ലോക്ഡൗണിൽ വീടിന്റെ ഭിത്തികൾ കാൻവാസാക്കി ഇരട്ട സഹോദരങ്ങൾ ,  Quarantine days, twins, Bhagavath and Bhamini, Wall paintings, lockdown, Kidsclub, Manorama Online

ലോക്ഡൗണിൽ വീടിന്റെ ഭിത്തികൾ കാൻവാസാക്കി ഇരട്ട സഹോദരങ്ങൾ

ലക്ഷ്മി നാരായണൻ

പപ്പൂസും മീനൂട്ടിയും ആളാകെ തിരക്കിലാണ്. തിരക്കെന്ന് പറയുമ്പോൾ, വീട് പെയിന്റടിക്കുന്ന തിരക്കിൽ. ഏയ്.. അല്ലല്ല, ആ പെയിന്റിംഗ് അല്ല, ഇത് വാൾ പെയിന്റിംഗ്. വരയ്ക്കുന്നതത്രയും ഡൂഡിലും ത്രീഡിയും മ്യൂറലുമൊക്കെ. ഒരേ പോലുള്ള കലാവാസനയുള്ള ഇരട്ടക്കുട്ടികൾ ജനിച്ചാൽ അവർ എങ്ങനെ ഒരു വീട് മാറ്റിമറിക്കും എന്നതിനുള്ള ഉദാഹരമാണ് പപ്പൂസും മീനൂട്ടിയുമെന്നു അമ്മ ധന്യ ചെറു ചിരിയോടെ പറയുന്നു.

പപ്പൂസ് എന്ന ഭഗവത് ശങ്കറും മീനൂട്ടി എന്ന ഭാമിനി ലക്ഷ്മിയും ആലപ്പുഴ സ്വദേശികളാണ്. ഒരുമിച്ചു ജനിച്ചു വീണ ഇരുവർക്കും ഒരേ പോലുള്ള കലാവാസാനകളാണുള്ളത് എന്നറിഞ്ഞപ്പോൾ അമ്മ ധന്യക്കും അച്ഛൻ സുനിലിനും വലിയ സന്തോഷമായിരുന്നു. അതിനാൽ തന്നെ കുട്ടികളുടെ ചിത്രകലയിലുള്ള താല്പര്യം മുൻനിർത്തി ഇരുവർക്കും ആവശ്യമായ ചിത്രരചനോപാധികൾ എല്ലാം വാങ്ങി നൽകി. ചിത്ര രചന പഠിപ്പിക്കാനും വിട്ടു.


എന്നാൽ ഈ ഇരട്ടകലാകാരന്മാരുടെ യഥാർത്ഥ കഴിവ് പുറത്തെടുക്കാൻ ഇതു പോലൊരു ലോക്ഡൗൺ കാലം വേണ്ടി വന്നു. 21 ദിവസത്തെ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ, വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പോലും കഴിയാതെ ഇരുവർക്കും ബോറടിച്ചു തുടങ്ങി. ഏക ആശ്രയം ചിത്രം വരയ്ക്കുക എന്നതാണ്. അതിനാൽ രണ്ടുപേരും കുത്തിയിരുന്നു ചിത്രരചന ആരംഭിച്ചു. എന്നാൽ സ്ഥിരം കാൻവാസ്‌ പെയിന്റിംഗും എ ഫോർ പേപ്പറിലെ ചിത്രരചനയും ഇരുവർക്കും വേഗത്തിൽ മടുത്തു. അപ്പോഴാണ് വാൾ പെയിന്റിംഗിന്റെ സാധ്യതകളെക്കുറിച്ച് ഭഗവത് ചിന്തിക്കുന്നത്.

രണ്ടു വർഷങ്ങൾക്ക് മുൻപ്, ഇത് പോലെ ഒരാവശ്യം പറഞ്ഞപ്പോൾ റൂമിന്റെ വാതിലിനു ചുറ്റുമുള്ള ഭിത്തികൾ ഡൂഡിൽ വരയ്ക്കുന്നതിനായി അച്ഛൻ നൽകിയത് പപ്പൂസ് പെട്ടന്ന് ഓർത്തു. അന്ന് അപൂർണമാക്കി വച്ചിരുന്ന ആ ഡൂഡിൽ അമ്മയുടെ സമ്മതത്തോടെ പൂർത്തിയാക്കി. ലക്ഷ്യം വേറൊന്നുമായിരുന്നില്ല, വീടിന്റെ ചില ഭിത്തികളിൽ ചിത്രരചന പരീക്ഷിക്കണം. ഡൂഡിൽ മനോഹരമായി പൂർത്തിയാക്കിയതോടെ, സ്വന്തം മുറിയുടെ വാതിലിൽ വരയ്ക്കാൻ അച്ഛന്റെ സമ്മതവും കിട്ടി.


മക്കളുടെ താല്പര്യങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതാണല്ലോ, അവരെ സ്നേഹിക്കുന്ന ഏതൊരു മാതാപിതാക്കളും ചെയ്യുക, അതിനാൽ വരയ്ക്കുന്നതിനാവശ്യമായ വസ്തുക്കൾ എല്ലാം തന്നെ വാങ്ങി നൽകി. പപ്പൂസിന്റെ വര തുടങ്ങിയതോടെ മീനൂട്ടിയും ഇതേ ആവശ്യം തന്നെ ഉന്നയിച്ചു. ആ ആവശ്യം ധന്യയും സുനിലും പ്രതീക്ഷിച്ചത് തന്നെയാണ്. അങ്ങനെ മീനൂട്ടിക്കും കിട്ടി വീട്ടിലെ ഒന്ന് രണ്ടു ചുവരുകൾ.

ത്രീഡിയും ഡൂഡിലും ഇഷ്ടപ്പെടുന്ന പപ്പൂസ്
ആലപ്പുഴ എസ്ഡിവി സ്‌കൂളിൽ ഒൻപതാം ക്ലാസിലാണ് ഇരട്ട സഹോദരങ്ങൾ പഠിക്കുന്നത്. ഇരുവർക്കും ചിത്രരചനയിലുള്ള ഈ കമ്പം സ്‌കൂളിലെ അധ്യാപകർക്കിടയിലും കൂട്ടുകാർക്കിടയിലുമൊക്കെ പാട്ടാണ്. എന്നാൽ ഈ അവധിക്കാലത്ത് ഇരുവരും ചേർന്ന് വീട് തന്നെ ഒരു കാൻവാസാക്കി മാറ്റുമെന്ന് ആരും പ്രതീക്ഷിച്ചിട്ടില്ല. ഡൂഡിലുകളും ത്രീഡി പെയിന്റിംഗുകളുമായാണ് പപ്പൂസ് എന്ന ഭഗവത് ശങ്കറിന് ഏറെയിഷ്ടം. ചിത്രരചന പഠിക്കുമ്പോഴും ശ്രദ്ധ ഇതിനു തന്നെ. ഡൂഡിലുകൾ ചെയ്യാൻ സമയം കൂടുതൽ എടുക്കും എന്നതിനാൽ രണ്ടും മൂന്നും ദിവസമെടുത്താണ് ഭഗവത് ശങ്കർ തന്റെ റൂമിന്റെ വാതിലിൽ പെയിന്റിംഗ് പൂർത്തിയാക്കിയത്.


എന്നാൽ സഹോദരന്റെ താല്പര്യത്തോടെ നേരെ വിപരീതമായ ചിത്രരചനയോടാണ് മീനൂട്ടി എന്ന ഭാമിനി ലക്ഷ്മിക്ക് താല്പര്യം. തനിക്ക് ചുറ്റും കാണുന്ന കാര്യങ്ങളെ കാൻവാസിലേക്ക് പകർത്തിവയ്ക്കാനാണ് കക്ഷിക്ക് ഇഷ്ടം. 'മ്മ ധന്യയുടെ വാക്കുകളിലൂടെ പറയുകയാണെങ്കിൽ 'ആശാത്തി പെട്ടന്ന് വരച്ചു കഴിയും. ഒരുപാട് നേരം ഒരു പെയിന്റിംഗിനായി ചെലവഴിക്കാൻ താല്പര്യമില്ല'.സതീഷ് വാഴവേലി എന്ന അധ്യാപകന്റെ അടുത്തായിരുന്നു ചിത്രകലാപഠനം.

മാർക്കർ, അക്രലിക് കളർ എന്നിവയാണ് ചിത്രരചനയ്ക്കായി ഭഗവത് ശങ്കർ ഉപയോഗിക്കുന്നത്. വാട്ടർ കളർ, അക്രലിക് കളർ എന്നിവയിലാണ് ഭാമിനി ലക്ഷ്മിയുടെ വരകളത്രയും. ലോക്ക് ഡൗൺ ആയതിനാൽ തന്നെ വീട്ടിലിരുന്ന്, മക്കളുടെ കലാമികവ് പരമാവധി ആസ്വദിക്കുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് അച്ഛനും അമ്മയും.