ലൈബ്രറിയിലെ ആ രഹസ്യം എന്തായിരിക്കും? , Tuttu, the journalist chapter 2, Novel, V H Nishad, Kidsclub,  Manorama Online

ലൈബ്രറിയിലെ ആ രഹസ്യം എന്തായിരിക്കും?

പ്രശസ്ത കഥാകൃത്ത് വി.എച്ച്. നിഷാദ് ഹായ് കിഡ്സ് കൂട്ടുകാർക്കു വേണ്ടി എഴുതുന്ന അന്വേഷണാത്മക നോവൽ

അവിടെയെന്താണുള്ളത്?
ഇക്കുറി ജിജ്ഞാസ കയറു പൊട്ടിച്ചത് ചാക്കോ മാഷിന്റെ ഉള്ളിലാണ്.
-അതെ, അതു തന്നെയാണ് ഞങ്ങൾ തേടിപ്പിടിച്ചതും.
ഡിറ്റക്ടീവ് ജാനകി മുറിയിലൂടെ രണ്ടു ചുവടു നടന്നു. പിന്നെ തിരിഞ്ഞ് നാടകീയമായി അവരെ നോക്കി.
-അയ്യപ്പേട്ടൻ ലൈബ്രറിയിൽ പോയി ഇടയ്‌ക്കെല്ലാം പുസ്തകങ്ങളെടുക്കുന്ന കാര്യം എനിക്കറിയാമായിരുന്നു.
ടുട്ടു പറഞ്ഞു.
-അതും ഈ കേസുമായി എന്താണ് ബന്ധം?
ചാക്കോ മാഷ് ടുട്ടു സംസാരിച്ച് കാടു കയറുകയാണോ എന്നു സംശയിച്ച് ചോദിച്ചു.
-From, AAA എന്ന് ടുട്ടുവിന് വന്ന കത്തിൽ എഴുതിയതാണ് ഞങ്ങളെ ലൈബ്രറിയിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിക്കാൻ പ്രേരിപ്പിച്ചത്.
ഡിറ്റക്ടീവ് ജാനകി വിശദീകരിച്ചു.
-ബാക്കി ഞാൻ പറയാം
അവരെ സശ്രദ്ധം കേട്ടു കൊണ്ടിരുന്ന ഇൻസ്‌പെക്ടർ മനു ഭരത് ഒരിക്കൽ കൂടി കസേരയിൽ നിന്ന് എഴുന്നേറ്റു.
-സ്‌കൂൾ ലൈബ്രറിയിലേക്കു പോയ ഡിറ്റക്ടീവ് ജാനകിയും ടുട്ടുവും അടുത്ത കാലത്ത് സ്‌കൂൾ ലൈബ്രറിയിൽ നിന്നെടുത്ത് പ്യൂൺ അയ്യപ്പൻ വായിച്ച പുസ്തകങ്ങളുടെ ലിസ്റ്റ് പരിശോധിച്ചു. അവരുടെ ഊഹം ശരിയായിരുന്നു.
ആകാംക്ഷയുടെ ബലൂണുകൾ കൊണ്ട് അന്തരീക്ഷം നിറഞ്ഞിരിക്കുകയാണെന്ന് എല്ലാവർക്കും തോന്നി.
-ഒന്നു വേഗം പറയൂ.
ജോസഫ് സാറിന്റേതാണെന്നു തോന്നുന്നു, ഒരു ശബ്ദം പ്രാർഥന പോലെ കേട്ടു.
-കഴിഞ്ഞ കുറച്ചു കാലങ്ങളായി അയ്യപ്പൻ വായിക്കുന്നതു മുഴുവൻ ഡിറ്റക്ടീവ് നോവലുകളാണ്. അതു നോക്കൂ, ഷെർലക് ഹോംസിന്റെയും പെറി മേസണിന്റേയും കഥകളാണ് അവസാനമായി അയാൾ ലൈബ്രറിയിൽ നിന്നു കൊണ്ടു പോയിട്ടുള്ളത്.
മനു അങ്കിൾ പറഞ്ഞു നിർത്തിയപ്പോൾ ടുട്ടു കയ്യിലിരുന്ന ലിസ്റ്റ് എല്ലാവർക്കുമായി ഉയർത്തിക്കാട്ടി.
-ഇത്തരം ചില കേസുകൾ കൈകാര്യം ചെയ്ത് ഡിറ്റക്ടീവ് ജാനകിക്കുള്ള പരിചയം നമുക്കിവിടെ തുണയായി.
കുറ്റാന്വേഷണ കഥകൾ വായിച്ച് ആവേശം പിടിച്ചിരിക്കുന്ന അയ്യപ്പനു മുന്നിലേക്കാണ് ഈ മോഷണപ്രലോഭനം ഡിസൂസ ഇട്ടു കൊടുത്തത്. പണമായിരുന്നു ആദ്യത്തെ ലക്ഷ്യം. എന്നാൽ ഏറ്റെടുത്തു കഴിഞ്ഞപ്പോൾ കുറച്ചു കൂടി സാഹസിക ചിന്ത അയാളുടെ മനസ്സിൽ വളർന്നു. എപ്പോഴോ വായിച്ച ഒരു കുറ്റാന്വേഷണ കഥയുടെ രീതിയിൽ അയാൾക്ക് ഒരു അജ്ഞാത കത്ത് എഴുതണമെന്നു തോന്നി. നാട്ടിൽ ഷെർലക് ഹോംസുകളൊന്നും ഇല്ലാത്തതു കൊണ്ട് സ്‌കൂളിലെ ഇൻവെസ്റ്റിഗേറ്റീവ് ജേണലിസറ്റ് ടുട്ടുവിന് തന്നെ അത് അയയ്ക്കാമെന്നും അയാൾ കരുതി.
-പിന്നെ അതിലേക്ക് ക്വസ്റ്റ്യൻ പേപ്പറും സൈക്കിളുമൊക്കെ കടന്നു വന്നതെങ്ങനെയാണ്? ഡിസൂസ അയ്യപ്പനോട് തുഹിൻ റോസിന്റെ 'അമ്മ' എന്ന പെയിന്റിങ് മോഷ്ടിക്കാൻ മാത്രമല്ലേ ആവശ്യപ്പെട്ടിരുന്നുള്ളൂ?
ജോസഫ് സാറിന് സംശയം അടക്കാനായില്ല.
-അതെ, അവിടെയാണ് അയ്യപ്പൻ എന്ന കുറ്റാന്വേഷണ വായനക്കാരന്റെ ബ്രില്യൻസ് വന്നത്. ഇൻസ്‌പെക്ടർ മനു ഭരത് തുടർന്നു:
-മൂന്ന് അക്ഷരങ്ങൾ വച്ചൊരു കോഡുണ്ടാക്കാനും ടുട്ടുവിന് കടങ്കഥ പോലൊരു സൂചന കൊടുക്കാനും അയാൾക്കു തോന്നി. പ്രിൻസിപ്പലിനും ചാക്കോ മാഷിനും എക്‌സാം സെല്ലിലുള്ളവർക്കും പുറമേ, ക്വസ്റ്റ്യൻ പേപ്പർ പരീക്ഷയുടെ തലേ ദിവസം സൂക്ഷിക്കുന്നത് ഓഫിസിലാണെന്ന് അറിയാവുന്ന ഒരേ ഒരാൾ പ്യൂൺ അയ്യപ്പൻ മാത്രമായിരുന്നു. എല്ലാവരുടെയും മുന്നിൽ തല കുനിച്ചു കൊണ്ട് അയ്യപ്പൻ നിന്നു.
(തുടരും)