ഇടിച്ചക്ക തോരനും മീൻ വറുത്തതും ; ദുനിയാവിലില്ലാത്ത കുക്കറി വ്‌ളോഗുമായി കല്ലുവും മീനുവും !viral food vlog, Lockdown, Covid19, Corona,  by kallu, and paru, Kidsclub , Manorama Online

'ഇടിച്ചക്ക തോരനും മീൻ വറുത്തതും ; ദുനിയാവിലില്ലാത്ത കുക്കറി വ്‌ളോഗുമായി കല്ലുവും മീനുവും !

മൂന്നു മാസം നീണ്ടു നിൽക്കുന്ന വെക്കേഷൻ, ഒപ്പം വീട്ടിൽ നിന്നും പുറത്തിറങ്ങാൻ കഴിയില്ല എന്നതിന്റെ അസ്വസ്ഥതയും. കുട്ടിക്കൂട്ടങ്ങൾ അതിന്റെ പ്രതിഷേധവുമായി രംഗത്തിറങ്ങുമ്പോൾ പ്രതിസന്ധിയിലാകുന്നത് അമ്മമ്മാരാണ്. എങ്ങനെ കുട്ടികളെ വീടിനു പുറത്ത് വിടാതെ വീട്ടിനുള്ളിൽ തന്നെ അടക്കിയിരുത്തും എന്നത് ഓരോ അമ്മമാരും നേരിടുന്ന വെല്ലുവിളിയാണ്.


എപ്പോഴും ടിവിയിൽ കാർട്ടൂൺ കാണാനും ഫോണിൽ കളിക്കാനും സമ്മതിക്കുന്നത് അത്ര ശരിയായ നടപടിയല്ല. പിന്നെ എന്തു ചെയ്യും? ക്രിയാത്മകമായി എന്തെങ്കിലും ചെയ്യിക്കാൻ കഴിയണം. ചാലക്കുടി സ്വദേശിയായ കാർത്തിക ശബരീനാഥ്‌ ഇത്തരത്തിൽ ആലോചിച്ചു കൊണ്ടിരുന്നപ്പോഴേക്കും മൂന്നാം ക്ലാസുകാരി മീനുവും യുകെജിക്കാരി കല്ലുവും ഒരാവശ്യവുമായി അമ്മയുടെ അടുത്തെത്തി. കുക്കിംഗിൽ സഹായിക്കട്ടെ അമ്മയെ ?


എങ്കിൽ പിന്നെ കുട്ടി കൂട്ടത്തിന്റെ കുക്കിംഗ് ഒരു വിഡിയോ ആക്കി പരീക്ഷിച്ചാലോ എന്നയി കാർത്തിക. പറഞ്ഞു വന്നപ്പോൾ കുട്ടികൾക്കും വലിയ താല്പര്യം. മൊബൈലിൽ കുക്കിംഗ് വിഡിയോകളും അവയിലെ അവതരണവും കണ്ട അനുഭവത്തിൽ നിന്നും കിടിലനൊരു ഫുഡ് വ്‌ളോഗ് ഒരുക്കാൻ ഋതിക എന്ന കല്ലുവും സാത്വിക എന്ന മീനുവും തയ്യാറായി. വിഭവം ഇടിച്ചക്കത്തോരൻ. നേരെ അടുക്കളയാകുന്ന അങ്കത്തട്ടിലേക്ക് രണ്ടു പേരും കയറി. ക്യാമറാമാനായി അമ്മയും.


തുടക്കം ഒരു കൗതുകത്തിന്റെ പേരിലായിരുന്നു എങ്കിലും പിന്നെ നടന്നതെല്ലാം അവിശ്വസനീയമായിരുന്നു. പ്രൊഫഷണൽ വ്‌ളോഗർമാരെ വെല്ലുന്ന രീതിയിലായിരുന്നു കല്ലുവിന്റെയും മീനുവിന്റെയും അവതരണം. കുഞ്ഞൻ ഇടിച്ചക്ക കയ്യിലെടുത്ത്, ലോക്ഡൗൺ കാലമാണ് തൊടിയിലെ ചക്കയും മാങ്ങയുമൊക്കെയാണ് നാം പാചകം ചെയ്യേണ്ടത് എന്നു പറഞ്ഞു കൊണ്ടായിരുന്നു വിഡിയോയുടെ തുടക്കം.


കൂടെ 'അമ്മ പറഞ്ഞു കൊടുത്ത ഇടിച്ചക്ക തോരന്റെ കിടിലൻ റെസിപ്പിയും പങ്കുവച്ചു. പുഴുങ്ങിയ ചക്ക ചപ്പാത്തിക്കോൽ കൊണ്ട് ചതച്ചെടുക്കുന്ന രംഗം കാഴ്ചക്കാരിൽ ചിരി പടർത്തും. ചക്ക തോരൻ വയ്ക്കുന്നതിനൊപ്പം മീൻ വറുത്തെടുക്കാനും കുട്ടി ഷെഫുമാർ മറന്നില്ല. കുട്ടികൾ അവരുടെ ഇഷ്ടത്തിന് അവതരണം മുന്നോട്ട് കൊണ്ട് പോയപ്പോൾ കാർത്തിക ഇടപെടാൻ നിന്നില്ല. ഒടുവിൽ റെസിപ്പി പങ്കു വച്ച് കഴിഞ്ഞപ്പോഴാണ് രസം, സാധാരണ ഫുഡ് വ്‌ളോഗർമാർ സൈൻ ഓഫ് പറയുന്നത് പോലെ തങ്ങളുടെ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും പറയാൻ കല്ലുവും മീനുവും മറന്നില്ല.


ഫ്‌ളവർ പോട്ട് എന്ന യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനാണ് ഫുഡ് വ്‌ളോഗർമാരായ കല്ലുവും മീനുവും പറയുന്നത്. എന്നാൽ ആരും സബ്സ്ക്രൈബ് ചെയ്യാൻ നിൽക്കണ്ട, അങ്ങനൊരു ചാനൽ ഇല്ല എന്ന് പറഞ്ഞുകൊണ്ട് 'അമ്മ കാർത്തിക ശബരീനാഥ് ആണ് തന്റെ ഫേസ്‌ബുക്ക് പേജിൽ വിഡിയോ പങ്കു വച്ചിരിക്കുന്നത്.


കുട്ടി വ്‌ളോഗർമാരെ പ്രോത്സാഹിപ്പിച്ചുകൊണ്ട് നിരവധി കമന്റുകൾ വിഡിയോക്ക് ലഭിക്കുന്നുണ്ട്. യുട്യൂബ് ചാനലുകളും വ്‌ളോഗുകളും കുട്ടികളെ എത്രമാത്രം സ്വാധീനിക്കുന്നുണ്ട് എന്നു തെളിയിക്കുന്നതാണ് കല്ലുവിന്റെയും മീനുവിന്റെയും തന്മയത്വത്തോടെയുള്ള അവതരണം. ഈ അവധിക്കാലം കഴിയാൻ ഇനിയും ഏറെ നാളുകൾ ഉള്ളതിനാൽ ഇടയ്ക്കിടെ ഇത് പോലെ വ്‌ളോഗുകളുമായി പ്രത്യക്ഷപ്പെടാം എന്നാണ് കല്ലുവും മീനുവും പറയുന്നത്.

വിഡിയോ കാണാം