റുബിക്സ് ക്യൂബിൽ അത്ഭുതം വിരിയിക്കുന്ന മൂന്നു വയസ്സുകാരി!

നിധി

റുബിക്സ് ക്യൂബ് ഇപ്പോൾ വളരെ പരിചിതമായൊരു പസ്സിലാണ്. പല നിറങ്ങളിലുള്ള ചെറിയ ചതുരക്കട്ടകൾ നിറഞ്ഞ പ്ലാസ്റ്റിക്ക് കട്ട, ഒരോ ചെറുകട്ടകളും കറക്കിയും തിരിച്ചും ക്യൂബിന്റെ ഓരോ വശവും ഒരേ നിറത്തിലാക്കണം. തലച്ചോറിനും മനസിനുമുള്ള നല്ലൊന്നാന്തരം വ്യായാമമാണ് ഈ പസ്സിൽ ഗെയിം. എന്നാൽ ക്യൂബിന്റെ എല്ലാ വശവും ഒരേ നിറത്തിലാക്കുക എന്നത് അല്പം ശ്രമകരം തന്നെയാണ്. നിരന്തരമായ പരിശീലനത്തിലൂടെ ഇത് പഠിച്ചെടുക്കാവുന്നതാണ്. മുതിർന്നവർക്കു പോലും ഇത് ചെയ്യാൻ ബുദ്ധിമുട്ടാണ്. ഇവിടെയാണ് നിയ എന്ന മൂന്ന് വയസ്സുകാരിയുടെ കഴിവ് ശ്രദ്ധേയമാകുന്നത്. അക്ഷരം പഠിച്ചുതുടങ്ങേണ്ടേ പ്രായത്തിൽ റുബിക്സ് ക്യൂബിൽ അത്ഭുതം വിരിയിക്കുന്നു നിയ എന്ന കൊച്ചുമിടുക്കി.

അക്ഷമാലകളൊന്നും നിയയ്ക്ക് അത്ര പിടിയില്ല. പക്ഷേ റുബിക്സ് ക്യൂബ് കൈയ്യിൽ കിട്ടിയാൽ മിനിറ്റുകൾക്കുള്ളിൽ സോൾവ് ചെയ്തിരിക്കും കക്ഷി. ആലപ്പുഴ സ്വദേശികളായ ഹാർഡ് വെയർ എൻജിനിയർ സൻജിത്തിന്‍റേയും വെറ്റിനറി ഡോക്ടറയായ ടിക്സിയുടെയും മകളാണ് നിയ.

വീടിനടുത്തുള്ള മുതിർന്ന കുട്ടികൾ ചെയ്യുന്നത് കണ്ടാണ് നിയക്കുട്ടി ഈ പസ്സിൽ പഠിക്കുന്നത്. ഒന്നേകാൽ വയസിൽ റുബിക്സ് ക്യൂബുമായി ചങ്ങാത്തം കൂടിയതാണ് നിയ. നിമിഷ നേരംകൊണ്ടാണ് അവൾ ഇത് ചെയ്യുന്നത്. മകളുടെ നിരീക്ഷണ പാടവവും ഈ കളിയോടുള്ള താല്പര്യവും കണ്ട് പലതരത്തിലുള്ള റുബിക്സ് ക്യൂബുകൾ മാതാപിതാക്കൾ അവൾക്ക് വാങ്ങിനൽകി. 1x2x3, ക്രിസ്മസ് ട്രീക്യൂബ്, 2x2 റുബിസ്ക് ക്യൂബ്, പിരമിൻക്സ് ക്യൂബ് ഒക്കെ ഈ കൊച്ചുമിടുക്കിക്ക് നിസാരമാണ്. കുഞ്ഞുകൈകളിൽ ക്യൂബ് പിടിച്ച് വളരെ ശ്രദ്ധയോടെ പസ്സിൽ സോൾവ് ചെയ്യുന്ന നിയ ഒരത്ഭുതമാവുകയാണ്.

ഇതു കൂടാതെ മറ്റൊരു വലിയ ഇഷ്ടം കൂടെയുണ്ട് ഈ കൊച്ചുമിടുക്കിക്ക്. ബോര്‍ഡ് ഗെയിമുകളുടെ കൂട്ടുകാരികൂടെയാണ് നിയ. ഇരുന്നൂറിന് മേൽ ബോർഡ് ഗെയിമുകൾ കളിക്കാനറിയാം ഈ മിടുക്കിക്ക്. ഒരുവയസ്സിൽ കോണിയും പാമ്പും കളിയിലൂടെ തുടങ്ങിയ ഇഷ്ടമാണ് ഇന്ന് ഇത്രയും ഗെയിമുകളിൽ എത്തി നിൽക്കുന്നത്. നിയയുടെ മുറി നിറയെ ബോര്‍ഡ് ഗെയിമുകളും പസ്സിലുകളും റുബിസ്ക് ക്യൂബുകളുമാണ്.

മകളുടെ ഇഷ്ടമറിഞ്ഞ് പ്രോത്സാഹനവുമായി മാതാപിതാക്കള്‍ കൂടെയുണ്ട്. അതൊന്നും പോരാതെ പാട്ടിലും കരാട്ടേയിലും ഒരു കൈ നോക്കുന്നുണ്ട് നിയക്കുട്ടി. യുക്കലേലി എന്ന സംഗീത ഉപകരണവും അഭ്യസിക്കുന്നുണ്ട് നിയ ഇപ്പോൾ.