ബോറടിച്ചപ്പോൾ വീട് ഫാഷൻ റാമ്പാക്കി  ശ്രദ്ധക്കുട്ടിയും ചെറിയച്ഛനും ,  Viral photo, viral photoshoot, sredha, Abhilash Viswa, modelling  post a video, Kidsclub,  Manorama Online

ബോറടിച്ചപ്പോൾ വീട് ഫാഷൻ റാമ്പാക്കി ശ്രദ്ധക്കുട്ടിയും ചെറിയച്ഛനും

ലോക്ഡൗൺ ആരംഭിച്ചതോടെ എങ്ങനെയെല്ലാം വ്യത്യസ്തമാകാമെന്നും മികവോടെ എങ്ങനെ സമയം ചെലവഴിക്കാമെന്നുമുള്ള ചിന്തയിലാണ് ആളുകൾ. ഇതിന്റെ ഭാഗമായി നിരവധിപ്പേർ കൗതുക വസ്തുക്കളുടെ നിര്മാണത്തിലേക്കും പൂന്തോട്ട നിർമാണത്തിലേക്കുമെല്ലാം കടന്നു കഴിഞ്ഞു. എന്നാൽ ഇവിടെ ഒരു കുട്ടിക്കുറുമ്പി ബോളിവുഡ് സുന്ദരികളെ വെല്ലുന്ന മോഡൽ ആകാനുള്ള ഒരുക്കത്തിലാണ്. ശ്രദ്ധ എന്ന ഈ കൊച്ചു മിടുക്കിയുടെ ആഗ്രഹങ്ങൾക്ക് കൂട്ടായി കൂടെ നിൽക്കുന്നതോ ചെറിയച്ഛനായ അഭിലാഷ് വിശ്വയും.

ന്യൂസ് പേപ്പർ ഗേൾ എന്ന ആശയത്തിൽ പത്രക്കടലാസുകൾ കൊണ്ടുണ്ടാക്കിയ വസ്ത്രം ധരിച്ച് കൂളിങ് ഗ്ലാസ്സുമായി സ്റ്റൈലിഷായി നിൽക്കുന്ന ശ്രദ്ധയുടെ ചിത്രം ഫോട്ടോഗ്രാഫർ കൂടിയായ അഭിലാഷ് വിശ്വയാണ് ക്യാമറയിൽ പകർത്തിയത്. ലോക്ഡൗൺ പ്രമാണിച്ച് വീട്ടിനുള്ളിൽ ഇരുന്ന് പലവിധത്തിലുള്ള ഫോട്ടോഗ്രാഫി പരീക്ഷണങ്ങൾ നടത്തി വരികയായിരുന്നു അഭിലാഷ് വിശ്വ. അപ്പോഴാണ് കുഞ്ഞു സുന്ദരി ശ്രദ്ധ മോഡലാകാനുള്ള ആഗ്രഹവുമായി വരുന്നത്.

വീടിന്റെ ഒരു വശം തന്നെയാണ് മോഡലിംഗിനായുള്ള പ്ലാറ്റ്‌ഫോമായി മാറ്റിയത്. അവിടെയെല്ലാം ഇംഗ്ലീഷ് ന്യൂസ് പേപ്പറുകൾ ഒട്ടിച്ചു. രണ്ടാം ഘട്ടമായി കുഞ്ഞു മോഡലിനെ ഒരുക്കണം. അതിനും മുൻകൈ എടുത്തത് അഭിലാഷ് തന്നെയാണ്.ഏകദേശം ഒരു 40 ഷീറ്റ് പേപ്പർ ഉപയോഗിച്ചു ചെയ്തതാണ് ഫോട്ടോഷൂട്ട്. ചെറിയച്ഛന് തന്റെ ഇഷ്ടപ്രകാരം നിർദേശങ്ങൾ നൽകി ശ്രദ്ധക്കുട്ടി ഒരു ചെറിയ മേക്കോവർ അങ്ങ് നടത്തി.


പിന്നെ മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന ഫോട്ടോ സെഷൻ ആയിരുന്നു. ചെറിയച്ഛൻ പറയുന്നതനുസരിച്ച് ഒരു പ്രൊഫഷണൽ മോഡലിനെ പോലെ തന്നെ പല പോസുകളിൽ ശ്രദ്ധ ചിരിച്ചുകൊണ്ട് നിന്നു. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ, പേപ്പർ പെൺകുട്ടിയായി വിസ്മയമാവുകയാണ് പൊന്നാനിക്കാരിയായ മോഡൽ ശ്രദ്ധ.രണ്ടാം ക്ലാസിലാണ് ഈ കൊച്ചു മിടുക്കി പഠിക്കുന്നത്.

അഭിലാഷ് വിശ്വയുടെ സഹോദരൻ സെൻസിലാലിന്റെയും ജോതിഷയുടെയും മകളായ ശ്രദ്ധക്ക് മോഡലിംഗിൽ മുൻപരിചയമൊന്നുമില്ല. എന്നാൽ ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന ഫോട്ടോകൾ കണ്ടാൽ പരിചയ സമ്പന്നയായ ഒരു മോഡലാണ് എന്നെ ആരും പറയു. പല തരത്തിലുള്ള വസ്ത്രങ്ങള്‍ നാം കണ്ടിട്ടുണ്ട് എന്നാല്‍ കടലാസ് കൊണ്ടൊരു വസ്ത്രം എന്ന കൗതുകത്തിന്റെ പേരിലാണ് പലരും ഈ ഫോട്ടോഷൂട്ട് ശ്രദ്ധിക്കുന്നത്.

ലോക്ഡൗൺ തുടങ്ങിയ അന്ന് മുതൽ വീട്ടിലിരുന്ന് ഓരോ ദിവസവും ഒരോ ഫോട്ടോ എടുക്കുന്നുണ്ട് പ്രൊഫഷണൽ ഫോട്ടോഗ്രാഫറായ അഭിലാഷ് വിശ്വ. അതിൽ ഇപ്പോൾ കുഞ്ഞു ശ്രദ്ധയും ഭാഗമാകുന്നു.വീട്ടിലെ എല്ലാവരെയും ഉൾപ്പെടുത്തി വ്യത്യസ്ഥ ഫാമിലി പോർട്രയ്റ്റ് ചെയ്തതും ശ്രദ്ധേയമായിരുന്നു. അത് മാത്രമല്ല, ചക്കക്കുരു ഷെയ്ക്, ഡോൽകോണ കോഫി അങ്ങിനെ നീളുന്നു മറ്റ് പരീക്ഷണങ്ങൾ.സോഷ്യൽ മീഡിയയിൽ മേക്കിംഗ് വീഡിയോ ഉൾപ്പെടെയാണ് ഫോട്ടോഷൂട്ട് പങ്കുവച്ചിരിക്കുന്നത്

വിഡിേയാ കാണാം