കൊറോണ പ്രതിരോധത്തെ കശാപ്പ് ചെയ്യരുത്; ഓർമപ്പെടുത്തലായി കൊച്ചുമിടുക്കരുടെ ഫോട്ടോഷൂട്ട് , Viral photoshoot, Abhijith, Paul related, Covid19, Lockdown, Corona, Kidsclub Manorama Online

കൊറോണ പ്രതിരോധത്തെ കശാപ്പ് ചെയ്യരുത്; ഓർമപ്പെടുത്തലായി കൊച്ചുമിടുക്കരുടെ ഫോട്ടോഷൂട്ട്

കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് രാജ്യം സമ്പൂർണ ലോക്ഡൗണിലേക്ക് കടന്നിട്ട് ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു. സ്‌കൂൾ മാർച്ച് മാസം തുടക്കത്തിലേ അടച്ചു. പുറത്തിറങ്ങാനും കളിക്കാനുമുള്ള വഴികളില്ല. അവധിക്കാലത്തെ ഈ വിരസത മാറ്റാൻ ഒരു വഴിയുമില്ല. വീട്ടിലിരുന്ന് കൊറോണയെ പറ്റിയുള്ള വാർത്തകൾ മുടങ്ങാതെ കാണാൻ തുടങ്ങിയപ്പോഴാണ് കോട്ടയം തിരുവല്ല സ്വദേശികളായ പോൾ പി കുന്നത്ത്, അഭിജിത്ത് എന്നീ സുഹൃത്തുക്കൾ ഒരു കാര്യം ശ്രദ്ധിക്കുന്നത്.

കൊറോണ ബോധവത്‌കരണത്തിനായി സർക്കാർ പെടാപ്പാട് പെടുകയാണ്. സാമൂഹ്യ അകലം പാലിക്കുകയും വ്യക്തി ശുചിത്വം സൂക്ഷിക്കുകയുമാണ് പ്രതിരോധ നടപടികളുടെ ഭാഗമായി ഇക്കാലത്ത് ചെയ്യേണ്ടതെന്ന് രാപ്പകൽ ഇല്ലാതെ സർക്കാരും ആരോഗ്യ പ്രവർത്തകരും പറഞ്ഞുകൊണ്ടിരിക്കുന്നു. എന്നിട്ടും പുറത്തു വരുന്ന വാർത്തകളിൽ കൊറോണ പ്രതിരോധം തകർക്കാൻ ശ്രമിക്കുന്നവരെക്കുറിച്ചുള്ള ചിത്രങ്ങൾ നിറഞ്ഞു നിൽക്കുന്നു. ഈ അവസ്ഥയിൽ രാജ്യം നേരിടുന്ന വിപത്തിന്റെ ആഴം മറ്റുള്ളവർക്ക് ബോധ്യപ്പെടുത്തുന്നതിനായി തങ്ങളാൽ ആവുന്ന ഒരു ശ്രമം നടത്തണമെന്ന് പോളിനും അഭിജിത്തിനും തോന്നി.

വളരെ ലളിതമായി ഒരു ഫോട്ടോഷൂട്ടിലൂടെ ആശയം വ്യക്തമാക്കാമെന്ന് നിർദേശിച്ചത് പോൾ ആണ്. ഡിഗ്രി വിദ്യാർത്ഥിയായ പോളിന് ചെറുപ്പം മുതൽക്ക് ഫോട്ടോഗ്രാഫി ഒരു ഹരമാണ്. എന്നാൽ ഫോട്ടോയ്ക്കായി ഒരു ആശയം വേണമല്ലോ, അത് കൊറോണ പ്രതിരോധത്തോടു ചേർന്ന് നിൽക്കുകയും വേണം. അങ്ങനെ ഇരുവരും ചേർന്നുള്ള ആലോചനയ്‌ക്കൊടുവിൽ ഒരു കശാപ്പ് ശാലയുടെ ചിത്രം മനസിലേക്ക് വന്നു.
കശാപ്പ് ശാലയിൽ അറുത്തു മാറ്റപ്പെടുന്നത് മൃഗങ്ങളുടെ മാംസമല്ല, പകരം കയ്യുറ ധരിച്ച കൈകൾ. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി സർക്കർ നിർദേശിക്കുന്ന പ്രതിരോധ നടപടികൾ സ്വീകരിക്കുന്നവരെപ്പോലും കശാപ്പ് ചെയ്യുന്ന ഒരു പറ്റം ആളുകളെയാണ് കശാപ്പ് കാരനിലൂടെ ഈ സുഹൃത്തുക്കൾ വരച്ചു കാട്ടുന്നത്. ആ കശാപ്പ്കാരന് നമ്മളിൽ ആരുമാകാം എന്ന് പോൾ പറയുന്നു.

കശാപ്പുകാരന്റെ വേഷത്തിൽ മോഡലായി എത്തിയിരിക്കുന്നത് അഭിജിത്താണ്.ബ്ലാക്ക് ആൻഡ് വൈറ്റ് മോഡിൽ പോൾ ഫോട്ടോ എടുത്തിരിക്കുന്നു. പുറത്തിറങ്ങാൻ കഴിയാത്തതിനാൽ തന്നെ വീട്ടിൽ ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ചാണ് ഫോട്ടോക്ക് ആവശ്യമായ സെറ്റ് ഇട്ടിരിക്കുന്നത്. കയ്യുറകളിൽ മണ്ണ് നിറച്ച്, വീട്ടിലെ തൊഴുത്ത് കശാപ്പ് ശാലയായി മാറ്റിയായിരുന്നു ഫോട്ടോഷൂട്ട്.

'നാം കടന്നു പോയിക്കൊണ്ടിരിക്കുന്ന, ഏറെ സമ്മർദ്ദം നിറഞ്ഞ ഈ അവസ്ഥയെ ജീവിതത്തിൽ രേഖപ്പെടുത്താൻ, കൊറോണയ്ക്ക് എതിരെയുള്ള ബോധവത്‌കരണത്തിനു ഞങ്ങളാൽ കഴിയുന്ന സംഭാവന നൽകാൻ ഒരു എളിയ ശ്രമം. അതാണ് ഈ ഫോട്ടോഷൂട്ട് കൊണ്ട് ഞങ്ങൾ ഉദേശിച്ചത്' പോൾ പി കുന്നത്ത് മനോരമ ഓൺലൈനിനോട് പറഞ്ഞു.

കൊറോണ പ്രതിരോധത്തെ കശാപ്പ് ചെയ്യരുത് ഓർമപ്പെടുത്തലോടെ പോലും അഭിജിത്തും സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രവും അതിന്റെ മേക്കിംഗ് വിഡിയോയും ഇതിനോടകം ജനങ്ങൾ സ്വീകരിച്ചു കഴിഞ്ഞു. പോളും അഭിജിത്തും അയൽവാസികളാണ്. ആറാം ക്‌ളാസ് വിദ്യാർത്ഥിയായ അഭിജിത്തിന്റെ ഭാവപ്പകർച്ച ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

വിഡിയോ കാണാം