കണ്ണിറുക്കലൊക്കെ എന്ത്? കഥ തന്നെ പറയും അപ്പോഴാ; വിഡിയോ വൈറൽ

ഒരു പുരികം പൊക്കിയുള്ള ഈ പെൺകുട്ടിയുടെ സൂപ്പർ ആക്ഷനാണ് ഇപ്പോൾ വൈറലായിരിക്കൊണ്ടിരിക്കുന്നത്. ചിലപ്പോഴൊക്കെ ഒരു കണ്ണിറുക്കൽ. അല്ലെങ്കിൽ ഒരു ചിരി. സോഷ്യൽ ലോകത്ത് വൈറലാവാൻ ഇതൊക്കെ തന്നെ ധാരാളം. ഇപ്പോഴിതാ കണ്ണുകൊണ്ട് കാര്യം പറഞ്ഞ ഇൗ കുഞ്ഞിന്റെ പിന്നാലെയാണ് സൈബർ ലോകം. ‘കണ്ണോണ്ടങ്ങനെ നോക്കല്ലേ പെണ്ണേ..’ എന്ന വരിയുമായി ടിക്ടോക് ചങ്കുകളും സജീവമായതോടെ ഇൗ കണ്ണുകൊണ്ടുള്ള കഥ പറച്ചിൽ സൂപ്പർ വൈറലായി.

മൂന്നു പെൺകുട്ടികളാണ് വി‍ഡിയോയിലുള്ളത്. ക്യാമറമാൻ തന്നെ ഫോക്കസ് ചെയ്യുന്നത് കണ്ട് ആദ്യം ഒന്ന് പകച്ചെങ്കിലും ഒന്നുമറിയാത്ത പോലെ ഇരുന്നുകൊടുത്തു. ഇടയ്ക്ക് വീണ്ടും സംശയം തന്നെയാണോ ഇയാൾ ഫോക്കസ് ചെയ്യുന്നത്. തൊട്ടടുത്ത് ഇരുന്ന കുട്ടിയേയും നോക്കി. അപ്പേഴേക്കും കാര്യം മനസിലായി. താൻ തന്നെയാണ് ‘നായിക’. പിന്നീടങ്ങോട്ട് ഒളികണ്ണിട്ടുള്ള ക്യാമറാ നോട്ടം. ഒടുവിൽ ഇക്കാര്യങ്ങളൊന്നും അറിയാതെ തൊട്ടപ്പുറത്തിരിക്കുന്ന കൂട്ടുകാരിയോട് കാര്യം പറയാനുള്ള ശ്രമം. കൂട്ടുകാരിക്ക് ക്യാമറ കാണിച്ചുകൊടുക്കാൻ ഇൗ കുഞ്ഞിന്റെ കണ്ണുകൊണ്ടുള്ള സിഗ്നലാണ് ഇൗ വിഡിയോയെ ജനപ്രിയമാക്കുന്നത്. എല്ലാം കഴിഞ്ഞ് നിഷ്കളങ്കമായ ഒരു ചിരി കൂടി അവൾ പാസാക്കിയതോടെ കാഴ്ചക്കാരും ഇൗ വിഡിയോയ്ക്ക് പിന്നാലെ കൂടി. കുഞ്ഞുവിഡിയോ കാണാം.