്ചുവിന്റെ മനസ്സിലേക്ക് എത്തും. ശനിയും ഞായറും വരേണ്ട താമസം അവിടെപ്പോവാനുള്ള ദിവസങ്ങൾ എണ്ണിയെണ്ണിക്കഴിയും കുഞ്ചു.

നാട്ടിലായാലും പട്ടണത്തിലെ വീട്ടിലായാലും മുത്തശ്ശിക്ക് സന്ധ്യ കഴിഞ്ഞാൽ വേഗം ഉറക്കം വരും. ചിലപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്ന കുഞ്ചുവിന്റെ അടുത്തുതന്നെ കിടന്ന് ഉറങ്ങിപ്പോവും മുത്തശ്ശി. അപ്പോൾ കുഞ്ചു ചില കുസൃതികൾ ഒപ്പിക്കാനായി അടുത്തുകൂടും. മുത്തശ്ശിയുടെ കാലിന്റെ വെള്ളയ്ക്ക് വിരലുകൊണ്ട് പുഴു ഇഴയുന്നതുപോലെ വരയ്ക്കും. കാലിൽക്കൂടി എന്തോ ജീവി കയറുന്നെന്ന് പേടിച്ച് മുത്തശ്ശി ഞെട്ടിയെഴുന്നേൽക്കുമ്പോ കുഞ്ചു ചിരിയോടു ചിരി. അല്ലെങ്കിൽ ചിലപ്പോ ഉറങ്ങിക്കിടക്കുന്ന മുത്തശ്ശിയുടെ അടുത്ത് പമ്മിച്ചെന്നിട്ട് ചെവിയിൽ ചകിരിനാരിട്ട് കറക്കും.വണ്ടോ വേറെ വല്ല പ്രാണിയോ ചെവിയിൽക്കയറിയെന്നു പേടിച്ച് മുത്തശ്ശി ചാടിയെഴുന്നേൽക്കും. കുഞ്ചു കടകടാ ചിരി തുടങ്ങും. ചിലപ്പോ ഇതു കേട്ട് കുഞ്ചുവമ്മ വന്നാൽ തല്ലു കിട്ടാനും മതി.‌

മുത്തശ്ശി കഴിഞ്ഞാൽ കുഞ്ചുവിന്റെ വീട്ടിൽ വന്നു നിൽക്കാറുള്ളത് സുബാഷ് മാമനാണ്. സുബാഷ് മാമൻ എപ്പോഴും ഓരോന്നു പറഞ്ഞ് കുഞ്ചുവിനെ കളിയാക്കിച്ചിരിക്കും. അപ്പോ കുഞ്ചുവിന് ദേഷ്യം വരും. എന്നാലും കുഞ്ചുവിന് സുബാഷ്മാമനോട് ദേഷ്യം തോന്നില്ല. പക്ഷേ സുബാഷ് മാമൻ കുഞ്ചൂന്റമ്മയെ ഇടയ്ക്കൊക്കെ ഇയാള് എന്നു വിളിക്കുന്നത് കുഞ്ചുവിന് ഇഷ്ടമല്ല. ഒരു ദിവസം കുഞ്ചു അതിനെക്കുറിച്ച് അമ്മയോട് ചോദിച്ചു. അപ്പോ, അമ്മയാണ് പറഞ്ഞത്, അതേയ് കുഞ്ചൂ , സുബാഷിന് എന്നെക്കാൾ ഒരു വയസ്സിന്റെ ഇളപ്പമേയുള്ളൂ. അവൻ അതുകൊണ്ട് സ്നേഹത്തോടെ വിളിക്കുന്നതാ ഇയാളെന്ന്. കുഞ്ചുവങ്ങ് ക്ഷമിച്ചേക്ക് എന്ന്.

അപ്പോഴായിരിക്കും സുബാഷ്മാമൻ അടുത്തതും കൊണ്ട് വരുന്നത്. കുഞ്ചൂന്റടുത്ത് വന്ന് സുബാഷ് മാമൻ പറയും, അയ്യേ കുഞ്ചൂനെ കുഞ്ചുവമ്മ പ്രസവിച്ചതൊന്നുമല്ല, ഒട്ടന്മാരുടെ കയ്യിൽ നിന്ന് തവിടുകൊടുത്തും ഉമിക്കരി കൊടുത്തും മേടിച്ചതാ എന്ന്. കുഞ്ചുവിന് സങ്കടം വരാൻ വേറെ വല്ലതും വേണോ? ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ചിലപ്പോ വേഗം വിശ്വസിക്കുന്ന കുട്ടിയാവും കുഞ്ചു. ഉടനെ കുഞ്ചു അതു ശരിയാണോ എന്നറിയാൻ അമ്മയോട് ചെന്നു ചോദിക്കും. അപ്പോ അമ്മ പറയും, അവനെയാ ഉമിക്കരി കൊടുത്ത് വാങ്ങിച്ചത്. അതാ അവനിങ്ങനെ കറുത്തിരിക്കുന്നത്’’ ഉടനെ കുഞ്ചു ചോദിക്കും അതമ്മയ്ക്കെങ്ങനറിയാം ? ‘‘എന്നോട് എന്റമ്മ പറഞ്ഞതാ’’–കുഞ്ചൂന്റമ്മ പറയും. കുഞ്ചു താൻ ജയിച്ചെന്ന മട്ടിൽ സുബാഷ്മാമനെ നോക്കി കളിയാക്കി കയ്യടിക്കും.

കുഞ്ചൂന്റമ്മ സ്കൂളിൽ നിന്നു വരുമ്പം പരിപ്പുവട കൊണ്ടുവരാറുണ്ട്. അമ്മ സ്കൂളിൽ ചോറു കൊണ്ടുപോവുന്ന പാത്രത്തിലാണ് പരിപ്പുവട കൊണ്ടുവരുന്നത്. അമ്മ വീട്ടിൽ വന്നാലുടൻ കു‍ഞ്ചു തിരക്കിട്ട് ബാഗ് തുറന്ന് പരിപ്പുവടയുണ്ടോ എന്നു നോക്കും. ഒരു ദിവസം സുബാഷ്മാമൻ വീട്ടിലുള്ളപ്പൊ അമ്മ പരിപ്പുവട കൊണ്ടുവന്നപ്പം സുബാഷ്മാമൻ പറയ്വാ അയ്യേ കുഞ്ചുവമ്മ സ്കൂളിൽ പിള്ളേരെ പഠിപ്പിക്കാൻ പോവ്വാന്ന് ചുമ്മാ പറയുന്നതല്ലേ. ശരിക്കും പരിപ്പുവടയുണ്ടാക്കാനാ പോവുന്നതെന്ന്. പരിപ്പുവട തിന്നാൻ കൊതിയോടെ വന്ന കുഞ്ചൂന്റെ സന്തോഷമൊക്കെ അതുകേട്ടതും പോയി. മുഖം വാടി. ഈ സുബാഷമാമന് വേറെ ഒരു പണിയുമില്ലേ അമ്മേ ചീത്ത സുബാഷ്മാമൻ, കുഞ്ചു അമ്മയോട് പറഞ്ഞു. സുബാഷ്മാമന് നല്ല തല്ലു വച്ചുകൊടുക്കാൻ അമ്മ സ്കൂളിൽ പിള്ളേരെ തല്ലുന്ന ചൂരല് കൊണ്ടുവരണേ. വല്യ ചൂരല്.’’ ‘‘ ഓ കൊണ്ടുവരാം. വല്യ ചൂരല് കൊണ്ടുവരാം. അമ്മ കുഞ്ചുവിനോട് പറഞ്ഞു. ‘‘ങാ ഈ മുറീടത്തറേം വല്യ ചൂരല് ’’. കുഞ്ചു സുബാഷ് മാമനെ നോക്കി ചിരിക്കുകയാണ്..

അധ്യായം എട്ട്

അരിമുറുക്കും പൊരിയും

ഭിക്ഷക്കാരെ ആരെങ്കിലും വീട്ടിലേക്ക് വിളിച്ചുവരുത്തുമോ ? റോഡില്‍ക്കൂടി പോവുന്ന ഭിക്ഷക്കാരെ കൈ കൊട്ടിയും കൈ പൊക്കിക്കാണിച്ചും ഇതിലേ വന്നേച്ച് പോണേ എന്ന് വിളിച്ചുവരുത്തുന്ന ഒരാളുണ്ട്. നമ്മുടെ കുഞ്ചു. അതു കാണുമ്പോ മുത്തശ്ശി തുടങ്ങും, ഈ ചെറുക്കന് വേറെ ജോലിയില്ലേ എന്തോ പറയാനാന്ന് പറയണേ. വഴീക്കുടപ്പോവുന്നവരെ വിളിച്ചു വരുത്തുകാന്ന് പറഞ്ഞാ. കുഞ്ചു അതൊന്നും മൈന്‍ഡ് ചെയ്യില്ല. ഭിക്ഷക്കാരന്‍ ചിലപ്പോ കുഞ്ചുവിന്റെ വീട് കാണാതെ പോയതാരിക്കും. എന്നാലും അങ്ങനെ പോവാന്‍ പാടില്ലല്ലോ എന്നാണ് കുഞ്ചുവിന്റെ വിചാരം. മുത്തശ്ശി ചില്ലറക്കാശെടുത്ത് കൊടുക്കുമ്പം കുഞ്ചു പറയും വല്യ പൈസായെടുത്ത് കൊടുക്കണമെന്ന്. കുഞ്ചുവിന് അതൊക്കെയാണൊരു സന്തോഷം. മുത്തശ്ശിയെ ദേഷ്യം പിടിപ്പിച്ചേ കുഞ്ചു അടങ്ങൂ.

ചില ഭിക്ഷക്കാര് പൈസ വാങ്ങുമ്പം മുത്തശ്ശിയോട് പറയും, വല്ലതും കഴിച്ചിട്ട് രണ്ടുദിവസമായി അമ്മാ. ഇത്തിരിക്കഞ്ഞി തരാമോ എന്ന്. കുഞ്ചു ഇവരെയൊക്കെ വിളിച്ചുവരുത്തുന്നത് അവരെ നോക്കിയിരിക്കാനാണ്. അവരുടെ വേഷം, വടി, ഭാണ്ഡക്കെട്ട്, സംസാരശൈലി, താടി, മുടി ഇതൊക്കെ ശ്രദ്ധിച്ച് കുഞ്ചുവങ്ങനെയിരിക്കും.

മരച്ചുവട്ടിലോ തിണ്ണയ്ക്കോ മാറിയിരുന്ന് ഭിക്ഷക്കാര് കഞ്ഞികുടിക്കും. അന്നേരം കുഞ്ചു വിചാരിക്കും, കഷ്ടം, ഇവരെ ഡൈനിങ് ടേബിളിലിരുത്തി വിളമ്പിക്കൊടുത്താല്‍ മതിയാരുന്നെന്ന്. മുത്തശ്ശിയുടെ വഴക്ക് പേടിച്ച് കുഞ്ചു അതൊന്നും മിണ്ടില്ല. ഇതിന്റെടയ്ക്ക് നാട്ടിലൊക്കെ വെള്ളം പൊങ്ങിയെന്നും പറഞ്ഞ് മഹാരാഷ്ട്രേന്ന് ആള്‍ക്കാര് വരും. കുഞ്ചു വിചാരിക്കും. രാധാമണിയപ്പച്ചി മഹാരാഷ്ട്രേലാണല്ലോ ഇവർക്ക് രാധാമണിയപ്പച്ചിയെ അറിയാമായിരിക്കുമോ എന്ന്. കണ്ണടയൊക്കെ വച്ച, വെളുത്ത രാധാമണിയപ്പച്ചിയെന്നു പറഞ്ഞാല്‍ ചിലപ്പോ അറിയാമായിരിക്കും, ചോദിച്ചുനോക്കിയാലോ കുഞ്ചു മുത്തശ്ശിയോട് ചോദിക്കും. മുത്തശ്ശി ചെവിക്കൊരു കിഴുക്ക് കൊടുത്തു, പിന്നേ കണ്ട നാടോടികളല്ലേ രാധാമണിയപ്പച്ചിയെ അറിയുന്നെ. വെള്ളം പൊങ്ങിയവര്‍ക്ക് വേണ്ടത് ഉടുപ്പുകളാണ്. അമ്മ കുഞ്ചൂന്റച്ഛന്റെ പഴയ ഉടുപ്പുകള്‍ കൊടുക്കും. ഉടനെ മുത്തച്ഛന്‍ വന്ന് നല്ല ഉടുപ്പൊക്കെയെടുത്ത് കൊടുക്കുവാന്നോ എന്നു ചോദിക്കും. ഇതൊന്നും കുഞ്ചൂന്റച്ഛന്‍ ഇടാറില്ല എന്നു പറഞ്ഞതുകേട്ട് മുത്തച്ഛന്‍ രണ്ടുടുപ്പ് എനിക്കാവശ്യമുണ്ടെന്നു പറഞ്ഞ് എടുത്തോണ്ട് പോയി. മുത്തച്ഛന് കുഞ്ചൂന്റച്ഛന്റെ ഉടുപ്പ് എന്തിനാണെന്നോ? രാത്രിയാവുമ്പം തണുക്കുന്നെന്നും പറഞ്ഞ് മുത്തച്ഛന്‍ കുഞ്ചൂന്റച്ഛന്റെ രണ്ട്മൂന്നുടുപ്പ് എടുത്തിടും. പുതിയത് വാങ്ങിച്ചു കൊടുക്കാമെന്ന് കുഞ്ചൂന്റച്ഛന്‍ പറഞ്ഞാലും മുത്തച്ഛന്‍ വേണ്ടെന്നേ പറയൂ.

വലിയവട്ടി തലയില്‍ വച്ച് തമിഴ്നാട്ടീന്ന് പെണ്ണുങ്ങള്‍ വന്നാലാണ് കുഞ്ചുവിന് നല്ല ഉല്‍സാഹം. പഴയ ബുക്ക്, പൊട്ടിയ ബക്കറ്റ് ഇതൊക്കെ കൊടുത്താല് ഇവരുടെ കയ്യിന്ന് പലഹാരം കിട്ടമെന്ന് കുഞ്ചുവിന് അറിയാം. ചില പെണ്ണുങ്ങള് വട്ടി നിറയെ അവലും മുറുക്കുമായാണ് വരിക. ചാക്കില്‍ പഴയ സാധനങ്ങള്‍ വച്ചിട്ട് പെണ്ണുങ്ങള്‍ വട്ടിയില്‍ നിന്ന് അവലളന്ന് തരുമ്പോ കുഞ്ചു അതൊക്കെ ഇങ്ങനെ നോക്കിനില്‍ക്കും. കടയില്‍ നിന്നു കൊണ്ടുവരുന്ന മുറുക്കിനെക്കാള്‍ ഇവര്‍ കൊണ്ടുവരുന്ന മുറുക്കാണ് കുഞ്ചുവിന് ഇഷ്ടം. അത് ചീനിപ്പൊടി കൊണ്ട് ഉണ്ടാക്കുന്നതാണെന്നും അത് നമ്മുടെ അരിമുറുക്കിന്റെ അയലത്തുപോലും വരില്ലെന്നും മുത്തശ്ശി പറയും. ‘‘ ഈ മുത്തശ്ശിക്ക് എന്തറിയാം? കുഞ്ചുവിന് ചീനി മുറുക്കാണിഷ്ടം. എപ്പോഴും കഴിക്കാന്‍ കിട്ടാത്തതിന്റെ ഒരു പ്രത്യേകസ്വാദ് അതിനുണ്ട്.

കാര്യം മുത്തശ്ശിക്ക് ഇവരൊക്കെ വീട്ടില്‍ വരുന്നത് ഇഷ്ടമല്ലെങ്കിലും പൊട്ടിയ പാട്ട, പഴയ പത്രം ഒക്കെ എടുക്കാനുണ്ടോ എന്നു ചോദിച്ച് വേറെ ചിലര് വരുന്നത് ഇഷ്ടമാണെന്ന് കുഞ്ചുവിനറിയാം. പഴയ സാധനങ്ങളെടുത്തിട്ട് പൊരി തരുന്നവരെയാണ് മുത്തശ്ശിക്ക് ഇഷ്ടം. മുത്തശ്ശിയുടെ വായില്‍ ഒറ്റപ്പല്ലുമില്ല. പൊരിയാവുമ്പോ പല്ലില്ലാതെയും കഴിക്കാം . വായിലിട്ടാല്‍ അലിഞ്ഞലിഞ്ഞ് പോവും.

അധ്യായം ഒൻപത്

ന‌‌െറ്റിപ്പട്ടം കെട്ടിയ കാള

ധനു മാസമാവുമ്പോ മുത്തശ്ശി പറയും, ഇനി ചില്ലറ മാറ്റിവച്ചേക്കണം. കാവടിക്കാര് വന്നോണ്ടിരിക്കും എന്ന്. കുഞ്ചുവിന്റെ വീട്ടിനടുത്തുള്ള പന്മന നട, ഹരിപ്പാട്ടമ്പലം എന്നു വേണ്ട പഴനിക്ക് പോവുന്നവര് വരെ കാവടയിയുമായി വന്നും പോയുമിരിക്കും. തൈപ്പൂയമാവാറാവുമ്പോഴാണ് ഇവരുടെ വരവ്. വര്‍ണത്തുണികള്‍ കിന്നരി പോലെ വച്ചുപിടിപ്പിച്ച കാവടിയും കൊണ്ട് വരുന്നവരെ കണ്ടാല്‍ മഴവില്ലൊടിച്ച് കയ്യില്‍ വച്ചിരിക്കുകയാണെന്നേ തോന്നൂ. വീടുകള്‍ തോറും കയറി പൈസ വാങ്ങി സുബ്രഹ്മണ്യക്ഷേത്രങ്ങളില്‍ തൈപ്പൂയത്തിന് കാവടിയുമായി കാണിക്കയിടാന്‍ പോവുന്നവരാണ് ഇവര്‍. തോളത്ത് കാവടിയും വലതുകയ്യില്‍ ഒരു താലത്തില്‍ ഭസ്മവും സുബഹ്മണ്യസ്വാമിയുടെ ഫോട്ടോയുമായി ഇവര്‍ വീടുകളില്‍ വരുന്നത് കാണാന്‍ നല്ല രസമാണ്. മുത്തശ്ശി കുഞ്ചുവിന്റെ കയ്യില്‍ പൈസ കൊടുക്കും. കുഞ്ചു താലത്തില്‍ പൈസയിടുമ്പോള്‍ കാവടിക്കാര് കുഞ്ഞുസ്പൂണ്‍ പോലെ തോന്നുന്ന ചെറിയ വേല്‍ കൊണ്ട് ഭസ്മമെടുത്ത് കുഞ്ചുവിന്റെ കയ്യില്‍ക്കൊടുക്കും. പഴനിക്കാരാണെങ്കി ചിലപ്പോ മുത്തശ്ശി ചോദിക്കും, എന്നാ പോന്നെ? ഇങ്ങനെ വരുന്ന ചിലരുടെ തലയില്‍ ജഡയുണ്ടാവും. കുഞ്ചു, അതെന്താ മുത്തശ്ശീ അങ്ങനെ എന്നു ചോദിക്കും.‘‘അത് ഭഗവാന്റെ ശക്തിയുള്ളതാ.അത് മുറിച്ചുകളഞ്ഞൂടാ,മുറിച്ചാല്‍ ചോരവരും എന്നു പറയുമ്പം കുഞ്ചു ശരിക്കും പേടിക്കും.

പട്ടം പോലെയുള്ള ഒരു വര്‍ണക്കൊടി കയ്യില്‍പ്പിടിച്ച് വരുന്നവരെ കണ്ടാല്‍ മുത്തശ്ശി പറയും വെട്ടിക്കോട്ട് പോവുന്നവരാ മോനിതൊന്ന് കൊടുത്തേരെന്ന്. അവരോടും മുത്തശ്ശി ചോദിക്കും, അവിടിക്കൊല്ലം എന്നാ ഉല്‍സവം.

ആനയ്ക്ക് നെറ്റിപ്പട്ടം വച്ചത് എല്ലാവരും കണ്ടിട്ടുണ്ട്. എന്നാല്‍ കാളയ്ക്ക് നെറ്റിപ്പട്ടം വച്ചത് കാണാനാണ് കുഞ്ചു എല്ലാ വര്‍ഷവും കാത്തിരിക്കുന്നത്. ഓച്ചിറ അമ്പലത്തില് ഉല്‍സവമാറാവുമ്പോ അമ്പലത്തില്‍ നിന്നൊരാള്‍ അലങ്കരിച്ച കാളയെയുമായി വീടുകള്‍ കയറിയിറങ്ങും. കഴുത്തില്‍ ചെറിയൊരു മണിയും നെറ്റിപ്പട്ടം പോലൊരു തുണിയും കെട്ടിയ കാളയാണത്. ഓച്ചിറക്കാള വെറും കാളയല്ല. ഭഗവാന്റെ വാഹനമാണ്. നമ്മുടെ വീട്ടുമുറ്റത്ത് വന്ന് മണി മുഴക്കി നില്‍ക്കും. കുഞ്ചൂന്റെ അച്ഛനും അമ്മയും മുത്തച്ഛനും ഒക്കെ വന്ന് പൈസ കൊടുത്തിട്ട് കാളയുടെ നെറ്റിയില്‍ തൊട്ട് തൊഴും. കുഞ്ചൂന് കാളയുടെ നെറ്റിയില്‍ തൊടാനുള്ള നീളമില്ല. അപ്പോ കാള സ്നേഹത്തോടെ കുനിഞ്ഞ് കുഞ്ചു എന്നെ തൊട്ടോളൂ എന്നു പറഞ്ഞ് നില്‍ക്കും. കുഞ്ചു നെറ്റിക്ക് തൊട്ടുതൊഴുത് അനുഗ്രഹവും വാങ്ങി അമ്മയുടെ മുഖത്തേക്ക് നോക്കിച്ചിരിക്കും.

കഴുത്താട്ടി മണിയടി കേള്‍പ്പിച്ച് അടുത്ത വീട്ടിലേക്ക് ഓച്ചിറക്കാള നീങ്ങുകയായി. ഇനി അടുത്തവര്‍ഷമേ ഓച്ചിറക്കാള വരൂ. അച്ഛനോ അമ്മയോ ഓച്ചിറ അമ്പലത്തില് കുഞ്ഞുണ്ണിയെ കൊണ്ടുപോയാല് പല ഓച്ചിറക്കാളകളും അവിടെ മണി കിലുക്കി നടക്കുന്നത് കാണാം. ചിലത് വെറുതെ ഒരിടത്ത് കിടക്കും.ചിലപ്പോ കാക്കയോ കൊറ്റിയോ വന്ന് ഓച്ചിറക്കാളയുടെ മേലെ ഇരിക്കുന്നത് കാണാം. കാക്കയും കൊറ്റിയും ഇങ്ങനെ പശുവിന്റെയും കാളയുടെയും മോളിലിരിക്കുന്നത് അതിന്റെ ദേഹത്തെ പേനെടുത്ത് കൊടുക്കാനാണ് എന്ന് പണ്ട് അമ്മ പറഞ്ഞിട്ടുണ്ട്. അച്ഛന്റേം അമ്മേടം കൂടെ ഓച്ചിറ അമ്പലത്തില് പോവുമ്പം കുഞ്ചു അവിടെക്കാണുന്ന ഓച്ചിറക്കാളകളുടെ അടുത്തുപോയി സൂക്ഷിച്ച് നോക്കും. എന്നിട്ട് നമ്മുടെ വീട്ടില്‍ വന്നത് ഇവനല്ലേ അമ്മേ എന്നൊക്കെ ചോദിക്കും. അയ്യോ കുഞ്ചൂ അങ്ങനെ ഇവനെന്നൊന്നും പറയരുത്. ഭഗവാന്റെ വാഹനമാണത് എന്ന് പറയും അമ്മ അപ്പോള്‍. അപ്പോ കുഞ്ചു, ഭഗവാനേ ഞാനറിയാതെ പറഞ്ഞുപോയതാണേ. എനിക്ക് പരീക്ഷയ്ക്ക് മാര്‍ക്ക് കുറയ്ക്കല്ലേ എന്നു പ്രാര്‍ഥിക്കും. ഓച്ചിറക്കാളയെ വീട്ടിലേക്ക് വിളിക്കുന്നത് നല്ലതാ. പക്ഷേ വഴിയേ പോവുന്ന എല്ലാവരെയും വിളിക്കരുത്. പറ‍ഞ്ഞില്ലെന്നു വേണ്ട– ഒരിക്കല്‍ മുത്തശ്ശി പറഞ്ഞു. അങ്ങനെയിരിക്കെ ഒരു ഭിക്ഷക്കാരന്‍ കുഞ്ചൂന്റെ വീട്ടില്‍ വന്നു. അയാള്‍ മുത്തശ്ശി വച്ച കഞ്ഞിയൊക്കെ വാങ്ങിക്കുടിച്ചിട്ടാണ് പോയത്. കയ്യില്‍ വലിയൊരു തുണിക്കെട്ടും ഉണ്ടായിരുന്നു.കുറച്ചുകഴിഞ്ഞതും മുത്തശ്ശി വെള്ളം ചൂടാക്കാന്‍ മുറ്റത്ത് വച്ച പാത്രം കാണുന്നില്ല. ആ ഭിക്ഷക്കാരന്‍ കൊണ്ടുപോവതാവാം മുത്തശ്ശി പറഞ്ഞു. അവന്റെ മുഖത്ത് ഒരു കള്ളലക്ഷണമുള്ളത് ഞാന്‍ ശ്രദ്ധിച്ചതാ എന്നായി മുത്തച്ഛന്‍. കുഞ്ചു അപ്പോഴും പറഞ്ഞു, അല്ല അയാളൊരു പാവമാ. ഇനി അടുത്തതായി അയാളാ കെട്ടിനകത്തിട്ട് കൊണ്ടുപോവുന്നത് കുഞ ്ചൂനെ ആയിരിക്കും, അപ്പോഴറിയാം ആരാ പാവംന്ന്. മുത്തച്ഛന്‍ ഇങ്ങനെ പറഞ്ഞതു കേട്ട് കുഞ്ചു പേടിച്ചുപോയി. കുഞ്ചു ഭിക്ഷക്കാരെ വീട്ടിലേക്ക് വിളിച്ചുവരുത്തുന്നത് അതോടെ നിര്‍ത്തി.

അധ്യായം പത്ത്

കരഞ്ഞാളു ചിരിച്ചേ കാളമൂത്രം കുടിച്ചേ

ഒരു ദിവസം കുഞ്ചുവിന് പാലു കൊടുക്കാൻ അമ്മ കുഞ്ചൂന്റെ ഗ്ലാസ് നോക്കിയപ്പം കാണുന്നില്ല. വീട് അരിച്ചു പെറുക്കീട്ടും കാണുന്നില്ല. അന്ന് അമ്മേടെ ഗ്ലാസിലാണ് കു‌ഞ്ചു പാലു കുടിച്ചത്. കുഞ്ചൂന് കുഞ്ചൂന്റെ ഗ്ലാസ് പോലെ ഇഷ്ടമാണ് കുഞ്ചുവമ്മേടെ ഗ്ലാസും. ഗ്ലാസ് ഇഷ്ടമാണെന്നേയുള്ളൂ, പാലിഷ്ടമല്ല. കുഞ്ചു എനിക്കു പാലു വേണ്ടായേ എന്നു പറഞ്ഞ് ചിണുങ്ങാൻ തുടങ്ങും. ഉടനെ മുത്തശ്ശി ചോദിക്കും, ഈ ചെറുക്കന് അതങ്ങോട്ട് കുടിച്ചാലെന്താ, കരിമ്പു തിന്നാൻ കൈക്കൂലി കൊടുക്കണോ എന്ന്. ഉടനെ കുഞ്ചു എനിക്ക് കരിമ്പു വേണമമ്മേ എന്നു പറഞ്ഞ് കരയാൻ തുടങ്ങും. രണ്ടുദിവസം കഴിഞ്ഞപ്പോഴുണ്ട് കുഞ്ചൂന്റെ മുത്തശ്ശീടെ കഞ്ഞിക്കിണ്ണം കാണുന്നില്ല. ഇതിങ്ങനെ ദിവസേന ഓരോന്നു കാണാതാവാൻ ഇവിടെ കുട്ടിച്ചാത്തനുണ്ടോ എന്നായി മുത്തശ്ശി. അന്നു തൊട്ട് കുഞ്ചു കിടക്കാൻ നേരം കട്ടിലിന്റടീല് കമിഴ്ന്നു കിടന്ന് നോക്കുന്ന കാണാം. എന്താ കുഞ്ചൂ നോക്കുന്നേ എന്നു മുത്തശ്ശി ചോദിക്കും, അതേ കട്ടിലിന്റടീല് മുത്തശ്ശി പറഞ്ഞ കുട്ടിച്ചാത്തൻ ഒളിച്ചിരിപ്പുണ്ടോ എന്നു നോക്കീതാ ’’ കുഞ്ചു പറഞ്ഞു. കിടക്കാൻ നേരത്ത് ലൈറ്റണയ്ക്കുമ്പം കുഞ്ചൂന് പേടിയാവും. അന്നേരം അമ്മയോട് പറ്റിച്ചേർന്ന് കിടന്ന് കുഞ്ചു ചോദിക്കും, കുട്ടിച്ചാത്തൻ‌ പോയോ അമ്മേ എന്ന്. അതിന് കുട്ടിച്ചാത്തൻ വന്നെന്ന് നിന്നോടാരെങ്കിലും പറഞ്ഞോ ? പിന്നല്ലിയോ പോവുന്നെ. വെറുതെ ഓരോന്നു പറയാതെ കിടന്നുറങ്ങാൻ നോക്ക് എന്നു പറയും കുഞ്ചൂന്റമ്മ.

അവധിക്കാലത്ത് നാട്ടിൽ ചെന്നാൽ രാവിലെ എണീറ്റാലുടൻ മൂത്രമൊഴിക്കാനാണെന്നു പറഞ്ഞ് കുഞ്ചൂന് പറമ്പിലേക്ക് ഒരു നടപ്പുണ്ട്. മാമ്പഴക്കാലമാണെങ്കിൽ രാത്രി വീണ മാമ്പഴമൊക്കെ രാവിലെ പെറുക്കിക്കൊണ്ടുവരും. ചിലപ്പോൾ കുഞ്ചു ചെല്ലുമ്പോ മാഞ്ചുവട്ടിൽ ഒറ്റമാങ്ങയും വീണുകിടപ്പുണ്ടാവില്ല. കുഞ്ചു വാടിയ മുഖത്തോടെ തിരിച്ചെത്തും. ഇന്നൊരു മാമ്പഴവും കിട്ടിയില്ല എന്നു വിഷമിമ്പോഴാവും അക്കാര്യമറിയുക, മുത്തശ്ശി കുഞ്ചുവിനെക്കാൾ നേരത്തെ എണീറ്റ് മാമ്പഴം പെറുക്കി തിണ്ണയിൽ വച്ചിട്ടുണ്ടെന്ന്. ഒരു ദിവസം രാവിലെ അമ്മ നോക്കിയപ്പോഴുണ്ട് കുഞ്ചു മതിലിനടുത്ത് മൂത്രമൊഴിക്കാനാണെന്നു പറഞ്ഞ് പോയിട്ട് ഒരു സ്പൂണുമായി കിണറ്റിനരികിൽ നിൽക്കുന്നു. കുഞ്ചു കിണറ്റിനരികിൽ പോയി നിൽക്കരുതെന്ന് എത്ര വട്ടം പറഞ്ഞതാ, ഇങ്ങു വന്നേ’’ അമ്മ വിളിച്ചു. അപ്പോഴേക്കും കയ്യിലിരുന്ന സ്പൂണെടുത്ത് കുഞ്ചു കിണറ്റിലിടുന്നത് കുഞ്ചുവമ്മ കണ്ടു. അയ്യോ നീയെന്തിനാ സ്പൂണെടുത്ത് കിണറ്റിലിട്ടത് നിനക്ക് ഞാൻ വച്ചിട്ടുണ്ട് എന്നു പറഞ്ഞ് അമ്മ കുഞ്ചുവിനെ അടിക്കാൻ പിടിച്ചുനിർത്തി.

കുഞ്ചുവമ്മ മുത്തശ്ശിയെ വിളിച്ചു പറഞ്ഞു, ‘‘കേട്ടോ അമ്മേ ഇവന്റെ ഈ കിണറ്റിലോട്ടും നോക്കിയിട്ടുള്ള നിൽപ്പ് എന്തിനാണെന്ന് ഇപ്പോഴല്യോ പിടികിട്ടിയത്. ഓരോ പാത്രമെടുത്ത് കിണറ്റിലിടാനാണ്.’’ എന്ന്. ‘‘ ആണോ കുഞ്ചൂ, സത്യം പറ. സത്യം പറഞ്ഞാ മോനെ അമ്മ അടിക്കത്തില്ല.’’ മുത്തശ്ശി പറഞ്ഞു. ഇതുകേട്ടതും കുഞ്ചു, ‘‘അടിക്കത്തില്ലെങ്കി ഞാമ്പറയാം. ഞാനാ മുത്തശ്ശീടെ കഞ്ഞിക്കിണ്ണം കിണറ്റിലിട്ടത്. ’’ മുത്തശ്ശിയും അമ്മയും ഇതു കേട്ട് ഞെട്ടിപ്പോയി. കു‌ഞ്ചൂന്റെ ഗ്ലാസ് ഇന്നാള് കിണറ്റിലിട്ടതും കുഞ്ചു തന്ന്യാ. എല്ലാം കേട്ട് അമ്മയും മുത്തശ്ശി സ്തംഭിച്ചു നിൽക്കുകയാണ്. എന്തിനാ നീ ഇത് ചെയ്തത് ? അച്ഛനിങ്ങ് വരട്ടെ എന്നു അമ്മ പറഞ്ഞപ്പം കുഞ്ചു പറയ്വാ കിണറ്റിലോട്ട് ഗ്ലാസും കിണ്ണവും വീഴുമ്പോഴുള്ള ഗ്ലും എന്ന ശബ്ദം കേൾക്കാൻ നല്ല രസമാണ്. അതു കേൾക്കാനാണ് ഇങ്ങനെ ചെയ്തതെന്ന്. അമ്മ ഇതു കേട്ട് കുഞ്ചുവിന് കൊടുത്തു രണ്ടടി. ഇനി ഇങ്ങനെ ചെയ്യത്തില്ലെന്ന് സത്യം ചെയ്യാൻ അമ്മ പറഞ്ഞു. അപ്പം കുഞ്ചു ‘‘ എന്റെ പടിഞ്ഞാറ്റലമ്മയാണെ സത്യം. കൊല്ലത്തമ്മച്ചിയാണെ സത്യം. മോന്റമ്മച്ചിയാണെ സത്യം. ’’ ഇതു കേട്ട് അമ്മ കുഞ്ചുവിനോട് പറഞ്ഞു. മതി അയലത്തുകാരവിടെക്കെടന്നോട്ടെ., കുഞ്ചൂന്റെ വീടിന്റെ പടിഞ്ഞാറേ വീട്ടിലെ അമ്മയെയാണ് കുഞ്ചു പടിഞ്ഞാറ്റലമ്മ എന്നു വിളിക്കുന്നത്. പടിഞ്ഞാറ്റലമ്മയെ കുഞ്ചുവിന് വളരെ ഇഷ്ടമാണ്. കുഞ്ചുവിനോട് അമ്മ ഇനി ഇങ്ങനെ ചെയ്യില്ലെന്ന് തലേൽ തൊട്ട് സത്യം ചെയ്യാൻ പറഞ്ഞു. കുഞ്ചു അനുസരിച്ചു. സത്യം ചെയ്തതു കൊണ്ട് ഇനി അങ്ങനെ ചെയ്താൽ അമ്മേടെ തല തെറിച്ചുപോവുമെന്ന് പറഞ്ഞ് അമ്മ കുഞ്ചുവിനെ പേടിപ്പിച്ചു. ഉടനെ കുഞ്ചു കരയാൻ തുടങ്ങി, എന്റമ്മയെ രച്ചിക്കണേ എന്നും പറഞ്ഞ്. ഉടനെ അമ്മ പറഞ്ഞു, മോനിനി അങ്ങനെ ചെയ്യാതിരുന്നാൽ അമ്മയ്ക്ക് കുഴപ്പമൊന്നും വരില്ലെന്ന്. അപ്പോ കുഞ്ചു ചിരിച്ചു. ഉടനെ മുത്തശ്ശി ‘‘ കരഞ്ഞാളു ചിരിച്ചേ കാളമൂത്രം കുടിച്ചേ’’.

മുത്തച്ഛൻ പുറത്തുപോയി വന്നപ്പോ മുത്തശ്ശി കുഞ്ചൂന്റെ കാര്യം പറഞ്ഞു. കേട്ടോ കുട്ടിച്ചാത്തൻ ഈ വീട്ടിൽതന്നെ ഉണ്ടായിരുന്നെന്ന്. നീ കാര്യം പറ എന്നായി മുത്തച്ഛൻ. എന്റെ കഞ്ഞിക്കിണ്ണം കിണറ്റിലെറിഞ്ഞ കുട്ടിച്ചാത്തൻ ദാ നിക്കണു. മുത്തശ്ശി കുഞ്ചുവിനെ ചൂണ്ടിപ്പറഞ്ഞു. ഇനി ഇങ്ങനെ ചെയ്താൽ നമുക്ക് കുട്ടിച്ചാത്തനെ കിണറ്റിലിടണം എന്നു മുത്തശ്ശി മുത്തച്ഛനോട് പറഞ്ഞതും കുഞ്ചു കരിച്ചിലോട് കരച്ചിൽ. ഉടനെ മുത്തച്ഛൻ: ‘‘അയ്യേ, കുഞ്ചു കരഞ്ഞൂലാണോ, ഇതൊക്കെ പൂബിസ്കറ്റ് പോലെടുക്കണ്ടായോ ?’’ എപ്പോഴുമിങ്ങനെ ചെറിയ കാര്യത്തിന് കരയുന്നതിന് കുട്ടികളെയാണ് കരഞ്ഞൂലെന്നു വിളിക്കുന്നതെന്ന് മുത്തച്ഛൻ പറയാറുണ്ട്. ഇതൊക്കെ നിസ്സാരമായിട്ടെടുക്കണ്ടേ എന്നതിന് മുത്തച്ഛൻ ചോദിക്കുന്നതാണ് പൂബിസ്കറ്റ് പോലെടുക്കണ്ടായോ എന്ന്. കുഞ്ചൂന്റെ വിചാരം ശരിക്കും അങ്ങനെയൊരു ബിസ്കറ്റ് ഉണ്ടെന്നാണ്. ഇതു മനസ്സിലുള്ളതുകൊണ്ടാവും ഒരു ദിവസം കടയിൽ ചെന്നിട്ട് അച്ഛൻ കുഞ്ചുവിന് ഏതു ബിസ്കറ്റ് വേണമെന്നു ചോദിച്ചപ്പോ എഞ്ച് പൂബിസ്കറ്റ് വേണമെന്നു കുഞ്ചു പറഞ്ഞത്.

അധ്യായം പതിനൊന്ന്

ഉൽസവം വന്നാൽ പായസം പത്ത്

അങ്ങനെയിരിക്കെ കുഞ്ചുവിന്റെ വീട്ടിനടുത്തുള്ള അമ്പലത്തിൽ ഉൽസവം വന്നു. മീനമാസത്തിൽ പത്തു ദിവസമാണ് ഉൽസവം. പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്തൃട്ടാതി, രേവതി, അശ്വതി, ഭരണി നാളുകളിലാണത്. പത്തുദിവസവും പത്തുതരം പായസം വച്ചുതരണമെന്ന് കുഞ്ചു മുത്തശ്ശിയോടു പറയും. പറയേണ്ട താമസം മുത്തശ്ശി തലയാട്ടി സമ്മതിക്കും. കുഞ്ചു എന്തു പറഞ്ഞാലും ചെയ്തുകൊടുക്കാൻ മുത്തശ്ശി റെഡിയായി നിൽക്കുകയല്ലേ. ഒന്നാം ഉൽസവത്തിന് പയറു പായസം, രണ്ടാം ഉൽസവത്തിന് ശർക്കരകൊണ്ട് അടപ്രഥമൻ, മൂന്നാം ഉൽസവത്തിന് പാൽപ്പായസം, നാലാം ഉൽസവത്തിന് കരിക്ക് പായസം, അഞ്ചാം ഉൽസവത്തിന് കുത്തരിപ്പായസം, ആറാം ഉൽസവത്തിന് സേമിയ, ഏഴാം ഉൽസവത്തിന് ഗോതമ്പ് പായസം, എട്ടാം ഉൽസവത്തിന് പാലടപ്രഥമൻ, ഒമ്പതാം ഉൽസവത്തിന് ഇരട്ടിപ്പായസം, അങ്ങനെ പത്താം ഉൽസവമാവുമ്പോ അതായത് മീനഭരണിയുടെ അന്ന് കുഞ്ചൂ മുത്തശ്ശിയോടു പറയും, ഇന്ന് പയറുപായസം മതിയെന്ന്. കാരണം കുഞ്ചൂന് ഏറ്റവുമിഷ്ടമാണ് പയറുപായസം. അത് ഒന്നാം ദിവസവും പത്താംദിവസവും കഴിച്ചാലും കുഞ്ചൂന്റെ കൊതിതീരില്ല. ചെറുക്കന്റെ താളത്തിനൊത്ത് തുള്ളാൻ നിന്നിട്ടാ ഇതൊക്കെ വേണമെന്നു പറയുന്നതെന്ന് കുഞ്ചുവിന്റെ അമ്മ ചിലപ്പോ മുത്തശ്ശിയോട് പറയും.

മുത്തശ്ശിക്ക് ഉൽസവമായെന്നു പറഞ്ഞാൽ ഏറ്റവുമിഷ്ടം ഇതൊന്നുമല്ല, രാത്രി അമ്പലത്തിലെ പരിപാടികൾ കാണാൻ പോവാനാണ് മുത്തശ്ശി കാത്തിരിക്കുന്നത്. ഉൽസവമായാൽ പത്തുദിവസവും നാടകവും കഥകളിയുമൊക്കെ അമ്പലത്തിൽ ഉണ്ടാവും. മുത്തശ്ശി രാത്രിയാവുമ്പോ അവിടെ പോവാൻ നേര്യതൊക്കെ ചുറ്റി തയാറാവും. ചില ദിവസം നേരം വെളുക്കുന്നതുവരെ പരിപാടികൾ കാണും. കുഞ്ചുവിന് പിറ്റേന്ന് സ്കൂളിൽ പോവണമെന്നതിനാൽ അവിടെ പോയി രാത്രി വൈകുവോളം ഇരിക്കാൻ അമ്മ സമ്മതിക്കില്ല. എങ്കിലും മറ്റൊരു കാര്യം ഓർക്കുമ്പോ കുഞ്ചുവിന് രസം കയറും.

മുത്തശ്ശി അമ്പലപ്പറമ്പിൽ പരിപാടി കാണാൻ പോവുമ്പോൾ മുത്തച്ഛൻ അവിടം വരെ കൂട്ടുപോവും. മുത്തശ്ശിയെ കൊണ്ടുവിട്ടിട്ട് തിരിച്ചുപോവും. അവിടെ വരെ മുത്തശ്ശിക്കും മുത്തച്ഛനും ഒപ്പം കുഞ്ചുവും നടക്കും. തിരിച്ച് മുത്തച്ഛനോടൊപ്പം കുഞ്ചുവിങ്ങ് പോരും. രാത്രി ഉൽസവപ്പറമ്പിൽ പപ്പടവടയും ചൂടുകപ്പലണ്ടിയുമൊക്കെ കച്ചവടം ചെയ്യുന്നത് കാണാൻ കുഞ്ചുവിന് ഇഷ്ടമാണ്. മുത്തച്ഛന്റെ കൈപിടിച്ച് നടക്കുമ്പോ ചിലപ്പോ മുത്തച്ഛൻ ഒരു പപ്പടവട വാങ്ങിത്തരും. അല്ലെങ്കിൽ അച്ഛന്റെ കയ്യിൽനിന്ന് കുഞ്ചു പൈസവാങ്ങി കീശയിൽ വച്ചിട്ടുണ്ടാവും അതൊക്കെ വാങ്ങാൻ. മുത്തച്ഛന് എവിടുന്നാ കാശ് ? ജോലി പോലുമില്ല. ഇനി അതുപോട്ടെ പഴ്സ് പോലുമില്ല. പഴയ കല്യാണക്കാർഡുകൾ വീട്ടിലുള്ളതിൽ നല്ലതു നോക്കി എടുത്ത് നാലാക്കി മടക്കി മുത്തച്ഛൻ പോക്കറ്റിൽ വെക്കും. അതിനിടയ്ക്ക് ചെറിയ പഴയ നോട്ടെങ്ങാനും വച്ചിരിക്കും. അതാ മുത്തച്ഛന്റെ പഴ്സ്.

അമ്പലത്തിൽ ചെന്നാലോ മേക്കപ്പിട്ട നാടകനടന്മാര് തിളങ്ങുന്ന വേഷത്തില് നാടകം തുടങ്ങുന്നതിന് മുൻപ് അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ പോവുന്നത് കാണാം . അവരുടെ മുഖത്തെ തിളക്കമൊക്കെ കുഞ്ചുവങ്ങനെ നോക്കി നിൽക്കും. അല്ലെങ്കിൽ നാടകത്തിന്റെ പേരെഴുതിയ ബോർഡൊക്കെ വച്ച വാനിന്റെ അടുത്തു ചെന്ന് ചുറ്റിപ്പറ്റി നിൽക്കും. ഉൽസവത്തിന് പത്തുദിവസത്തെ പരിപാടികൾ ഒന്നിച്ച് ഒരു ബുക്ക് പോലാക്കിയ നോട്ടീസുണ്ടാവും. അതു കൂടാതെ ഓരോ ദിവസത്തെ നാടകത്തിന്റെ നോട്ടീസും പ്രത്യേകം പ്രത്യേകം ഉണ്ടാവും. അതു കണ്ടാൽ പഴയ സിനിമാ നോട്ടീസ് പോലെ തോന്നും. മുത്തശ്ശി ഇതെല്ലാം അടുക്കിപ്പെറുക്കിവച്ച് ഓരോ ദിവസത്തെയും പരിപാടികൾ വായിച്ച് അതിനെക്കുറിച്ചുള്ള വർണന നടത്തും. കുഞ്ചു അതൊക്കെ അൽഭുതത്തോടെ കേട്ടിരിക്കും.

‘‘ നാളെ കെപിഎസിയുടെ നാടകമാ. മഴ പെയ്യാതിരുന്നാ മതിയാരുന്ന്. ഒത്തിരിക്കാലം കൂടിയാ കെപിഎസിയുടെ ഒരുനാടകം കാണാൻ പറ്റുന്നത്. നാലാം ഉൽസവത്തിന് സൂര്യസോമേടെ നാടകം ഉണ്ട് അതും ഇത്തവണ കാണണം. കഴിഞ്ഞ വർഷം സൂര്യസോമേടെ നാടകത്തിന് മണ്ണു നുള്ളിയിടാൻ സ്ഥലം കിട്ടാത്ത തിരക്കാരുന്ന്. ഇത്തവണ നേരത്തെ പോയി മുൻപില് സ്ഥലം പിടിക്കണം. അല്ലെങ്കിൽ പുറകിലെങ്ങാനുമേ സീറ്റു കിട്ടൂ. ’’’ ഇങ്ങനെ പോവും മുത്തശ്ശിയുടെ വർത്തമാനങ്ങള്. മുത്തശ്ശി ഉൽസവത്തിന് കാത്തിരിക്കുന്ന വേറൊരു പ്രധാന കാര്യമാണ് സാംബശിവന്റെ കഥാപ്രസംഗം. സാംബശിവൻ എന്ന് മുത്തശ്ശി തികച്ചു പറയില്ല. സാംബൻ എന്നേ പറയൂ. സാംബന്റെ ആയിഷ എന്ന കഥാപ്രസംഗം എത്ര തവണ കേട്ടാലും മതിവരില്ലെന്നും മുത്തശ്ശി പറയും. സാംബനെ മോൻ കണ്ടിട്ടുണ്ടോ‌? കാണാൻ തന്നെ ടിക്കറ്റെടുക്കണം എന്നു പറയാറുണ്ട് മുത്തശ്ശി. സാംബൻ സുന്ദരനാണ് എന്നാണ് കാണാൻ ടിക്കറ്റെടുക്കണം എന്ന് മുത്തശ്ശി പറയുന്നതിനർഥം. ഉൽസവപ്പിറ്റേന്ന് രാവിലെ കുഞ്ചു കോട്ടുവായൊക്കെയിട്ട് പിന്നാമ്പുറത്ത് ‍വന്ന് മുത്തശ്ശിയോട് നാടകത്തിന്റെ വിശേഷങ്ങൾ ചോദിക്കും. അപ്പോ മുത്തശ്ശി പതുക്കെ നാടകത്തിൽ കേട്ടതും കണ്ടതുമൊക്കെ കുഞ്ചുവിനോട് പറയാൻ തുടങ്ങും. കുഞ്ചുവിന് ഇതിൽപ്പരം രസം വേറെയില്ല. ഒരു ദിവസം മുത്തശ്ശി വന്ന് കുഞ്ചുവിനോട് കൈകൊട്ടിക്കൊണ്ട് പാടുവാ ദാ ഇങ്ങനെ – സാറാമ്മച്ചേട്ടത്തിയേ എനിക്കൊരു ചായയടിച്ച് തരുമോ.. ചായയടിച്ചു തരാം പക്ഷേ പഞ്ചാരയില്ല മോനേ... ഹ ഹ സാറാമ്മച്ചേട്ടത്തി.യേ. ..കുഞ്ചു കടകടാ ചിരിക്കും. കുഞ്ചു മുത്തശ്ശിയോട് പറയും, ഒന്നൂടെ കേക്കട്ടെ അതെന്ന്. മുത്തശ്ശി വീണ്ടും അത് നീട്ടിപ്പാടി. മുത്തശ്ശി നാടകത്തിലെ പാട്ട് പഠിച്ചുവന്ന് പാടിയതാണ്. കുഞ്ചു മുത്തശ്ശിയോട് ചോദിച്ചു, ഇതെങ്ങനെയാ ഒരു തവണ നാടകത്തിൽ കേട്ടപ്പോഴേക്ക് ഇതൊക്കെ മുത്തശ്ശി പഠിക്കുന്നതെന്ന്. അതൊക്കെ ഞാൻ ശ്രദ്ധിച്ച് കേട്ട് പഠിക്കും എന്ന് പറയും മുത്തശ്ശി. എന്നിട്ട് മുത്തശ്ശി തനിയെ പറയും, നമ്മളെ വല്യവല്യ ക്ലാസിലൊക്കെ വിട്ട് പഠിപ്പിക്കാൻ ആളുണ്ടായിരുന്നെങ്കി ഇപ്പോ ഞാനും ഒരു ടീച്ചറായേനെ എന്ന്. അതു ശരിയാ, പാവം മുത്തശ്ശി എന്നു പറയും കുഞ്ചു അപ്പോൾ.

അധ്യായം പന്ത്രണ്ട്

അയലത്തെ അയിഷാബീവി...

പെട്ടെന്ന് മുറ്റത്ത് ചിലര് വന്നുനിൽക്കുന്നത് കണ്ടു. മുത്തശ്ശീ ദേ ആരോ വന്നു എന്നു പറഞ്ഞു കുഞ്ചു. വോട്ട് ചോദിച്ച് വരുന്നവരായിരിക്കും എന്നു പറഞ്ഞ് മുത്തശ്ശി വന്നു. ചിരിച്ച് വർത്തമാനമൊക്കെ പറഞ്ഞ് ഒരു നോട്ടീസും കൊടുത്തിട്ട് അവര് പോയി. തിരഞ്ഞെടുപ്പ് കാലമാ ഇനീം വരും ആൾക്കാര്– മുത്തശ്ശി പറയും. എന്നിട്ട് ആ നോട്ടീസൊക്കെ സൂക്ഷിച്ചുവെക്കും. വണ്ടീല് മൈക്ക് വച്ച് വോട്ടു ചോദിച്ച് പാട്ടുമായി പോകുന്നവര് കേൾപ്പിക്കുന്ന പാട്ടുകൾ വരെ മുത്തശ്ശി കേട്ട് പഠിക്കും. ഇരുപത്തിമൂന്നാന്ത്യേ രാവിലെ പോളിങ് ബൂത്തിലെത്തുമ്പം തീപ്പെട്ടിച്ചിഹ്നം മറന്നു പോവരുതേ. .. ഒ.. ഒ.. തീപ്പെട്ടിച്ചിഹ്നം മറന്നുപോവരുതേ.. മുത്തശ്ശി കൈകൊട്ടി താളം പിടിച്ച് പാടും.

കുഞ്ചുവിന് ഇതൊന്നും കാണാതെ പഠിക്കാൻ പറ്റാത്തതിൽ വിഷമം തോന്നും. അങ്ങനെ കുഞ്ചുവിനും വാശിയായി ഇതുപോലെ ചിലതൊക്കെ പഠിച്ചുവച്ചിരിക്കണമെന്ന്. ഒരു ദിവസം കുഞ്ചു മുത്തശ്ശിയെ പാടിക്കേൾപ്പിച്ചു. ദാ ഇങ്ങനെ : അയലത്തെ അയിഷാബീവി പത്തിരിചുടുവാൻ ചോദിച്ചുവാങ്ങണ പ്രിൻസ് മൈദ, മുന്തിയതാണെന്നോളു പറേണ് കേക്കും അലുവയുമുണ്ടാക്കാൻ പ്രിൻസ് മൈദ, ശുദ്ധമായ പ്രിൻസ് മൈദ. കുഞ്ചു തന്നെ പാടിയിട്ട് കുഞ്ചുതന്നെ കയ്യടിച്ച് ചിരിക്കുകയാണ്. ഇത്തവണ കുഞ്ചു പാടിയതു കേട്ട് ചിരിച്ചത് മുത്തശ്ശി മാത്രമല്ല, കുഞ്ചുവിന്റെ അമ്മയും കൂടിയാണ്.

സംഗതി എന്താണെന്നു വച്ചാൽ രാവിലെ കുഞ്ചൂന്റച്ഛൻ റേഡിയോ വയ്ക്കും. അതിലെ ഒരു പരസ്യമാണ് കുഞ്ചു ഈ കേട്ടുപഠിച്ചത്. ഇതുപോലെ ചിലതൊക്കെ കുഞ്ചു ഇടയ്ക്ക് കാണാപ്പാഠമാക്കി വെക്കും. അതിലൊന്ന് കുഞ്ചു വേറൊരു ദിവസം പറഞ്ഞു. അതുകേട്ട് കുഞ്ചുവിന്റെ അമ്മ വായും പൊളിച്ച് നിന്നു പോയി. സമ്പ്രതി വാർത്താഹ ശൂയംതാ പ്രവാചകഹ ബലദിവാനന്ദ സാഗര. ഇതി വാർത്താഹൈ. ആർക്കും ഒന്നും മനസ്സിലായില്ല. ഈ ചെറുക്കനെന്താ എന്നായി കൊല്ലത്തമ്മച്ചി. അപ്പോ കുഞ്ചു പറഞ്ഞു, ഇത് സംസ്കൃതത്തിൽ വാർത്തകൾ. റേഡിയോ വാർത്തയുടെ കൂടെ കേൾക്കുന്നതാണെന്ന് കുഞ്ചു പറഞ്ഞു.

കുഞ്ചുവിങ്ങെനെ വെറുതെ ഓരോന്ന് തട്ടിവിട്ട് നേരം കളയാതെ ആ കടയിൽ നിന്ന് വെളിച്ചെണ്ണ വാങ്ങിക്കൊണ്ടുവാ എന്നു പറഞ്ഞ് വിട്ടു അമ്മ. പണ്ട് തന്റെ കുട്ടിക്കാലത്ത് ഒരിക്കൽ പാലുവാങ്ങാൻ വേറൊരു വീട്ടിൽ പോയി വന്നപ്പോഴുണ്ടായ സംഭവം മുത്തശ്ശി ഓർത്തു പറഞ്ഞു. മുത്തശ്ശി അന്ന് സ്കൂൾ കുട്ടിയാണ്. തീരെച്ചെറിയ കുട്ടി. പാലുമായി വരുമ്പോ അന്ന് കുട്ടിയായ മുത്തശ്ശിയെ ഒരു പട്ടി ഓടിച്ചത്രേ. അപ്പോ മുത്തശ്ശി എന്തുചെയ്തെന്നോ ? പാൽക്കുപ്പിയെടുത്ത് പട്ടിയുടെ നെറ്റിക്കൊരടി കൊടുത്തു. അയ്യേ അതെന്തു പണിയാ മുത്തശ്ശി കാണിച്ചത് എന്നായി കുഞ്ചു അപ്പോൾ. ഉടനെ മുത്തശ്ശി പറഞ്ഞു, പിന്നല്ലാതെ? പാലു പോവുമെന്നല്ലേയുള്ളൂ പട്ടിയെ ഓടിക്കാൻ വേറെ ആ പരിസരത്തൊന്നും ആരുമില്ല. നീ ചെയ്തതാ ശരി എന്ന് പിന്നീട് മുത്തശ്ശിയു‌ടെ അച്ഛൻ മുത്തശ്ശിയെ അടുത്തുവിളിച്ച് പറഞ്ഞത്രേ.

മുത്തശ്ശി പണ്ട് ഒരു ബൗ ബൗവിനെ വളർത്തിയിരുന്നു. വളരെ സ്നേഹമുള്ള ഒരു ബൗബൗ. എന്നും നേരം വെളുക്കാറാവുമ്പം ഈ ബൗ ബൗ എന്തു ചെയ്യുമായിരുന്നെന്നോ ? ആ പരിസരത്തുള്ള വീടുകളുടെ പറമ്പിലൂടെ വെറുതെ കറങ്ങാൻ പോവും. ആരുടെയെങ്കിലും പറമ്പിൽ രാത്രി മഴയത്തോ കാറ്റത്തോ വല്ല തേങ്ങയും വീണു കിടപ്പുണ്ടെന്നിരിക്കട്ടെ. മുത്തശ്ശീടെ ബൗബൗ തേങ്ങ കടിച്ചു പിടിച്ച് വീട്ടിൽ കൊണ്ടു കൊടുക്കുമത്രേ. തേങ്ങ ചോദിച്ച് ആരെങ്കിലും വഴക്കിനു വരുമോ എന്നായിരുന്നു മുത്തശ്ശീടെ പേടി. പാവം ബൗബൗവിന് ഒരു ദിവസം തീരെ സുഖമില്ലാതായി. എങ്ങോട്ടും പോവാതെ അതു കിടപ്പായി. ഭക്ഷണം കൊണ്ടുക്കൊടുത്താൽ പ്ലേറ്റിൽ തൊടുകപോലും ചെയ്യാതായി. ഒന്നും കഴിക്കാതെ ബൗ ബൗ ഭക്ഷണപ്ലേറ്റ് തട്ടി മറിച്ചു. അന്ന് മുത്തശ്ശി ബൗബൗവിനെ നല്ല വഴക്കു പറഞ്ഞു. ബൗബൗ മുത്തശ്ശിയുടെ കാലിൽ കടിച്ച കാര്യം ഓർക്കുമ്പോ ഇപ്പോഴും മുത്തശ്ശിയുടെ കൈ വിറയ്ക്കും. മുത്തശ്ശിയെ ബൗബൗ കടിച്ചതുകൊണ്ട് ആശുപത്രീല് ചെന്നപ്പോ ഡോക്ടറ് പറഞ്ഞത്രേ ഇരുപത്തൊന്ന് ദിവസം പൊക്കിളിനു ചുറ്റും സൂചി കുത്തിവെക്കണമെന്ന്. അന്നുമുതലാണ് ബൗബൗവിനെ വീട്ടിൽ വളർത്താതായതെന്നാ മുത്തശ്ശി പറഞ്ഞത്.

ബൗബൗവിനെ വളര്‍ത്താത്തത് എത്ര നന്നായെന്ന് കുഞ്ചു മുത്തശ്ശിയോട് പറയും. കുഞ്ചൂനും ബൗബൗവിനെ വല്യ പേടിയാ. എന്നാലോ മുത്തശ്ശി കുഞ്ചൂന് എന്നും മുട്ട പുഴുങ്ങിയത് കഴിക്കാൻ കോഴികളെ വളർത്തുന്നുണ്ടല്ലോ. ബാക്കി വരുന്ന മുട്ട മുത്തശ്ശി വിൽക്കും. അമ്മക്കോഴിയെ ഒരു കുട്ടയിൽ അടവച്ച് മുത്തശ്ശി കുഞ്ഞുങ്ങളെ വിരിയിക്കും. കുഞ്ചുവിനോട് മുത്തശ്ശി പറയും അമ്മക്കോഴി അടയിരിക്കുന്ന കുട്ടയുടെ അടുത്തേക്കെങ്ങും ചെല്ലരുത്, ചെന്നാൽ മുട്ട വിരിയില്ലെന്ന്. എന്നാലും കുട്ട ഇടയ്ക്കൊന്ന് തുറക്കണമെന്ന് കുഞ്ചുവിന് തോന്നും. മുത്തശ്ശി വഴക്കു പറഞ്ഞാലോ എന്നോർത്ത് ഉടനെ വേണ്ടെന്നു വെക്കും.

കുഞ്ഞുങ്ങളൊക്കെ വിരിഞ്ഞുവന്നാലും മുത്തശ്ശി എപ്പോഴും അവറ്റകളുടെ പിന്നാലെ നടക്കും. കോഴിക്കുഞ്ഞുങ്ങളെ നോട്ടമിട്ട് കല്ലറാൻ എന്ന പക്ഷി വന്ന് വല്ല മരക്കൊമ്പിലുമിരിക്കും. എന്നിട്ട് താഴ്ന്ന് വന്ന് നഖത്തിൽ കൊരുത്ത് ഒറ്റപ്പോക്കാണ്. മുത്തശ്ശി ഓടിവരും കല്ലറാനെ ഓടിക്കാനായി. കുഞ്ഞിക്കോഴിയെ കല്ലറാൻ കൊണ്ടുപോവുമ്പോ കുഞ്ചുവിനും വരും സങ്കടം. കൊല്ലത്തമ്മച്ചിയുടെ അടുത്തുന്ന് കുഞ്ചൂനെ വല്ലവരും വണ്ടിയിലാക്കി കൊണ്ടുപോയാൽ സങ്കടം വരില്ലേ ? അതുപോലെയല്ലേ കുഞ്ഞിക്കോഴിക്കും എന്ന് കുഞ്ചു വിചാരിക്കും.

അധ്യായം പതിമൂന്ന്

തുമ്പിയെ പിടിച്ചാൽ മാർക്ക് കുറയും

കുഞ്ചു കള്ളച്ചിരിയോടെ അടുത്ത കുരുത്തക്കേട് ഒപ്പിക്കാനായി പോയി. ഒഴിഞ്ഞ ഹോർലിക്സ് കുപ്പിയിൽ കട്ടുറുമ്പിനെ പിടിച്ചിടാനാണ് പോയത്. കുഞ്ചുവിന് വാങ്ങിയ ഹോർലിക്സിന്റെ കുപ്പികൾ കാലിയാവുമ്പോ മുത്തശ്ശി കണ്ണാടി പോലെ വെട്ടിത്തിളങ്ങുന്ന വിധം തേച്ചുകഴുകി വെയിലത്ത് വെക്കും. അച്ചാറിട്ടുവെക്കാനാണ് ഇത്. കുഞ്ചു എവിടെ നിന്നെങ്കിലും വലിയ കട്ടുറുമ്പിനെ പിടിച്ച് കുപ്പിയിലാക്കി അടച്ചുവെക്കും. എന്നിട്ട് അത് എങ്ങോട്ടാണ് ഇഴയുന്നത് രക്ഷപ്പെടാൻ വഴിയില്ലെങ്കി അതെന്തു ചെയ്യുകയാണ് എന്നത് നോക്കിയിരിക്കും. ഉറക്കമെഴുന്നേറ്റോ സ്കൂളിൽ പോയി വന്നാലോ ഒക്കെ നോക്കും അതിപ്പോഴും ജീവനോടെയുണ്ടോ എന്ന്. കട്ടുറുമ്പിനെ പിടിക്കാൻ പോയി കുഞ്ചുവിന്റെ കുഞ്ഞിക്കയ്യിൽ പല തവണ കട്ടുറുമ്പ് ഇറുക്കിയിട്ടുണ്ട്.

കുഞ്ചു കള്ളച്ചിരിയോടെ അടുത്ത കുരുത്തക്കേട് ഒപ്പിക്കാനായി പോയി. ഒഴിഞ്ഞ ഹോർലിക്സ് കുപ്പിയിൽ കട്ടുറുമ്പിനെ പിടിച്ചിടാനാണ് പോയത്. കുഞ്ചുവിന് വാങ്ങിയ ഹോർലിക്സിന്റെ കുപ്പികൾ കാലിയാവുമ്പോ മുത്തശ്ശി കണ്ണാടി പോലെ വെട്ടിത്തിളങ്ങുന്ന വിധം തേച്ചുകഴുകി വെയിലത്ത് വെക്കും. അച്ചാറിട്ടുവെക്കാനാണ് ഇത്. കുഞ്ചു എവിടെ നിന്നെങ്കിലും വലിയ കട്ടുറുമ്പിനെ പിടിച്ച് കുപ്പിയിലാക്കി അടച്ചുവെക്കും. എന്നിട്ട് അത് എങ്ങോട്ടാണ് ഇഴയുന്നത് രക്ഷപ്പെടാൻ വഴിയില്ലെങ്കി അതെന്തു ചെയ്യുകയാണ് എന്നത് നോക്കിയിരിക്കും. ഉറക്കമെഴുന്നേറ്റോ സ്കൂളിൽ പോയി വന്നാലോ ഒക്കെ നോക്കും അതിപ്പോഴും ജീവനോടെയുണ്ടോ എന്ന്. കട്ടുറുമ്പിനെ പിടിക്കാൻ പോയി കുഞ്ചുവിന്റെ കുഞ്ഞിക്കയ്യിൽ പല തവണ കട്ടുറുമ്പ് ഇറുക്കിയിട്ടുണ്ട്.

മുറ്റത്തെ ചെടികളിൽ വന്നിരിക്കുന്ന തുമ്പിയെ കുഞ്ചു പിടിച്ച് മുറിക്കകത്ത് കൊണ്ടുവന്ന് മേശപ്പുറത്തോ പേനയുടെ പുറത്തോ ഒക്കെ വെക്കും. കുഞ്ചൂ മിണ്ടാപ്രാണികളെ ഇങ്ങനെ നോവിച്ചാൽ അവയുടെ പ്‌‌‌‌രാക്ക് കാരണം പരീക്ഷയ്ക്ക് മാർക്ക് കുറയും, എന്ന് ഒരിക്കൽ അമ്മ പറഞ്ഞു. കുഞ്ചു മാർക്ക് കുറഞ്ഞാലോ എന്നു പേടിച്ച് തുമ്പിപിടിത്തം അതോടെ നിർത്തി. എന്നാലും പരീക്ഷ കഴിയുമ്പോ ഒരാഗ്രഹം വീണ്ടും തുമ്പിയെ പിടിച്ചാലോ എന്ന്. പരീക്ഷ ഇനിയും വരുമെന്നോർക്കുമ്പം വീണ്ടും തുമ്പിപിടിത്തം വേണ്ടെന്നുവെക്കും. കുഞ്ചു കട്ടുറുമ്പിനെയും തുമ്പിയെയും പിടിക്കാൻ പോവുന്നത് ചിലപ്പോ ബോറടിച്ചിട്ടാണ്. കൂടെകളിക്കാൻ കുഞ്ചുവിന് ആരുമില്ല. പിന്നെ കുഞ്ചു ഒറ്റയ്ക്ക് വീട്ടിൽ എന്തെടുക്കാനാണ് ? ക്ലാസിലെ െഎഷുക്കുട്ടിക്ക് അനിയനുണ്ട്. അഭിലാഷ് പറയാറുണ്ട് അവനും അനിയൻകുട്ടനും കൂടി വീട്ടിൽ വട്ടം വട്ടം നാരങ്ങ കളിക്കുമെന്ന്. വട്ടം വട്ടം നാരങ്ങ ചെത്തിച്ചെത്തിത്തിന്നപ്പം എന്നു പാടിക്കളിക്കാൻ എന്തു രസമാണ്. പാവം കുഞ്ചു. കുഞ്ചുവിന് വീട്ടിൽ കളിക്കാൻ ആരുമില്ല. കളിയൊന്നും അറിഞ്ഞും കൂടാ. ഒരിക്കൽ വൈകിട്ട് സ്കൂളിൽ ജീപ്പ് വരാൻ താമസിച്ചപ്പോ അഭിലാഷും കിരണും നന്ദുവും കബഡി കളിച്ചു. കുഞ്ചുവും അവരോടു കൂടി. കബഡി കളിക്കാനൊന്നും അറിഞ്ഞിട്ടല്ല കുഞ്ചു അതിൽ പങ്കുചേർന്നത്. ചെന്നയുടനെ അഭിലാഷ് കുഞ്ചുവിനെ കാലിൽപ്പിടിച്ച് നിലത്തിട്ടു. ധിം. കുഞ്ചു നിലത്ത് വീണു. പഞ്ചാരമണലായതിനാൽ ഒന്നും പറ്റിയില്ല. കുഞ്ചു പേടിച്ചുപോയി. പാവം എല്ലാ കളികളും അന്നോടെ അവസാനിപ്പിച്ചു.

അന്ന് കുഞ്ചു വീട്ടിൽ ചെന്നപ്പോ കുഞ്ചുവമ്മയെയും കൂട്ടി അച്ഛന്‍ ആശുപത്രിയില്‍ പോയിരിക്കുകയായിരുന്നു . അമ്മയ്ക്ക് പനിയായിരിക്കുമെന്നാണ് കരുതിയത്. വന്നപ്പോ അമ്മ പറഞ്ഞാണ് കുഞ്ചു ആ സന്തോഷവാര്‍ത്തയറിഞ്ഞത്. കുഞ്ചുവമ്മയ്ക്ക് ഒരു കുഞ്ഞാവയുണ്ടാവാന്‍ പോവുന്നു. കുഞ്ചു ക്ലാസില്‍ ചെന്ന് ഇക്കാര്യം പറഞ്ഞപ്പോള്‍ െഎഷുക്കുട്ടി ബെഞ്ചില്‍ക്കേറിനിന്ന് കയ്യടിച്ചു. നീ കുഞ്ഞാവയെ ഒരുദിവസം സ്കൂളില്‍ കൊണ്ടുവരണേ, അവള്‍ പറഞ്ഞു. അമ്മയോട് പറഞ്ഞുനോക്കാം, എന്റെ കയ്യില്‍ തന്നു വിടുമോ എന്നറിയില്ല, കുഞ്ചു സംശയം പ്രകടിപ്പിച്ചു. ഇല്ലെങ്കില്‍ ഞങ്ങളെല്ലാവരും നിന്റെ വീട്ടില്‍ വന്ന് കണ്ടോളാം, ഉണ്ണിമായ പറഞ്ഞു.

കുറച്ചുനാള്‍ കഴിഞ്ഞപ്പൊ കുഞ്ചുവമ്മ സ്കൂളില്‍ കുറെക്കാലത്തേക്ക് പോവാതായി. അത് കുഞ്ഞാവ വരുന്നതുകൊണ്ടാണത്രേ. അമ്മയുടെ കൂട്ടുകാരികളായ ടീച്ചര്‍മാരൊക്കെ പലതരം പലഹാരങ്ങളുമായി കുഞ്ചുവമ്മയെ കാണാന്‍ വീട്ടില്‍ വന്നു. ഈ പലഹാരങ്ങളൊക്കെ കുഞ്ഞാവയ്ക്ക് കഴിക്കാനാവും, കുഞ്ചു വിചാരിച്ചു. എത്ര നാളായി ഒന്നും കഴിക്കാതെ കുഞ്ഞാവ അമ്മേടെ വയറ്റില്‍ കെടക്ക്വല്ലേ എന്നു കരുതിയപ്പോ അമ്മയാണ് കുഞ്ചുവിനോട് പറഞ്ഞത്, കുഞ്ഞാവ വന്നാലും കുഞ്ഞാവയ്ക്ക് അതൊന്നും കഴിക്കാമ്പറ്റില്ല, ഒക്കെ കുഞ്ചു കഴിച്ചോളാനെന്ന്.

അപ്പോ കുഞ്ഞാവ പൂക്കളായിരിക്കും കഴിക്കുക – കുഞ്ചുവിന് തോന്നി. എല്ലാ കുഞ്ഞാവകളുടെയും മുഖം കാണുമ്പോ കു‍ഞ്ചുവിന് തോന്നാറുണ്ട് കുഞ്ഞാവമാര്‍ പൂക്കളായിരിക്കും കഴിക്കുകയെന്ന്. കുഞ്ചുവിന്റെ വീട്ടില്‍ വന്ന അമ്മക്കൂട്ടുകാരികളായ ടീച്ചര്‍മാരൊക്കെ ചോദിച്ചു, കുഞ്ചുവിന് അനിയനെ വേണോ അനിയത്തിയെ വേണോ എന്ന്. കുഞ്ചു പറഞ്ഞു, ‘‘എനിച്ച് കുഞ്ഞാവയെ മതി. അനിയനാണോ അനിയത്തിയാണോ എന്നൊന്നും എനിച്ച് ഒരു കുഞ്ഞാവയെ കണ്ടാലും മനസ്സിലാവത്തില്ല. ’’ കുഞ്ചുവിന് എല്ലാ കുഞ്ഞാവമാരുടെയും മൊഹം ഒരുപോലെ തോന്നും. പിന്നെ അനിയനായാലെന്ത്, അനിയത്തിയായാലെന്ത് ? കുഞ്ചുവിന് കുഞ്ഞാവയെ കിട്ടിയാല്‍ മതി.

അങ്ങനെയിരിക്കെ ഒരുദിവസം ഉച്ചയ്ക്ക് സുബാഷ്മാമന്‍ വന്ന് കുഞ്ചുവിനെ വിളിച്ചുകൊണ്ടുപോയി. കുഞ്ചുവമ്മയ്ക്ക് കുഞ്ഞാവയുണ്ടായെന്നും ഒരനിയത്തിയെയാണ് കുഞ്ചുവിന് കിട്ടിയതെന്നും പറഞ്ഞു. കുഞ്ചുവിന് ബസിലിരുന്നിട്ട് വേഗമങ്ങ് ആശുപത്രിയില്‍ ചെന്നാല്‍ മതിയെന്നായി. എങ്ങനെയെങ്കിലും കുഞ്ഞാവയെ കാണണം. ചെന്നപ്പോഴുണ്ട് കുഞ്ഞാവ അമ്മയുടെ അടുത്ത് കിടക്കുകയാണ്. അച്ഛനും മുത്തച്ഛനും മുത്തശ്ശിയും ആശുപത്രിയലുണ്ട്. കുഞ്ഞാവ ഉറക്കമാണ്, മോന്‍ ഇപ്പോ ഉണര്‍ത്തണ്ട എന്നു പറഞ്ഞു മുത്തച്ഛന്‍. കുഞ്ചുവിനപ്പോ ഒരു സംശയം, കുഞ്ഞാവയെ എന്തുവിളിക്കണമെന്ന്. കുഞ്ഞാവയെന്നു വിളിക്കണോ മോളെന്നു വിളിക്കണോ അനിയത്തിയെന്നു വിളിക്കണോ. തല്‍ക്കാലം ഒന്നും വിളിക്കേണ്ട, അതിനെ ഉറങ്ങാന്‍ സമ്മതിച്ചാല്‍ മതിയെന്നായി മുത്തച്ഛന്‍. കുഞ്ചു അച്ഛന്റടുത്തു ചെന്നു. ‘‘ കുഞ്ഞാവയ്ക്ക് റോസാപ്പൂവാണോ തിന്നാന്‍ കൊടുക്കുന്നത് ?’’ അല്ല, കുഞ്ഞാവ പാലു മാത്രമേ കുടിക്കൂ എന്ന് അച്ഛന്‍ പറഞ്ഞപ്പോ കുഞ്ചു വിചാരിച്ചത് അത് അച്ഛന്‍ തന്നെ പറ്റിക്കാന്‍ പറയുന്നതാണെന്നാണ്. അല്ലെങ്കിപ്പിന്നെ എന്റെ കുഞ്ഞാവയ്ക്ക് ഈ റോസാപ്പൂവിന്റെ നെറം എങ്ങനെ വന്നു.

അധ്യായം പതിനാല്

വേഗം വലുതാവ് കുഞ്ഞാവേ

പിറ്റേന്ന് കുഞ്ചു ക്ലാസിൽ എല്ലാവർക്കും മിഠായി കൊണ്ടുക്കൊടുത്തു. സുബാഷ് മാമനാണ് കുഞ്ചുവിന് ക്ലാസിലേക്കുള്ള മിഠായി വാങ്ങിക്കൊടുത്തത്. ശ്യാമളാ മിസ് മിഠായി കൊണ്ടുച്ചെന്നപ്പം ക്ലാസിൽ എല്ലാവരോടുമായിപ്പറഞ്ഞു, കു‍ഞ്ചുവിന്റമ്മയ്ക്ക് കുഞ്ഞാവയുണ്ടായതിനാണ് മിഠായി തരുന്നതെന്ന്. അപ്പോൾ കുഞ്ചുവിന്റെ സന്തോഷം ഒന്നു കാണേണ്ടതുതന്നെ ആയിരുന്നു. അഭിലാഷ് രണ്ടുമിഠായി തരുമോ എന്നു ചോദിച്ചു. അവന്റെ അനിയൻകുട്ടന് കൊടുക്കാനാണ് ഒരെണ്ണം എന്നാണ് പറഞ്ഞത്. അതോ അവന് തന്നെ തിന്നാനാണോ എന്നാർക്കറിയാം. ഏതായാലും കുഞ്ചു രണ്ടെണ്ണം കൊടുത്തു. ഉണ്ണിമായ ചോദിച്ചു, കുഞ്ഞാവയ്ക്ക് ഏതു പാട്ടാ ഇഷ്ടം വട്ടം വട്ടം നാരങ്ങയാണോ റിങ്ങേ റിങ്ങേ റോസ് പോക്കറ്റ് ഫുൾ ഓഫ് റോസ് ആണോ എന്ന്. ആ പൊട്ടിപ്പെണ്ണിനെന്തറിയാം? കുഞ്ഞാവ ഇന്നലെയിങ്ങോട്ട് ജനിച്ചതേയുള്ളൂ, അതിന്റെടയ്ക്കാ റിങ്ങേ റിങ്ങേ എന്നു പറഞ്ഞു കുഞ്ചു.

വാപ്പ കൊണ്ടുവന്ന പൗഡറിൽ നിന്ന് കുറച്ച് തട്ടിയിട്ട് ബുക്കിന്റെടേല് വച്ചുകൊണ്ടുവരാം, കുഞ്ഞാവേടെ മൊഖത്തിട്ടുകൊടുക്കണേ എന്നു പറഞ്ഞു െഎഷുക്കുട്ടി. എന്നാലുമാവട്ടെ അവൾക്ക് അത്തറേം പറയാൻ തോന്നിയല്ലോ എന്നു വിചാരിച്ചു കുഞ്ചു. കുഞ്ചു ഇനി പഴയതുപോലെ കൊച്ചുകുട്ടിയല്ലെന്നും ഒരനിയത്തിക്കുട്ടിയുടെ ഏട്ടനാണെന്ന കാര്യം ഓർമ്മ വേണമെന്നും ശ്യാമളാമിസ് പറഞ്ഞു. തന്നെ ആദ്യമായി ഒരാൾ ഏട്ടനെന്നു വിളിക്കുമെന്നു കേട്ടപ്പൊ കുഞ്ചുവിന് കുഞ്ഞാവ വേഗമങ്ങ് വലുതാവണമെന്നു തോന്നി. നാളെ രാവിലെ കുഞ്ഞാവയങ്ങ് വലുതായാരുന്നെങ്കി നാളെത്തന്നെ എന്ന ഏട്ടാ എന്നു വിളിച്ചേനെ. താൻ വലിയ ഒരാളാവാൻ പോവുകയാണെന്ന് കുഞ്ചുവിന് മനസ്സിലായി.

കുഞ്ഞാവയും അമ്മയും വീട്ടിൽ വന്നു. ഉറക്കത്തിൽ നിന്നെഴുന്നേറ്റാൽ ആദ്യം കുഞ്ചു എന്നും രാവിലെ ചെന്ന് കുഞ്ഞാവയെ നോക്കും. വലുതായോ എന്നറിയാൻ. കഷ്ടം ഇന്നും വലുതായില്ല, ഈ കുഞ്ഞാവയെന്താ ഇങ്ങനെ? വേഗം വലുതാവ് കുഞ്ഞാവേ– കുഞ്ചു പറഞ്ഞു. അമ്മ കുഞ്ഞാവയെ തൊട്ടിലാട്ടിക്കൊണ്ടിരിക്കുമ്പം കുഞ്ചു ഓടിവന്നു പറയും ഞാനാട്ടാം അമ്മേ എന്ന്. ഇടയ്ക്ക് കുഞ്ചു പറയും ഞാനാട്ടാം അമ്മാ എന്ന്. കുഞ്ചു അങ്ങനെയാണ്, ഇടയ്ക്ക് അമ്മയെ വിളിക്കുക അമ്മാ എന്നാണ്. അപ്പോൾ മുത്തശ്ശി കുഞ്ചുവിനെ കളിയാക്കും. നീയെന്തുവാടാ ഇങ്ങനെ ചോളച്ചേരി വിളിക്കുന്ന പോലെ അമ്മാ അമ്മാ എന്നും പറഞ്ഞ് നടക്കുന്നത്. ഞങ്ങളൊക്കെ ഞങ്ങടമ്മയെ അമ്മേ എന്നാണ് വിളിച്ചിരുന്നത്. നിനക്കെവിടുന്ന് കിട്ടി ഈ അമ്മാ വിളി ? അപ്പോ കുഞ്ചു ചോദിക്കും, ആരാ മുത്തശ്ശീ ഈ ചോളച്ചേരി ? അതേയ് കുഞ്ചൂ, മുത്തശ്ശി പറഞ്ഞുതുടങ്ങും. ചോളച്ചേരി എന്നത് ഇവിടടുത്തുള്ള ഒരു വീടിന്റെ പേരാ. പട്ടിണിപ്പാവങ്ങളായിരുന്നു. അമ്മാ വല്ലതും തരണേ രാവിലെ ഒന്നും കഴിച്ചില്ല, ചായവെള്ളം പോലും കുടിച്ചില്ല എന്നു പറഞ്ഞ് ഒട്ടിയ വയറുമായി ചോളച്ചേരിയിലെ ഒരു പയ്യൻ മുത്തശ്ശിയുടെ അടുത്ത് മിക്കവാറും വരുമായിരുന്നു. അടുത്ത വീടുകളിൽ ചെന്നാലും അവര് ഒന്നുമില്ല ഇവിടെയെന്നു പറഞ്ഞ് വിടുമെന്ന് ആ പയ്യൻ ഇവിടെ വന്ന് കരഞ്ഞ് പറയുമായിരുന്നു. മുത്തശ്ശി ആ പയ്യന് എന്നും വയറു നിറച്ച് ചോറും കറിയും കൊടുക്കുമായിരുന്നു . മുത്തശ്ശി ഇത്രയും പറഞ്ഞപ്പോ കുഞ്ചു ചോദിച്ചു, ചോളച്ചേരി ഇപ്പോ എവിടെയുണ്ടെന്ന്. അതല്ലേ കഥ. നീയിത് കേൾക്ക്, മുത്തശ്ശി തുടർന്നു : ആ എല്ലുന്തിയ ചെക്കൻ വലുതായപ്പൊ ആട്ടിറച്ചിക്കട തുടങ്ങി. വല്യ കാശുകാരനായി. കച്ചവടം കഴിഞ്ഞ് പല ദിവസങ്ങളിലും ഇവിടെ ആട്ടിറച്ചി കൊണ്ടുവന്നിട്ട് പൈസ വാങ്ങാതെ പോവുമായിരുന്നു. മുത്തശ്ശി പൈസ കൊടുക്കുമ്പം അമ്മാ അയ്യോ അമ്മ ാടെ കയ്യിന്ന് ഞാൻ പൈസ വാങ്ങിക്കാനോ ദൈവം പൊറുക്കുകില്ല. ഞാൻ ഇവിടുത്തെ കഞ്ഞീം ചോറും കൊറേ കഴിച്ചതാ. പോട്ടമ്മാ എന്നും പറഞ്ഞ് പോവും.’’

ഇത്രയുമായപ്പോ ആ ചോളച്ചേരിയെ എനിക്കൊന്നു കാണിച്ചുതരണേ എന്നായി കുഞ്ചു. അപ്പോ മുത്തശ്ശി പറഞ്ഞു, ‘താണ നിലത്തേ നീരോടൂ അവിടേ ദൈവം തുണയേകൂ ’ എന്നു പറയുന്നത് അതല്ലേ. ഉണ്ട ചോറിന് നന്ദിയുള്ളവനാ ചോളച്ചേരി. അവനിപ്പോ വലിയ സ്വർണക്കടയാ ടൗണില്. അപ്പോ കുഞ്ചുവിനൊരു സംശയം, ഉണ്ട ചോറിന് നന്ദിയുള്ളവനാണങ്കി എന്നും ചോളച്ചേരി സ്വർണക്കട പൂട്ടി വരുമ്പം നല്ല നല്ല മാലേ വളേം കമ്മലുമൊക്കെ കൊണ്ടുത്തരാത്തതെന്താ എന്ന്. ‘‘ നീ പോടാ മണ്ണുണ്ണീ, അങ്ങനെ ആരെങ്കിലും കൊണ്ടുത്തര്വോ എന്നു ചോദിച്ച് മുത്തശ്ശി കുഞ്ചുവിനെ ഓടിച്ചുവിട്ടു.

കുഞ്ചു ഓടി കുഞ്ഞാവ കിടക്കുന്ന മുറീപ്പോയി. അപ്പോഴുണ്ട് കുഞ്ഞാവ തൊട്ടിലിൽക്കിടന്ന് കാലിട്ടടിച്ച് കരയുന്നു. മോൾക്കെന്താ വേണ്ടത് ? അപ്പം വേണോ അട വേണോ ?എന്തു വേണേലും മോൾക്ക് മേടിച്ചുതരാൻ ഏട്ടനില്ലേ എന്നു പറഞ്ഞു കുഞ്ചു. ഇതു കേട്ടുവന്ന കുഞ്ചുവമ്മ ഒന്നു പോന്റെ കുഞ്ചുവേ, ഒരേട്ടൻ വന്നിരിക്കുന്നു എന്നു പറഞ്ഞ് കുഞ്ഞിനെ മാമു കൊടുക്കാനായി കൊണ്ടുപോയി. കുഞ്ചു മുറ്റത്തേക്കും പോയി. കുയ്യാനയെ പിടിക്കുകയാണ് ഇനി കുഞ്ചുവിന്റെ പണി. കുഞ്ചുവിനെന്തിനാണ് കുയ്യാനയെ ? കുഞ്ചു ആദ്യം കുറച്ച് മണലെടുത്ത് ഉമ്മറത്ത് നിരത്തും. എന്നിട്ടാണ് കുയ്യാനെയെപ്പിടിക്കാൻ പോവുക. കുയ്യാനയെ ഉമ്മറത്തെ നിലത്ത് വിരിച്ച മണലിൽ വിട്ടിട്ട് കുയ്യാന ഇഴയുന്നതും നോക്കി കുഞ്ചു തറയിലിരിക്കും. കുയ്യാന ഇഴയുന്നേടത്തൊക്കെ മണലിൽ വരച്ചപോലെ പാടുണ്ടാവും. കുയ്യാന ഇന്ത്യയെ വരയ്ക്കുകയാണെന്നു പറഞ്ഞ് കുഞ്ചു അതിങ്ങനെ നോക്കി നിൽക്കും. വീടൊക്കെ വൃത്തികേടാക്കാൻ മണ്ണും കൊണ്ട് വന്നിരിക്കുന്നു എന്നും പറഞ്ഞ് മുത്തശ്ശി അവിടെയും എത്തും. അപ്പോൾ കുഞ്ചു കഷ്ടമുണ്ട് മുത്തശ്ശീ, ഇന്ത്യ പകുതിയേ ആയിട്ടുള്ളൂ. ഇവിടിരിക്ക് കാണിച്ചുതരാം എന്നു പറയും. എനിക്ക് പിടിപ്പത് പണിയുണ്ടെന്നു പറഞ്ഞ് മുത്തശ്ശിയങ്ങ് പോവും. ക്ലാസിലെ നന്ദുവാണ് കുയ്യാന ഇന്ത്യയെ വരയ്ക്കുമെന്ന കാര്യം കുഞ്ചുവിന് പറഞ്ഞുകൊടുത്തത്.

അധ്യായം പതിനഞ്ച്

അമ്മാളു ഒപ്പിച്ച പണി

നന്ദു ഒരു ദിവസം ചെന്നപ്പം ഉണ്ണിമായയോട് പറയുവാ ​എനിക്ക് കാലേല് തലവേദനയാ എന്ന്. അയ്യോ കഷ്ടം. ഞാൻ പ്രാർഥിക്കാം എന്നു പറഞ്ഞ് ഉണ്ണിമായ അതിശയത്തോടെ അത് നിന്നു കേൾക്കുകയാണ്. അപ്പോ കുഞ്ചുവാണ് ചെന്ന് ഉണ്ണിമായയോട് ചോദിച്ചത്. എടീ നന്ദു വെറുതെ നിന്നെ പറ്റിക്കാൻ പറയുവാ, കാലേല് ആര്ക്കെങ്കിലും തലവേദന വരുമോ എന്ന്. ഉണ്ണിമായയ്ക്ക് ആകെപ്പാടെ നാണക്കേടായി. അതു ശരിയാണല്ലോ എന്ന് അവൾ അന്നേരമാണ് ആലോചിച്ചത്. ഉണ്ണിമായയെ ആർക്കും പറ്റിക്കാനെളുപ്പമാണ്. ഒരു ദിവസം കിരൺ അവളോട് പറഞ്ഞു. ഇനി അടുത്ത വർഷം കാണാമെന്ന്. അയ്യോ അതെന്താടാ നീ എവിടെപ്പോവ്വാ എന്നു ചോദിച്ചു ഉണ്ണിമായ. എടീ ഇന്ന് ഡിസംബർ 31 ആണ്. അതുപോലും ഓർമ്മയില്ല. ഇവൾക്കെന്നു പറഞ്ഞ് കിരൺ ഉണ്ണിമായയെ കളിയാക്കി. ചിലരുടെ സൊബാവം ഒരിക്കലും മാറില്ല. നന്ദൂന് ഉണ്ണിമായയെക്കണ്ടാൽ എന്തെങ്കിലും പറയാതെ ഇരിക്കപ്പൊറുതി കിട്ടില്ല. ഞങ്ങടെ വീട്ടിലെ കോഴി താറാമുട്ടയിട്ടു എന്നു പറഞ്ഞു ഒരുദിവസം ഉണ്ണിമായയോട് അവൻ. കുഞ്ചു ചെല്ലുമ്പോ അവളതും കേട്ടിങ്ങനെ വായ പൊളിച്ചു നിൽക്കുകയാ. നന്ദു ആ മുട്ട ഒന്നു കൊണ്ടുവരാമോ എന്നു ചോദിച്ചപ്പോ നന്ദു പറയുവാ ഇന്ന് ചോറിന് അമ്മ കൊടുത്തുവിട്ടത് കോഴിയിട്ട താറാമുട്ട ഓംലറ്റാണെന്ന്. ഇതെല്ലാം കേട്ട് അൽഭുതപ്പെട്ടു നിൽക്കുന്ന ഉണ്ണിമായയെക്കണ്ട് കുഞ്ചുവിന് ചിരി പൊട്ടി. ഈ ലോകത്തേതെങ്കിലും കോഴി താറാമുട്ടയിടുമോടീ മണ്ടിപ്പെണ്ണേ. അതാലോചിക്കാനുള്ള ബുദ്ധി പോലുമില്ലേ നിനക്ക് എന്നു ചോദിച്ചു കുഞ്ചു.

ഒരു ദിവസം കുഞ്ചു മുറ്റത്തിരുന്ന് കളിക്കുമ്പോ ആരോ പാത്രങ്ങളെടുത്ത് നിലത്തെറിഞ്ഞാലെന്ന പോലെ പടപടേന്ന് വലിയ ശബ്ദം. ഇടി വെട്ടിയതാണ്. കുഞ്ചു പേടിച്ച് മുത്തച്ഛന്റെ മുറിയിലേക്ക് ഒറ്റ ഓട്ടം വച്ചുകൊടുത്തു. ഇടിയും മിന്നലും കുഞ്ചുവിന് വല്യ പേടിയാണ്. കുഞ്ചു അപ്പോഴേ മുത്തച്ഛന്റെ മുറിയിൽക്കയറി വാതിലടയ്ക്കും. മുത്തച്ഛൻ മൂന്നു നാലു ഷർട്ടൊക്കെയിട്ട് മുറിയിലെ ചാരുകസേരയിൽ ഇരിക്കുന്നുണ്ടാവും. മുത്തച്ഛന്റെ മുറിയിലെ ജനാലകൾ മാത്രം പണ്ടുകാലത്തെപ്പോലെ തടികൊണ്ടുള്ളതാണ്. മിന്നൽ വന്നാൽ പെട്ടെന്നൊന്നും ആ മുറിയിലിരുന്നാൽ കാണില്ല. കുഞ്ചുവിന് സന്ധ്യ കഴിഞ്ഞാൽ മുറ്റത്തേക്കിറങ്ങണമെങ്കിൽ ഇപ്പോഴും രണ്ടുപേര് ഇടത്തും വലതും വേണം എന്നു പറയും കുഞ്ചുവമ്മ.

കാര്യങ്ങൾ ഇങ്ങനെയിരിക്കെ ഇതുപോലെ കുറേ മഴക്കാലവും പരീക്ഷക്കാലവുമൊക്കെ വന്നു കഴിഞ്ഞപ്പോഴേക്ക് കുഞ്ഞാവ വലുതായി. സ്കൂളിൽ പോവാറായി. എന്നുവച്ചാൽ കുഞ്ചുവിനെ ഏട്ടാ ഏട്ടാ എന്നു വിളിച്ച് ഏതുനേരവും പിന്നാലെ കൂടുന്ന അനിയത്തിക്കുട്ടിയായി. കുഞ്ചുവിന്റെ അനിയത്തിക്കുട്ടീടെ പേരാണ് മാളു. കുഞ്ചു അവളെ ഏതുനനേരവും എടീ അമ്മാളൂ. എടീ അമ്മാളൂ എന്നു പറഞ്ഞ് ഓരോകാര്യത്തിനും വിളിച്ചോണ്ടിരിക്കും. കുഞ്ചു അഞ്ചാം ക്ലാസിലും അമ്മാളു ഒന്നാം ക്ലാസിലുമായി. രണ്ടു പേരും ഒരേ സ്കൂളിലായതിനാൽ അമ്മാളുവിന് ഏട്ടനൊപ്പം സ്കൂളിൽ പോവാൻ ഇഷ്ടമാണ്. ക്ലാസിലെ കുട്ടികൾ എന്തുപറഞ്ഞാലും ഞാൻ പോയി ഇപ്പം ഏട്ടനെ വിളിച്ചോണ്ടുവരും എന്നു പറയും അമ്മാളു. അങ്ങനിരിക്കെ ഒരുനാൾ വൈകിട്ട് കുഞ്ചുവും അമ്മാളുവും സ്കൂളിൽ നിന്നെത്തി. മൂന്നുനാലു പേരു വന്ന് മുറ്റത്ത് നിന്നിട്ട് ദേഷ്യത്തോടെ ഇത് ഒന്ന് ഡി യിലെ എസ്.ആർ. മാളുവിന്റെ വീടല്ലേ എന്നു ചോദിച്ചു. ചോദ്യം കേട്ടതും അമ്മാളു അയ്യോ ഏട്ടാ എന്നു പറഞ്ഞ് പേടിച്ച് കുഞ്ചുവിന്റെ കയ്യിൽ മുറുക്കിപ്പിടിച്ചിരിക്കുകയാണ്. കുഞ്ചുവും മാളുവും അകത്തുനിന്ന് മുത്തച്ഛനെ വിളിച്ചുകൊണ്ടുവന്നു. ഇതു കേട്ട് സ്കൂളിൽ നിന്ന് നേരത്തെ വന്ന കുഞ്ചുവമ്മയും മുറ്റത്തേക്ക് ഇറങ്ങിവന്നു.

അപ്പോ വന്നവരിൽ ഒരാള് പറയ്വാ. നിങ്ങള് നിങ്ങടെ കൊച്ചിനെ മര്യാദയ്ക്ക് വളർത്തണം. നിങ്ങടെ മോള് ഞങ്ങടെ കൊച്ചിനോട് എന്തുവാ പറഞ്ഞേന്നറിയ്വോ എന്ന്. അമ്മ നിങ്ങടെ കുട്ടീടെ പേരന്താ എന്നു ചോദിച്ചു. ഉടനെ അയാൾ പറഞ്ഞു ഞാൻ ഭാഗ്യശ്രീയുടെ അച്ഛനാ എന്ന്. മുത്തശ്ശി വന്ന് എന്താ എന്തൊണ്ടായേ എന്നു ചോദിച്ചു. ഉടനെ മറ്റേയാൾ –‘‘എന്താണ്ടായേന്നോ. കണ്ടവരോടൊക്കെ റേഷൻ കാർഡി‍ൽ പേരൊണ്ടോന്ന് ചോദിക്കാനാണോ നിങ്ങള് നിങ്ങടെ മോളെ സ്കൂളി വിടുന്നേ ? നിങ്ങടെ മോള് കൊച്ചുവായി വല്യ വർത്തമാനം പറയുന്നോ’’ എന്നൊക്കെ പറഞ്ഞ് അയാളങ്ങ് തട്ടിക്കേറുവാണ്. മുത്തച്ഛൻ അമ്മാളുവിനോട് മോളങ്ങനെ പറഞ്ഞാരുന്നോ എന്നു ചോദിച്ചു. അമ്മാളു. അതെ എന്നു തലയാട്ടി. കൊച്ചുകുട്ടികൾ പറഞ്ഞത് നിങ്ങളിത്ര കാര്യമാക്കണോ എന്നു മുത്തശ്ശി ചോദിച്ചു. ഉടനെ ഭാഗ്യശ്രീയുടെ അമ്മ, കൊച്ചുകുട്ടികൾ കൊച്ചുകുട്ടികൾടെ വർത്തമാനം പറയണം. റേഷൻകാർഡിൽ പേരില്ല. അയ്യേ നിങ്ങടെ വീട്ടിലാർക്കും റേഷൻകാർഡിപ്പേരില്ല എന്നു പറഞ്ഞ് എത്രദിവസമായി ഞങ്ങടെ മോളെ ഈ കൊച്ച് കളിയാക്കുന്നു. ഇനി മേൽ ഇങ്ങനെ പറയട്ടെ. കാണിച്ചുതരാം എന്നു പറഞ്ഞ് വന്നവർ പോയി.

അമ്മാളു അമ്മയും മുത്തച്ഛനും തല്ലുമെന്നു പേടിച്ച് കുഞ്ചുവിന്റെ നിക്കറിൽ നിന്ന് പിടിവിടുന്നേയില്ല. പറയെടീ നിന്നെ ആരു പഠിപ്പിച്ചെടീ അമ്മാളൂ ഈ വർത്തമാനം എന്നു പറഞ്ഞ് അമ്മ അമ്മാളുവിനെ തല്ലാൻ പിടിച്ചുനിർത്തി. അപ്പോ അമ്മാളു പറയ്വാ. ഇന്നാള് സുബാഷ് മാമൻ അമ്മാളുവിനെ കളിയാക്കിപ്പപറഞ്ഞതാ. അയ്യേ റേഷൻകാർഡിൽ പേരില്ലാത്ത കൊച്ച് വന്നിരിക്കുന്നെന്ന്. അമ്മാളു കരയുകയാണ്. അമ്മ ഉടനെ ആഹാ അവനാരുന്നോ അവനെ എന്റെ കയ്യിക്കിട്ടട്ടെ. പിള്ളേരടടുത്ത് വന്ന് വേണ്ടാത്ത വർത്തമാനം പഠിപ്പിച്ചതിന് ഞാനവന് വച്ചിട്ടുണ്ടെന്ന്. ഇനി അവൻ എന്നല്ല ആരു പറയുന്നതും കേട്ടും ഓരോന്ന് പഠിച്ചുവച്ച് പിള്ളേരെ കളിയാക്കരുതെന്ന് പറഞ്ഞ് അമ്മ അമ്മാളുവിന് ഒരടി കൊടുത്തു. അമ്മ. പിന്നെയും എന്തൊക്കെയോ പറയുകയാണ്. അമ്മാളു ആലില പോലെ നിന്നു വിറയ്ക്കുന്നുമുണ്ട്.

അധ്യായം പതിനാറ്

ഒട്ടിയ വയറും കണ്ണടയും വായിൽ ഒറ്റപ്പല്ലില്ല

കുഞ്ചുവിന്റെ വിചാരം കുഞ്ചുവിന്റെ മുത്തച്ഛൻ ഗാന്ധിജിയാണെന്നാണ്. മുത്തശ്ശിയോടും അമ്മയോടുമൊക്കെ ഇക്കാര്യം പല തവണ കുഞ്ചു ചോദിച്ചിട്ടുണ്ട്. പോ കുഞ്ചൂ, കിറുക്ക് പറയാതെ എന്ന് അമ്മ പറയുമ്പോ കുഞ്ചു വിചാരിക്കും, ശരിയാ, കുഞ്ചുവിനെക്കാളും അതൊക്കെ അറിയാവുന്നത് കൊല്ലത്തമ്മച്ചിക്കാണല്ലോ. അപ്പോ കുഞ്ചു ഒരു കാര്യം മനസ്സിലുറപ്പിക്കും, മുത്തച്ഛൻ ഗാന്ധിജിയല്ലെങ്കിലും ഗാന്ധിയപ്പൂപ്പന്റെ ഏറ്റവും അടുത്ത ആരോ ആണെന്നതിൽ സംശയമില്ല. കാരണം കുഞ്ചുവിന്റെ മുത്തച്ഛന് കഷണ്ടിയുണ്ട്. കറുത്ത വട്ടക്കണ്ണടയുണ്ട്. വായിൽ ഒറ്റപ്പല്ലുമില്ല. ഗാന്ധിയപ്പൂപ്പനെപ്പോലെ ഒട്ടിയ വയറും ഉണ്ട്. വയറ്റിൽ ഇത്രയും മടക്കുകളുള്ള വേറെയാരെയും കുഞ്ചു കണ്ടിട്ടില്ല. ഗാന്ധിയപ്പൂപ്പന്റെ വയറ്റിൽ ഇത്രയും മടക്കുകൾ ഉണ്ടെന്ന് കുഞ്ചുവിനറിയാം. പോരാത്തതിന് മുത്തച്ഛൻ ഗാന്ധിയപ്പൂപ്പനെപ്പോലെ മിക്കവാറും ഷർട്ടും ഇടാറില്ല.

കുഞ്ചുവിന്റെ വിചാരം കുഞ്ചുവിന്റെ മുത്തച്ഛൻ ഗാന്ധിജിയാണെന്നാണ്. മുത്തശ്ശിയോടും അമ്മയോടുമൊക്കെ ഇക്കാര്യം പല തവണ കുഞ്ചു ചോദിച്ചിട്ടുണ്ട്. പോ കുഞ്ചൂ, കിറുക്ക് പറയാതെ എന്ന് അമ്മ പറയുമ്പോ കുഞ്ചു വിചാരിക്കും, ശരിയാ, കുഞ്ചുവിനെക്കാളും അതൊക്കെ അറിയാവുന്നത് കൊല്ലത്തമ്മച്ചിക്കാണല്ലോ. അപ്പോ കുഞ്ചു ഒരു കാര്യം മനസ്സിലുറപ്പിക്കും, മുത്തച്ഛൻ ഗാന്ധിജിയല്ലെങ്കിലും ഗാന്ധിയപ്പൂപ്പന്റെ ഏറ്റവും അടുത്ത ആരോ ആണെന്നതിൽ സംശയമില്ല. കാരണം കുഞ്ചുവിന്റെ മുത്തച്ഛന് കഷണ്ടിയുണ്ട്. കറുത്ത വട്ടക്കണ്ണടയുണ്ട്. വായിൽ ഒറ്റപ്പല്ലുമില്ല. ഗാന്ധിയപ്പൂപ്പനെപ്പോലെ ഒട്ടിയ വയറും ഉണ്ട്. വയറ്റിൽ ഇത്രയും മടക്കുകളുള്ള വേറെയാരെയും കുഞ്ചു കണ്ടിട്ടില്ല. ഗാന്ധിയപ്പൂപ്പന്റെ വയറ്റിൽ ഇത്രയും മടക്കുകൾ ഉണ്ടെന്ന് കുഞ്ചുവിനറിയാം. പോരാത്തതിന് മുത്തച്ഛൻ ഗാന്ധിയപ്പൂപ്പനെപ്പോലെ മിക്കവാറും ഷർട്ടും ഇടാറില്ല.

കുഞ്ചു കൊല്ലത്ത് നിന്ന് അച്ഛനമ്മമാർക്കൊപ്പം മുത്തച്ഛനെക്കാണാൻ നാട്ടിൽ വരുമ്പോ വീടിനു തൊട്ടടുത്തുള്ള ജംഗ്ഷനിലെത്തുന്ന നേരത്ത് ഒരു വലിയ അമ്പലവും തൊട്ടുമുന്നിലൊരു മൈതാനവും അവിടെയൊരു വലിയ സന്യാസിയരയാലും ഒക്കെയുണ്ട്. കുഞ്ചു അതിങ്ങനെ കൊതിയോടെ നോക്കി നിൽക്കും. ആലിൻചോട്ടിലെ പഞ്ചാരമണലു കാണുമ്പം അവിടങ്ങനെ കിടന്നുറങ്ങാൻ കുഞ്ചുവിന് കൊതിയാവും. അമ്പലത്തിലെ ദേവനെ നോക്കി കാറ്റത്ത് ഇലകൾകൊണ്ട് കൈകൊട്ടിക്കളി കളിക്കുന്ന അരയാലും അതിനപ്പുറത്തായി ഒരു മലയാളം പള്ളിക്കൂടവും ഉണ്ട്. പിന്നെ അതിനപ്പുറം വായനശാല. അങ്ങനെയിരിക്കെ ഒരു മുറി മാത്രമായി ഒരു കെട്ടിടം കാണാം. കുഞ്ചു അച്ഛനോട് ചോദിച്ചു, ആ കെട്ടിടമെ‌ന്താ അച്ഛാ ഒരുപയോഗവുമില്ലാതെ ആരും കയറാതെ ഇങ്ങനെ നിൽക്കുന്നതെന്ന്. അപ്പോ അച്ഛനാ പറഞ്ഞത് അതാ കുഞ്ചൂ റേഡിയോ കിയോസ്ക് എന്ന്. അതുകേട്ട കുഞ്ചുവിന് ഒന്നും മനസ്സിലായില്ല. അപ്പോ അച്ഛൻ പറഞ്ഞു, പണ്ട് എല്ലാ വീട്ടിലും റേഡിയോ ഇല്ലായിരുന്നു. അപ്പോ നാട്ടിലുള്ളവർക്കെല്ലാം റേഡിയോ കേൾക്കാനായി പണിത കെട്ടിടമാണത്. അതിനുള്ളിൽ വച്ച് ഭീമൻ റേഡിയോ പ്രവർത്തിപ്പിക്കും. അതുകേൾക്കാൻ വൈകിട്ട് റേഡിയോ കിയോസ്കിനു ചുറ്റും ആളുകൂടും.

കുഞ്ചു ചോദിച്ചു, അപ്പോ ടെലിവിഷനില്ലേ ? പിന്നെന്തിനാ റേഡിയോ കേൾക്കുന്നത് എന്ന്. അച്ഛൻ പറഞ്ഞു – മണ്ടത്തരം പറയാതെ കുഞ്ചൂ, റേഡിയോ തന്നെ എല്ലാ വീട്ടിലും ഇല്ലാത്തതു കൊണ്ടല്ലേ എല്ലാവർക്കുമായി റേഡിയോ കിയോസ്ക് വച്ചത്. അന്നെവിട‌െയാ ടെ‌ലിവിഷൻ ? അപ്പോ കുഞ്ചൂന്റച്ഛൻ പറഞ്ഞു, ആ വായനശാല കണ്ടോ ? കുഞ്ചു അതെ എന്നു തലയാട്ടി. അവിടെ ഒരു മുറി അടച്ചിട്ടിരിക്കുന്നത് കണ്ടോ? അവിടെ ഒരു ടിവി ഉണ്ടായിരുന്നു. നാട്ടുകാരെല്ലാം ടിവി കാണുന്നതിന് വായനശാലയിലെ ആ ടിവിക്ക് മുന്നിൽ വന്നിരിക്കുമായിരുന്നു. കസേരയൊന്നുമില്ല. നിലത്തിരിക്കണം. തറയിൽ മുന്നിൽ ഇരിക്കാൻ സ്ഥലം കിട്ടുന്നവർ ഭാഗ്യവാന്മാർ. ചിലർ നേരത്തെ വന്നു സ്ഥലം പിടിക്കും. അച്ഛൻ അങ്ങനെ ഓരോന്ന് പറഞ്ഞതു കേട്ട് കുഞ്ചുവിന്റെ മുത്തശ്ശിയുടെ വീടെത്തി.

കുഞ്ചു പഴയ കാലത്തെക്കുറിച്ചൊന്നും കൂടുതൽ ചിന്തിച്ചില്ല. ഏതു കാര്യത്തെക്കുറിച്ചും ഒത്തിരി ആലോചിച്ചാൽ ക്ഷീണം വരുമെന്നാണ് കുഞ്ചു പറയാറ്. കുഞ്ചുവിന് ക്ഷീണിക്കാൻ വയ്യ. ഏതായാലും കുഞ്ചു ചില കാര്യങ്ങളിലുള്ള വിശ്വാസം മാറ്റുന്ന കുട്ടിയല്ല. കുഞ്ചുവിന് മുത്തച്ഛൻ ഗാന്ധിജിയല്ലെങ്കിലും ഗാന്ധിജിയുടെ അടുത്തയാളാണ് എന്ന വിശ്വാസമാണ് അതിലൊന്ന്. കുഞ്ചു അച്ഛനും അമ്മയ്ക്കുമൊപ്പം പട്ടണത്തിൽ നിന്ന് നാട്ടിലേക്ക് വരുമ്പം നാട്ടിലെ മുത്തച്ഛന്റെ തറവാടിനു തൊട്ടടുത്ത ജങ്ഷനിൽ വച്ചു തന്നെ മുത്തച്ഛനെ കാണാറുണ്ട്. ആ സ്ഥലത്തിനോടുള്ള ഇഷ്ടം കൊണ്ടുകൂടിയാവാം ആ സ്ഥലം പോർബന്തറാണെന്നാണ് കുഞ്ചു കരുതുന്നത്. എന്നു വച്ചാൽ ഗാന്ധിജി ജനിച്ച സ്ഥലം. ഇത്രയും സുന്ദരമായ സഥലം പോർബന്തറല്ലാതെ വേറെ ഏതുണ്ടവാനാണ് ? ഗാന്ധിജിയെപ്പോലെ, തന്റെ മുത്തച്ഛനെപ്പോലെ അവിടുത്തെ മനുഷ്യരൊക്കെ നല്ലവരാണ്... ഭൂമിയിലെ അത്രയ്ക്ക് നല്ല സ്ഥലമായതുകൊണ്ടാണ് അവിടെയുള്ള തന്റെ മുത്തച്ഛനും മുത്തശ്ശിയും താമസിക്കുന്ന വീട്ടിൽ ഇത്രയും വലിയ പേരയ്ക്കയും മാമ്പഴവുമൊക്കെ ഉണ്ടാവുന്നത്. തെരളിയും അവലോസുപൊടിയുമൊക്കെ കിട്ടുന്നത്. പിന്നെ മുത്തശ്ശിയുടെ വീട്ടിലേക്ക് കയറി‌‌ച്ചെല്ലുമ്പം തന്നെ ഹാളിൽ ഭിത്തിയില് ആരുടെയൊക്കെ ഫോട്ടോകളാ ഫ്രെയിം ചെയ്തു വച്ചിരിക്കുന്നതെന്നറിയാമോ ? ഗാന്ധിജിയുടെ, ഭഗത് സിങ്ങിന്റെ പിന്നെ സുബാഷ്ചന്ദ്രബോസിന്റെ അങ്ങനെ പലരുടെയും... പോരാത്തതിന് മുത്തച്ഛൻ എപ്പോഴും പറയുന്ന ചിലരുടെ പേരുണ്ട്. ജവാഹർ ലാൽ നെഹ്റു, ക്യാപ്റ്റൻ ലക്ഷ്മി, ആനിമസ്ക്രീൻ, ആനിബസന്റ്. .. ഇവരൊക്കെ ആരാണെന്നു പോലും കുഞ്ചുവിനറിയില്ലായിരുന്നു. അപ്പോ ഒരു ദിവസം മുത്തച്ഛൻ തന്നെയാ പറഞ്ഞത് അവരൊക്കെ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം വാങ്ങിത്തന്നവരാ എന്ന്. അപ്പോ കുഞ്ചു തന്റെ മുത്തച്ഛന്റെ നാട് പോർബന്തറാണെന് ന് വിചാരിക്കുന്നതിലെന്താ തെറ്റ്? അല്ലേ?

ഇനിയൊക്കെ പോട്ടെ. മുത്തച്ഛൻ വർത്തമാനം പറയുമ്പം കൂടെക്കൂടെ കേൾക്കാറുള്ള വാക്കാണ് സ്റ്റേറ്റ് കാങ്ക്രസ് എന്ന്. എന്താണീ സ്റ്റേറ്റ് കാങ്ക്രസെന്നൊന്നും കുഞ്ചുവിനറിയില്ല. ഒരു ദിവസം അതും മുത്തച്ഛനോട് കുഞ്ചു ചോദിച്ചു. അപ്പോ മുത്തച്ഛൻ ചോദിക്ക്യാ, അയ്യേ ഈ കുട്ടിക്ക് ഒരു വിവരോല്ലേ, ഇതൊക്കെ എന്താടാ ഇവന് പറഞ്ഞുകൊടുക്കാത്തതെന്നു ചോദിച്ച് അച്ഛനേം കൊറച്ച് വഴക്ക് പറഞ്ഞു മുത്തച്ഛൻ. അന്ന് സ്റ്റേറ്റ് കാങ്ക്രസിനെക്കുറിച്ച് ഉച്ചവരെ മുത്തച്ഛൻ കുഞ്ചുവിന് ഓരോന്നു പറഞ്ഞുകൊടുത്തു. ഇതൊക്കെ പിള്ളേർക്ക് പഠിക്കാനുള്ളാരുന്ന്. ഇപ്പോ ഇതൊന്നും പഠിക്കാനില്ലേ എന്നൊക്കെയായി മുത്തച്ഛൻ. ഏതായാലും മുത്തച്ഛന്റെ ക്ലാസ് കഴിഞ്ഞപ്പം കുഞ്ചുവിന് ഒരു കാര്യം മനസ്സിലായി. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട എന്തോ ഒന്നാണ് സ്റ്റേറ്റ് കാങ്ക്രസ് ​എ​ന്ന്. സ്റ്റേറ്റ് കാങ്ക്രസിന്റെ ആദ്യത്തെ സമ്മേളനം നടന്നത് നമ്മുടെ നാട്ടിലാ ദാ ആ സ്ഥലത്തിനപ്പുറത്ത് ​എന്നു വിരൽ ചൂണ്ടി മുത്തച്ഛൻ പറഞ്ഞപ്പോ കുഞ്ചുവിന് എന്തോ വെറുതെ ഒരഭിമാനം തോന്നി. കാര്യങ്ങൾ ഇങ്ങനെയൊക്കെയായ സ്ഥിതിക്ക് തന്റെ മുത്തച്ഛന്റെ വീടിനു തൊട്ടടുത്തുള്ള പള്ളിക്കൂടവും വായനശാലയും അമ്പലവും അരയാലും പഞ്ചാരമണലുമൊക്കെയുള്ള സ്ഥലം പോർബന്തറാണെന്നു തോന്നുന്നതിൽ എന്താണ് തെറ്റ്? ഇങ്ങനെയൊക്കെ കരുതാൻ കുഞ്ചുവിന് കിറുക്കാണെന്നു പറഞ്ഞ് അച്ഛനും അമ്മയും കളിയാക്കിയാലും താനങ്ങനെ കരുതുന്നതിലൊരു തെറ്റും കുഞ്ചു കാണുന്നില്ല. മനായോ ? ​ എന്താ ഈ മനായോ എ​ന്നു വച്ചാൽ ? മനസ്സിലായോ എന്നതിന് കുഞ്ചൂന്റെ മുത്തച്ഛൻ പറയുന്ന വാക്കാണ് മനായോ ? ​​എന്തെങ്കിലും വേണമെന്നു പറഞ്ഞ് കുഞ്ചു വാശി പിടിച്ചു കരയുമ്പം മുത്തച്ഛൻ അത് കൊള്ളില്ലെന്നും വയറ്റിനു കേടാണെന്നും പറഞ്ഞിട്ട് കുഞ്ചുവിനോട് ചോദിക്കും, ഇപ്പം മോന് മനായോ എന്താ മുത്തച്ഛൻ ആ സാധനം കൊള്ളില്ലെന്നു പറഞ്ഞതെന്ന്. അപ്പോ മുത്തച്ഛൻ ഗാന്ധിജിയോ ഇനി അതല്ലെങ്കിൽ ഗാന്ധിജിയുടെ അടുത്തയാളോ ആണെന്നും മുത്തച്ഛന്റെ നാട് പോർബന്തറാണെന്നും കുഞ്ചു വിചാരിക്കുന്നത് എ​ന്താണെന്ന് മനായോ ? മനായി എന്ന് കുഞ്ചു കരുതുന്നു.

അധ്യായം പതിനേഴ്

ഒരു വീശുപാളയുടെ ഓർമ്മ

കുഞ്ചു പഠിക്കാനിരിക്കുമ്പം അടുത്തുവന്ന് കാവലിരിക്കുന്ന ഒരാളുണ്ട്. ചക്കിപ്പൂച്ചയുമല്ല ചുന്ദരിപ്രാവുമല്ല കുഞ്ചുവിന്റെ മുത്തശ്ശി തന്നെയാണത്. താൻ പഠിക്കാനിരിക്കുന്നതിനടുത്ത് ഒരു ശല്യവുമുണ്ടാക്കാതെ മിണ്ടാതെ അടങ്ങിയൊതുങ്ങി മുത്തശ്ശി വന്നിരിക്കണമെന്ന് കുഞ്ചു തന്നെയാണ് പറയാറ്. മുത്തശ്ശിക്ക് അതിനൊരു മടിയുമില്ല. നിലത്ത് കാലുനീട്ടി കൈയിലൊരു വീശുപാളയും പിടിച്ച് മുത്തശ്ശി കൃത്യമസയത്ത് അവിടെ ഹാജരായിരിക്കും. ചിലപ്പോ കയ്യിലൊരു മണ്ണെണ്ണവിളക്കും തീപ്പെട്ടിയും കൂടെക്കാണും. രാത്രി കറന്റ് പോയാൽ വിളക്ക് തിരക്കി നടക്കാതിരിക്കാനാണത്. കവുങ്ങിന്റെ പാള വെട്ടി മുത്തശ്ശി തനിയെയുണ്ടാക്കുന്ന വിശറിയാണ് വീശുപാള. ഫാനിന്റെ കാറ്റൊക്കെ ആർക്ക് വേണം? വീശുപാളയുടെ കാറ്റിനുള്ള സുഖം ഏതു ഫാനിനുണ്ട് എന്നാണ് മുത്തശ്ശി ചോദിക്കുന്നത്.

മുത്തശ്ശി അതേ വീശുപാള തന്നെ പുറം ചൊറിയാനും ഉപയോഗിക്കും. കുഞ്ചുവിന് ആ വീശുപാള കയ്യിലെടുക്കാൻ വളരെ ഇഷ്ടമാണ്. പക്ഷേ മുത്തശ്ശി അത് കുഞ്ചുവിന്റെ കയ്യിൽ സൂക്ഷിച്ചേ കൊടുക്കൂ. ചെറുക്കൻ ചിലപ്പോ അത് മടക്കി ഒടിച്ചു കളയും എന്ന പേടി മുത്തശ്ശിക്കുണ്ട്. ഉണങ്ങിയ കവുങ്ങിൻ പാള നിലത്തുവീഴുമ്പോ മുത്തശ്ശി അതു ചെന്ന് ഓടിയെടുത്ത് കൊണ്ടുപോവും. വിശറിയുണ്ടാക്കാൻ. കുഞ്ചുവാണെങ്കിലോ ആ കവുങ്ങിൻ പാളയിൽ കയറിയിരുന്ന് അടുത്ത വീട്ടിലെ പിള്ളേരെക്കൊണ്ട് തന്നെ മുറ്റത്തുകൂടി വലിച്ചിഴച്ചുകൊണ്ടുപോവാൻ പറയും. കുട്ടികൾ അതിന്റെ ഓലയിൽ പിടിച്ച് വലിച്ചിഴയ്ക്കുമ്പോ കുഞ്ചു കാറിൽ ഗമയിലിരിക്കുന്നതുപോലെ പാളയിലങ്ങനെ ഇരിക്കും. അധികം വൈകാതെ പാള നിലത്തുരഞ്ഞ് കീറിപ്പോവുകയും ചെയ്യും. കവുങ്ങിൻ പാള വെറുതെയിങ്ങനെ ചീത്തയാക്കാതിരുന്നാൽ ഇനിയും വിശറിക്കെടുക്കാമെന്ന് മുത്തശ്ശി പറയും. കവുങ്ങിൻ പാള വെട്ടിയെടുത്ത് വിശറിയാക്കാൻ മുത്തശ്ശിക്ക് അഞ്ചു മിനിറ്റു പോലും വേണ്ട. ആ പാളയുടെ മണം കുഞ്ചുവിന് വളരെ ഇഷ്‌ടമാണ്.

ചിലപ്പോ മുത്തശ്ശിയിങ്ങനെ കുഞ്ചുവിന്റടടുത്ത് വന്ന് പഠിക്കാൻ കൂട്ടിരിക്കുമ്പം കുഞ്ചു ഗമ കാണിക്കും. ശുണ്​ഠിയെ‌ടുത്ത് കുഞ്ചു പറയും, വെറുതെ എന്നെ ശല്യപ്പെടുത്തരുത് എന്ന്. അപ്പോ മുത്തശ്ശി : ഒന്നു പോ‌ടാ കുഞ്ചുവേ നീ. ഒരു പഠിത്തക്കാരൻ വന്നിരിക്കുന്ന്. ഈ ഞാനേ, നിന്നെക്കാൾ മു‍ൻപേ നിന്റച്ഛന് എമ്മേ വരെ പഠിക്കാൻ കൂട്ടിരുന്നവളാ . പിന്നാ ഏഴാം ക്ലാസി പഠിക്കുന്ന നീ. അന്ന് അവൻ പഠിക്കാനിരിക്കുമ്പം അടുത്തെങ്ങും കോഴി കൊത്തിപ്പെറുക്കാൻ കൂടി ഞാൻ സമ്മതിക്കത്തില്ലാരുന്ന്. അവന്റെ ശ്രദ്ധ തെറ്റണ്ട എന്നു കരുതി. എ​ന്നിട്ടവൻ ​ എമ്മേക്ക് ഫഷ് ക്ലാസിൽ പാസായി. വേറെ ഒരു ഫഷ് ക്ലാസ് ആർക്കും ആ കോളജിലും കൂടിയില്ലാരുന്നു. ’’ അതു പറയുമ്പോ മുത്തശ്ശിക്ക് ഇത്തിരി ഗമ കൂടും. മുത്തശ്ശിയുടെ വർത്തമാനം അങ്ങനെ നീണ്ടുപോവും. താണ നിലയിൽ നിന്നു പഠിച്ചു വലുതായി നല്ല ജോലി വാങ്ങിയ അച്ഛനോട് കുഞ്ചുവിന് അപ്പോ വല്യ ആരാധന തോന്നും. അച്ഛനെ കോളജിൽ വിട്ടു പഠിപ്പിക്കാൻ പൈസയില്ലാതിരുന്നതും ഫീസ് കൊടുക്കാൻ ഇല്ലാഞ്ഞ് ഓരോരുത്തരോട് പൈസ ചോദിച്ചതും ചിലര് കൊടുത്തതും വേറെ ചിലര് കൊടുക്കാതിരുന്നതും ഒക്കെ മുത്തശ്ശിയുടെ വർത്തമാനത്തിൽ കടന്നുവരും. ഒടുക്കം മുത്തശ്ശി പറയും കുഞ്ചൂ, താണ നിലത്തേ നീരോടൂ, അവിടേ ദൈവം തുണയേകൂ. മുത്തശ്ശി കഷ്ടപ്പെട്ട് കുഞ്ചുവിന്റച്ഛനെ പഠിപ്പിച്ച ഇല്ലായ്മയുടെ നാളുകൾ പറയുമ്പോ കുഞ്ചൂവിനും സങ്കടം തോന്നും. പണ്ട് വീടിനടുത്തുള്ള സ്കൂളിൽ ഏഴാം ക്ലാസ് വരെയേ ഉണ്ടായിരുന്നുള്ളൂ. ഹൈസ്കൂളിൽ പോവണമെങ്കിൽ പട്ടണത്തിലെ സ്കൂളിൽ ചേരണം. അവിടെ വിട്ടു പഠിപ്പിക്കാൻ മുത്തശ്ശിക്കും മുത്തച്ഛനും കാശില്ല. എവിടെ നിന്നോ കാശുമായി മുത്തച്ഛൻ വന്നപ്പോ കന്നേറ്റിപ്പാലം നടന്നു കയറി വേണമല്ലോ എ​ന്റെ കുഞ്ഞ് പഠിക്കാൻ പോവാനെന്നോർത്തപ്പോ മുത്തശ്ശിക്ക് പേടിയായത്രേ. അന്ന് ബസ് ഒന്ന ുമില്ല. എന്റെ കുഞ്ഞ് പാലത്തിന്റടീന്ന് താഴോട്ട് നോക്കിയാ അവന് പേടിയാവൂലേ എന്നു ചിന്തിച്ചായിരുന്നത്രേ മുത്തശ്ശിക്ക് പേടി. ഇതു കേട്ട ശേഷം ഏതു പാലത്തിൽ കൂടി പോവുമ്പോഴും താഴേക്കു നോക്കിയാൽ കു‍ഞ്ചുവിനും പേടി തോന്നും. താൻ സ്കൂളിൽ പഠിക്കുന്ന കാലത്ത് വീട്ടിലെ കഷ്ടപ്പാടിനെക്കുറിച്ചൊക്കെ ഇടയ്ക്ക് സമയം കിട്ടുമ്പോ അച്ഛനും കുഞ്ചുവിനോട് പറയും.

അന്ന് എല്ലാ ആൺകുട്ടികളും പത്താം ക്ലാസ് വരെ നിക്കറിട്ടാണ് സ്കൂളിൽ പോവുന്നതെന്ന് അച്ഛൻ പറയുമ്പോ കുഞ്ചൂന് വിശ്വസിക്കാൻ കൂടി വയ്യാരുന്ന്. നിക്കർ എന്നല്ല ട്രൗസറ് എന്നാണ് മുത്തശ്ശി പറയുക. അന്ന് പാന്റൊന്നും കാണാൻ കൂടിയില്ല കുഞ്ചൂ. അച്ഛൻ പറഞ്ഞതു കേട്ട് കുഞ്ചു കണ്ണുമിഴിച്ചിരുന്നു. കു‍ഞ്ചു പാന്റിടുമ്പോ മുത്തച്ഛൻ പാന്റിനെ പറയുന്നത് കാൽസറാ എന്നാണ്. എടാ കൊച്ചനേ, പള്ളിക്കൂടത്തിപ്പോയേച്ച് വന്നാ കാൽസറാ ഊരി വഴിനീളേയിടാതെ എവിടെങ്കിലും ഒരിടത്തു കൊണ്ട് ഒതുക്കി വെയ് എന്നാണ് മുത്തച്ഛൻ പറയുക. ‘‘ഞാൻ കോളജിലായപ്പോ മുണ്ടാണ് ഉടുത്തിരുന്നത്’ ’ അച്ഛൻ പറഞ്ഞു. അപ്പോ കുഞ്ചു ആകാംക്ഷയോ‌ടെ ചോദിച്ചു , പിന്നെന്നാ അച്ഛൻ ആദ്യമായി പാന്റിട്ടത് ? ഞാൻ ആദ്യമായി മലപ്പുറത്ത് ജോലി കിട്ടിപ്പോയപ്പോ മലപ്പുറത്തുനിന്ന് കോഴിക്കോട്ട് ചെന്നാണ് ഒരു പാന്റസ് തയ്പ്പിച്ചത്. അതെന്താ അത്രേം ദൂരം പോയത് എ​ന്നു ചോദിക്കും മുൻപേ കുഞ്ചൂന്റച്ഛൻ പറഞ്ഞു, എന്നു വച്ചാ പാന്റ് തയ്ക്കാനറിയാവുന്നവരൊന്നും എങ്ങും ഇല്ല. കോഴിക്കോട്ടങ്ങാടീല് ഒരാളുണ്ടെന്നു കേട്ടാണ് മലപ്പുറത്തുനിന്ന് അവിടം വരെ പോയത്. ’’ അൽഭുതമെന്നല്ലാതെന്തു പറയാൻ .കുഞ്ചു ഓർത്തു.

ഒരു ദിവസം കുഞ്ചൂം അച്ഛനും കൂടി മുടി വെട്ടാൻ പോയി. അന്നും അച്ഛൻ പറഞ്ഞു, താൻ കുട്ടിയായിരിക്കെ ആ ഫാഷനിൽ വെട്ടണം ഈ ഫാഷനിൽ വെട്ടണം എന്നൊന്നും പറയാൻ ബാർബർഷോപ്പ് പോലും ഇല്ലായിരുന്നെന്ന്. ‘പിന്നെങ്ങനെയാ മുടി വെട്ടിയിരുന്നത്?’ കുഞ്ചു ചോദിച്ചു, അതേയ് ബാർബർ വീട്ടിലേക്ക് വരും. ഒരു മഗ് വെള്ളവും കത്തിയുമായി വന്ന് ഒരു മരച്ചുവട്ടിൽ വീട്ടിലെ ആൺകുട്ടികളെയും അവരുടെ അച്ഛനെയും നിരത്തിയിരുത്തി ഒറ്റവെട്ടാണ്.പറ്റെവെട്ട്. ക്രാപ്പ് എന്നാണ് അങ്ങനെ വെട്ടുന്നതിനു പറയുന്നത് തന്നെ’’ അച്ഛൻ പറഞ്ഞു.

അധ്യായം പതിനെട്ട്

കല്യാണത്തിന് വടി കൊടുത്തു വിട്ടാൽ

കഷ്ടപ്പാടിനിടയിലും കുഞ്ചൂന്റച്ഛൻ പഠിച്ചു വലുതായി. വീട്ടിലെ ഇല്ലായ്മകളുടെ നാളുകൾ മറന്നിട്ടില്ലാത്തതുകൊണ്ടാവും ഇന്നും ആരു വിഷമിച്ചാലും കുഞ്ചൂന്റച്ഛൻ അവരെ ആശ്വസിപ്പിക്കും എല്ലാം നേരെയായി നല്ല കാലം വരുമെന്ന്. എ​ന്നെ ദൈവം അതാണ് പഠിപ്പിച്ചതെന്ന്, സങ്കടപ്പെടുന്ന പലരോടും അച്ഛൻ പറയുന്നത് കുഞ്ചു കേട്ടിട്ടുണ്ട്. ചെറിയ അസൗകര്യങ്ങൾ നമ്മൾ മറക്കണം. അതാണ് ജീവിതത്തിന് നല്ലത്. ചിലരുണ്ട് ഒന്നിനോടും ഒത്തുപോവാത്തവർ. അങ്ങനെയാവരുത് കുഞ്ചൂ. അച്ഛൻ പറഞ്ഞു, ഇടയ്ക്ക് ഇങ്ങനെ ചില ഉപദേശങ്ങളൊക്കെ അച്ഛൻ കുഞ്ചുവിന് കൊടുക്കാറുണ്ട്. കുഞ്ചൂന്റച്ഛൻ ഇതു പറഞ്ഞത് പണ്ടൊരിക്കൽ അമ്മയുമായി ഒരു ഹോട്ടലിൽ കയറിയപ്പോഴാണ്. ഒരു ഞായറാഴ്ച അമ്പലത്തിൽ പോയിട്ട് വരുന്ന വഴി കുഞ്ചൂനെയും കൂട്ടി അച്ഛനുമമ്മയും ഹോട്ടലിൽ കയറി. സപ്ലയർ വന്നപ്പോൾ കുഞ്ചു മേശയിലിങ്ങനെ താളം പിടിച്ച് എല്ലാം നോക്കിയിരിക്കുകയാണ്. കുഞ്ചൂന് പൂരി മതി. കുഞ്ചുവിന്റെ അച്ഛൻ അമ്മയോട് ചോദിച്ചു, എ​ന്തു വേണം നിനക്ക് കഴിക്കാനെന്ന്. പുട്ട്, പൊറോട്ട, ദോശ, പത്തിരി, ഇഡ്ഡലി, ചപ്പാത്തി, പൂരി, അപ്പം.. ഒറ്റശ്വാസത്തിൽ സപ്ലയർ പറഞ്ഞു. ഉടനെ കൊല്ലത്തമ്മച്ചി പകുതി അച്ഛനോടും പകുതി സപ്ലയറോടുമായി ചോദിക്ക്യാ, അല്ലാ അതേ, ഇവിടെ ഇഡിയപ്പമുണ്ടോ എന്ന്. കുഞ്ചൂന് ചിരി വന്നു, അച്ഛന് ശുണ്ഠിയും. അമ്മ എപ്പോഴും ഇങ്ങനെയാണ്. ഏത് ഹോട്ടലിൽ ചെന്നാലും അവിടെ ഇല്ലാത്ത സാധനത്തിന്റെ പേര് കൃത്യമായി ചോദിക്കും. എന്നിട്ട് അമ്മ പറഞ്ഞു, എനിക്ക് ഇത്തിരി ഇഡിയപ്പം കഴിക്കണമെന്നുണ്ടായിരുന്നു. കുഞ്ചൂ വീണ്ടും ചിരിച്ചു, അല്ല സത്യമായിട്ടും മോനെ ഒത്തിരി നാളായി ഇഡിയപ്പം കഴിച്ചിട്ട് എന്നും പറഞ്ഞു. അച്ഛൻ ഉടനെ പറഞ്ഞു, പണ്ട് അച്ഛൻ ജോലി ചെയ്തിരുന്ന മലപ്പുറത്തെ ഓഫിസിലും അമ്മയെപ്പോലെ ഒരാളുണ്ടായിരുന്നു എന്ന്. രാവിലെ അച്ഛന്റെ കൂടെയാവും ഹോട്ടലിലേക്ക് അയാൾ പോവുക. ചെന്നാലുടൻ അവിടെയുള്ള എല്ലാ സാധനങ്ങളും ചോദിച്ച് മനസ്സിലാക്കും. എന്നിട്ട് ഇല്ലാത്ത സാധനത്തിന്റെ പേര് കൃത്യമായി കണ്ടുപിടിച്ചിട്ട് അതുണ്ടോന്നു ചോദിക്കും. ​​എങ്കിലും നമുക്കെല്ലാം ഉണ്ടാക്കിത്തരുന്നത് കൊല്ലത്തമ്മച്ചിയല്ലേ. കൊല്ലത്തമ്മച്ചിക്ക് ഇടിയപ്പം കിട്ടാഞ്ഞത് കഷ്ടമായിപ്പോയച്ഛാ എന്ന് കുഞ്ചു അച്ഛനോട് പറഞ്ഞു.

തുടർന്ന് നമുക്ക് ഏതു സാഹചര്യവുമായും ഒത്തുപോവാൻ കഴിയണമെന്നു പറഞ്ഞ് കുറേ സംസാരിച്ചു. അമ്മയോടെന്നല്ല കുഞ്ചുവിനോടും അച്ഛന് ഇതു തന്നെയാവും പലപ്പോഴും പറയാനുണ്ടാവുക. ഒരു ദിവസം സ്കൂളിൽ നിന്നു വന്ന് കുഞ്ചു പറഞ്ഞു, കിരൺ എന്നെ കളിയാക്കിയെന്ന്, അയ്യേ നിന്റച്ഛനെന്താ മീശയില്ലാത്തത്, ഞങ്ങടെയൊക്കെ അച്ഛന് മീശയുണ്ടല്ലോ എ​ന്ന് അവൻ പറഞ്ഞത്രേ. വേറൊരു ദിവസം ‌അശോക് കുഞ്ചൂന്റെ ബാഗിൽ പിടിച്ചു വലിച്ചു, അപ്പോ ടീച്ചറ് പറഞ്ഞു, ഇനി കുഞ്ചൂന്റെ ബാഗിൽ തൊടരുതെന്ന്. പക്ഷേ ഇന്നും അശോക് ഞാൻ ബാത്റൂമിൽ പോയപ്പോ എന്റെ ബാഗിൽ തൊട്ടെന്ന് അഭിലാഷ് പറഞ്ഞു. െഎ‌ഷുക്കുട്ടി എനിക്ക് ഇരിക്കാൻ സ്ഥലം തന്നില്ല. അച്ഛൻ ടീച്ചറോട് പറയണം അവരെ വേറെ സ്കൂളിൽ പറഞ്ഞു വിടണമെന്ന്. – ഒരു ദിവസം അച്ഛന്റടുത്ത് കുഞ്ചു ഈ ആവശ്യവുമായാണ് ച‌െന്നത്. അച്ഛനപ്പോ പണ്ട് ഓഫിസിലുണ്ടായ ഒരു സംഭവം പറഞ്ഞു. അച്ഛന്റെ കൂടെ ജോലി ചെയ്യുന്ന ഒരങ്കിൾ മേലാപ്പീസറോട് പറഞ്ഞത്രേ, ഇവിടുത്തെ അഞ്ചുപേരും കുഴപ്പക്കാരാണ്, അവരെ വേഗം ദൂരേക്ക് സ്ഥലം മാറ്റണമെന്ന്. ഇതു കേട്ട് ഒരു നിമിഷം മിണ്ടാതിരുന്നിട്ട് ഓഫിസർ ചോദിച്ചു, എന്നാപ്പിന്നെ ഏറ്റവുമെളുപ്പം നിങ്ങളെയങ്ങ് മാറ്റുന്നതല്ലേ എന്ന്. ​എന്നിട്ട് അച്ഛൻ പറഞ്ഞു, ‘ അതുകൊണ്ട് കുഞ്ചു ഇങ്ങനെ മറ്റുള്ളവരുടെ കുറ്റം പറഞ്ഞ് നടക്കരുത്. ലോകം മുഴുവൻ വൃത്തിയാക്കിയിട്ട് നമ്മളിറങ്ങി നടക്കാമെന്നു വിചാരിച്ചാൽ നടപ്പില്ല കേട്ടോ. പകരം നമ്മൾ ചെരിപ്പിട്ട് നടക്കുക. എന്നുവച്ചാൽ കുഞ്ചു അതൊന്നും കാര്യമാക്കാതെ ​​ എല്ലാവരോടും ചിരിച്ചുകളിച്ചങ്ങ് നടക്കുക. അപ്പോ ​‌െഎ​‌ഷുക്കുട്ടി ഇരിക്കാൻ സ്ഥലം തരും. ആരെങ്കിലും ബാഗിൽ തൊട്ടാൽ വാടുന്ന തൊട്ടാവാടിയല്ല കുഞ്ചു. പിന്നെ കുഞ്ചൂന്റച്ഛന്റെ‌ മീശ ബുദ്ധിയുള്ളവര് നോക്കിയാലേ കാണാമ്പറ്റൂ. കിരണിന് ബുദ്ധിയില്ലാത്തോണ്ടാ കാണാത്തേ എന്നു പറയണ എ​ന്നു പറഞ്ഞ് കുഞ്ചുവിനെ അച്ഛൻ സന്തോഷിപ്പിച്ചു.

ഇതുകേട്ട് അമ്മ വന്നു പറഞ്ഞു, നീ നമ്മുടെ വാര്യത്തെ സുധേടെ മോനെ കണ്ടു പഠിക്ക് അവൻ ആരോടും വഴക്കിനും പോവില്ല. ഒരു കുരുത്തക്കേടുമില്ല. ആരുടെയും കൂടെ കളിക്കാനും പോവില്ല. ആരെയും കളിയാക്കാനും നിൽക്കില്ല. അച്ഛന് അമ്മ ആ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല. കുഞ്ചുവിനെ മറ്റൊരു കുട്ടിയോട് താരതമ്യം ചെയ്തത്. അച്ഛൻ പറഞ്ഞു, കുട്ടികളായാൽ കുസൃതി വേണം. മുറ്റത്തെ റോസാച്ചെടിയോട് പറഞ്ഞെന്നിരിക്കട്ടെ നാളെ മുതൽ പൂവിട്ടുപോവരുത്. കണ്ടാൽ ഞാൻ ശരിയാക്കുമെന്ന്. റോസാച്ചെടിയാണോ അതിൽ പൂക്കൾ വിരിയും. കുട്ടികൾ കുസൃതി കാട്ടും. അല്ലാതെ നമ്മളവരെ പിടിച്ചുവച്ചോണ്ടിരുന്നാലേ ഒരു വീട്ടിലെ പട്ടി മറ്റൊരു വീട്ടിലെ പട്ടിയെ കണ്ട കഥ പോലാവും. ’’ ഇതു പറഞ്ഞ് അച്ഛൻ ഒരു കഥയെടുത്തിട്ടു. കുഞ്ചു ആലോചിച്ചു. അച്ഛനെവിടുന്നാ ഇത്രേം കഥകള്. കുഞ്ചു തന്നെ അതിനുള്ള ഉത്തരവും കണ്ടെത്തി. അതാ പുസ്തകം വായിച്ചാലുള്ള ഗുണം. അച്ഛൻ ഒത്തിരി പുസ്തകം വായിക്കുന്നയാളാ. എന്നിട്ട് ചിലപ്പോ എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് നടക്കുന്നത് കാണാം. വായിച്ചതൊക്കെ ഓർത്തു പറയുന്നതാണെന്നാ അക്കാര്യം ചോദിച്ചപ്പോ അമ്മ പറഞ്ഞെ. അതുപോട്ടെ. അപ്പോ എന്താ ഒരു വീട്ടിലെ പട്ടി മറ്റൊരു വീട്ടിലെ പട്ടിയെ കണ്ട കഥയെന്നറിയണ്ടേ ? അച്ഛൻ പറഞ്ഞു. പണ്ടു നടന്ന സംഭവമാണ്. ഒരു വീട്ടിലെ പട്ടി അടുത്ത വീട്ടിലെ പട്ടിയോട് ചോദിച്ചു, പറയൂ ​ എന്തൊക്കെയുണ്ട് വിശേഷം? എങ്ങനെയുണ്ട് നിന്റെ ജീവിതം? അപ്പോ ഒരു പട്ട‌ി പറഞ്ഞു. ഓ, പരമദുരിതം. മുഴുപ്പട്ടിണി. പല ദിവസവും കഞ്ഞിവെള്ളം മാത്രം. ചിലപ്പോ അതും കൂടി കിട്ടില്ല. മറ്റേ വീട്ടിലെ പട്ടി ചോദിച്ചു, ആട്ടെ, നിന്റെ കാര്യം പറഞ്ഞില്ല. നിനക്കവിടെ എങ്ങനെയുണ്ട്. ചൈനയിലെ പട്ടി നാലുചുറ്റും നോക്കിയിട്ട് പറഞ്ഞു. എനിക്ക് നാലു നേരമാണ് ഭക്ഷണം. കുശാൽ. ഇറച്ചിക്കറിയും ഫ്രൈയും കഴിച്ചു മടുത്തു. ഓരോ നേരവും രണ്ടും മൂ ന്നും പ്ലേറ്റിലാണ് എ​നിക്ക് ഭക്ഷണം വിളമ്പുക. ആദ്യത്തെ പട്ടിക്ക് കൊതിമൂത്തു. പക്ഷേ അതൊന്നുമല്ല പ്രശ്നം. മറ്റേ വീട്ടിലെ പട്ടി തുടർന്നു പറഞ്ഞു. ‘‘ എന്നോട് പറഞ്ഞിരിക്കുന്നത്. നാലു നേരം വാരി വിഴുങ്ങിക്കോണം. പക്ഷേ ഒരിക്കൽപ്പോലും കുരച്ചു പോവരുതെന്നാ. അറിയാതെ എങ്ങാനും കുരച്ചാലോ, അപ്പോ കിട്ടും യജമാനനന്റെ തല്ല്. ഞാൻ ഒന്നു മനഃസമാധാനമായി കുരച്ചിട്ട് വർഷങ്ങളായി. ഒന്നു കുരയ്ക്കാൻ കൊതിയാവുന്നു. കുരയ്ക്കാൻ അനുവാദമില്ലെങ്കിൽ, ഒരു പട്ടിക്ക് വേറെ എന്തുണ്ടെന്ന് പറഞ്ഞാലെന്താ ? വൃത്തികെട്ടവന്മാര്. നായ്ക്കള്. കുരയ്ക്കാൻ കൂടി സമ്മതിക്കില്ല. ’’ അച്ഛൻ ഇത്രയും പറഞ്ഞിട്ടു കുഞ്ചുവിന്റെ തലമുടിയിൽ തലോടിക്കൊണ്ടു പറഞ്ഞു, ഓരോ ജീവിക്കും അതിന്റേതായ സഹജ വാസനകളുണ്ട്. അത് മറ്റൊരാളായിട്ട് പിടിച്ചുകെട്ടുന്നത് ശരിയല്ല. പീലി വിരിച്ചാൽ കഴുത്ത് വെട്ടുമെന്ന് യജമാനൻ മയിലിനോട് പറഞ്ഞാൽ അത് പിന്നെ മയിലാണെന്നു പറഞ്ഞ് ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ ? കുഞ്ഞുങ്ങളായാൽ മണ്ണിലിറങ്ങിക്കളിക്കണം. ഇടയ്ക്കൊന്ന് കൂവണം. അങ്ങനെയൊക്കെയാ. ഈ അച്ഛനാള് കൊള്ളാം. അച്ഛനെന്തു പറഞ്ഞാലും നമുക്കതിൽ കാര്യമുണ്ടെന്നു മനസ്സിലാവും. അതാ അച്ഛന്റെയൊരു മിടുക്ക് – കുഞ്ചു വിചാരിച്ചു.

മുത്തച്ഛനും ഇങ്ങനെ ചില കഥകളൊക്കെ പറയുന്നത് കു‍ഞ്ചു കേട്ടിട്ടുണ്ട്. മുത്തച്ഛനിൽ നിന്ന് കിട്ടിയതാവും അച്ഛന് കഥ പറയാനുള്ള ഈ ഉൽസാഹം. മുത്തച്ഛന് വലിയ വായനയൊന്നുമില്ല. മുത്തച്ഛൻ കേട്ടറിഞ്ഞ കഥകൾ പറയുന്നു. അച്ഛൻ വായിച്ച കഥ പറയുന്നു. ഏതായാലും ഒരു കാര്യം കുഞ്ചുവിന് അറിയാം. കഥ കേൾക്കുന്നത് രസമുള്ള കാര്യമാണ്. പണ്ട് വീടിനടുത്ത് ഒരു കല്യാണത്തിന് പോയിട്ട് വരാനെന്ന് മുത്തച്ഛൻ കുഞ്ചൂന്റച്ഛനോട് പറഞ്ഞു. ഓഫിസിൽ നിന്ന് വൈകി വന്നതിന്റെ ക്ഷീണത്തിന് അച്ഛൻ പറഞ്ഞു. ഞാൻ പൈസ തരാം. അച്ഛൻ കടയിൽ നിന്ന് ഒരു ഗിഫ്റ്റ് വാങ്ങി കൊണ്ടുക്കൊടുത്താൽ മതിയെന്ന്. മുത്തച്ഛന് അതിഷ്ടമായില്ല. പണ്ട് ഇവിടെ അടുത്തുള്ള ഒരാൾ ആരു കല്യാണം വിളിച്ചാലും കാര്യസ്ഥന്റെ കയ്യിൽ ഒരു വടി കൊടുത്തുവിടും. കാര്യസ്ഥൻ വടി കല്യാണ വീട്ടിൽ കൊണ്ടുക്കൊടുത്തിട്ട് പറയും. ഏമാന് വരാൻ പറ്റിയില്ല. ഇതു സ്വീകരിക്കണമെന്ന്. ഒ‌‌ടുവിൽ ഏമാന്റെ മകളുടെ കല്യാണത്തിന് ആരും പോയില്ല. പകരം എല്ലാവരും ഓരോ വടി കൊടുത്തുവിട്ടു. കല്യാണവീട്ടിൽ പത്തഞ്ഞൂറ് വ‌ടികൾ. നമ്മളോടുള്ള ഇഷ്ടം കൊണ്ടാണ് മറ്റുള്ളവർ ഓരോന്നിന് ക്ഷണിക്കുന്നത്. അതിന് നമ്മൾ നേരിട്ട് ചെല്ലണം. ഹലുവായും മിക്സ്ചറുമൊക്കെയായി ആളുകൾ വാവാന്നു പറഞ്ഞ് കാത്തിരിക്കുമ്പം ഈ അച്ഛനെന്താ പോയാല് എന്നായിരുന്നു കുഞ്ചൂന്റെ സംശയം.

അല്ലെങ്കിലും കുഞ്ചുവിനോട് മുത്തശ്ശി പറഞ്ഞിട്ടുണ്ട്, ആരെയും നോവിച്ച് സംസാരിക്കുക പോലും ചെയ്യരുതെന്ന്. നമുക്കാരോടും ശത്രുത പാടില്ല. ആരോടും വഴക്കിനു പോവരുത്. കുഞ്ചു കേട്ടിട്ടില്ലേ, നല്ല വാക്കോതുവാൻ ത്രാണിയുണ്ടാവണം ​എന്ന്, അതായിരിക്കണം കുഞ്ചുവിന്റെ എന്നത്തെയും വലിയ പ്രാർഥന – മുത്തശ്ശി പറഞ്ഞു. വെറുതെ മറ്റുള്ളവരെ നോവിച്ചാൽ ആനക്കഥയിലെ തയ്യൽക്കാരന് പറ്റിയ അമളിപോലാവുമെന്നാണ് മുത്തശ്ശി പറയാറ്. തയ്യൽ കടയുടെ മുന്നിലൂടെ പോവുന്ന ആനയെ തയ്യൽക്കാരൻ എന്നും ഒരു സൂചിയെ‌ടുത്ത് കുത്തും. ചുമ്മാ ഒരു രസത്തിന്. പാവം ആന കുത്തുകൊണ്ട് പുളയും. ഒരു ദിവസം ആന കുളിച്ചിട്ട് വരുന്ന വഴിക്ക് തയ്യൽക്കാരന്റെ കടയുടെ മുന്നിൽ വന്നപ്പോൾ തുമ്പിക്കൈയിൽ നിന്ന് ശിർർന്ന് വെള്ളം ചീറ്റി. തയ്യൽക്കാരന്റെ തുണിയത്രയും നനഞ്ഞുപോയി. കഥ കേട്ട് കുഞ്ചു അറിയാതെ പറഞ്ഞുപോയി, അയ്യോ ഞാനില്ല ആരെയും നോവിക്കാൻ. അപ്പോ കുഞ്ചൂന് ഉറക്കം വരുന്നു. കുഞ്ചു ഓർത്തു, എന്തെല്ലാം കഥകളാ ഈ വീട്ടില്. അച്ഛൻ പറയുന്ന കഥ, മുത്തച്ഛനും മുത്തശ്ശിയും പറയുന്ന കഥകൾ. ഈ കുഞ്ചൂന്റെ വീടൊരു കഥ വീടു തന്നെ.

അധ്യായം പത്തൊൻപത്

മുട്ടയിട് താറാവേ, മുട്ടായി തരാം

അവധിക്കാലം തുടങ്ങിയാൽ കുഞ്ചു ഏതുനേരവും മണ്ണിൽ തന്നെ കളിയോടു കളിയാണ്. രാവിലെ പറമ്പിലേക്ക് ഇറങ്ങിയാൽ സന്ധ്യയ്ക്ക് അമ്മ കുളിപ്പിക്കാൻ വിളിക്കുമ്പോഴേ വീട്ടിൽക്കയറൂ. ഇതിനിടയ്ക്ക് ഉച്ചയ്ക്ക് വന്ന് ചോറ് കഴിച്ചെന്നു വരുത്തി ഒറ്റ ഓട്ടമാണ്. കുഞ്ചുവിന്റെ മുത്തശ്ശിയുടെ വീട്ടിൽ പലതരം മരങ്ങളുണ്ട്. കിളിച്ചുണ്ടൻ മാവ്, കർപ്പൂര മാവ്, മൂവാണ്ടൻ മാവ്, കപ്പമാവ്, തേൻ വരിക്കപ്ലാവ്, കൂഴപ്ലാവ്, ആത്തച്ചക്കമരം, മുള്ളുമുന്തിരി, ഇലുമ്പൻ പുളി, കമ്പിളിനാരകം, ചാമ്പ എന്നു വേണ്ട ഞാറപ്പഴവും നെല്ലിയും പേരയും വരെയുണ്ട്. കുഞ്ചു രാവിലെ തൊട്ട് ഓരോ മരത്തിന്റെയും ചുവട്ടിലുണ്ടാവും. നല്ല പഴുത്ത കൂഴച്ചക്ക അളിപിളിയാവുന്നത് കഴിക്കാനാണ് കുഞ്ചുവിന് ഇഷ്ടം. അപ്പോ മുത്തശ്ശി പറയും സൂക്ഷിച്ച് കഴിക്കണം കുരു അകത്തുപോയാൽ വയറ്റിക്കിടന്ന് കിളിർക്കുമെന്ന്. അന്നേരം കുഞ്ചു സങ്കൽപ്പിക്കും തന്റെ വയറ്റിൽ നിന്ന് ഒരു പ്ലാവ് വളർന്ന് വായിലൂടെ മുകളിലേക്ക് വളർന്ന് പന്തലിക്കുന്നത്. ഹായ്.

മുത്തശ്ശി വളർത്തുന്ന കോഴികൾ ഏതുനേരവും ചെടികളി‍ക്കിടയിൽ കൊത്തിപ്പെറുക്കുന്നത് കാണാം. കുഞ്ചു അവറ്റകൾക്കൊപ്പം കൂടും. കോഴികൾ പരസ്പരം വർത്തമാനം പറയുന്നത് കേൾക്കുമ്പോൾ പെൻ പെൻ പിൻ പിൻ എന്നല്ലാതെ കുഞ്ചുവിന് ഒന്നും മനസ്സിലാവില്ല. എന്നുമിങ്ങനെ മണ്ണിൽക്കളിച്ചാൽ കാലുനിറയെ ചിരങ്ങ് വരുമെന്ന് അമ്മ പലതവണ കുഞ്ചുവിനോട് പറഞ്ഞിട്ടുള്ളതാണ്. അപ്പോ കുഞ്ചുവിനൊരു സംശയം, അങ്ങനെയാണെങ്കി ഇവിടുത്തെ പൂവൻകോഴി ഏതുനേരവും മണ്ണിൽക്കളിയല്ലേ അതിന് ചിരങ്ങ് വരുന്നില്ലല്ലോ എന്ന്.

അങ്ങനെയിരിക്കെ ഒരു ദിവസം രാത്രി കുഞ്ചുവിന്റെ കാലിന്റെ വിരലിന് ഭയങ്കര ചൊറിച്ചിൽ. രണ്ടു ദിവസം കഴിഞ്ഞതും കുഞ്ചുവിന്റെ കാലു നിറയെ കരപ്പൻ വന്നു പഴുത്തു. മുത്തശ്ശി കുഞ്ചുവിനെയും കൊണ്ട് വൈദ്യശാലയിൽ പോയി. പോവുന്ന വഴിക്കൊക്കെ തോട്ടിൽ താറാവിനെയോ മാനത്തുകണ്ണിയെയോ കണ്ടാൽ കുഞ്ചു അതും നോക്കി നിൽക്കും. നടക്ക് കുഞ്ചൂ, വൈദ്യരങ്ങ് പോവും എന്ന് എത്ര പറഞ്ഞാലും കുഞ്ചു താറാവിനെ നോക്കി നിൽക്കും. മൊട്ടയിട് താറാവേ മിഠായി തരാം എന്നും പറഞ്ഞാണ് ചിലപ്പോ നിൽക്കുക. രണ്ടുദിവസം കൂടുമ്പോൾ കുഞ്ചുവിനെ വൈദ്യരെക്കാണിക്കാൻ കൊണ്ടുവരണമെന്നും എന്നും രാവിലെ ഇഞ്ചയിട്ട് നല്ലപോലെ കാല് തേച്ചുകഴുകണമെന്നും വൈദ്യർ പറഞ്ഞു.

വൈദ്യന്റെ മുറിയിൽ ചെന്നാലും കു‍ഞ്ചു അടങ്ങിയിരിക്കില്ല. അലക്കുകല്ലിന്റെ മുകളിൽ പിടിച്ചുനിർത്തി എന്നും രാവിലെ മുത്തശ്ശി കുഞ്ചുവിന്റെ കാല് ഇഞ്ച തേച്ച് കഴുകും. അയ്യോ പടിഞ്ഞാറ്റലമ്മേ ഓടി വായോ, എനിച്ച് നോവുന്നേ എന്നും പറഞ്ഞ് കുഞ്ചു നിലവിളി തുടങ്ങും. ചിരങ്ങ് തേച്ചു കഴുകിയാൽപ്പിന്നെ കുഞ്ചുവിനെയും കൊണ്ട് മുത്തശ്ശിക്ക് വൈദ്യനെക്കാണാൻ പോവണം. കുറച്ച് നടന്നു കഴിയുമ്പോഴേക്കും കുഞ്ചു പറയും, എന്നെ എത്തോ എന്നെ എത്തോ. ഉടനെ മുത്തശ്ശി : ‘‘അടുത്ത കട കാണുന്നതു വരെ നടക്കാമെങ്കിൽ കുഞ്ചുവിനൊരു ഒരു പൂവൻപഴം വാങ്ങിച്ചുതരാമല്ലോ’’. കുഞ്ചു അടുത്ത കടവരെ നടക്കും. അവിടെച്ചന്ന് പൂവൻപഴം കിട്ടിക്കഴിഞ്ഞാൽ പറയും ഇനി ഒട്ടും നടക്കില്ലെന്ന്. എന്നിട്ടോ റോഡിൽ തന്നെ താടിക്ക് കയ്യും വച്ചങ്ങ് കുത്തിയിരിക്കും. അപ്പോ മുത്തശ്ശി അടുത്ത കട വരെ നടക്കാമെങ്കി വീണ്ടും പൂവൻപഴം വാങ്ങിത്തരാമെന്നു പറയും. വൈദ്യനെക്കണ്ടു വരുമ്പോഴേക്ക് കുഞ്ചു നാലഞ്ച് പൂവൻപഴം അകത്താക്കിയിട്ടുണ്ടാവും.

വൈദ്യനെക്കണ്ടിട്ട് വരുന്ന വഴിക്ക് ഒരു കുട്ടി നീലപ്പുള്ളിക്കുടയും പിടിച്ച് പോവുന്നത് കുഞ്ചു കണ്ടു. തനിക്കുള്ളതുപോലെയുള്ള അതേ കുടയും കളിപ്പാട്ടവുമൊക്കെ ലോകത്ത് കുഞ്ചുവിന്റെ കയ്യിൽ മാത്രമേ ഉണ്ടാവൂ, വേറെ ആർക്കുമില്ല എന്നാണ് കുഞ്ചൂവിന്റെ വിചാരം. തന്റെ കുട താനില്ലാത്ത തക്കം നോക്കി ആ കൊച്ച് കുഞ്ചൂന്റെ വീട്ടിൽ നിന്നെടുത്തതായിരിക്കും എന്നാണ് പിന്നെ കുഞ്ചൂന്റെ പേടി. വീട്ടിൽ വന്ന് തന്റെ നീലപ്പുള്ളിക്കുട അവിടുണ്ടെന്ന് ഉറപ്പാക്കിയിട്ടേ കുഞ്ചുവിന് പിന്നെ ശ്വാസം നേരെ വീണുള്ളൂ.

അധ്യായം ഇരുപത്

കരിക്കിൻ വെള്ളം പോലുള്ള കവിത

കാട്ടാളൻ എന്നു പറഞ്ഞാൽ എല്ലാ പിള്ളേരും പേടിക്കും. എന്നാൽ ലോകപേടിത്തൊണ്ടനായ കുഞ്ചൂന് മാത്രം കാട്ടാളനെന്നും കേട്ടാൽ സന്തോഷമാണ്. കുഞ്ചു ഒരുദിവസം സ്കൂൾ വിട്ട് വീട്ടിൽ വന്നപ്പോ കാട്ടാളൻ മൂപ്പർ തേങ്ങയിടാൻ വന്നിട്ടുണ്ട്. കാട്ടാളൻ മൂപ്പര് പഞ്ചപാവമാണ്. ഏറ്റവും മധുരമുള്ളത് ഏതു തെങ്ങിലെ കരിക്കിൻവെള്ളത്തിനാണ് എന്നൊക്കെ കാട്ടാളൻ മൂപ്പർക്കറിയാം. കരിക്കിൻവെള്ളം കുടിച്ചുകഴിഞ്ഞാൽ കുഞ്ചു മുത്തശ്ശിയുടെ പിന്നാലെ നടപ്പ് തുടങ്ങും. മുത്തശ്ശീ ഈ കരിക്കൊന്ന് പൊട്ടിച്ചുതാ ഇളക്കിക്കഴിക്കാനാ എന്നു പറഞ്ഞുകൊണ്ട്. കാട്ടാളൻമൂപ്പര് തെങ്ങിൽകയറുമ്പോഴേ മുത്തച്ഛൻ പറയും, കുഞ്ചൂന് ഇളക്കിക്കഴിക്കാനും കൂടൊള്ള കരിക്കിട്ടുകൊടുക്കണേ എന്ന്. കാട്ടാളൻ മൂപ്പര് വരാത്തപ്പൊ കുഞ്ചുവിന് മുത്തച്ഛൻ ചെന്തെങ്ങിന്റെ കരിക്കിട്ട് കൊടുക്കും. ഒത്തിരി ചെന്തെങ്ങ് മുത്തച്ഛൻ നട്ടുവളർത്തുന്നുണ്ട്. ചെന്തെങ്ങ് അധികം പൊക്കം വെക്കില്ല. അതാവുമ്പോ കുഞ്ചു വലുതാവുമ്പോ കാട്ടാളൻ മൂപ്പര് വന്നില്ലെങ്കിലും ഒരു കമ്പുകൊണ്ട് കുത്തി കരിക്കിട്ടു കുടിക്കാം എന്നാണ് മുത്തച്ഛൻ പറയുന്നത്. ഒരു ദിവസം കാട്ടാളൻ മൂപ്പര് ഒരു കരിക്ക് വെട്ടി കു‍ഞ്ചുവിന്റെ കയ്യിൽക്കൊടുത്തിട്ട് പറഞ്ഞു, ഇതു കുടിച്ചിട്ട് നാളെ ഒരു കൊച്ചോയെൻവിയായി വരണമെന്ന്.

കുഞ്ചു മുത്തശ്ശിയോട് ചെന്നു ചോദിച്ചു, ആരാ മുത്തശ്ശീ ഈ ഓയെമ്മി? അപ്പോ മുത്തശ്ശി, ‘‘ഓയെൻവിയോ കൊള്ളാം, മലയാളഭാഷയുടെ മഹത്വം വാനോളം ഉയർത്തിയ മഹാകവിയാണ് ഒഎൻവി’’. ഒഎൻവി നമ്മുടെ നാട്ടുകാരനാണ്. ചവറേപ്പള്ളിക്കൂടത്തിലാണ് പഠിച്ചത്. ഇനി അതിലേ പോവുമ്പം മുത്തശ്ശി കാണിച്ചുതരാം ഒഎൻവി പഠിച്ച പള്ളിക്കൂടം. ’’ മുത്തശ്ശി പറഞ്ഞു. കരിക്ക് കുടിച്ചാൽ ഒഎൻവിയാവുമോ ? പിന്നെ കാട്ടാളൻ മൂപ്പരെന്തിനാണ് അങ്ങനെ പറഞ്ഞത്? കുഞ്ചു കുറേനാൾ ഈ സംശയം മനസ്സിലിട്ടു നടന്നു. കരിക്കിൻവെള്ളം പോലെ മധുരമുള്ള കവിതകൾ എഴുതിയതുകൊണ്ടാവും എന്ന് കുഞ്ചുവിന് പിന്നീട് ഒഎൻവിയുടെ കവിതകളും പാട്ടുകളും കേട്ടപ്പോഴാണ് മനസ്സിലായത്.

കുഞ്ചു വലിയ ക്ലാസിലായപ്പോ കുഞ്ചുവിന്റച്ഛൻ കുഞ്ചുവിന് ധാരാളം പുസ്തകങ്ങൾ വാങ്ങിക്കൊടുത്തു. ജി.ശങ്കരക്കുറുപ്പിന്റെ ഇളംചുണ്ടുകൾ, സുഗതകുമാരിയുടെ വാഴത്തേൻ, അക്കിത്തത്തിന്റെ ഈ ഏടത്തി നൊണേ പറയൂ എന്നിങ്ങനെ എന്തെല്ലാം പുസ്തകങ്ങളായിരുന്നെന്നോ അവ. അതിനിടയ്ക്ക് നോക്കിയപ്പോഴുണ്ട് ഒരു ദിവസം അച്ഛൻ വാങ്ങിക്കൊണ്ടുവന്നത് ഓയെൻവിയുടെ വളപ്പൊട്ടുകൾ എന്ന പുസ്തകം. വളപ്പൊട്ടുകൾ ഒരു കുപ്പിയിലിട്ട് സൂക്ഷിച്ചുവെക്കുന്നതുപോലെ ഇന്നും കുഞ്ചുവിനോടൊപ്പമുണ്ട് ആ പുസ്തകം. കാലമേറെക്കഴിഞ്ഞ് കുഞ്ചു വലുതായി പഠിച്ച് ജോലി കിട്ടി വേളിയൊക്കെ കഴിച്ച് കുഞ്ചുവിനൊരുണ്ണിയുണ്ടായിക്കഴിഞ്ഞപ്പോഴും കുഞ്ചു തന്റെ ഉണ്ണിക്ക് ചൊല്ലിപ്പഠിക്കാൻ എടുത്തുകൊടുത്തു ‘വളപ്പൊട്ടുകൾ’. കുഞ്ചുവിന്റച്ഛൻ കുഞ്ചുവിന് കൊടുത്ത അതേ പുസ്തകം. കുഞ്ചു വലുതായി. മുത്തച്ഛനും ഇന്നില്ല കാട്ടാളൻ മൂപ്പരും ഇല്ല. കുഞ്ചുവിന്റെ മുത്തച്ഛൻ കുഞ്ചുവിന് കമ്പുകൊണ്ട് കുത്തി കരിക്കിട്ടുകുടിക്കാൻ നട്ടുപിടിപ്പിച്ച ചെന്തെങ്ങുകളൊക്കെ കേടുവന്നും കരിഞ്ഞും പോയി.

ഇന്ന് കുഞ്ചുവിന്റെ ഉണ്ണി പട്ടണത്തിൽ താമസമാക്കിയിട്ട് ദാഹിക്കുന്നച്ഛാ എന്നു പറയുമ്പോ തീവില കൊടുത്ത് വാങ്ങിക്കൊടുക്കുന്ന കരിക്ക് കുടിച്ചിട്ട് ഉണ്ണി ചിണുങ്ങുന്നു, അച്ഛാ ഈ വെള്ളത്തിനൊരു തണുപ്പും ഇല്ല മധുരോം ഇല്ല. മുത്തച്ഛന്റെ സ്നേഹത്തിന്റെ കുളിർമ്മ ഇല്ലാത്തതുകൊണ്ടാവും എന്നു വിചാരിക്കും കുഞ്ചുവപ്പോൾ.. കാട്ടാളൻ മൂപ്പരിട്ടു തരാത്ത, ഇപ്പോഴത്തെ കരിക്കൊക്കെ മധുരവും തണുപ്പും ഇല്ലാത്ത കാട്ടാളൻ കരിക്കുകളാണെന്ന് ഓർക്കും കുഞ്ചു. കുഞ്ചു വല്യ കുഞ്ചുവായി. കാട്ടാളൻ മൂപ്പരുമില്ല. മുത്തച്ഛനും ഇല്ല. അന്നത്തെ കർപ്പൂര മാവ്, നിര നിരയായ ചെന്തെങ്ങിൻ കതിർക്കുലകൾ, തെരളി പുഴുങ്ങാനെടുക്കുന്ന വയണയിലയുടെ മരം, മുള്ളുമുന്തിരി, അടുത്തടുത്ത് നിന്ന് മൽസരിച്ച് കായ്ക്കുന്ന ആത്തച്ചക്കയും കൂഴപ്ലാവും.ഒക്കെ ഓർമകളിൽ മാത്രം. പക്ഷേ അക്കാലമൊക്കെ ഓർമിച്ച് കുഞ്ചുവിന്റെ ഉണ്ണിക്ക് പറഞ്ഞുകൊടുക്കാൻ ഇന്നും തണലായി ഒരാൾ മാത്രമുണ്ട്. കുഞ്ചുവിന്റെ മുത്തശ്ശി. ഇന്നും അക്കാലമൊക്കെ ഓർത്തു പറയുമ്പോ കുഞ്ചുവിന്റെ ഉണ്ണി രസം കയറി മുതുമുത്തശ്ശിയെ പിടിച്ചു കുലുക്കും. ‘അയ്യോ, ഉണ്ണീ കുലുക്കാതെ ’എന്നു പറയുമ്പോൾ നിറയെ ഓർമകൾ പൊഴിയുന്ന ഒരു വയസ്സായ മരം പോലെ മുത്തശ്ശി കുലുങ്ങിച്ചിരിക്കും. വീണ്ടും മുതുമുത്തശ്ശിയെ പിടിച്ചു കുലുക്കിയിട്ട് കുഞ്ചുവിന്റെ ഉണ്ണി പറയുന്നു, ദേ ഇതാണ് എന്റെ കർപ്പൂര മാവ്, എന്റെ മുള്ളുമുന്തിരി, എന്റെ ആത്തച്ചക്ക മരം, എന്റെ തേൻ വരിക്ക …. പിടിച്ചുകുലുക്കട്ടെ, വീഴുമോന്ന് നോക്കട്ടെ എന്ന്. വീഴും വീഴും എന്നു പറയുമ്പോൾ വീഴുന്നത് ഓർമകളോ മുതുമുത്തശ്ശിയോ എന്നു നോക്കുകയാണ് ഉണ്ണി.

(തുടരും)