വിക്രമാദിത്യകഥ - മഹാ കള്ളനും മക്കളും

പുനരാഖ്യാനം : ജേക്കബ് ഐപ്പ്

ഒരു നഗരത്തിൽ മഹാകള്ളൻ എന്നൊരാൾ ജീവിച്ചിരുന്നു. അയാൾക്കു നാലു മക്കൾ. അവർ മുഴുക്കള്ളൻ, മുക്കാൽ കള്ളൻ, അരക്കള്ളൻ, കാൽക്കള്ളൻ എന്നിവർ. ഒരു ദിവസം പിതാവ് മക്കളെ നാലുപേരെയും വിളിച്ചു.‘മക്കളെ, എനിക്ക് പ്രായം ഏറെയായി. ഞാൻ നിങ്ങളെ പഠിപ്പിച്ച കല എത്ര മാത്രം ഉണ്ടെന്ന് പരിശോധിക്കാൻ പോകുകയാണ്. അതിനാൽ നിങ്ങൾ വിദഗ്ധമായി മോഷണം ചെയ്തു വരിക. മക്കളെ അനുഗ്രഹിച്ച് യാത്ര അയാൾ അയച്ചു.

കാൽക്കള്ളൻ പട്ടണത്തിൽ എങ്ങും ചുറ്റിക്കറങ്ങി. ഒരു ക്ഷുരകന്റെ കടയിൽ ചെന്നു. ‘എന്റെ മുടി ഭംഗിയായി മുറിച്ചു തരിക’ കാൽപ്പവൻ പ്രതിഫലം തരാം’ കാൽപ്പവൻ! ഒരു ദിവസം മുഴുവൻ പണി എടുത്താലും കിട്ടാത്ത തുക. അയാൾ സന്തോഷ പൂർവം ജോലി ചെയ്തു. അപ്പോൾ കാൽക്കള്ളൻ ‘എന്റെ കയ്യിൽ ഒരു പവനാണുള്ളത്. അത് മാറി മകന്റെ കയ്യിൽ കൊടുത്തയയ്ക്കാം അവനെക്കൂടി എന്നോടൊപ്പം പറഞ്ഞയയ്ക്കുക. ക്ഷുരകൻ സന്തോഷത്തോടെ മകനെ അയാളോടൊപ്പം പറഞ്ഞയച്ചു. കുട്ടിയുമായി അയാൾ ഒരു തുണിക്കടയിൽ ചെന്നു പോകുന്ന വഴിക്ക് കുട്ടിക്ക് നല്ല ഭക്ഷണവും വാങ്ങിക്കൊടുത്തിരുന്നു.

തുണിക്കടയിൽ ചെന്ന് അയാൾ ധാരാളം വസ്ത്രങ്ങള്‍ തിരഞ്ഞെടുത്തു. അതിനുശേഷം കടഉടമയോട് ‘എന്റെ മാതാപിതാക്കൾ ഇവിടെ അടുത്ത് ഒരു ലോഡ്ജില്‍ താമസിക്കുന്നു. അവരെ ഈ വസ്ത്രം കാണിച്ചിട്ട് മടങ്ങി വരാം അതുവരെ എന്റെ കുട്ടി ഇവിടെ ഇരിക്കട്ടെ. കടയുടമ സന്തോഷത്തോടെ സമ്മതിച്ചു. ഏറെ നേരമായിട്ടും അയാളെ കാണാതെ കടയുടമ കുട്ടിയോട് ‘പിതാവ് എന്താ വരാൻ വൈകുന്നത് എന്നു ചോദിച്ചു. അപ്പോൾ കുട്ടി ‘ അദ്ദേഹം എന്റെ പിതാവല്ല. ഞാൻ ക്ഷുരകന്റെ മകനാണ്. എന്നു പറഞ്ഞു കരയാൻ തുടങ്ങി. കടക്കാരൻ കുട്ടിയെ അവിടെ ബന്ധിച്ചു. ഈ സമയം കുട്ടിയെ ക്കാണാതെ പരിഭ്രാന്തനായ ക്ഷുരകനും എത്തി. വാർത്ത രാജാവിന്റെ ചെവിയിലും ചെന്നു ചേർന്നു. കള്ളനെ പിടിക്കാൻ സൈന്യത്തലവനോട് രാജാവ് കൽപ്പിച്ചു. ഈ സമയം കാൽക്കള്ളൻ കിട്ടിയ കളവു മുതലുമായി വീട്ടിൽ എത്തി. പിതാവ് മകനെ അഭിനന്ദിച്ചു.

അടുത്ത ഊഴം അരക്കള്ളന്റേതാണ്. അയാൾ നന്നായി വേഷം ധരിച്ച് പിതാവിനെ വണങ്ങി പുറപ്പെട്ടു. അയാൾ പട്ടാള മേധാവിയെപ്പറ്റി അന്വേഷിച്ചു. അദ്ദേഹത്തിന്റെ പുത്രി വനജയുടെ ഭർത്താവ് വളരെ നാളുകൾക്കു മുൻപേ അവളെ ഉപേക്ഷിച്ച് പോയ വിവരം മനസ്സിലാക്കി. അയാൾ പട്ടാളമേധാവിയുടെ വീട്ടിൽ എത്തി. ഇപ്രകാരം പറഞ്ഞു. ‘അച്ഛാ എന്നെ മനസ്സിലായില്ലേ, ഞാൻ നാളുകൾക്കു മുൻപേ ഇവിടെ നിന്നു പോയതാണ്–വനജയുടെ ഭർത്താവ്. ആ വീട്ടിൽ ഇതിൽപ്പരം സന്തോഷം ഉണ്ടാകാനില്ല. വനജയുടെ സന്തോഷത്തിന് അതിരില്ല. വിഭവസമൃദ്ധമായ സദ്യയും അവിടെ തയ്യാറായി. അവ കഴിച്ച് അവിടെ കഴിയുമ്പോൾ പട്ടാളത്തലവൻ പുറത്തേക്കിറങ്ങി. ‘അച്ഛാ എവിടെ പോകയാണ്’ അരക്കള്ളന്‍ ചോദിച്ചു. അപ്പോൾ അദ്ദേഹം ‘ഒരു കള്ളൻ ഇവിടെ ഇറങ്ങിയിട്ടുണ്ട്. അയാളെ പിടിക്കാൻ പോകയാണ്.’ ഞാനും വരട്ടെ അച്ഛാ എന്നു പറഞ്ഞ് അയാളും അദ്ദേഹത്തോടൊപ്പം പുറപ്പെട്ടു. വഴിക്കുവെച്ച് അരക്കള്ളൻ അങ്ങയുടെ കൈയ്യിലുള്ളത് എന്താ എന്നു ചോദിച്ചു. ഇത് കള്ളനെ പിടിച്ചു കഴിഞ്ഞാൽ ഇടാനുള്ള കൈയാമമാണ്. ഇത് ഏതു വിധമാണ് പ്രവർത്തിപ്പിക്കുന്നത് അച്ഛാ അയാൾ ചോദിച്ചു. പട്ടാള മേധാവി ഇതിന്റെ പ്രവർത്തനം കാണിക്കാൻ കൈകൾ രണ്ടും അതിലിട്ടു. ക്ഷണത്തിൽ അരക്കള്ളൻ മേധാവിയെ കൈയാമമിട്ട പൂട്ടി അയാൾ പട്ടാളമേധാവിയുടെ വീട്ടിലെത്തി പറഞ്ഞു.

നമ്മുടെ അച്ഛന് കള്ളന്മാരുമായി ബന്ധമുണ്ടെന്ന് രാജാവ് അറിഞ്ഞു. അദ്ദേഹത്തെ കൈയാമത്തിലിട്ടിരിക്കുകയാണ് ഇപ്പോൾ പട്ടാളക്കാർ വരും എല്ലാം അവർ കൊണ്ടു പോകും. വേഗം സ്വർണവും വിലപ്പെട്ടതെല്ലാം എന്റെ കയ്യിൽ തരിക. ഇതാ താക്കോൽ സൂക്ഷിക്കാനും പറഞ്ഞു. അച്ഛനെ വേഗം രക്ഷിക്കണം. രാജഭടന്മാർ ഇപ്പോൾ വരും. വീട്ടുകാർ വിശ്വസിച്ചു. ഇതു പറഞ്ഞിട്ട് വിലപ്പെട്ടതെല്ലാം എടുത്ത് അയാൾ ക്ഷണത്തിൽ അവിടെ നിന്നും മറഞ്ഞു. അരക്കള്ളൻ കിട്ടിയതെല്ലാമായി പിതാവിന്റെ അടുക്കലെത്തി. സംഭവം വിവരിച്ചു പറഞ്ഞു. അയാൾ അവനെ അഭിനന്ദിച്ചു.

പിറ്റെ ദിവസം കള്ളനെ പിടിക്കാൻ പോയ പട്ടാളമേധാവി ഇരു കൈകളും ആമത്തിൽ ഇട്ട് ബന്ധിക്കപ്പെട്ടവനായി കിടക്കുന്നതു കണ്ട് ജനം ആർത്തു ചിരിച്ചു. രാജാവ് കോപം കൊണ്ട് ജ്വലിച്ചു. കള്ളനെ പിടിച്ചു കെട്ടുവാൻ മന്ത്രിയെ നിയോഗിച്ചു.

മഹാ കള്ളൻ മൂന്നാമത്തെ പുത്രൻ മുക്കാൽ കള്ളനെ അടുത്ത പരീക്ഷണത്തിന് അയച്ചു. അയാൾ നഗരത്തിൽ ചുറ്റിക്കറങ്ങി. പട്ടണത്തിലെ ഏറ്റവും സമ്പന്നനായ സ്വർണവ്യാപാരിയുടെ ഭവനത്തിൽ മന്ത്രി കൂടെക്കൂടെ സന്ദർശിക്കുന്നുണ്ടെന്ന് മനസ്സിലായി. അയാൾ മന്ത്രിയുടെ വേഷം ധരിച്ച് വ്യാപാരിയുടെ ഭവനത്തിലെത്തി. ഇന്ന് ഇവിടെ കള്ളൻ കയറുമെന്ന് ഞാൻ അറിഞ്ഞിട്ടുണ്ട്. അതിനാൽ ഞാൻ തന്നെ കാവലിരിക്കാം. അൽപ്പസമയം കഴിഞ്ഞപ്പോൾ മന്ത്രി എത്തി ഉടനെ തന്നെ മുക്കാൽ കള്ളൻ കയ്യിൽ കരുതിയ ഉലക്കകൊണ്ട് അയാളെ അടിച്ചു. ഒരു ചാക്കിൽ കയറ്റി ബന്ധിച്ചു. സ്വർണ വ്യാപാരിയുടെ വീട്ടിലുള്ള വെള്ളമെല്ലാം അയാൾ ഒഴുക്കിക്കളയുകയും ചെയ്തു ഈ സമയം കള്ളൻ വ്യാപാരിയെ വിളിച്ചുണർത്തി. കള്ളനെ പിടിച്ച വിവരം അറിയിച്ചു. അയാൾ ഓടി എത്തുമ്പോൾ ‘ചാക്കിനുള്ളിൽ നിന്ന് വെള്ളം വെള്ളം എന്നു നിലവിളിക്കുന്ന ശബ്ദം കേട്ട് വെള്ളം എടുക്കാനായി അകത്തേക്ക് ഓടി. എന്നാൽ വീട്ടിലെ വെള്ളം തസ്കരൻ ഒഴുക്കി കളഞ്ഞതിനാൽ വെള്ളം കോരുവാൻ അയാൾ പുറത്തേക്കു പോയ തക്കത്തിന് കള്ളൻ വീട്ടിനുള്ളിലെ വിലപ്പെട്ട രത്നങ്ങൾ കവർന്ന് പുറത്തിറങ്ങി. വ്യാപാരിയേയും മയക്കി കടന്നു കളഞ്ഞു. ബന്ധിതനായ മന്ത്രിയേയും വ്യാപാരിയേയും കണ്ട ജനം ആർത്തു ചിരിച്ചു.

കൊള്ള മുതലുമായി വീട്ടിൽ എത്തിയ മൂന്നാമത്തെ പുത്രനെ കണ്ട് പിതാവ് മഹാകള്ളൻ ഏറെ സന്തോഷിച്ചു.

അടുത്ത ഊഴം മൂത്ര പുത്രൻ മുഴുക്കള്ളന്റേതാണ്. അയാൾ പിതാവിന്റെ പാദം തൊട്ട് അനുഗ്രഹം വാങ്ങി യാത്ര തിരിച്ചു. തന്റെ മന്ത്രിക്കും സൈന്യത്തലവനും നേരിട്ട പരാ‍ജയത്തിൽ രാജാവ് ആകെ അസ്വസ്ഥനാണ്. ജനങ്ങൾക്കിടയിൽ വിശ്വാസം വർധിപ്പിക്കണം. രാജാവ് നിശ്ചയിച്ചു. കള്ളനെ പിടിക്കുവാൻ രാജാവ് നേരിട്ട് പുറപ്പെട്ടു. നല്ല ഒരു സൈന്യവു മായാണ് അദ്ദേഹം യാത്ര തിരിച്ചത്. വിജനമായ ഒരു സ്ഥലത്തിൽ കൂടിയാണ് അദ്ദേഹവും പരിവാരങ്ങളും സഞ്ചരിക്കുന്നത്. വഴിമധ്യേ ഒരാൾ ഇരുട്ടിന്റെ മറവിൽ ഒളിക്കുന്നത് അവർ കണ്ടെത്തി. ‘അയാളെ പിടിച്ചു കൊണ്ടു വരൂ’ രാജാവ് കൽപ്പിച്ചു.

അയാളെ രാജാവിന്റെ മുൻപിൽ ഹാജരാക്കി ‘താൻ ആരാണ്?’ എന്താണിവിടെ ചെയ്യുന്നത്’ രാജാവ് ചോദിച്ചു. അയാൾ പറഞ്ഞു. ‘ഇവിടെ ഒരു കള്ളൻ ഉടൻ തന്നെ ഇതുവഴി വരും. അയാളുടെ പക്കൽ നിന്ന് സാധനങ്ങൾ വളരെ കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ കഴിയും അതിനാണ് ഞാൻ നില്‍ക്കുന്നത്’ ആ കള്ളനെ പിടിച്ചു തരാം’. അയാള്‍ പറഞ്ഞു. ‘പട്ടാളക്കാര്‍ മറഞ്ഞിരുന്നാൽ മതി’. രാജാവ് സൈനികരോട് മറഞ്ഞിരിക്കാൻ കൽപ്പിച്ചു. മുഴുക്കള്ളനും രാജാവും തനിച്ചായി. രാത്രി വളരെ കഴിഞ്ഞു. അപ്പോൾ രാജാവ് ചോദിച്ചു. ‘എന്താണ് അയാൾ വൈകുന്നത്’ മുഴുക്കള്ളൻ ‘ഒരു പക്ഷേ എന്നോടൊപ്പം ഒരാളെക്കൂടി കണ്ടിട്ടാവാം’. അതിനാൽ അങ്ങ് ദയവു ചെയ്ത് ഈ ചാക്കിൽ കയറി മറഞ്ഞിരിക്കുക. കള്ളൻ വന്നാൽ ഉടനെ നമുക്ക് പിടിക്കാം. രാജാവ് മുഴുക്കള്ളൻ പറഞ്ഞത് അനുസരിച്ചു. ചാക്കിൽ കയറിയ ഉടൻ കള്ളൻ രാജാവിനെ ചാക്കിൽ കെട്ടി, രാജവസ്ത്രവും കിരീടവും എടുത്ത് അവിടെ നിന്ന് യാത്രയായി. കള്ളനെ പിടിക്കാൻ പോയ രാജാവ് ബന്ധിക്കപ്പെട്ടവനായി പുലർച്ചെ കണ്ട ജനം ആർത്തു ചിരിച്ചു. ഇളഭ്യനായ രാജാവ് പുറത്തിറങ്ങി.

രാജാവിന്റെ കിരീടവും വസ്ത്രവുമായി എത്തിയ മുഴുക്കള്ളനെ പിതാവ് ആശ്ലേഷിച്ച് അഭിനന്ദിച്ചു. മഹാകള്ളൻ തന്റെ മക്കളുടെ സാമർഥ്യത്തിൽ സന്തുഷ്ടനായി.

അടുത്ത ദിവസം തന്നെ മഹാകള്ളൻ മക്കൾ നാലുപേരും കൊള്ളമുതലുമായി രാജാവിനെ ചെന്നു കണ്ട് താണു വണങ്ങി. സംഭവങ്ങൾ എല്ലാം വിവരിച്ചു പറഞ്ഞു. ആദ്യം രാജാവ് കോപം കൊണ്ട് ജ്വലിച്ചുവെങ്കിലും പിന്നീട് കള്ളന്റെയും മക്കളുടെയും മാനസാന്തരത്തിൽ സന്തുഷ്ടനായി. തെറ്റ് ഏറ്റു പറഞ്ഞ അവരോട് രാജാവ് ക്ഷമിച്ചു.

അവരുടെ സത്യസന്ധതയും കഴിവും മാനിച്ച് അവരെ തന്റെ സൈന്യത്തിൽ പ്രധാന സ്ഥാനങ്ങളിൽ നിയമിക്കാനും തീരുമാനിച്ചു.