ദരിദ്രരായ കുട്ടികൾക്ക് കാഴ്ചയായി യാഷ്; ശേഖരിച്ചത് പതിനായരക്കണക്കിനു കണ്ണടകൾ ‍, Yash Gupta, Eyeglasses, Manorama Online

ദരിദ്രരായ കുട്ടികൾക്ക് കാഴ്ചയായി യാഷ്; ശേഖരിച്ചത് പതിനായരക്കണക്കിനു കണ്ണടകൾ ‍

ശ്രീപ്രസാദ്‍

അമേരിക്കയിലെ സ്കൂളിൽ പഠിക്കുമ്പോൾ ഒരിക്കൽ തയ്ക്ക്വാണ്ടോ പരിശീലനത്തിനിടെ യാഷ് ഗുപ്തയുടെ കണ്ണട പൊട്ടിപ്പോയി. പുതിയ കണ്ണട വാങ്ങാൻ കടയിൽ ചെന്നെങ്കിലും, യാഷിന് ആവശ്യമായ പവറിലുള്ള കണ്ണടയ്ക്ക് ഒരാഴ്ച കാത്തിരിക്കേണ്ടതുണ്ടെന്ന് അവർ അറിയിച്ചു. സാരമില്ല, ഒരാഴ്ചയല്ലേ. അവൻ തിരിച്ചുപോന്നു. പിറ്റേന്ന് സ്കൂളിൽ ചെന്നപ്പോഴാണ് കാര്യം ഗുരുതരമാണെന്നു മനസിലാക്കിയത്. ബോർഡിൽ ടീച്ചർ എഴുതുന്ന ഒന്നും കാണുന്നില്ല. വല്ലാത്ത അസ്വസ്ഥത. യാഷിന്റെ ആ മങ്ങിയ കാഴ്ച ഒരുപാടുപേർക്കു തെളിമയുള്ള കാഴ്ച സമ്മാനിക്കുന്ന ഒരു യാത്രയുടെ തുടക്കമായിരുന്നു.

അന്നു വീട്ടിൽ എത്തി അവൻ ഇന്റർനെറ്റിൽ തിരഞ്ഞു. ലോകത്ത് കണ്ണട ആവശ്യമുള്ള 1.2 കോടി കുട്ടികൾ പണമില്ലാത്തതിനാൽ, മങ്ങിയ കാഴ്ചകളുമായി കഴിയുന്നുണ്ടെന്ന കാര്യം അവനെ ഞെട്ടിച്ചു. പ്രത്യേകിച്ച് ദരിദ്രരാജ്യങ്ങളിൽ. അവൻ ആലോചിച്ചു. ‘താൻ അഞ്ചു വയസുമുതൽ‌ കണ്ണട ഉപയോഗിക്കുന്നുണ്ട്. രണ്ടു വർഷം കൂടുമ്പോൾ പുതിയതു വാങ്ങും. പഴയത് എവിടെയെങ്കിലും അലക്ഷ്യമായി ഇടും. വീട്ടിലെ മറ്റ് അംഗങ്ങളുടെയും ചേർത്താൽ 15 പഴയ കണ്ണടയെങ്കിലും ഇപ്പോൾ വാർഡ് ഡ്രോബിൽ കിടപ്പുണ്ട്. ഇതൊക്കെ എത്രയോ പേർക്ക് ഉപകാരപ്പെടേണ്ടതാണ്.’

അങ്ങനെ 2011ൽ 14ാം വയസിൽ പിതാവിന്റെ സഹായത്തോടെ ‘സൈറ്റ് ലേണിങ്’ എന്ന സംഘടനയ്ക്കു യാഷ് തുടക്കമിട്ടു. ഉപയോഗിച്ചു പഴകിയ കണ്ണടകൾ പലയിടത്തുനിന്നും ശേഖരിച്ച് അറ്റകുറ്റപ്പണി ചെയ്ത്, ദരിദ്രരായ കുട്ടികൾക്ക് എത്തിച്ചുകൊടുക്കുകയായിരുന്നു സംഘടനയുടെ ലക്ഷ്യം. തുടക്കത്തിൽ അവന്റെ നാട്ടിലെ കണ്ണട കടക്കാർ എല്ലാ സഹായവും നൽകി. ചെറിയ ക്ലാസിലെ കുട്ടികൾക്ക് ട്യൂഷനെടുത്തും യാഷ് തന്റെ ഉദ്യമത്തിന് പണം കണ്ടെത്തി. ഒട്ടേറെ കണ്ണു ഡോക്ടർമാരും ഈ കൊച്ചുമിടുക്കന്റെ ഉത്സാഹത്തിന് എല്ലാ പ്രോത്സാഹനവുമായി ഒപ്പം നിന്നു. വിവിധ രാജ്യങ്ങളിലേക്ക് ഇതുവരെ ലക്ഷക്കണക്കിനു ഡോളർ മൂല്യം വരുന്ന പതിനായിരക്കണക്കിന് കണ്ണടകൾ ഈ സംഘടന എത്തിച്ചിട്ടുണ്ട്. കൂടാതെ ഒട്ടേറെ നേത്ര പരിശോധനാ ക്യാംപുകളും നടത്തി. യാഷിന് ഒരു വയസുള്ളപ്പോൾ ഇന്ത്യയിൽനിന്ന് അമേരിക്കയിലേക്കു കുടിയേറിയതാണ് അവന്റെ കുടുംബം.