കുപ്പികളില്‍ ചിത്രം വരച്ച് വരലക്ഷ്മി; കരവിരുത് ഇനി ഒാൺലൈനില്‍ വിൽക്കും, Bottle Art, Varalakshmi, Kidsclub, Manorama Online

കുപ്പികളില്‍ ചിത്രം വരച്ച് വരലക്ഷ്മി; കരവിരുത് ഇനി ഒാൺലൈനില്‍ വിൽക്കും

കോവിഡിനെ പ്രതിരോധിക്കാന്‍ വീട്ടിലിരിക്കുമ്പോള്‍ കുപ്പികളില്‍ വരുമാനം കണ്ടെത്തുകയാണ് ഒന്‍പതു വയസുകാരി. തൃശൂര്‍ പാഴിയോട്ടുമുറി സ്വദേശിനിയായ വരലക്ഷ്മിയാണ് കുപ്പികളില്‍ കരവിരുതൊരുക്കുന്നത്.

ലോക് ഡൗണില്‍ അവധിക്കാലം നഷ്ടപ്പെട്ട് വിഷമിച്ചിരിക്കുന്ന വിദ്യാര്‍ഥികള്‍ക്കു മാതൃകയാണ് ഇത്. ഉപയോഗശൂന്യമായ കുപ്പികള്‍ കളയുന്നതിനു പകരം ചിത്രങ്ങള്‍ വരച്ചു. അക്വാട്ടിക് പെയിന്റും ബ്രഷും ഉപയോഗിച്ച് ഒട്ടേറെ കുപ്പികളില്‍ നിറങ്ങള്‍ നല്‍കി. പേപ്പറുകള്‍ കാപ്പിപൊടിയില്‍ മുക്കിയാണ് വ്യത്യസ്ത നിറക്കൂട്ടുകള്‍ ഒരുക്കിയത്. കളര്‍ നൂലും കയറും ചുറ്റി അലങ്കരിച്ചു. ഉപേക്ഷിക്കുന്ന കുപ്പികളും പാത്രങ്ങളും ഈ കുരുന്നിന്റെ കൈകളില്‍ കിട്ടിയാല്‍ അലങ്കാര വസ്തുക്കളായി മാറും. യൂ ട്യൂബില്‍ കണ്ട വീഡിയോകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് വരലക്ഷ്മി വീട്ടിലിരുന്ന് ഇങ്ങനെ ചെയ്യുന്നത്. ഓണ്‍ലൈനായി ഇതു വിറ്റഴിക്കാനാണ് ശ്രമം.

ജില്ലാ കോടതിയില്‍ റിസീവറായ അഡ്വക്കേറ്റ് ഇ.പ്രജിത്കുമാറിന്റേയും ശ്രീകൃഷ്ണ കോളജ് അധ്യാപകി ഡോക്ടര്‍ ഗായത്രി വിജയന്റേയും മകളാണ് വരലക്ഷ്മി.